2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്ന വിദ്യാർത്ഥി വിവരങ്ങൾ ഓൺലൈനായി രക്ഷിതാക്കൾക്ക് പരിശോധിക്കാം. '' https://sslcexam.kerala.gov.in '' ലെ '' Candidate Date Part Certificate View '' എന്ന ലിങ്കിലൂടെ വിദ്യാഭ്യാസജില്ല, സ്‌കൂൾ, അഡ്മിഷൻ നമ്പർ, ജനനതീയതി എന്നിവ നൽകി സർട്ടിഫിക്കറ്റിലെ വിവരങ്ങൾ പരിശോധിക്കാം. പരിശോധനയിൽ തെറ്റുകൾ കണ്ടെത്തിയാൽ സ്‌ക്കൂൾ പ്രഥമാധ്യാപകരെ 29നകം വിവരം അറിയിക്കണം.
Saturday, January 25, 2020
Online Verification of SSLC 2020 Certificate Details എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്: വിവരങ്ങൾ പരിശോധിക്കാം
2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്ന വിദ്യാർത്ഥി വിവരങ്ങൾ ഓൺലൈനായി രക്ഷിതാക്കൾക്ക് പരിശോധിക്കാം. '' https://sslcexam.kerala.gov.in '' ലെ '' Candidate Date Part Certificate View '' എന്ന ലിങ്കിലൂടെ വിദ്യാഭ്യാസജില്ല, സ്‌കൂൾ, അഡ്മിഷൻ നമ്പർ, ജനനതീയതി എന്നിവ നൽകി സർട്ടിഫിക്കറ്റിലെ വിവരങ്ങൾ പരിശോധിക്കാം. പരിശോധനയിൽ തെറ്റുകൾ കണ്ടെത്തിയാൽ സ്‌ക്കൂൾ പ്രഥമാധ്യാപകരെ 29നകം വിവരം അറിയിക്കണം.
Monday, January 13, 2020
കഥ തുടരുകയാണ് Chirakkara Salim Kumar's 40-year career in storytelling
പ്രശാന്ത് ചിറക്കര
കഥാപ്രസംഗ കലയിൽ 40 വർഷം പൂർത്തിയാക്കിയ ചിറക്കര സലിംകുമാറിന്റെ കലാജീവിതം:
കേരളത്തിലെ ഉത്സവകാല രാവുകൾ കലയുടെ ആഘോഷരാവുകൾ കൂടിയായിരുന്നു. അത് മലയാളിയുടെ ഗൃഹാതുരമായ, എന്നാൽ ഇനിയും പൂർണ്ണമായി മാഞ്ഞുപോയിട്ടില്ലാത്ത ഒരു സാംസ്‌ക്കാരിക അനുഭവലോകമാണ്. കേരളത്തിൽ ജനകീയ കലകൾ വളർന്ന് വികസിച്ചത് ഉത്സവ പറമ്പുകളിലെ ആസ്വാദകലോകത്തിന് മുന്നിലാണ്. മലയാളിയുടെ കലാ സാംസ്‌ക്കാരിക രാഷ്ട്രീയ ബോധത്തെ ഈ ജനകീയ കലകൾ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട് എന്നത് നിസ്തർക്കമാണ്. ഉത്സവപ്പറമ്പുകളിലെ മഞ്ഞിന്റെ തണുപ്പിൽ, കഥാപ്രസംഗകനെ കേൾക്കുന്നതിന് ഉറക്കമിളച്ച് കാതുകൂർപ്പിച്ചിരുന്ന ആസ്വാദകർക്കുമുന്നിലെ കോളാമ്പിയിലൂടെ കഥയും പാട്ടുമായി ഒഴുകിവന്നത് പ്രണയവും കദനവും ഹാസ്യവും മാത്രമായിരുന്നില്ല. ആ കഥകളുടെ പ്രവാഹത്തിൽ ചരിത്രവും രാഷ്ട്രീയവും വിപ്ലവബോധവും കൂടി ഉൾച്ചേർന്നിരുന്നു. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് സാമാന്യ ജനങ്ങൾക്കിടയിൽ വേരോട്ടമുണ്ടാക്കിയതിൽ നാടകത്തിനൊപ്പം കഥാപ്രസംഗവും സുപ്രധാനമായ പങ്ക് നിർവ്വഹിക്കുകയുണ്ടായി. കേരളത്തിലെ സാമൂഹ്യമാറ്റങ്ങൾക്ക് ചാലകശക്തിയായിത്തീർന്ന ജനകീയ മാധ്യമങ്ങളിലൊന്നായിരുന്നു കഥാപ്രസംഗം എന്നത് നമ്മുടെ കലാചരിത്രത്തിലെ മായാമുദ്രയാണ്. കെ കെ വാധ്യാർ മുതൽ വി സാംബശിവൻ വരെ നീളുന്ന ഒരു വലിയ നിരയായിരുന്നു നമ്മുടെ ആധുനിക കഥാപ്രസംഗരംഗത്തെ സാമൂഹ്യപ്രതിബദ്ധമാക്കുന്നതിൽ വലിയ പങ്കുവഹിച്ചത്.
വി സാംബശിവനിൽ നാം ഈ കലയുടെ ഉത്തുംഗശൃംഗങ്ങൾ കണ്ടു. കഥാപ്രസംഗ രംഗത്തെ ആ മഹാമേരുവിന്റെ പ്രതിഭയുടെ പരാഗങ്ങൾ പേറുന്ന, ആ മഹത്തായ കലാപാരമ്പര്യത്തിന്റെ പാദമുദ്രകൾ പിന്തുടർന്ന് സഞ്ചരിക്കുന്ന കാഥികനാണ് ചിറക്കര സലിംകുമാർ. ചിറക്കര സലിംകുമാർ അദ്ദേഹത്തിന്റെ കഥാപ്രസംഗ ജീവിതത്തിന്റെ 40 വർഷങ്ങൾ പൂർത്തിയാക്കുകയാണ്. തന്റെ കലയിൽത്തന്നെ ജീവിതം കണ്ടെത്തിയ ഈ കലാകാരൻ, നാല് പതിറ്റാണ്ടായി അനുസ്യൂതമായി തന്റെ കലാസപര്യ തുടർന്നുകൊണ്ടിരിക്കുന്നു. വിദ്യാർത്ഥിയായിരിക്കേ കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ കഥാപ്രസംഗത്തിന് ഒന്നാം സ്ഥാനം നേടിക്കൊണ്ടാണ് സലിംകുമാർ തന്റെ കഥാപ്രസംഗ ജീവിതത്തിന് തുടക്കംകുറിക്കുന്നത്. സലിംകുമാറിന്റെ യുവജനോത്സവവേദിയിലെ പ്രതിഭയുടെ മിന്നലാട്ടങ്ങൾ കഥാപ്രസംഗകലയുടെ കുലപതിയായ സാംബശിവന്റെ ശ്രദ്ധയിൽപ്പെടുന്നതോടെയാണ് സലിംകുമാറിന്റെ ജീവിതത്തിൽ നിർണ്ണായക വഴിത്തിരിവുണ്ടാകുന്നത്. അദ്ദേഹം സലിംകുമാറിനെ ശിഷ്യനായി സ്വീകരിച്ചു. ആ ഗുരുവിന്റെ സാമൂഹ്യപ്രതിബദ്ധമായ കഥാപ്രസംഗ വഴിയാണ് സലിംകുമാറും ഇന്നോളം സ്വീകരിച്ചുപോന്നിട്ടുള്ളത്. കേൾവിക്കാരെ രസിപ്പിക്കുക എന്നതിനൊപ്പംതന്നെ, കഥാപ്രസംഗം സമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരെ വിരൽ ചൂണ്ടുകയും പുരോഗമനോന്മുഖമായ പാതയിലൂടെ ജനങ്ങളെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യണമെന്ന സാംബശിവന്റെ കാഴ്ച്ചപ്പാട് സർവ്വഥാ സ്വീകരിച്ച ശിഷ്യനാണ് സലിംകുമാർ.
നാല് പതിറ്റാണ്ട് നീണ്ട കഥാപ്രസംഗ ജീവിതത്തിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോൾ, അക്കാര്യത്തിൽ തന്റെ ഗുരുവായ സാംബശിവൻ വെട്ടിത്തെളിച്ച വഴിയേ ഏറെദൂരം സഞ്ചരിക്കാൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥ്യത്തിന്റെ നിറവിലാണ് ഈ കലാകാരൻ. വിശ്വസാഹിത്യത്തിലെ ക്ലാസ്സിക്കുകളായ കൃതികൾ മലയാളത്തിന്റെ മധുരം ചേർത്ത് നിരക്ഷരനുപോലും ആസ്വാദ്യമാകുന്ന തരത്തിൽ കഥാപ്രസംഗവേദിയിൽ അവതരിപ്പിച്ച സാംബശിവന്റെ കഥാഖ്യാന കൗശലം ശിഷ്യനായ സലിംകുമാറിനും വഴങ്ങുമെന്ന് അദ്ദേഹം പലകുറി തെളിയിച്ചിട്ടുണ്ട്. ‘ചാൾസിന്റെ പ്രിയതമ’ എന്നപേരിൽ സലിംകുമാർ അവതരിപ്പിച്ചുപോരുന്ന ഗുസ്താവ് ഫ്ളോബേറിന്റെ ‘മദാംബോവറി‘യാകട്ടെ, ‘അനീസ്യ’ എന്ന എന്ന പേരിൽ അവതരിപ്പിച്ചുവരുന്ന ടോൾസ്റ്റോയിയുടെ ‘പവർ ഒഫ് ഡാർക്ക്നെസ്സ് ‘ആകട്ടെ, സലിംകുമാർ അവതരിപ്പിക്കുമ്പോൾ മലയാളത്തിന്റെ മാധുര്യം അതിൽ നന്നേ അലിഞ്ഞുചേരുന്നു. സലിംകുമാറിന്റെ കഥാപ്രസംഗത്തെ ഹൃദയഹാരിയാക്കുന്ന ഘടകം, ഇതിവൃത്തത്തിന്റെ വിസ്തരണം മാത്രമല്ല, അതിൽ സന്ദർഭത്തിന്റെ സമ്പുഷ്ടീകരണത്തിനുവേണ്ടി ചേർക്കുന്ന കാവ്യഗാനങ്ങളുടെ സുന്ദരമായ ആലാപനവും അതിനൊത്ത പശ്ചാത്തല ഗാന വാദ്യങ്ങളുമാണ്. അവ കഥയുടെ ചരടിൽ കോർത്ത മുത്തുമണികളായി ഒത്തുപോകുന്നു. കഥാസന്ദർഭങ്ങൾക്കനുസരിച്ച് ഉചിതമായ സമയങ്ങളിൽ വ്യക്തിഗതവും സാമൂഹികവുമായ ജീവിത വൈകൃതങ്ങളെ ഉപഹസിക്കുക എന്ന കഥാപ്രസംഗകലാതന്ത്രം നന്നേ വശമുള്ള കലാകാരനാണ് സലിംകുമാർ.
അതിനായി ഫലിത കഥകളും പൊടിക്കൈകളും ഉചിതമായി പ്രയോഗിക്കുന്നതിന് നിപുണനാണ് അദ്ദേഹം. ഒരു കഥ കഥാപ്രസംഗമാക്കാൻ തിരഞ്ഞെടുക്കുമ്പോൾ, ശ്രോതാക്കളുടെ രസാനുഭൂതിയ്ക്കും അനുഭവ പ്രതീതിക്കും കഥയുടെ പിരിമുറുക്കത്തിനും അവശ്യമെന്ന് തോന്നാത്ത ഭാഗങ്ങൾ ഉപേക്ഷിച്ചുകൊണ്ടും കഥാശരീരത്തിന് ക്ഷതമേൽക്കാത്തവണ്ണം സന്ദർഭാനുസരണം ചുരുക്കേണ്ട ഭാഗങ്ങൾ ചുരുക്കാനും വിസ്തരിക്കേണ്ടവ ഉചിതമായ കൂട്ടിച്ചേർക്കലുകൾകൊണ്ട് വിസ്തരിക്കാനും ഈ കഥാപ്രസംഗകന് മൗലികമായ ശേഷിയുണ്ട്. ആ സംവിധാന ഭംഗിയാണ് സലിംകുമാറിന്റെ കഥാപ്രസംഗത്തെ ഈ രംഗത്ത് വേറിട്ട് കേൾപ്പിക്കുന്നത്. ഒരേ സമയം കഥയുടെ പ്രവാഹത്തിൽ ശ്രോതാവിനെ കൂടെ കൊണ്ടുപോവുകയും അതേസമയം തന്നെ സന്ദർഭാനുസരണം സാംസ്‌ക്കാരിക ഉത്തേജനത്തിനും പുരോഗമനോന്മുഖമായ രാഷ്ട്രീയ ദർശനങ്ങളുടെ ഉദ്‌ബോധനത്തിനും ശ്രോതാവിനെ കഥയുടെ രസാനുഭൂതിക്ക് ഭംഗം വരാത്തവണ്ണം പാത്രമാക്കുകയും ചെയ്യുക എന്നത് ഒരു കഥാപ്രസംഗകനെ സംബന്ധിച്ചിടത്തോളം തീർച്ചയായും ഒരു വെല്ലുവിളി തന്നെയാണ്. വി സാംബശിവനെപ്പോലെയുള്ള പ്രതിഭാശാലികൾ തെളിച്ച പാതയിലൂടെ ബദ്ധശ്രദ്ധനായി സഞ്ചരിച്ചതുകൊണ്ടായിരിക്കണം ഈ കലാസങ്കേതം സലിം കുമാറിന് ഇന്നോളം ഫലപ്രദമായി പ്രയോഗിക്കാൻ കഴിഞ്ഞുവരുന്നത്. സാഹിത്യ കൃതികൾ മാത്രമല്ല, അനേകം ജീവചരിത്രകഥകളും സലിംകുമാർ അവതരിപ്പിച്ചിട്ടുണ്ട്. ‘സഖാവ് എകെജി’ എന്ന കഥ ഉടൻ അവതരിപ്പിച്ചു തുടങ്ങും. ഏറെ പഠനങ്ങൾക്ക് ശേഷമാണ് സലിംകുമാർ ഈ കഥ രൂപപ്പെടുത്തിയത്. തന്റെ ഗുരുവായ വി സാംബശിവന്റെ ജീവിതകഥ തന്നെ കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിച്ചുകൊണ്ട് , ഗുരുവിന് ഉചിതമായ പ്രണാമമർപ്പിക്കാൻ സലിംകുമാറിന് കഴിഞ്ഞു.
‘വി സാംബശിവൻ: കഥയുടെ രാജശിൽപ്പി ’ എന്നാണ് ആ കഥയുടെ പേര്. കേരള സംഗീത നാടക അക്കാദമി അവാർഡ് ഉൾപ്പെടെയുള്ള ധാരാളം പുരസ്‌ക്കാരങ്ങളും അംഗീകാരങ്ങളും ഇതിനകം ഈ കഥാപ്രസംഗകനെ തേടിയെത്തിയിട്ടുണ്ട്. വലിയ വെല്ലുവിളികൾ നേരിടുന്ന ഈ ജനകീയ കലാരൂപത്തെ പുനരുദ്ധരിക്കുവാനുള്ള ശ്രമത്തിലാണ് സലിംകുമാർ ഉൾപ്പെടെയുള്ള പുതിയ തലമുറയിലെ കഥാപ്രസംഗകർ. അതിനായി മാർക്കേസിന്റെ ‘കോളറാക്കാലത്തെ പ്രണയം’ ഉൾപ്പെടെയുള്ള ഒട്ടേറെ കഥാപ്രസംഗ പദ്ധതികൾക്ക് ഈ കാഥികൻ തയ്യാറെടുത്തുവരുന്നു. കഥ കേൾക്കുവാനും ആസ്വദിക്കുവാനുമുള്ള താല്‍പര്യം മനുഷ്യരിൽ അവശേഷിക്കുവോളം കഥാപ്രസംഗത്തിനും പ്രസക്തിയുണ്ടെന്ന് സലിംകുമാർ കരുതുന്നു. ”കഥാ പ്രസംഗം ഒരിക്കലെങ്കിലും ആസ്വദിച്ചിട്ടുള്ളവരാണ് വീണ്ടും അത് കേൾക്കാനായി വരുക. അതിനാൽതന്നെ കഥാപ്രസംഗത്തിന്റെ ആസ്വാദകരിൽ ഭൂരിപക്ഷവും പഴയ തലമുറയിൽപ്പെട്ടവരാണ്. ഈ കലാരൂപത്തെ വീണ്ടും ജനകീയമാക്കാൻ പൊടിക്കൈകളൊന്നുമില്ല , നല്ല കഥകൾ നന്നായി പറയുക എന്നതൊഴികെ.” — സലിം കുമാർ പറയുന്നു. സലിംകുമാറിന്റെ ജന്മനാടായ ചിറക്കര ഗ്രാമം ഈ കഥാപ്രസംഗകന്റെ കലാജീവിതത്തിന്റെ നാൽപ്പതാം വർഷം സമുചിതമായി ആഘോഷിച്ചു. സലിംകുമാർ കഥ തുടരുകയാണ്. വരാനിരിക്കുന്ന ഉത്സവകാല രാത്രികളിലെ ആസ്വാദകരുടെ നിലയ്ക്കാത്ത കരഘോഷങ്ങൾ ഈ കഥാപ്രസംഗകനെ നിരന്തരം പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.
Subscribe to:
Posts (Atom)