ഉതുപ്പാന്റെ കുന്ന്
അംബികാസുതൻ മാങ്ങാട്
അംബിക സുതൻ മാങ്ങാടിന്റെ തിരഞ്ഞെടുത്ത പരിസ്ഥിതി കഥകളിൽ പ്രാണവായു എന്ന കഥാസമാഹാരത്തിലെ പ്രധാന കഥയാണ് ഉതുപ്പാന്റെ കുന്ന്. ഫെബ്രുവരി 2017 ലെ മാതൃഭൂമി വാരാന്തപ്പതിപ്പിൽ വന്ന കഥയാണിത്.
തനിക്ക് സ്വന്തമായുള്ള കുറച്ചു ഭൂമിയിൽ, ചണച്ചാക്കും പിടിച്ചു രാവിലെ മുതൽ, കിട്ടുന്ന കല്ലും മണ്ണും മറ്റും കൂട്ടി കുന്നുണ്ടാക്കുന്ന ഉതുപ്പാന്റെ ജീവിതമാണ് കഥയുടെ പ്രമേയം.
കഥ ആരംഭിക്കുന്നത് ഇങ്ങനെ :
ഉതുപ്പാനെ കണ്ടാൽ ഒരു മനുഷ്യ ജീവിയാണെന്ന് തോന്നുകയേയില്ല. വായിച്ചു മറന്ന ഏതോ നാടോടിക്കഥയിലെ വിചിത്ര കഥാപാത്രം പോലെ അയാൾ ഒരു നൂറ്റാണ്ടിലധികം ഞങ്ങളുടെ ദേശത്തിൽ ചുറ്റിത്തിരിയുന്നു. ചുമലിൽ ഒരു ചണച്ചാക്കുമായി, കീറിയ മുണ്ടും ഉടുത്ത് വാരിയെല്ലുകളും ആവശ്യത്തിന് ഉന്തിനിൽക്കുന്ന കഴുത്തെല്ലുമായി പ്രത്യക്ഷപ്പെടുന്ന ഉതുപ്പാന്റെ കൈകാലുകൾ, ഉണങ്ങിയ പറങ്കിമാവിൻ കൊമ്പുപോലെ കോലം കെട്ടതാണ്. താടി മീശകൾ ആകട്ടെ അപ്പൂപ്പൻ താടി പോലെ നരച്ചുനീണ്ടതും.!
ഉതുപ്പാന്റെ ഏറ്റവും വലിയ പ്രത്യേകത നിരയൊത്ത ഭംഗിയുള്ള പല്ലുകൾ പ്രദർശിപ്പിച്ച് ആരെക്കണ്ടാലും വിടർന്ന് ചിരിക്കുന്നതാണ്. ചിരി മടക്കി കിട്ടണമെന്ന് ഉതുപ്പാന് നിർബന്ധമില്ല. പ്രായഭേദമോ ജാതിഭേദമോ ആ ചിരിയുടെ മാറ്റ് കുറച്ചില്ല. കുഞ്ഞുങ്ങളുടേതുപോലെ നിഷ്കളങ്കമായ ചിരിയായിരുന്നു അത്.
ഉതുപ്പാൻ ഭ്രാന്തനാണെന്ന് നാടൊട്ടുക്ക് പറഞ്ഞിട്ടും ഒരു കുഞ്ഞു പോലും അയാളെ ഭയന്നില്ല.അയാളുടെ മനോഹരമായ ചിരിയിൽ മറു ചിരി കൊടുക്കുകയോ കൈവീശി കാണിക്കുകയോ ചെയ്യുകയാണ് പതിവ്.
ഉതുപ്പാന്റെ മനോഹരമായ ചിരിയിൽ വീണു പോയതാണ് അയാളുടെ ഭാര്യ എന്ന് നാട്ടിൽ ഒരു കഥയുണ്ട്. മൂന്നു മക്കളായിരുന്നു അവർക്ക്. ആദ്യനാളുകളിൽഉതുപ്പാന് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നുമുതലാണ് ചണച്ചാക്കും പേറിയുള്ള ഉതുപ്പാന്റെ അലച്ചിൽ തുടങ്ങിയത് എന്നാരും ഓർമിക്കുന്നില്ല. കുളി ജപങ്ങൾ ഒന്നുമില്ലാതെ ചണച്ചാക്കും പേറി കാലുകൾ നയിക്കുന്ന വഴിയേ പോകും. വഴിയിൽ കിടക്കുന്ന കല്ലും മണ്ണും ഒക്കെ ചാക്കിൽ പെറുക്കി കൂട്ടും. ഉത്തരവാദിത്വങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ് ഇതെന്ന് ഭാര്യ പഴിക്കുമ്പോഴും കല്ലും മണ്ണും ശേഖരിച്ചു വീട്ടുപറമ്പിൽ കൂട്ടിയിടുന്നതിൽ ഉതുപ്പാൻ സന്തോഷം കണ്ടെത്തി.
ഭാര്യയുടെ വഴക്ക് കണക്കാക്കാതെ,പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങളെ കണക്കാക്കാതെ, ഉതുപ്പാൻ തന്റെ പണി തുടർന്നു. പൊട്ടിത്തെറിക്കുന്ന ഭാര്യയോട് ഒരിക്കൽ അയാൾ ഗൗരവപൂർവം പറഞ്ഞു: ഞാൻ ഈ വിശാലമായ പറമ്പിൽ ഒരു കുന്നുണ്ടാക്കും. അന്യരുടെ പുരയിടത്തിൽ അത് സാധിക്കില്ലല്ലോ.
പെരുതടിപ്പാലം കടന്ന്, പരതാളിക്കാവ് കടന്ന് ഉതുപ്പാൻ നടന്നു. അക്കാലത്ത് ചന്തക്കുന്ന്, ഉമ്മൻകുന്ന്, പാറുത്തിമല, വേടൻ കുന്ന്,കാട്ടിക്കുന്ന്, സർപ്പമല, തുടങ്ങി ഒട്ടേറെ കുന്നുകൾ ആരോടും പറയാതെ യാത്ര പോയി ക്കഴിഞ്ഞു. ശേഷിച്ചവ പച്ച ഉടുപ്പുകൾ ഊരി കളഞ്ഞു പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു.അതിനാൽ തന്നെ നാട്ടുകാരുടെ നാറാണത്ത് ഭ്രാന്തൻ എന്ന പരിഹാസം വകവയ്ക്കാതെ ഉതുപ്പാൻ തന്റെ പുരയിടത്തിൽ കുന്നുണ്ടാക്കി.
കുന്ന് തെങ്ങിന്റെ ഉയരത്തിലായപ്പോഴാണ് ഉതുപ്പാന്റെ പെണ്ണ്, തന്നെക്കാൾ പ്രായം കുറഞ്ഞ അന്യദേശക്കാരനായ ചെമ്പിന്റെ നിറമുള്ള ചെറുപ്പക്കാരനൊപ്പം മക്കളെയും ഉതുപ്പാനെയും ഉപേക്ഷിച്ച് ഒളിച്ചോടിയത്. പറക്കമുറ്റിയപ്പോൾ മൂന്നാൺമക്കളും പറന്നു പറന്നു പോയതോടെ ഉതുപ്പാൻ ഒറ്റയ്ക്കായി. ഒറ്റയ്ക്കായിട്ടുംഉതുപ്പാൻ തന്റെ അലച്ചിൽ നിർത്തിയില്ല.കുന്ന് വളർന്നുവന്നു പച്ചപ്പും കാടുമായി. ഉതുപ്പാന്റെ ഒറ്റമുറി വീടും മറച്ച് കുന്നു വളർന്നു.കിളികളും പലജാതി ജീവികളും ഇഴജന്തുക്കളും കുന്നിൽ അവകാശമുറപ്പിച്ചു.
വർഷങ്ങൾ കടന്നുപോകേ ഉതുപ്പാനെ എല്ലാവരും മറന്നു തുടങ്ങി. കടലുകൾക്കപ്പുറത്തുള്ള വൻ നഗരത്തിലെ ഒറ്റ മുറിയിലൂടെ ദൂരെ ബുർജ് ഖലീഫയുടെ ഗോപുരം ആകാശം മുട്ടിനിൽക്കുന്ന കാഴ്ച കാണുമ്പോൾ എഴുത്തുകാരൻ ഉതുപ്പാനെ ഓർമിക്കുന്നു. ഇത്തവണ നാട്ടിലെത്തിയപ്പോൾ ഉതുപ്പാനെ കണ്ടേ മതിയാകൂ എന്ന് കരുതി കുന്നിൻ മുകളിലെ ചെടിത്തലപ്പുകളെയും കാട്ടുവള്ളികളെയും വകഞ്ഞു മാറ്റി കയറി പോകുമ്പോൾ കണ്ട കാഴ്ച വല്ലാതെ അമ്പരപ്പിച്ചു.
തലകുനിച്ച്,പാദങ്ങൾ നിലത്തു മുട്ടാതെ പരിപൂർണ്ണ നഗ്നനായി ഉതുപ്പാൻ പതുക്കെ ആടി നിൽക്കുന്നുണ്ടായിരുന്നു. ചെമ്പകം പൂത്ത പോലെ ഒരു സുഗന്ധം ചുറ്റും വ്യാപിച്ചിരുന്നു.
അതിനേക്കാൾ വിസ്മയത്തോടെ മറ്റൊരു കാഴ്ച കൂടി കണ്ടു. ചുറ്റിലുമുള്ള മരക്കൊമ്പുകളിൽ പല ജാതി പക്ഷികൾ നിശബ്ദരായി കൂട്ടം കൂടിയിരിക്കുന്നു.താഴെ നിലത്തും പലതരം മൃഗങ്ങളും പാമ്പുകളും. നൂറു കണക്കിന് മഞ്ഞ ശലഭങ്ങൾ ഉതുപ്പാനു ചുറ്റും ചിറകടിക്കുന്നുണ്ടായിരുന്നു.
ഒരിക്കലും മറക്കാനാകാത്ത ആ കാഴ്ചയിൽ മടക്കി വേണ്ടാത്ത ഉതുപ്പാന്റെ ചിരി വ്യക്തമായി കണ്ടതാണ്. മാത്രമല്ല ശരീരo അഴുകിയാൽ ചെമ്പകത്തിന്റെ സുഗന്ധം ഉണ്ടാകുമോ?
സംശയങ്ങൾക്കിടയിൽ അദ്ദേഹം തിരിച്ചറിഞ്ഞു: നാലുദിവസം ഒരാളെ കാണാതിരുന്നാൽ മറക്കുന്ന ഒരേയൊരു ജീവി മനുഷ്യൻ മാത്രമാണ്. കാരണം ഉതുപ്പാൻ നമ്മുടെ ആരുമായിരുന്നില്ലല്ലോ.
കഥ അവസാനിക്കുമ്പോൾ നിരവധി ചോദ്യങ്ങളും ഉത്തരങ്ങളും നമുക്ക് നേരെ നീട്ടി ഉതുപ്പാൻ നിറഞ്ഞു ചിരിക്കുന്നു.
ഉതുപ്പാന്റെ കുന്ന് വായിക്കുമ്പോൾ കാരൂരിന്റെ ഉതുപ്പാന്റെ കിണർ എന്ന കഥ ഓർമ്മയിലേക്ക് വരുന്നു. സ്വന്തം പുരയിടത്തിൽ നാട്ടുകാർക്ക് വേണ്ടി കിണർ കുഴിച്ച് ഒടുവിൽ കിണറിനുള്ളിൽ തന്നെ രഹസ്യത്തെ ഗോപനം ചെയ്യേണ്ടി വരുന്നു. ഈ കഥയിലെ ഉതുപ്പാനാകട്ടെ കുന്നിനുള്ളിൽത്തന്നെ അലിഞ്ഞില്ലാതയാകുന്നു. മറ്റുള്ളവരുടെ നന്മ ആഗ്രഹിച്ച രണ്ടു കഥകളിലെ ഉതുപ്പാൻമാരും മനസ്സിൽ നൊമ്പരം അവശേഷിപ്പിച്ചു കടന്നു പോകുന്നു.
കഥ അവസാനിക്കുമ്പോൾ നിരവധി ചോദ്യങ്ങളും ഉത്തരങ്ങളും നമുക്ക് നേരെ നീട്ടി ഉതുപ്പാൻ നിറഞ്ഞു ചിരിക്കുന്നു. കുന്നും മലകളും നീർച്ചാലുകളും തല്ലിക്കെടുത്തി വികസനം എന്ന് നാം വിളിക്കുന്ന വികസനം യഥാർത്ഥത്തിൽ എന്താണ്? നമ്മുടെ ഉള്ളിൽ ഇതേ ചിന്തയുള്ള ഉതുപ്പാന്മാർ ഇന്നും ജീവിക്കുന്നില്ലേ...?
ചിന്തിക്കുക.
സുജാത അനിൽ
ഗവണ്മെന്റ് ഹൈ സ്കൂൾ
പൂയപ്പള്ളി.
Thanks Teacher
ReplyDelete