തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്യൂൺ, സ്‌ട്രോം റൂം ഗാർഡ് തസ്തികകളിലേക്ക് ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്യൂൺ (കാറ്റഗറി നമ്പർ: 1/2019) ശമ്പളം 16500-35700, ഒഴിവുകൾ 54, യോഗ്യതകൾ: എട്ടാം ക്ലാസ് പാസ്സായിരിക്കണം. സൈക്കിൾ ഓടിക്കാൻ അറിയണം. അപേക്ഷാഫീസ് 200 രൂപ (പട്ടികജാതി പട്ടികവർഗക്കാർക്ക് 100 രൂപ മാത്രം).
സ്‌ട്രോം റൂം ഗാർഡ് (കാറ്റഗറി നമ്പർ: 2/2019) ശമ്പളം 19000-43600. ഒഴിവുകൾ 47. യോഗ്യതകൾ: എസ്.എസ്.എൽ.സി പാസ്സായിരിക്കണം, അഥവാ തത്തുല്യ യോഗ്യത. ശാരീരിക അളവുകൾ: ഉയരം 163 സെ.മി, നെഞ്ചളവ് കുറഞ്ഞത് 80-85 സെ.മി (കുറഞ്ഞത് 5 സെ.മി വികാസം ഉണ്ടായിരിക്കണം). സ്ത്രീകളും ഭിന്നശേഷിക്കാരും ഈ തസ്തികയ്ക്ക് അപേക്ഷിക്കേണ്ടതില്ല.
ശാരീരിക യോഗ്യത തെളിയിക്കുന്നതിന് വൺസ്റ്റാർ സ്റ്റാൻഡേർഡിലുള്ള കായിക ക്ഷമതാ പരീക്ഷ (ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്) നടത്തും. അപേക്ഷാ ഫീസ് 300 രൂപ (പട്ടികജാതി പട്ടികവർഗക്കാർക്ക് 200 രൂപ മാത്രം).
പ്രായപരിധി: കാറ്റഗറി നമ്പർ 1/19, 2/19 എന്നീ തസ്തികകളുടെ പ്രായപരിധി 18നും 36നും മദ്ധ്യേ ആണ്. ഉദ്യോഗാർഥികൾ 2001 ജനുവരി ഒന്നിനും 1983 ജനുവരി രണ്ടിനും മദ്ധ്യേ ജനിച്ചവരായിരിക്കണം (പട്ടികജാതി പട്ടികവർഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങൾക്കും നിയമാനുസൃത വയസിളവ് ലഭിക്കും). അപേക്ഷ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും www.kdrb.kerala.gov.in വെബ്‌സൈറ്റ് പരിശോധിക്കുക.
മുന്നാക്കവിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് വിവാഹ ധനസഹായപദ്ധതി. സംസ്ഥാന മുന്നാക്കസമുദായ കോർപറേഷനാണ് ‘മംഗല്യ സമുന്നതി’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി നടപ്പാക്കുന്നത്. ഒരുലക്ഷം രൂപവരെയാണ് ധനസഹായം. ആദ്യഘട്ടത്തിൽ 100 പെൺകുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ഒരുലക്ഷം രൂപവരെ വാർഷികവരുമാനമുള്ളവരെയാണ് പരിഗണിക്കുക. മാതാപിതാക്കളില്ലാത്ത െപൺകുട്ടികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് മുൻഗണന ലഭിക്കും. തിരിച്ചറിയൽരേഖകൾ, അപേക്ഷകയെ പരിചയപ്പെടുത്തുന്ന സ്ഥലത്തെ ജനപ്രതിനിധിയുടെ കത്ത്, വിവാഹ ക്ഷണക്കത്ത്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻകാർഡിന്റെ പകർപ്പ് എന്നിവസഹിതം അപേക്ഷിക്കണം. വിവാഹം നടന്ന തീയതി മുതൽ 60 ദിവസത്തിനകം അപേക്ഷ നൽകണം.
മാതൃഭൂമിയുടെ ഓൺലൈൻ സംരംഭമായ silverbullet.in പത്താംക്ലാസുകാർക്ക് സയൻസ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും പതിനൊന്നാം ക്ലാസുകാർക്ക് ടാലന്റ് എക്സാമും നടത്തുന്നു. രജിസ്‌ട്രേഷൻ സൗജന്യമാണ്.
സയൻസ് ആപ്റ്റിറ്റ്യൂഡ് പരീക്ഷയിൽ പത്താംക്ലാസിലെ സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽനിന്നുള്ള ചോദ്യങ്ങൾ ഉണ്ടാകും. ഒരുമണിക്കൂറാണ് സമയം. www.silverbullet.in/aptitude എന്ന ലിങ്കിലൂടെ പേര് രജിസ്റ്റർ ചെയ്യണം.
സയൻസ് ടാലന്റ് പരീക്ഷയിൽ പതിനൊന്നിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് വിഷയങ്ങളിൽനിന്നുള്ള ചോദ്യങ്ങൾ ഉണ്ടാകും. എൻജിനിയറിങ്, മെഡിക്കൽ തത്‌പരർക്ക് പ്രത്യേക ചോദ്യപ്പേപ്പറുകൾ ഉണ്ടാകും. ഒരുമണിക്കൂറാണ് സമയം. www.silverbullet.in/talent എന്ന ലിങ്കിലൂടെ രജിസ്റ്റർചെയ്യണം.
ഓൺലൈൻ പരീക്ഷയാണ്. നവംബർ 24-നും ഡിസംബർ 31-നും ഇടയിലുള്ള ഏതുദിവസവും ഏതുസമയത്തും മുകളിലെ ലിങ്ക് ഉപയോഗിച്ച് പരീക്ഷ എഴുതാം. കംപ്യൂട്ടറോ ലാപ്ടോപ്പോ ടാബോ സ്മാർട്ട്ഫോണോ ഉപയോഗിക്കാം.
ജനുവരി 15-നുശേഷം ഫലം പ്രഖ്യാപിക്കും. വിഷയങ്ങളുടെ മാർക്കും ഓൾ കേരള റാങ്കിങ്ങും അടക്കമുള്ള റിസൽട്ടാണ് നൽകുക. വിവിധ വിഷയങ്ങളിൽ പ്രോബ്ലം സോൾവിങ്ങിലുള്ള മികവും കുറവും മനസ്സിലാക്കാനും ഭാവിപരീക്ഷകൾക്ക് കൂടുതൽ മികച്ചരീതിയിൽ തയ്യാറെടുക്കാനും സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7511141888. വെബ്സൈറ്റ്: www.silverbullet.in/proftest
കേരളത്തിലെ സര്‍വ്വകലാശാലകളോട് അഫിലിയേറ്റു ചെയ്തിട്ടുള്ള സര്‍ക്കാര്‍/ എയ്ഡഡ് ആര്‍ട്സ് & സയന്‍സ് കോളേജുകളിലും, ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജുകളിലും ബിരുദ കോഴ്സുകളില്‍ 2019-20 അധ്യേയനവര്‍ഷം ഒന്നാം വര്‍ഷ എയ്ഡഡ് പ്രോഗ്രാമുകളിലേയ്ക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളില്‍നിന്നും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണത്തിനു വേണ്ടി അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.
അപേക്ഷകള്‍ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍റെ വെബ്സൈറ്റ് ആയ www.kshec.kerala.gov.in ല്‍ Scholarship എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് 2019 നവംബര്‍ 20 മുതല്‍ 2019 ഡിസംബര്‍ 31 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
ആര്‍ക്കെല്ലാം അപേക്ഷിക്കാം ?
സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളിലെ ഗവണ്‍മെന്‍റ്/എയ്ഡഡ് ആര്‍ട്സ് & സയന്‍സ് കോളേജുകളില്‍, എയ്ഡഡ് കോഴ്സുകള്‍ക്ക് പഠിക്കുന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടാതെ, സമാനമായ കോഴ്സുകള്‍ക്ക് ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളും അപേക്ഷിക്കാന്‍ അര്‍ഹരാണ്. അപേക്ഷകര്‍ ഇന്ത്യന്‍ പൗരന്‍മാരായിരിക്കണം. പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും/സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്സുകള്‍ക്കും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കേണ്ടതില്ല.
മറ്റുവിവരങ്ങള്‍
1. ഈ അദ്ധ്യായന വര്‍ഷം (2019-20) 1000 സ്കോളര്‍ഷിപ്പുകളാണ് അനുവദിക്കുന്നത്.
2. ഓരോ സര്‍വ്വകലാശാലകളിലും, ഓരോ സ്ട്രീമിലും അനുവദിച്ചിട്ടുള്ള ആകെ സീറ്റുകള്‍ക്ക് ആനുപാതികമായിട്ടായിരിക്കും സ്കോളര്‍ഷിപ്പ് അനുവദിക്കുന്നത്.
3. ഫീസ് ആനുകൂല്യം ഒഴികെ മറ്റേതെങ്കിലും തരിലുള്ള സ്കോളര്‍ഷിപ്പുകളോ സ്റ്റൈപ്പന്‍റുകളോ കൈപ്പറ്റുന്ന വിദ്യാര്‍ത്ഥികള്‍ ഈ സ്കോളര്‍ഷിപ്പിന് അര്‍ഹരല്ല. (പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കുന്ന ലംപ്സംഗ്രാന്‍റിനേയും കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് നല്‍കുന്ന ഹിന്ദി സ്കോളര്‍ഷിപ്പിനേയും ഈ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.)
അപേക്ഷിക്കേണ്ട രീതി
1. വിദ്യാര്‍ത്ഥികള്‍ അപേക്ഷകള്‍ ഓണ്‍ലൈനായി 2019 നവംബര്‍ 20 മുതല്‍ 2019 ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാവുന്നതാണ്. ഇതിനായി www.kshec.kerala.gov.in എന്ന വെബ്സൈറ്റിലെ Scholarship എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2. HE Scholarship (2019-20) ൽ Online Registration, Verification and Approval (Fresh) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
3. Online Registration -ൽ ക്ലിക്ക് ചെയ്യുക.
4. മറ്റേതെങ്കിലും സ്കോളര്‍ഷിപ്പുകള്‍ക്കായി DCE സ്കോളര്‍ഷിപ്പ് സൈറ്റില്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിൽ അതിന്‍റെ വിവരങ്ങള്‍ വച്ച് Applicant login ചെയ്തതിനുശേഷം ‘Edit Applicant Details’ ല്‍ ലഭിക്കുന്ന രജിസ്ട്രേഷന്‍ ഫോമില്‍ നിര്‍ദ്ദിഷ്ഠ കോളങ്ങള്‍ (8. Scholarship details) പൂരിപ്പിച്ച് ‘submit’ ചെയ്യുക. (Applicant Login ന് ആവശ്യമായ രജിസ്ട്രേഷന്‍ Id, പാസ്സ് വേര്‍ഡ് എന്നിവ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനത്തിലെ സ്കോളര്‍ഷിപ്പ് നോഡല്‍ ഓഫീസറെ ബന്ധപ്പെടുക).
5. അല്ലെങ്കിൽ, തുടര്‍ന്നു ലഭിക്കുന്ന പേജില്‍ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങള്‍ നല്‍കി submit ചെയ്യുക.
6. തുടർന്ന് വരുന്ന പേജില്‍ ആവശ്യമായ ഡോക്യുമെന്‍റ്സ് അപ്ലോഡ് ചെയ്യുക.
7. വിജയകരമായി അപേക്ഷാ സമര്‍പ്പണം പൂർത്തിയാക്കിയാൽ ലഭിക്കുന്ന പേജില്‍ Higher Education Scholarship എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷന്‍ ഫോമിന്‍റെ പ്രിന്‍റ് ഔട്ട് എടുക്കുക. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന രജിസ്ട്രേഷന്‍ ID യും പാസ്വേര്‍ഡും നിര്‍ബന്ധമായും സൂക്ഷിക്കേണ്ടതാണ്.
8. രജിസ്ട്രേഷൻ ഫോമിന്‍റെ പ്രിന്‍റ് ഔട്ട് ഭാഗം 14 ല്‍ പറയുന്ന രേഖകള്‍ സഹിതം വിദ്യാര്‍ത്ഥി ഇപ്പോള്‍ പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കേണ്ടതാണ്. (സമര്‍പ്പിക്കുന്ന രേഖകളുടെ ഒരു പകര്‍പ്പ് വിദ്യാര്‍ത്ഥികള്‍ കൈവശം സൂക്ഷിക്കേണ്ടതാണ്.)
9. വിദ്യാർത്ഥി സമര്‍പ്പിക്കുന്ന രേഖകളും രജിസ്ട്രേഷന്‍ ഫോമിന്‍റെ പ്രിന്‍റ് ഔട്ടും ഓണ്‍ലൈന്‍ മുഖേന സ്ഥാപന മേധാവിയോ അദ്ദേഹം ചുമതലപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ സൂക്ഷ്മമായി പരിശോധിക്കേണ്ടതാണ്. (verification)
10. പരിശോധന നടത്തി അര്‍ഹരായിട്ടുള്ളവരുടെ അപേക്ഷകള്‍ സ്ഥാപന മേധാവി ഓണ്‍ലൈന്‍ മുഖേന സൂക്ഷ്മ പരിശോധന നടത്തി അംഗീകരിച്ചിരിക്കണം. (Approval)
11. സൂക്ഷ്മ പരിശോധന നടത്തിക്കഴിഞ്ഞ അപേക്ഷകള്‍ അതാതു സ്ഥാപനങ്ങളില്‍ തന്നെ സൂക്ഷിക്കേണ്ടതാണ്. പ്രൊവിഷണല്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനുശേഷം കൗണ്‍സില്‍ നിശ്ചയിക്കുന്ന സമയ പരിധിക്കുള്ളില്‍ അതില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികളുടെ അപേക്ഷാ ഫോമുകളുടെ പ്രിന്‍റ് ഔട്ടുകളും അനുബന്ധ രേഖകളും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍റെ ഓഫീസില്‍ പരിശോധനക്ക് ലഭ്യമാക്കേണ്ടതാണ്.
സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ക്ക് എതിരെയുളള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് കെഎസ്‌യു ആഹ്വാനം ചെയ്തത്.
കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ് വിവാദത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ നിയമസഭ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.പൊലീസ് ലാത്തിചാര്‍ജില്‍ ഷാഫി പറമ്പില്‍ എംഎല്‍എക്കും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിനും പരിക്കേറ്റു.
മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ കൊണ്ടുപോയ പൊലീസ് വാന്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി.
സംസ്ഥാന ഭരണനിർവഹണം കാര്യക്ഷമമാക്കുകയും ഐഎഎസിലേക്ക് സമർഥരെ നിയോഗിക്കുകയുമാണ് കെഎഎസിന്റെ ലക്ഷ്യം. എട്ടു വർഷത്തെ സേവനം പൂർത്തിയാക്കുന്നവർക്ക് യുപിഎസ്‌സി മാനദണ്ഡങ്ങൾ പ്രകാരം ഐഎഎസിൽ പ്രവേശിക്കാനാകും. സംസ്ഥാന സിവിൽ സർവീസിൽ നിന്ന് ഐഎഎസിലേക്കുള്ള ക്വോട്ട വർഷങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. പി.എസ്.സി നടപ്പാക്കുന്നതിൽ വച്ച് ഏറ്റവും മത്സരക്ഷമതയുള്ള പരീക്ഷയായിരിക്കും ഇത്.
തസ്തികയും യോഗ്യതയും
കെഎഎസ് ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയിനി സ്ട്രീം 1, സ്ട്രീം 2, സ്ട്രീം 3 എന്നിങ്ങനെ മൂന്നു രീതിയിലാണു നിയമനം. ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത.
സ്ട്രീം 1 - (കാറ്റഗറി നമ്പർ 186/2019): നേരിട്ടുള്ള നിയമനം. പ്രായം: 21– 32. പ്രായപരിധി കണക്കാക്കുന്നത് അതതു വർഷത്തെ ജനുവരി ഒന്നാം തിയതി വച്ച്. ആരോഗ്യ സ്ഥിതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വേണം.
സ്ട്രീം 2- (കാറ്റഗറി നമ്പർ 187/2019): സർക്കാർ വകുപ്പിൽ പ്രബേഷൻ പൂർത്തിയാക്കിയവരിൽ നിന്നും സ്ഥിരമാക്കപ്പെട്ടവരിൽ നിന്നും നേരിട്ടുള്ള നിയമനം. ഫസ്റ്റ് ഗസറ്റഡ് ഓഫീസറാകാൻ പാടില്ല. പ്രായം: 21– 40.
സ്ട്രീം 3- (കാറ്റഗറി നമ്പർ 188/2019): ഫസ്റ്റ് ഗസറ്റഡ് പോസ്റ്റിലോ അതിനു മുകളിലോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം: 50 കഴിയരുത്. പ്രബേഷൻ പൂർത്തിയാക്കുകയോ പ്രബേഷന് യോഗ്യമായ 2 വർഷത്തെ സേവനം പൂർത്തിയാക്കുകയോ വേണം. പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപക ജീവനക്കാർക്ക് സ്ട്രീം 3 ലേക്ക് അപേക്ഷിക്കാനാകില്ല.
സംവരണവും പ്രായപരിധി ഇളവും
ഭരണഘടന നിശ്ചയിച്ചിട്ടുള്ള സംവരണം മൂന്നു സ്ട്രീമിലും ബാധകം. പട്ടിക വിഭാഗത്തിനും വിധവകൾക്കും വിമുക്തഭടൻമാർക്കും 5 വർഷം, മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് 3 വർഷം, ഭിന്നശേഷിക്കാർക്ക് 15 വർഷം, അസ്ഥിസംബന്ധമായ പ്രശ്നമുള്ള ഭിന്നശേഷിക്കാർക്ക് 10 വർഷം.
ഒഴിവുകൾ
നൂറിലേറെ ഒഴിവുണ്ടാകും എന്നാണു കണക്കാക്കുന്നത്. ഓരോ വർഷവും കെഎഎസിൽ ഉൾപ്പെടുത്തിയ വകുപ്പുകളിൽ നിന്നും പൊതുവിഭാഗത്തിൽ നിന്നും ഉണ്ടാകുന്ന ആകെ സെക്കൻഡ് ഗസറ്റഡ് ഒഴിവുകളുടെ മൂന്നിലൊന്ന് കെഎഎസിനു വേണ്ടി മാറ്റിവച്ചിട്ടുണ്ട്. ഇത് ആകെ ഉണ്ടാകുന്ന ഒഴിവിന്റെ 10 ശതമാനത്തിനു മുകളിൽ ആകാൻ പാടില്ല.
പരീക്ഷയും അഭിമുഖവും
ആദ്യം സ്ക്രീനിങ് ടെസ്റ്റ്, രണ്ടാമത് മുഖ്യ പരീക്ഷ, ഒടുവിൽ അഭിമുഖം എന്ന ക്രമത്തിലാണ് തെരഞ്ഞെടുപ്പ്. സ്ക്രീനിങ് ടെസ്റ്റ് ഫെബ്രുവരിയിൽ നടക്കും. തീയതി പിന്നീട് അറിയിക്കും.
പ്രിലിമിനറി പരീക്ഷ
പ്രാഥമിക പരീക്ഷയായ സ്ക്രീനിങ് ടെസ്റ്റ് (ഒഎംആർ) 200 മാർക്കിനാണ്. പ്രാഥമിക പരീക്ഷ 2 ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗത്തിൽ 100 മാർക്കിന്റെ ജനറൽ സ്റ്റഡീസ് പേപ്പർ. രണ്ടാം ഭാഗത്തിൽ 50 മാർക്കിന്റെ ഭാഷാവിഭാഗം, 30 മാർക്കിന്റെ മലയാള നൈപുണ്യം, 20 മാർക്കിന്റെ ഇംഗ്ലിഷ് നൈപുണ്യം എന്നിങ്ങനെ 3 പേപ്പറുകൾ. പ്രാഥമിക പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന നിശ്ചിത പേരെ സംവരണം കൂടി പരിഗണിച്ച് തെരഞ്ഞെടുത്ത് പട്ടികയുണ്ടാക്കും. ഇവർ യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ അപ്‌ലോഡ് ചെയ്യണം. 3 വിഭാഗങ്ങൾക്കുമായി പ്രാഥമിക പരീക്ഷ നടത്തി 3 കട്ട് ഓഫ് മാർക്കിന്റെ അടിസ്ഥാനത്തിൽ 3 ചുരുക്കപ്പട്ടിക തയാറാക്കും. തുടർന്നാണു മുഖ്യപരീക്ഷ.
മുഖ്യപരീക്ഷ
100 മാർക്കിന്റെ 3 വിവരണാത്മക പേപ്പറുകളാണ് മുഖ്യപരീക്ഷയിലുള്ളത്. ദൈർഘ്യം 2 മണിക്കൂർ വീതം. ഭാഷാ നൈപുണ്യമൊഴികെയുള്ളവയ്ക്ക് ഇംഗ്ലിഷിലായിരിക്കും ചോദ്യങ്ങൾ. ഉത്തരം ഇംഗ്ലിഷിലോ മലയാളത്തിലോ എഴുതാം.
അഭിമുഖ പരീക്ഷ
50 മാർക്കാണ് അഭിമുഖപരീക്ഷക്ക് ലഭിക്കുക. മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്കുകൾ ചേർത്താണ് റാങ്ക് നിർണയിക്കുക.
തസ്തികയും ഘടനയും
1. കെഎഎസ് ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ ട്രെയിനി)
2. കെഎഎസ് ഓഫീസർ (സീനിയർ ടൈം സ്കെയിൽ)
3. കെഎഎസ് ഓഫീസർ (സിലക്‌ഷൻ ഗ്രേഡ് സ്കെയിൽ)
4. കെഎഎസ് ഓഫീസർ (സൂപ്പർ ടൈം ഗ്രേഡ് സ്കെയിൽ)
കെഎഎസിൽ പ്രവേശിക്കുന്നവർ തൊഴിൽ തുടങ്ങുന്നത് ജൂനിയർ ടൈം സ്കെയിൽ ട്രെയിനിയായിട്ടാണ്. പിന്നീടുള്ള മൂന്നെണ്ണം ട്രെയിനിയായി സർവീസിൽ പ്രവേശിക്കുന്ന ഓഫീസറുടെ പ്രമോഷൻ പോസ്റ്റുകളാണ്. 6:5:4:3 എന്ന അനുപാതത്തിലായിരിക്കും മേൽപറഞ്ഞ തസ്തികകളുടെ വിന്യാസം.
പരിശീലനം
കെഎഎസ് ജൂനിയർ ടൈം സ്കെയിൽ ട്രെയിനി ആയി നിയമനം ലഭിക്കുന്നവർക്കു 18 മാസത്തെ പരിശീലനമുണ്ടാകും. 15 ദിവസത്തിൽ കുറയാതെയുള്ള പരിശീലനം പ്ലാനിങ്, ഡവലപ്മെന്റ് സെന്ററുകളിലും രാജ്യത്തെ ഉന്നത മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും വേറെ. പ്രബേഷൻ കാലാവധി 2 വർഷം.
സിലബസ്
പബ്ലിക് സർവീസ് കമിഷൻ പ്രസിദ്ധീകരിച്ച ജനറൽ സ്റ്റഡീസ് ഒന്നാം പേപ്പർ സിലബസ്:
ചരിത്രം:പ്രാചീന, മധ്യകാല ചരിത്രം: കാലഘട്ടത്തിലെ പ്രധാന സംഭവങ്ങൾ, കല, സംസ്കാരം, സാഹിത്യം, വാസ്തുവിദ്യ, സാമൂഹ്യ, സാമ്പത്തിക, മതപരമായ സാഹചര്യങ്ങൾ, മുന്നേറ്റങ്ങൾ, പ്രധാന രാജവംശങ്ങൾ.
ആധുനിക കാലഘട്ടം: 18ാം നൂറ്റാണ്ട് മുതലുള്ള ഇന്ത്യാ ചരിത്രം, പ്രധാന സംഭവങ്ങൾ, വ്യക്തികൾ, പ്രശ്‌നങ്ങൾ, സ്വാതന്ത്ര്യസമരം, 19, 20 നൂറ്റാണ്ടുകളിലെ സാമൂഹിക, മത പരിഷ്‌കരണങ്ങൾ, ഇതിനായുള്ള മുന്നേറ്റങ്ങൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യ, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സംയോജനവും ഏകീകരണവും, സ്വതന്ത്ര ഇന്ത്യയും അയൽരാജ്യങ്ങളും.
കേരള ചരിത്രം: സ്വാതന്ത്ര്യത്തിന് മുമ്പുള്ള സാമൂഹിക, രാഷ്ട്രീയ മുന്നേറ്റങ്ങൾ, കേരള സംസ്ഥാനത്തിന്റെയും രാഷ്ട്രീയ പാർട്ടിടികളുടെയും രൂപീകരണം, സർക്കാരുകൾ, പ്രധാന നിയമനിർമാണങ്ങൾ, നയങ്ങൾ.
ലോകചരിത്രം : 18ാം നൂറ്റാണ്ട് മുതലുള്ള ലോക ചരിത്രം, വ്യാവസായിക വിപ്ലവം, ലോകമഹായുദ്ധങ്ങൾ, രാജ്യാതിർത്തികളുടെ പുനർനിർണയം, കോളനിവൽക്കരണവും വിമോചനവും, ആഗോളവൽക്കരണം, കമ്മ്യൂണിസം, മുതലാളിത്തം, സോഷ്യലിസം, ഈ സിദ്ധാന്തങ്ങൾ സമൂഹത്തിലുണ്ടാക്കിയ സ്വാധീനം.
കേരളത്തിന്റെ സാംസ്കാരിക പൈതൃകം: തനത് കലാരൂപങ്ങൾ, സാഹിത്യം, ശിൽപ്പകല, വാസ്തുവിദ്യ, ഗോത്ര സംസ്കാരം, തീർത്ഥാടന, വിനോദസഞ്ചാര കേന്ദ്രങ്ങൾ, നാടോടി സംസ്കാരം, സിനിമ, നാടകം, മലയാള സാഹിത്യ ചരിത്രവും മുന്നേറ്റവും.
ഭരണഘടന: ഇന്ത്യൻ ഭരണഘടന, പൊതുഭരണം, രാഷ്ട്രസംവിധാനം, ഭരണം, സാമൂഹ്യനീതി, അന്താരാഷ്ട്ര ബന്ധങ്ങൾ: ഇന്ത്യൻ ഭരണഘടന, കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഘടന, പ്രവർത്തനം, അധികാരങ്ങൾ, ഉത്തരവാദിത്തങ്ങൾ. ഫെഡറൽ സംവിധാനവും അത് നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും, പ്രാദേശിക ഭരണ സംവിധാനങ്ങളുമായുള്ള അധികാര, സാമ്പത്തിക പങ്കുവയ്ക്കലും അതിലുണ്ടാകുന്ന പ്രശ്‌നങ്ങളും.
ഭരണഘടനാ സ്ഥാപനങ്ങൾ, അവയുടെ ചുമതലകൾ, അധികാരങ്ങൾ, പഞ്ചായത്തീരാജ്, പബ്ലിക് പോളിസി ആൻഡ് ഗവേണൻസ്, ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നിവ ഭരണത്തിലുണ്ടാക്കിയ അനന്തരഫലങ്ങൾ. വനിതാ, മനുഷ്യാവകാശ, ബാലാവകാശ, പട്ടികജാതി പട്ടികവർഗ കമിഷനുകൾ, ഈ വിഷയങ്ങളിലെ അവകാശ സംരക്ഷണം, നിയമങ്ങൾ. ക്വാസി ജുഡീഷ്യൽ ഫോറങ്ങൾ. ഇന്ത്യയുടെ വിദേശനയം, രാജ്യാന്തര സംഘടനകൾ, അന്തർദേശീയ ഉടമ്പടികൾ, സംവിധാനങ്ങൾ, ഇവയുടെ ഘടന, അധികാര പരിധി.
ഇന്ത്യയിലെ ജുഡീഷ്യൽ സംവിധാനം: ഘടന, പ്രവർത്തനം, അടിയന്തരാവസ്ഥയും ഭരണഘടനാ ഭേദഗതികളുമായി ബന്ധപ്പെട്ട പ്രധാന വ്യവസ്ഥകൾ, പൊതുതാൽപ്പര്യ ഹർജികൾ, ജുഡീഷ്യൽ റിവ്യൂ, ലാൻഡ് റവന്യൂ നിയമങ്ങൾ, മൗലിക അവകാശങ്ങൾ, കടമകൾ, ഡയറക്ടീവ് പ്രിൻസിപ്പിൾസ്, അഡ്‌മിനിസ്‌ട്രേറ്റീവ് ലോ.
റീസണിങ്, മെന്റൽ എബിലിറ്റി ആൻഡ് സിമ്പിൾ അരിത്തമെറ്റിക്: ലോജിക്കൽ റീസണിങ് ആൻഡ് അനലിറ്റിക്കൽ എബിലിറ്റി, നമ്പർ സീരീസ്, കോഡിങ്, ഡീകോഡിങ്, വെൻ ഡയഗ്രം, സിമ്പിൾ അരിത്തമെറ്റിക്, ക്ലോക്ക്, കലണ്ടർ, എയ്‌ജ് അധിഷ്ഠിതമായ ചോദ്യങ്ങൾ.
ഭൂമീശാസ്ത്രം: സൗരയൂഥം, ഭൂമിയുടെ ചലനം, സമയം, ഋതുക്കൾ, ഭൂമിയുടെ ആന്തരിക ഘടന, അന്തരീക്ഷ ഘടന, കാലാവസ്ഥ, എയർമാസ്സസ് ആൻഡ് ഫ്രണ്ട്‌സ്, അന്തരീക്ഷ ക്ഷോഭങ്ങൾ, സമുദ്രങ്ങൾ, ജലദുരന്തങ്ങൾ. കേരളത്തിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെയും ഭൗതിക, സാമൂഹിക, സാമ്പത്തിക ഭൂമീശാസ്ത്രം, സുനാമി, അഗ്നിപർവതങ്ങൾ, ഭൂചലനം, മണ്ണിടിച്ചിൽ, പ്രളയം.
സയൻസ് ആൻഡ് ടെക്നോളജി: സയൻസ് റോബോട്ടിക്, നിർമിത ബുദ്ധി, ഇ ഗവേണൻസ്, തുടങ്ങിയവയാണ് ഈ വിഭാഗത്തിൽ.
മലയാളം: പ്രിലിമിനറി പരീക്ഷയുടെ രണ്ടാം പേപ്പറിൽ മലയാളത്തിന് 30 മാർക്കാണ് നൽകിയിരിക്കുന്നത്. വ്യാകരണം, പദാവലി എന്നിവയിൽ ശ്രദ്ധ നൽകണം. ഔദ്യോഗിക ഭാഷാ പദാവലി എന്ന ഭാഗവും സിലബസിലുണ്ട്.
ഇംഗ്ലീഷ്: 20 മാർക്കാണ് ഇംഗ്ലീഷിന്. സാധാരണ ബിരുദതല മത്സരപ്പരീക്ഷകളുടേതിന് സമാനമാണ് ഇവിടെയും ഇംഗ്ലീഷിന്റെ സിലബസ്.
ഈ വർഷത്തെ NMMS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി തിരുവനന്തപുരം ഡയറ്റ് തയ്യാറാക്കിയ എക്സാം പാക്കേജ് പോസ്റ്റ് ചെയ്യുകയാണ്. ചുവടെ നല്‍കിയിരിക്കുന്ന ലിങ്കുകളിൽ നിന്ന് ഇവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് .
ഈ വർഷത്തെ NMMS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഡയറ്റ് കാസർകോട് തയ്യാറാക്കിയ എക്സാം പാക്കേജ് പോസ്റ്റ് ചെയ്യുകയാണ്. ചുവടെ നല്‍കിയിരിക്കുന്ന ലിങ്കുകളിൽ നിന്ന് ഇവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് .
നവംബർ 17ന് നടക്കുന്ന നാഷണൽ ടാലന്റ് സെർച്ച് (എൻ.ടി.എസ്.ഇ), നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് (എൻ.എം.എം.എസ്.ഇ) പരീക്ഷകളുടെ ഹാൾ ടിക്കറ്റ്/അഡ്മിഷൻ കാർഡ് www.scert.kerala.gov.in ൽ ലഭിക്കും. പരീക്ഷാകേന്ദ്രങ്ങളിലെ കുട്ടികളുടെ ലിസ്റ്റും ഹാൾടിക്കറ്റും എസ്.സി.ഇ.ആർ.ടി വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
കേരള സംസ്ഥാന മുന്നാക്കസമുദായക്ഷേമ കോർപ്പറേഷൻ ഡോ. അംബേദ്കർ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം.
ഹയർസെക്കൻഡറി ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾ, ബിരുദം, ബിരുദാനന്തരബിരുദം, സി.എ./സി.എം.എ./സി.എസ്./ഐ.സി.എഫ്.എ. ഗവേഷകവിഭാഗം (പിഎച്ച്.ഡി., എം.ഫിൽ., ഡി.ലിറ്റ്, ഡി.എസ്സി.) എന്നീ മേഖലകളിൽ പഠിക്കുന്നവരാകണം. കേരളത്തിലെ സംവരണേതര സമുദായങ്ങളിൽപ്പെടുന്നതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്നുമുള്ള വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പുകൾ നൽകുന്നത്.
സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം സ്പോൺസർ ചെയ്യുന്ന സ്കോളർഷിപ്പ് പ്രോഗ്രാമാണ് ഇന്ത്യൻ ഭരണഘടനയുടെ പിതാവിന്റെ പേരിലുള്ള ഡോ. അംബേദ്കർ സ്കോളർഷിപ്പ്. എന്നിരുന്നാലും, സംസ്ഥാന സ്കോളർഷിപ്പുകളുടെ രൂപത്തിൽ സംസ്ഥാന സർക്കാരുകൾ / കേന്ദ്ര ഭരണകൂടങ്ങൾ / സർവ്വകലാശാലകൾ / കോളേജുകൾ ഈ പരിപാടി നടപ്പിലാക്കുന്നു.
ഈ സ്കോളർഷിപ്പ് പ്രോഗ്രാമിന് കീഴിൽ, കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള, അവർ അനുവദിക്കുന്ന ഫണ്ടുകളുടെ അനുപാതം 75: 25 ആണ്. പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ പെടാത്ത ഡിനോട്ടിഫൈഡ്, നോമാഡുകൾ, സെമി-നോമാഡുകൾ (ഡിഎൻടി) ഗോത്രങ്ങളിലേക്കാണ് ഇത്. ടിഎഡി ഉൾപ്പെടുന്ന കുട്ടികൾക്ക് സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും സ്വതന്ത്രരാകാൻ സാമ്പത്തിക സഹായം നൽകുക എന്നതാണ് ഡോ. അംബേദ്കർ സ്കോളർഷിപ്പിന്റെ പ്രധാന ലക്ഷ്യം.
പുതുതായി വന്ന മാപ്പ് പ്രകാരം ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും.
( 28 സംസ്ഥാനങ്ങള്‍ 9 കേന്ദ്ര ഭരണ പ്രദേശങ്ങള്‍. 31.10.2019 മുതല്‍ ജമ്മു & കാശ്മീര്‍ എന്ന സംസ്ഥാനം ഇല്ലാതാവുകയും പകരം ജമ്മു & കാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങള്‍ നിലവില്‍ വരികയും ചെയ്തു.)
1. ആന്ധ്രാപ്രദേശ് - ഹൈദരാബാദ് (അമരാവതി -നിർദിഷ്ട തലസ്ഥാനം)
2 . അരുണാചൽ പ്രദേശ് - ഇറ്റാനഗർ
3 . ആസ്സാം - ഡിസ്‌പൂർ
4 . ബീഹാർ - പട്ന
5 . ഛത്തീസ്ഗഢ് - റായ്‌പൂർ
6 . ഗോവ - പനാജി
7 . ഗുജറാത്ത് - ഗാന്ധിനഗർ
8 . ഹരിയാന - ചണ്ഡീഗഡ്
9 . ഹിമാചൽ പ്രദേശ് - ഷിംല
10. ജാർഖണ്ഡ് - റാഞ്ചി
11. കർണാടകം - ബാംഗ്ലൂർ
12. കേരളം - തിരുവനന്തപുരം
13. മധ്യ പ്രദേശ് - ഭോപ്പാൽ
14. മഹാരാഷ്ട്ര - മുംബൈ
15. മണിപ്പൂർ - ഇൻഫൽ
16. മേഘാലയ - ഷില്ലോങ്
17. മിസോറം - ഐസവൾ
18. നാഗാലാൻഡ് - കൊഹിമ
19. ഒഡിഷ - ഭുവനേശ്വർ
20. പഞ്ചാബ് - ചണ്ഡീഗഡ്
21. രാജസ്ഥാൻ - ജയ്‌പൂർ
22. സിക്കിം - ഗാങ്ടോക്ക്
23. തമിഴ്‌നാട് - ചെന്നൈ
24. തെലുങ്കാന - ഹൈദരാബാദ്
25. ത്രിപുര - അഗർത്തല
26. ഉത്തർ പ്രദേശ് - ലഖ്നൗ
27. ഉത്തരാഖണ്ഡ് - ഡെറാഡൂൺ
28. പശ്ചിമ ബംഗാൾ - കൊൽക്കത്ത
കേന്ദ്ര ഭരണ പ്രദേശങ്ങൾ
1. ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ - പോർട്ട് ബ്ളയർ
2 ചണ്ഡീഗഡ് - ചണ്ഡീഗഡ്
3 ദാദ്ര - നഗർ ഹവേലി സിൽവാസ
4 ദാമൻ - ദിയു ദാമൻ
5 ഡൽഹി - ഡൽഹി
6 ലക്ഷദ്വീപ് - കവരത്തി
7 പുതുശ്ശേരി - പോണ്ടിച്ചേരി
8. ലഡാക് - ലേ
9. ജമ്മു & കാശ്മീര്‍ - ശ്രീ നഗർ
2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ മാർച്ച് പത്ത് ചൊവ്വാഴ്ച ആരംഭിച്ച് 26 വ്യാഴാഴ്ച അവസാനിക്കും. പരീക്ഷാഫീസ് പിഴകൂടാതെ നവംബർ 11 മുതൽ 22 വരെയും പിഴയോടുകൂടി 23 മുതൽ 30 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കും. പരീക്ഷാവിജ്ഞാപനം പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ (www.keralapareekshabhavan.in) ലഭ്യമാണ്.
2020 മാർച്ചിലെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) എന്നീ പരീക്ഷകളുടെ വിജ്ഞാപനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷാഫോമിന്റെ മാതൃക, ഫീസ്, ടൈംടേബിൾ എന്നിവയും വെബ്‌സൈറ്റിലുണ്ട്.
2019-20 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷ 10.03.2020 ചൊവ്വാഴ്ച ആരംഭിച്ച് 26.03.2020 വ്യാഴാഴ്ച അവസാനിക്കുന്നതാണ്. 14/08/2006-ലെ ജി.ഒ. (എം.എസ്) 200/2006 പൊ.വി.വ., 20.01.2007-ലെ ജി.ഒ.(എം.എസ്) 12/2007 പൊ.വി.വ എന്നീ സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ഗ്രേഡിംഗ് രീതിയില്‍ മാത്രമാണ് പരീക്ഷ നടത്തുന്നത്. 2019-20 അധ്യയന വര്‍ഷം നിലവില്‍ വന്ന പരിഷ്ക്കരിച്ച പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊുള്ള പുതിയ സിലബസ് പ്രകാരം മാര്‍ച്ച് 2020-ല്‍ പത്താം തരത്തില്‍ ആദ്യമായി പരീക്ഷയെഴുതുന്നവര്‍ റഗുലര്‍ ആയും, 2016-2017 മുതല്‍ 2018-2019 വരെയുളള അധ്യയന വര്‍ഷങ്ങളില്‍ ആദ്യമായി പത്താംതരം പരീക്ഷയെഴുതി ഏതെങ്കിലും വിഷയത്തില്‍ ഇനിയും വിജയിക്കാത്തവര്‍ക്കായി പഴയ സ്കീമില്‍ പ്രൈവറ്റായും (PCO) പരീക്ഷ നടത്തപ്പെടുന്നു. 2017 മാര്‍ച്ചിന് മുമ്പ് പരീക്ഷ എഴുതി പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷ എഴുതി തുടര്‍ പഠനത്തിന് അര്‍ഹത നേടാവുന്നതാണ്.
പരീക്ഷ സംബന്ധിച്ച വിവരങ്ങള്‍
1. 2020 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ മാധ്യമങ്ങളില്‍ നടത്തപ്പെടുന്നു.
2. എസ്.എസ്.എല്‍.സി റഗൂലര്‍ വിഭാഗത്തിലുള്ളവര്‍ക്ക് കഴിഞ്ഞവര്‍ഷത്തെപോലെ 9 പേപ്പറുകള്‍ ഉള്‍പ്പെടുന്ന എഴുത്തു പരീക്ഷയാണ് നടത്തുന്നത്. എല്ലാ പേപ്പറുകള്‍ക്കും തുടര്‍ മൂല്യനിര്‍ണ്ണയവും ഉണ്ടായിരിക്കും.
3. ഇംഗ്ലീഷ്, ഗണിതശാസ്ത്രം, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളുടെ എഴുത്തു പരീക്ഷയുടെയും തുടര്‍ മൂല്യനിര്‍ണയത്തിന്‍റെയും സ്കോര്‍ 80:20 ഉം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഒഴികെയുള്ള മറ്റു വിഷയങ്ങളുടേത് 40:10 ഉം ആയിരിക്കും.
4. ജി.ഒ.(ആര്‍.ടി)നം.4610/2012/പൊ.വി.വ.തീയതി.28.09.2012 പ്രകാരമുള്ള ഉത്തരവനുസരിച്ച് ഐ.റ്റി. വിഷയത്തിന് 50 സ്കോറിന്‍റെ പരീക്ഷയാണ് നടത്തുന്നത്. തിയറി പരീക്ഷ എഴുത്തു പരീക്ഷയില്‍ നിന്നു മാറ്റി പ്രാക്ടിക്കല്‍ പരീക്ഷയോടൊപ്പം കമ്പ്യൂട്ടറിലാണ് നടത്തപ്പെടുന്നത്.
5. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പരീക്ഷയുടെ തുടര്‍മൂല്യനിര്‍ണയം, തിയറി പരീക്ഷ, പ്രായോഗിക പരീക്ഷ, എന്നിവയുടെ സ്കോര്‍ ക്രമം 10:10:30 ആയിരിക്കും.
6. 80 സ്കോര്‍ ഉള്ള വിഷയങ്ങള്‍ക്ക് 2.30 മണിക്കൂറും, 40 സ്കോര്‍ ഉള്ള വിഷയങ്ങള്‍ക്ക് 1.30 മണിക്കൂറുമാണ് പരീക്ഷാ സമയം. ഇതു കൂടാതെ എല്ലാ എഴുത്തു പരീക്ഷയ്ക്കും ആരംഭത്തില്‍ 15 മിനിറ്റ് സമാശ്വാസ സമയവും ഉണ്ടായിരിക്കും.
7. സ്കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റില്‍ സ്കോര്‍ ഒഴിവാക്കി ഗ്രേഡ് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ.
8. ഗ്രേഡിംഗ് 9 പോയിന്‍റ് സ്കെയിലില്‍ ആണ് നടപ്പിലാക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ ചുറ്റാൻ ആധുനിക സീറ്റിംഗ് സൗകര്യങ്ങളോടുകൂടിയ ബസുമായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ. ടൂറിസം വകുപ്പിന്റെ 24 പേർക്കിരിക്കാവുന്ന എ.സി. ബസാണ് ഡി.റ്റി.പി.സി. കണ്ടക്റ്റഡ് ടൂർ പദ്ധതിയ്ക്കായി ഉപയോഗിക്കുന്നത്. അനന്തപുരി ദർശൻ എന്ന പേരിൽ സംഘടിപ്പിക്കുന്ന സിറ്റി ടൂറിന് ഒരാൾക്ക് 500 രൂപയാണ് ഫീസ്. പത്മനാഭ സ്വാമിക്ഷേത്രം, കുതിരമാളിക, വാക്സ് മ്യൂസിയം, മ്യൂസിയം, പ്ലാനറ്റോറിയം, വേളി, ശംഖുംമുഖം, കോവളം എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് അനന്തപുരി ദർശൻ പാക്കേജിലുള്ളത്.
ഇത് കൂടാതെ ജില്ലയിലെ മറ്റു പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള ഏകദിന ടൂർ പാക്കേജുകളുമുണ്ട്. 1200 രൂപ നിരക്കിൽ പൊൻമുടി മീൻമുട്ടി ഫോറസ്റ്റ് ട്രയിൽ, കന്യാകുമാരി ത്രിവേണിസംഗമം പാക്കേജും 750 രൂപ നിരക്കിൽ നെയ്യാർ ഡാം എലിഫന്റ് സവാരി പാക്കേജുമാണ് നിലവിൽ സജ്ജമാക്കിയിട്ടുള്ളത്. പൊൻമുടി പാക്കേജിൽ മീൻമുട്ടി വെള്ളച്ചാട്ടം, പൊൻമുടി, പേപ്പാറ ഡാം എന്നീ സ്ഥലങ്ങളാണുള്ളത്. രാവിലെ എട്ടിന്് നെയ്യാർഡാം എലിഫന്റ് സഫാരി യാത്ര ആരംഭിക്കും. ഈ യാത്രയിൽ കോട്ടൂർ എലിഫന്റ് പാർക്ക്, ഡിയർ പാർക്ക്, ശിവാനന്ദ ആശ്രമം, നെയ്യാർഡാം ബോട്ടിംഗ്, ശാസ്താം പാറ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
രാവിലെ 7.30 ന് ആരംഭിക്കുന്ന ത്രിവേണി സംഗമം യാത്രയിൽ പത്മനാഭപുരം കൊട്ടാരം, കന്യാകുമാരി വിവേകാനന്ദപ്പാറ, തിരുവള്ളുവർ പ്രതിമ, ഗാന്ധി മണ്ഡപം, ദേവീക്ഷേത്ര ദർശനം, വട്ടക്കോട്ട എന്നീ സ്ഥലങ്ങളാണുള്ളത്. ഈ മൂന്ന് പാക്കേജുകളിലും ഭക്ഷണവും ഉൾപ്പെടുത്തിയിട്ടുണ്ട്. അംഗീകൃത ടൂറിസ്റ്റ് ഗൈഡിന്റെ സേവനവും ബസിൽ ലഭ്യമാകും.
മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മിതമായ നിരക്കിൽ വാഹനം വാടകയ്ക്കും ലഭിക്കും. വരും ദിവസങ്ങളിൽ മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ച ടൂർ പാക്കേജുകൾ ആരംഭിക്കാനും ടൂറിസം പ്രമോഷൻ കൗൺസിൽ പദ്ധതിയിടുന്നുണ്ട്. 7594949402 എന്ന നമ്പറിൽ വിശദാംശങ്ങൾ ലഭിക്കും.