ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Saturday, December 28, 2019

തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം പുതുക്കാം Membership can be renewed at the Kerala Tailoring Workers Welfare Fund Board


കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംശദായ കുടിശ്ശിക വന്ന് അംഗത്വം നഷ്ടപ്പെട്ടിട്ടുളളവർക്ക് പൊതുമാപ്പ് നൽകി അംഗത്വം പുന:സ്ഥാപിച്ച് നൽകുന്നതിന് സർക്കാർ ഉത്തരവായി. ഇതിന്റെ അടിസ്ഥാനത്തിൽ അംശദായം ഒടുക്കുന്നതിൽ മൂന്നാം തവണയും കുടിശ്ശിക വരുത്തി അംഗത്വം നഷ്ടമായ, റിട്ടയർമെന്റ് തീയതി പൂർത്തിയാകാത്ത തയ്യൽ തൊഴിലാളികൾ ഉത്തരവ് തീയതി മുതൽ ആറ് മാസത്തേയ്ക്ക് കുടിശ്ശിക ഒടുക്കി അംഗത്വം പുന:സ്ഥാപിക്കാൻ അതാത് എക്‌സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടണം.

Friday, December 6, 2019

സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ: കമ്മിഷൻ റിപ്പോർട്ട് നൽകി Reservation for economically backward among forward castes

103-ാം ഭരണഘടനാ ഭേദഗതി ആക്റ്റ് പ്രകാരം അനുവദിക്കപ്പെട്ടിട്ടുള്ള 10 ശതമാനം സംവരണം കേരളത്തിൽ നടപ്പാക്കുന്നതിന് സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ കണ്ടെത്തുന്നതിന് മാനദണ്ഡങ്ങൾ ശുപാർശ ചെയ്യാനായി സർക്കാർ ചുമതലപ്പെടുത്തിയ കമ്മിറ്റി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി. മുൻ ജഡ്ജിയും മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുമായിരുന്ന കെ. ശശിധരൻ നായർ ചെയർമാനും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാനായ അഡ്വ. എം. രാജഗോപാലൻ നായർ അംഗവുമായ കമ്മിഷനാണ് റിപ്പോർട്ട് സമർപ്പിച്ചത്.
പൊതുജനങ്ങളിൽ നിന്നും കമ്മീഷന് ലഭിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും പരിശോധിച്ച് തയാറാക്കിയ ചോദ്യാവലി കമ്മീഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും മുന്നാക്ക സമുദായങ്ങളുടെ സംഘടനകൾക്കെല്ലാം അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. തുടർന്ന് സംഘടനകളുമായി തിരുവനന്തപുരത്ത് ചർച്ചയും നടത്തി. പ്രവേശന പരീക്ഷാ കമ്മീഷണർ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഡയറക്ടർ, സിവിൽ സപ്ലൈസ് ഡയറക്ടർ, പബ്ലിക് സർവീസ് കമ്മീഷൻ, ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ച റിപ്പോർട്ടുകളും വിവരങ്ങളും മറ്റു പിന്നാക്ക വിഭാഗങ്ങളുടെ ക്രീമിലെയർ പരിധി നിശ്ചയിച്ചതിന് രൂപീകരിച്ച കമ്മീഷനുകളുടെ റിപ്പോർട്ടുകളും മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരുടെ ക്ഷേമകാര്യങ്ങൾ ശുപാർശ ചെയ്യാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച മേജർ ജനറൽ എസ്.ആർ. സിൻഹു സമർപ്പിച്ച റിപ്പോർട്ടും സുപ്രീംകോടതിയുടേയും, കേരള ഹൈക്കോടതിയുടേയും ബന്ധപ്പെട്ട വിധി  ന്യായങ്ങളും പരിശോധിച്ചിരുന്നു. കേരളത്തിലെ സാഹചര്യങ്ങൾ വിലയിരുത്തിയും വിശദമായ പഠനം നടത്തിയുമാണ് റിപ്പോർട്ട് തയാറാക്കിയത്.