ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Wednesday, March 13, 2019

seat priority in buses ബസിലെ സംവരണ സീറ്റുകൾ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക


ബസിലെ സംവരണ സീറ്റുകൾ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക 

ദീര്‍ഘദൂര ബസുകളിലെ സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള സീറ്റില്‍ ഇരിക്കുന്ന പുരുഷന്‍മാരെ ഏഴുന്നേല്‍പ്പിക്കാന്‍ പാടില്ലെന്ന് നിയമമുള്ളതായി സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരം ലഭിച്ചതോടെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ വ്യാജ വാര്‍ത്ത ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്ത നിയമപരമല്ലെന്ന്  മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ദീര്‍ഘദൂര ബസുകളില്‍ സ്ത്രീകളുടെ സീറ്റില്‍ ആളില്ലെങ്കില്‍ പുരുഷന്‍മാര്‍ക്ക് യാത്രചെയ്യാം. പിന്നിട് സ്ത്രീകള്‍ കയറിയാല്‍ സീറ്റില്‍ നിന്ന് പുരുഷന്‍മാര്‍ എഴുന്നേറ്റ് നല്‍കണമെന്നാണ് നിയമം.
കെ.എസ്.ആര്‍.ടി.സി വോള്‍വോ, എ.സി ബസുകള്‍ ഒഴികെയുള്ള എല്ലാ കെ.എസ്.ആര്‍.ടി.സി ബസുകളിലും 25 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഉള്ളതും ഇല്ലാത്തതുമായ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് എന്നീ സര്‍വിസുകളില്‍ വനിതകള്‍ക്ക് മാത്രമായി ഡ്രൈവറുടെ സീറ്റിനു തൊട്ടുപുറകിലുള്ള ഒരു വരി സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്.

റിസര്‍വേഷന്‍ ഇല്ലാത്ത ബസുകളില്‍ ബാക്കി തൊട്ടു പിന്നിലുള്ള ഒന്‍പത് സീറ്റുകള്‍ മുന്‍ഗണനാ ക്രമത്തിലും സംവരണം ചെയ്തിട്ടുണ്ട്. മുന്‍ഗണനാ ക്രമത്തില്‍ സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ സര്‍വിസ് തുടങ്ങുന്ന സ്ഥലത്ത് വനിതകള്‍ ഇല്ലെങ്കില്‍ മാത്രം പുരുഷന്മാര്‍ക്ക് അനുവദിക്കാവുന്നതാണ്. യാത്രയ്ക്കിടയില്‍ സ്ത്രീകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ മുന്‍ഗണനാ ക്രമത്തിലുള്ള സീറ്റുകള്‍ ഒഴിഞ്ഞു കൊടുക്കുവാന്‍ പുരുഷന്മാരോട് കണ്ടക്ടര്‍ ആവശ്യപ്പെടേണ്ടതാണെന്നും അത് വനിതകള്‍ക്ക് ലഭ്യമാക്കേണ്ടതാണെന്നുമാണ് കെ.എസ്.ആര്‍.ടി.സി ഉത്തരവ് നല്‍കിയിരിക്കുന്നത്.

ബസുകളിലെ സംവരണ സീറ്റില്‍ നിയമംലഘിച്ച് യാത്രചെയ്താല്‍ പിഴയുള്‍പ്പെടെയുള്ള ശിക്ഷയുണ്ടാകുമെന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു. നിയമം ലഘിച്ചാല്‍ മോട്ടോര്‍വാഹനവകുപ്പ് 100 പിഴ ഈടാക്കും. എന്നിട്ടും സീറ്റില്‍നിന്ന് മാറാന്‍ തയാറാകാതെ കണ്ടക്ടറോട് തര്‍ക്കിക്കുന്ന യാത്രക്കാരനെതിരേ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ക്രിമിനല്‍ നടപടി പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ പൊലിസിന് സാധിക്കും.

ബസിലെ സംവരണ സീറ്റുകള്‍ ഇങ്ങനെയാണ്:

$ ബസുകളില്‍ 5% സീറ്റ് അംഗപരിമിതര്‍ക്ക്
   (ആകെ സീറ്റില്‍ രണ്ടെണ്ണം)

$ കാഴ്ചയില്ലാത്തവര്‍ക്ക് ഒരു സീറ്റ്

$ 20% സീറ്റ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് (രണ്ട് സീറ്റ്
   സ്ത്രീകള്‍ക്ക്, രണ്ട് സീറ്റ് പുരുഷന്‍മാര്‍ക്ക്)

$ 25% സീറ്റുകള്‍ സ്ത്രീകള്‍ക്ക് (ഇതില്‍ 5% സീറ്റ്
   കൈക്കുഞ്ഞുമായി കയറുന്ന സ്ത്രീകള്‍ക്ക്)

$ ഒരു സീറ്റ് ഗര്‍ഭിണിക്ക് (സ്വകാര്യ,
   കെഎസ്ആർടിസി ബസുകളിൽ
   ഗർഭിണികൾക്കു സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.
   എല്ലാ ബസുകളിലും ഒരു സീറ്റെങ്കിലും
   ഗർഭിണികൾക്കു നീക്കിവയ്ക്കണമെന്ന
   നിർദേശമുൾപ്പെടുത്തി കേരള മോട്ടോർ
   വാഹന നിയമം മനുഷ്യാവകാശ കമ്മിഷന്റെ
   ഉത്തരവുപ്രകാരം ഭേദഗതി ചെയ്തിരുന്നു)

#keralapolice #seatpriorityinbuses

No comments:

Post a Comment