മഹ ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത മഴയും കാറ്റും തുടരുന്നതിനാൽ കണ്ണൂർ,കാസർകോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നവംബർ ഒന്ന് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. മലപ്പുറം, തൃശ്ശൂർ, എറണാകുളം ജില്ലകളിലെ വിവിധ താലൂക്കുകളിലും വെള്ളിയാഴ്ച അവധിയാണ്.
കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്കൂളുകൾക്കും അംഗനവാടികൾക്കും അവധി ബാധകമാണ്. സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല.
കാസർകോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കും.പരീക്ഷകൾക്ക് മാറ്റമില്ല.
തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും അംഗനവാടികൾക്കും അവധി ബാധകമാണ്. അതേസമയം, സർവകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും ജില്ലാ കളക്ടർ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു.
മലപ്പുറം ജില്ലയിലെ പൊന്നാനി,തിരൂർ,തിരൂരങ്ങാടി എന്നീ തീരദേശ താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. അംഗനവാടികൾക്കും മദ്രസകൾക്കും അവധി ബാധകമായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
എറണാകുളം ജില്ലയിലെ കൊച്ചി,കണയന്നൂർ താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. അവധി ആഘോഷിക്കരുതെന്നും സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി പ്രവർത്തിക്കണമെന്നും ജില്ലാ കളക്ടർ വിദ്യാർഥികളോട് അഭ്യർഥിച്ചു.
കനത്ത മഴയെ തുടർന്ന് എം.ജി. സർവകലാശാല നവംബർ ഒന്ന് വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.