ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Wednesday, March 13, 2019

seat priority in buses ബസിലെ സംവരണ സീറ്റുകൾ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക


ബസിലെ സംവരണ സീറ്റുകൾ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക 

ദീര്‍ഘദൂര ബസുകളിലെ സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള സീറ്റില്‍ ഇരിക്കുന്ന പുരുഷന്‍മാരെ ഏഴുന്നേല്‍പ്പിക്കാന്‍ പാടില്ലെന്ന് നിയമമുള്ളതായി സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരം ലഭിച്ചതോടെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ വ്യാജ വാര്‍ത്ത ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്ത നിയമപരമല്ലെന്ന്  മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ദീര്‍ഘദൂര ബസുകളില്‍ സ്ത്രീകളുടെ സീറ്റില്‍ ആളില്ലെങ്കില്‍ പുരുഷന്‍മാര്‍ക്ക് യാത്രചെയ്യാം. പിന്നിട് സ്ത്രീകള്‍ കയറിയാല്‍ സീറ്റില്‍ നിന്ന് പുരുഷന്‍മാര്‍ എഴുന്നേറ്റ് നല്‍കണമെന്നാണ് നിയമം.
കെ.എസ്.ആര്‍.ടി.സി വോള്‍വോ, എ.സി ബസുകള്‍ ഒഴികെയുള്ള എല്ലാ കെ.എസ്.ആര്‍.ടി.സി ബസുകളിലും 25 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഉള്ളതും ഇല്ലാത്തതുമായ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് എന്നീ സര്‍വിസുകളില്‍ വനിതകള്‍ക്ക് മാത്രമായി ഡ്രൈവറുടെ സീറ്റിനു തൊട്ടുപുറകിലുള്ള ഒരു വരി സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്.

റിസര്‍വേഷന്‍ ഇല്ലാത്ത ബസുകളില്‍ ബാക്കി തൊട്ടു പിന്നിലുള്ള ഒന്‍പത് സീറ്റുകള്‍ മുന്‍ഗണനാ ക്രമത്തിലും സംവരണം ചെയ്തിട്ടുണ്ട്. മുന്‍ഗണനാ ക്രമത്തില്‍ സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ സര്‍വിസ് തുടങ്ങുന്ന സ്ഥലത്ത് വനിതകള്‍ ഇല്ലെങ്കില്‍ മാത്രം പുരുഷന്മാര്‍ക്ക് അനുവദിക്കാവുന്നതാണ്. യാത്രയ്ക്കിടയില്‍ സ്ത്രീകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ മുന്‍ഗണനാ ക്രമത്തിലുള്ള സീറ്റുകള്‍ ഒഴിഞ്ഞു കൊടുക്കുവാന്‍ പുരുഷന്മാരോട് കണ്ടക്ടര്‍ ആവശ്യപ്പെടേണ്ടതാണെന്നും അത് വനിതകള്‍ക്ക് ലഭ്യമാക്കേണ്ടതാണെന്നുമാണ് കെ.എസ്.ആര്‍.ടി.സി ഉത്തരവ് നല്‍കിയിരിക്കുന്നത്.

ബസുകളിലെ സംവരണ സീറ്റില്‍ നിയമംലഘിച്ച് യാത്രചെയ്താല്‍ പിഴയുള്‍പ്പെടെയുള്ള ശിക്ഷയുണ്ടാകുമെന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു. നിയമം ലഘിച്ചാല്‍ മോട്ടോര്‍വാഹനവകുപ്പ് 100 പിഴ ഈടാക്കും. എന്നിട്ടും സീറ്റില്‍നിന്ന് മാറാന്‍ തയാറാകാതെ കണ്ടക്ടറോട് തര്‍ക്കിക്കുന്ന യാത്രക്കാരനെതിരേ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ക്രിമിനല്‍ നടപടി പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ പൊലിസിന് സാധിക്കും.

ബസിലെ സംവരണ സീറ്റുകള്‍ ഇങ്ങനെയാണ്:

$ ബസുകളില്‍ 5% സീറ്റ് അംഗപരിമിതര്‍ക്ക്
   (ആകെ സീറ്റില്‍ രണ്ടെണ്ണം)

$ കാഴ്ചയില്ലാത്തവര്‍ക്ക് ഒരു സീറ്റ്

$ 20% സീറ്റ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് (രണ്ട് സീറ്റ്
   സ്ത്രീകള്‍ക്ക്, രണ്ട് സീറ്റ് പുരുഷന്‍മാര്‍ക്ക്)

$ 25% സീറ്റുകള്‍ സ്ത്രീകള്‍ക്ക് (ഇതില്‍ 5% സീറ്റ്
   കൈക്കുഞ്ഞുമായി കയറുന്ന സ്ത്രീകള്‍ക്ക്)

$ ഒരു സീറ്റ് ഗര്‍ഭിണിക്ക് (സ്വകാര്യ,
   കെഎസ്ആർടിസി ബസുകളിൽ
   ഗർഭിണികൾക്കു സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.
   എല്ലാ ബസുകളിലും ഒരു സീറ്റെങ്കിലും
   ഗർഭിണികൾക്കു നീക്കിവയ്ക്കണമെന്ന
   നിർദേശമുൾപ്പെടുത്തി കേരള മോട്ടോർ
   വാഹന നിയമം മനുഷ്യാവകാശ കമ്മിഷന്റെ
   ഉത്തരവുപ്രകാരം ഭേദഗതി ചെയ്തിരുന്നു)

#keralapolice #seatpriorityinbuses

Thursday, March 7, 2019

International Women's Day വനിതാ ദിനം


1908 -ൽ പതിനയ്യായിരത്തിലധികം വരുന്ന സ്ത്രീ തൊഴിലാളികൾ ന്യൂയോർക്ക് നഗരഹൃദയത്തിലൂടെ ഒരു പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു.. ജോലി സമയത്തിൽ കുറവ് വരുത്തുക, ശമ്പളത്തിൽ ന്യായമായ വർധന വരുത്തുക, വോട്ടുചെയ്യാനുള്ള അവകാശം നൽകുക എന്നിവയായിരുന്നു സമരക്കാരുടെ ആവശ്യം. അതിനും ഒരു കൊല്ലത്തിനു ശേഷം അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടിയായിരുന്നു 'ലോക വനിതാ ദിനം' എന്നുള്ള  സങ്കൽപം മുന്നോട്ടുവെക്കുന്നത്.

ഈ ദിവസത്തെ ഒരു അന്തർദേശീയ ദിനമാക്കി മാറ്റുക എന്ന ആശയം മുന്നോട്ടുവെച്ചത് ക്ളാരാ സെറ്റ്കിൻ എന്ന ജർമ്മൻ മാർക്സിസ്റ്റ് തത്വചിന്തകയാണ്. 1910 -ൽ ഡെന്മാർക്കിലെ കോപ്പൻ ഹേഗനിൽ വെച്ച് നടന്ന അന്താരാഷ്ട്ര സ്ത്രീ തൊഴിലാളി കോൺഗ്രസ്സിൽ വെച്ചാണ് അവർ ഇങ്ങനെയൊരു കാര്യം നിർദ്ദേശിക്കുന്നത്. അന്നവിടെ കൂടിയ പതിനേഴു രാജ്യങ്ങളിൽ നിന്നുള്ള നൂറോളം പ്രതിനിധികൾ ആ തീരുമാനത്തെ ഐക്യകണ്ഠേന അംഗീകരിച്ചു. 1911 -ൽ ആസ്ട്രിയയിലും ഡെന്മാർക്കിലും ജർമനിയിലും സ്വിറ്റ്സർലൻഡിലും ആണ് ആദ്യമായി ലോക വനിതാ ദിനം ആഘോഷിക്കപ്പെട്ടത്. ഇതിന്റെ ശതാബ്ദി ആഘോഷങ്ങൾ നടന്നത് 2011-ലായിരുന്നു. അങ്ങനെ നോക്കുമ്പോൾ ഇക്കൊല്ലം നമ്മളാഘോഷിക്കുന്നത് 108 -ാമത്തെ ലോക വനിതാ ദിനമാവും.

1975 -ലാണ് ആദ്യമായി ഐക്യരാഷ്ട്രസഭ  ലോകവനിതാ ദിനത്തെ അംഗീകരിക്കുന്നത്. 1996 മുതൽ വർഷാവർഷം ഓരോ തീമും നിർദ്ദേശിക്കപ്പെട്ടു. ആദ്യത്തെ തീം, 'Celebrating the Past, Planning for the Future' എന്നതായിരുന്നു.  2019 -ലെ തീം "Think equal, build smart, innovate for change" എന്നതാണ്. ഓരോ വർഷത്തെയും വനിതാ ദിനം ആഘോഷിക്കപ്പെടുമ്പോൾ ഒപ്പം ഓർമ്മയിൽ കൊണ്ടുവരുന്നത് സ്ത്രീകൾ അവരുടെ അവകാശങ്ങൾക്കായി നടത്തിയ നിരവധി പോരാട്ടങ്ങളുടെ ചരിത്രം കൂടിയാണ്.

കൃത്യമായ ഒരു തീയതിയിൽ അല്ല ആദ്യമൊക്കെ ലോകവനിതാദിനം ആഘോഷിക്കപ്പെട്ടിരുന്നത്. ലോകമെങ്ങും ഒരേദിവസം ആഘോഷിക്കുന്ന ഒരു സാഹചര്യം വരുന്നത് 1917 -ൽ റഷ്യയിലെ ഒരു കൂട്ടം സ്ത്രീകൾ 'ബ്രഡ് ആൻഡ് പീസ്' എന്ന മുദ്രാവാക്യവുമായി നടത്തിയ നാലുദിവസത്തെ സമരത്തിനൊടുവിൽ സാർ ചക്രവർത്തി മുട്ടുമടക്കി സ്ത്രീകൾക്ക് വോട്ടവകാശം നൽകുന്നതോടെയാണ്. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ആ ഐതിഹാസിക സമരം തുടങ്ങുന്ന ദിവസം മാർച്ച് 8  ആയിരുന്നു. അതിന്റെ ഓർമ്മയ്ക്കായി പിന്നീടങ്ങോട്ട് എല്ലാവർഷവും മാർച്ച് 8 -നു തന്നെ ലോകവനിതാദിനം ആഘോഷിച്ചു തുടങ്ങി.

Sunday, March 3, 2019

Chickenpox ചിക്കൻ‍പോക്സ് ജനങ്ങൾ‍ അറിയേണ്ടതും പാലിക്കേണ്ടതും


ചിക്കൻപോക്സ് ജനങ്ങൾ‍ അറിയേണ്ടതും പാലിക്കേണ്ടതും

വായു വഴി പകരുന്ന ഒരു വൈറസ് രോഗമാണ് ചിക്കൻപോക്സ്. വാരിസെല്ലസോസ്റ്റർ‍ (Varicella zoster)എന്ന വൈറസ് ആണ് ഈ രോഗത്തിന് കാരണം. അസൈക്ലോവീർ‍ എന്ന ആന്റിവൈറൽ‍ മരന്ന് രോഗാരംഭം മുതൽ‍ ഉപയോഗിക്കുന്നത് രോഗം വേഗത്തിൽ‍ ഭേദമാകുവാനും രോഗതീവ്രതയും സങ്കീർണ്ണതകളും കുറയ്ക്കുവാനും സഹായിക്കും.

രോഗലക്ഷണങ്ങൾ‍

രോഗാണുക്കൾ‍ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാൽ‍ രണ്ടു മുതൽ‍ മൂന്നാഴ്ചയ്ക്കുളളിൽ‍ രോഗലക്ഷണം പ്രത്യക്ഷപ്പെടാറുണ്ട്.
പനി, ശരീരവേദന, കഠിനമായ ക്ഷീണം, നടുവേദന എന്നിവയാണ് ചിക്കൻപോക്സിന്റെ പ്രാരംഭ ലക്ഷണം. തുടർന്ന് ശരീരത്തിൽ‍ ചെറിയ കുമിളകൾ‍ പ്രത്യക്ഷപ്പെടുന്നു. മുഖത്തും, കൈകാലുകളിലും, ദേഹത്തും വായിലും, തൊണ്ടയിലും കുമിളകൾ‍ പ്രത്യക്ഷപ്പെടാറുണ്ട്. കുമിളകൾ‍ എല്ലാം ഒരേ സമയം അല്ല ശരീരത്തിൽ‍ പ്രത്യക്ഷപ്പെടുന്നത്. 4 ദിവസം മുതല്‍ ഒരാഴ്ചയ്ക്കുളളിൽ‍ കുമിളകൾ‍ താഴ്ന്നു തുടങ്ങും. കുമിളകൾ‍ മുഴുവനും കൊഴിയുന്നതോടെ മാത്രമേ വൈറസിന്റെ പ്രവർത്തനം ഇല്ലാതാകുന്നുളളു.

രോഗനിർണ്ണയം

രോഗ ലക്ഷണങ്ങളിലൂടെയും രോഗിയുടെ ദേഹത്തു പ്രത്യക്ഷപ്പെടുന്ന കുമിളയിലെ ദ്രാവകം കള്ച്ചേറിനു വിധേയമാക്കുന്നതിലൂടെയും ചിക്കൻപോക്സ് രോഗം സ്ഥിരീകരിക്കാം.
യഥാസമയം ചികിത്സിച്ചില്ലെങ്കിൽ‍‍ മരണം വരെ സംഭവിക്കാം
• രോഗ പ്രതിരോധ ശേഷി കുറവായിട്ടുളളവരിലും അപൂർവ്വമായി കുട്ടികളിലും മുതിർന്നവരിലും കൂടാതെ മറ്റ് രോഗങ്ങൾക്ക് ചികിത്സ എടുക്കുന്നവരിലും രോഗത്തിന്റെ സങ്കീർണ്ണതകൾ‍ ഉണ്ടാവാം.
• ഗർഭിണികളിൽ‍ ആദ്യത്തെ മൂന്നുമാസത്തെ കാലയളവിൽ‍ രോഗം പിടിപെട്ടാൽ‍ ചിലപ്പോൾ‍ ഗർഭം അലസാനും ഗർഭസ്ഥ ശിശുവിനു വൈകല്യമുണ്ടാകാനും ഭാരക്കുറവുണ്ടാകുവാനും സാധ്യതയുണ്ട്.
മേൽ‍ പറഞ്ഞ വിഭാഗത്തിൽപ്പെട്ടവർ‍ പ്രാരംഭത്തിൽ‍ തന്നെ ഡോക്ടറെ കണ്ട് ചികിത്സ ലഭ്യമാക്കണം

ചിക്കൻപോക്സ് വന്നാൽ

• ശരീരത്തിൽ‍ തുടരെയുണ്ടാകുന്ന കുമിളകൾ‍ പൊട്ടിക്കാതിരിക്കുവാൻ‍ ശ്രദ്ധിക്കണം.
• ഉപ്പുവെളളം കവിൾ കൊളളുന്നത് വായിലുണ്ടാകുന്ന കുമിളകളുടെ ശമനത്തിന് സഹായകമാണ്.
• ശരീരം വൃത്തിയായി സൂക്ഷിക്കണം. നഖങ്ങൾ‍ വെട്ടി, കൈകൾ‍ ആന്റി ബാക്ടീരിയൽ‍ സോപ്പുപയോഗിച്ച് ശുചിയാക്കണം
• രോഗിക്ക് കുടിക്കാൻ‍ ധാരാളം വെളളം നല്കകണം. ഏത് ആഹാരവും കഴിക്കാവുന്നതുമാണ്.
• രോഗി വായു സഞ്ചാരമുളള മുറിയില്‍‌ വിശ്രമിക്കേണ്ടതാണ്.
• രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റും അണുവിമുക്തമാക്കണം
ചിക്കൻപോക്സിന് ചികിത്സയില്ല എന്നത് തെറ്റായ ധാരണയാണ്. ഫലപ്രദമായ ആന്റിവൈറൽ‍ മരുന്ന് ഡോക്ടറുടെ നിർദ്ദേശാനുസരണം യഥാസമയം കഴിച്ചാൽ‍ രോഗം പൂർ‍ണ്ണമായി ഭേദപ്പെടുന്നതാണ്.

രോഗം മാറിവരുന്ന ദിവസങ്ങളിലാണ് രോഗം പകരുന്നത് എന്ന ധാരണയും ശരിയല്ല. രോഗാരംഭത്തിന് മുമ്പുള്ള ദിവസങ്ങളിലും രോഗത്തിന്റെ ആരംഭ ദിവസങ്ങളിലുമാണ് രോഗം മറ്റുളളവരിലേക്ക് കൂടുതലായി പകരുന്നത്. അതിനാൽ‍ രോഗി മറ്റുളളവരുമായുളള സമ്പർക്കം കഴിവതും കുറയ്ക്കാൻ‍ ശ്രദ്ധിക്കണം.

ചിക്കൻപോക്സിന് പ്രതിരോധ കുത്തിവെയ്പ്പ് ലഭ്യമാണ്.
© Kerala Health Services

World Hearing Day ലോക കേള്‍വി ദിനം



‘നിങ്ങളുടെ കേള്‍വി പരിശോധിക്കുക’ ("Check your hearing") എന്ന പ്രമേയത്തിലാണ് ഈ വര്‍ഷം ലോക ആരോഗ്യ സംഘടന ലോക കേള്‍വി ദിനം സംഘടിപ്പിക്കുന്നത്. കേള്‍വിയില്ലായ്മ പ്രാരംഭഘട്ടത്തില്‍തന്നെ തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുകയാണ് ദിനാചരണം ലക്ഷ്യമിടുന്നത്.

 ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കുന്ന സാഹചര്യം കേള്‍വിയെ നശിപ്പിക്കും. മൊബൈല്‍ ഫോണില്‍ ഇയര്‍ ഫോണ്‍ ഉപയോഗിച്ചുള്ള തുടര്‍ച്ചയായ സംഗീതാസ്വാദനം കേള്‍വിക്കുറവിന് നിദാനമാകും.

കുട്ടികളിലെ ഇയര്‍ ഫോണ്‍ ഉപയോഗം മാതാപിതാക്കള്‍ നിയന്ത്രിക്കണം.

ആധുനികവത്കരണവും വ്യവസായവത്കരണവും മൂലമുണ്ടായ ശബ്ദകോലാഹലം മനുഷ്യരുടെ മാത്രമല്ല മൃഗങ്ങളുടെ കേള്‍വി ശക്തിയെയും ബാധിച്ചിരിക്കുന്നു.