ചിക്കൻപോക്സ് ജനങ്ങൾ അറിയേണ്ടതും പാലിക്കേണ്ടതും
വായു വഴി പകരുന്ന ഒരു വൈറസ് രോഗമാണ് ചിക്കൻപോക്സ്. വാരിസെല്ലസോസ്റ്റർ (Varicella zoster)എന്ന വൈറസ് ആണ് ഈ രോഗത്തിന് കാരണം. അസൈക്ലോവീർ എന്ന ആന്റിവൈറൽ മരന്ന് രോഗാരംഭം മുതൽ ഉപയോഗിക്കുന്നത് രോഗം വേഗത്തിൽ ഭേദമാകുവാനും രോഗതീവ്രതയും സങ്കീർണ്ണതകളും കുറയ്ക്കുവാനും സഹായിക്കും.
രോഗലക്ഷണങ്ങൾ
രോഗാണുക്കൾ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാൽ രണ്ടു മുതൽ മൂന്നാഴ്ചയ്ക്കുളളിൽ രോഗലക്ഷണം പ്രത്യക്ഷപ്പെടാറുണ്ട്.
പനി, ശരീരവേദന, കഠിനമായ ക്ഷീണം, നടുവേദന എന്നിവയാണ് ചിക്കൻപോക്സിന്റെ പ്രാരംഭ ലക്ഷണം. തുടർന്ന് ശരീരത്തിൽ ചെറിയ കുമിളകൾ പ്രത്യക്ഷപ്പെടുന്നു. മുഖത്തും, കൈകാലുകളിലും, ദേഹത്തും വായിലും, തൊണ്ടയിലും കുമിളകൾ പ്രത്യക്ഷപ്പെടാറുണ്ട്. കുമിളകൾ എല്ലാം ഒരേ സമയം അല്ല ശരീരത്തിൽ പ്രത്യക്ഷപ്പെടുന്നത്. 4 ദിവസം മുതല്‍ ഒരാഴ്ചയ്ക്കുളളിൽ കുമിളകൾ താഴ്ന്നു തുടങ്ങും. കുമിളകൾ മുഴുവനും കൊഴിയുന്നതോടെ മാത്രമേ വൈറസിന്റെ പ്രവർത്തനം ഇല്ലാതാകുന്നുളളു.
രോഗനിർണ്ണയം
രോഗ ലക്ഷണങ്ങളിലൂടെയും രോഗിയുടെ ദേഹത്തു പ്രത്യക്ഷപ്പെടുന്ന കുമിളയിലെ ദ്രാവകം കള്ച്ചേറിനു വിധേയമാക്കുന്നതിലൂടെയും ചിക്കൻപോക്സ് രോഗം സ്ഥിരീകരിക്കാം.
യഥാസമയം ചികിത്സിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം
• രോഗ പ്രതിരോധ ശേഷി കുറവായിട്ടുളളവരിലും അപൂർവ്വമായി കുട്ടികളിലും മുതിർന്നവരിലും കൂടാതെ മറ്റ് രോഗങ്ങൾക്ക് ചികിത്സ എടുക്കുന്നവരിലും രോഗത്തിന്റെ സങ്കീർണ്ണതകൾ ഉണ്ടാവാം.
• ഗർഭിണികളിൽ ആദ്യത്തെ മൂന്നുമാസത്തെ കാലയളവിൽ രോഗം പിടിപെട്ടാൽ ചിലപ്പോൾ ഗർഭം അലസാനും ഗർഭസ്ഥ ശിശുവിനു വൈകല്യമുണ്ടാകാനും ഭാരക്കുറവുണ്ടാകുവാനും സാധ്യതയുണ്ട്.
മേൽ പറഞ്ഞ വിഭാഗത്തിൽപ്പെട്ടവർ പ്രാരംഭത്തിൽ തന്നെ ഡോക്ടറെ കണ്ട് ചികിത്സ ലഭ്യമാക്കണം
ചിക്കൻപോക്സ് വന്നാൽ
• ശരീരത്തിൽ തുടരെയുണ്ടാകുന്ന കുമിളകൾ പൊട്ടിക്കാതിരിക്കുവാൻ ശ്രദ്ധിക്കണം.
• ഉപ്പുവെളളം കവിൾ കൊളളുന്നത് വായിലുണ്ടാകുന്ന കുമിളകളുടെ ശമനത്തിന് സഹായകമാണ്.
• ശരീരം വൃത്തിയായി സൂക്ഷിക്കണം. നഖങ്ങൾ വെട്ടി, കൈകൾ ആന്റി ബാക്ടീരിയൽ സോപ്പുപയോഗിച്ച് ശുചിയാക്കണം
• രോഗിക്ക് കുടിക്കാൻ ധാരാളം വെളളം നല്കകണം. ഏത് ആഹാരവും കഴിക്കാവുന്നതുമാണ്.
• രോഗി വായു സഞ്ചാരമുളള മുറിയില്‍ വിശ്രമിക്കേണ്ടതാണ്.
• രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റും അണുവിമുക്തമാക്കണം
ചിക്കൻപോക്സിന് ചികിത്സയില്ല എന്നത് തെറ്റായ ധാരണയാണ്. ഫലപ്രദമായ ആന്റിവൈറൽ മരുന്ന് ഡോക്ടറുടെ നിർദ്ദേശാനുസരണം യഥാസമയം കഴിച്ചാൽ രോഗം പൂർണ്ണമായി ഭേദപ്പെടുന്നതാണ്.
രോഗം മാറിവരുന്ന ദിവസങ്ങളിലാണ് രോഗം പകരുന്നത് എന്ന ധാരണയും ശരിയല്ല. രോഗാരംഭത്തിന് മുമ്പുള്ള ദിവസങ്ങളിലും രോഗത്തിന്റെ ആരംഭ ദിവസങ്ങളിലുമാണ് രോഗം മറ്റുളളവരിലേക്ക് കൂടുതലായി പകരുന്നത്. അതിനാൽ രോഗി മറ്റുളളവരുമായുളള സമ്പർക്കം കഴിവതും കുറയ്ക്കാൻ ശ്രദ്ധിക്കണം.
ചിക്കൻപോക്സിന് പ്രതിരോധ കുത്തിവെയ്പ്പ് ലഭ്യമാണ്.
© Kerala Health Services
Good
ReplyDelete