ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Friday, February 28, 2020

മാതൃകയാക്കാം ചിറക്കരയിലെ പകല്‍വീടും ബഡ്സ് സ്‌കൂളും Pakal Veedu and Buds School of Chirakkara should be taken as a role model


വയോജനങ്ങള്‍ക്കും  ഭിന്നശേഷിക്കാര്‍ക്കും  കരുതലും സംരക്ഷണവുമായി മാതൃക തീര്‍ക്കുകയാണ് ചിറക്കര ഗ്രാമപഞ്ചായത്തിലെ  പകല്‍വീടും ബഡ്സ്    സ്‌കൂളും. 

2008 ല്‍ ചിറക്കര ഇടവട്ടം വാര്‍ഡില്‍ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ നിര്‍മാണം ആരംഭിച്ച പകല്‍വീട് 2018 മുതലാണ് പ്രവര്‍ത്തന സജ്ജമായത്. പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വയോജനങ്ങള്‍ക്ക് പകല്‍ സമയങ്ങളില്‍ ആവശ്യമായ ശാരീരിക മാനസിക പരിചരണങ്ങള്‍ ഇവിടെ നല്‍കുന്നു.  കിടപ്പുമുറികള്‍, ഹാള്‍, റിക്രിയേഷന്‍ റൂം എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയതാണ് പകല്‍ വീട്.

മൂന്ന് നേരം ഭക്ഷണത്തോടൊപ്പം ദിനപ്പത്രം, ടെലിവിഷന്‍, വാദ്യോപകരണങ്ങള്‍, യോഗ, കൃഷിയിലൂടെ മാനസികോല്ലാസം വര്‍ധിപ്പിക്കുന്ന അഗ്രോ തെറാപ്പി എന്നിവയും  ഇവിടെ ഒരുക്കിയിട്ടുണ്ട്. എല്ലാ മാസവും മുടങ്ങാതെയുള്ള അലോപ്പതി, ഹോമിയോ, ആയുര്‍വേദ ഡോക്ടര്‍മാരുടെ സേവനവും കൗണ്‍സലിംഗുകളും പകല്‍വീടിന്റെ പ്രവര്‍ത്തനങ്ങളെ മികച്ചതാക്കുന്നു. മാതൃകാപരമായ  ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ  സാമൂഹ്യനീതി വകുപ്പിന്റെ സായംപ്രഭ പദ്ധതിയില്‍ അംഗത്വം നേടുവാനും പഞ്ചായത്തിനായി. നാല് അലോപ്പതി ഡോക്ടര്‍മാര്‍, വാഹനസൗകര്യം, മിനി ജിംനേഷ്യം എന്നീ സൗകര്യങ്ങള്‍ സായംപ്രഭയിലൂടെ പകല്‍വീടിന് ലഭിക്കും. ഇതോടൊപ്പം വിരസതയകറ്റാന്‍   പേപ്പര്‍ബാഗ്, മെഴുകുതിരി എന്നിവ നിര്‍മിക്കുന്നതിനുളള തൊഴില്‍ പരിശീലനവും പഞ്ചായത്തിന്റെ പരിഗണനയിലുണ്ട്.

പഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ  ശാരീരിക ഉന്നമനം ലക്ഷ്യമാക്കി  2016-ല്‍ ആരംഭിച്ച ബഡ്സ് സ്‌കൂളും മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. പകല്‍വീട് കെട്ടിടത്തിലാണ് നിലവില്‍ ബഡ്സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ടീച്ചര്‍, ആയ എന്നിവരുടെ സേവനവും  വാഹന സൗകര്യവും ഇവിടെ ലഭ്യമാണ്. ഓരോരുത്തരെയും പ്രത്യേകം നിരീക്ഷിച്ച്  അവര്‍ക്കാവശ്യമായ പഠന രീതികളാണ് സ്‌കൂളിലുള്ളത്.  ബഡ്സ് തെറാപ്പി, അഗ്രോ തെറാപ്പി, യോഗ,   വിവിധ കലാപരിശീലനങ്ങള്‍ എന്നിവ ഇവിടെ നല്‍കുന്നുണ്ട്.
പകല്‍വീട്, ബഡ്സ് സ്‌കൂള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിന് പഞ്ചായത്ത് പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്ന് ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ദീപു പറഞ്ഞു.

No comments:

Post a Comment