ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Wednesday, February 1, 2023

സുഹ്റയുടെ പെണ്ണുങ്ങൾ എന്ന നോവലിന്റെ ആസ്വാദനക്കുറിപ്പ്

 


 

കൊല്ലം ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പെൺപക്ഷ വായനാമത്സരത്തിലേക്ക് തെരഞ്ഞെടുത്തിരിക്കുന്ന ബി എം സുഹ്റയുടെ പെണ്ണുങ്ങൾ എന്ന നോവലിനെ കുറിച്ച് ശ്രീമതി സുജാതാ അനിൽ തയ്യാറാക്കിയ വായനാക്കുറിപ്പ്.

 

പെണ്ണുങ്ങൾ

(നോവൽ )-ബി. എം സുഹറ.

--------------------------

ചിന്ത പബ്ലിക്കേഷൻസ് -340₹

--------------------------

 

ബി എം സുഹ്റയുടെ പെണ്ണുങ്ങൾ എന്ന നോവൽ വായിച്ചു കഴിഞ്ഞപ്പോൾ സുഹറയുടെ ഒരു പുസ്തകങ്ങളുംഇതുവരെ വായിച്ചിട്ടില്ലായിരുന്നല്ലോ എന്ന ഒരു കുറ്റബോധം മനസ്സിൽ നിറഞ്ഞു. ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ പെൺ വായനയുടെ, ജില്ലാതല മത്സരത്തിനു വേണ്ടിയാണ് 'പെണ്ണുങ്ങൾ' എന്ന നോവൽ വായിക്കുവാൻ തുടങ്ങിയത്. മനസില്ലാ മനസോടെ വായിക്കുവാൻ തുടങ്ങി എങ്കിലും വായിച്ചു കഴിഞ്ഞപ്പോൾ ഇതിലെ കഥാപാത്രങ്ങളും വ്യത്യസ്തമായ ആഖ്യാനശൈലിയും മനസ്സിൽ മായാതെ, മങ്ങാതെ നിലനിൽക്കുന്നു.

 

പുരുഷാധിപത്യ ചിന്തയുടെ മൂർച്ചകളിൽ വാർത്തെടുത്ത സ്ത്രീ സങ്കല്പങ്ങളെ ചോദ്യം ചെയ്യുന്ന നോവൽ.

 

യാഥാസ്ഥിതിക ആഖ്യാനങ്ങൾ മനസ്സുകളിൽ കോറിയിട്ട രൂപങ്ങളും സങ്കല്പങ്ങളും തിരുത്തി എഴുതുന്ന കൃതി. മുഖ്യധാരാ ലൈംഗിക കർതൃത്വങ്ങൾക്ക് പുറത്ത് നിൽക്കുന്നവരുടെ ജീവിതവും തന്റെ സവിശേഷമായ ആഖ്യാന പാടവത്തിലൂടെ വരച്ചുകാട്ടുന്ന മികച്ച നോവലാണ് പെണ്ണുങ്ങൾ എന്ന് പുറന്താൾ കുറിപ്പിൽ നിന്ന് തന്നെ വ്യക്തമാണ്.

 

കഥയിലേക്ക്

 

ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ സുനി കല്യാണിയിലൂടെയാണ് നോവൽ ഇതൾ വിരിയുന്നത്.തന്റെ അമ്മ കല്യാണിയുടെ പേര് കൂടി ചേർത്ത് സുനിത എന്ന പേര് പരിഷ്കരിച്ച് എഴുത്തുകാരിയായി. മരിച്ചുപോയ അമ്മയിലൂടെ എഴുത്തുകാരിയുടെ ജീവിത പശ്ചാത്തലം അനുവാചകർക്ക് മുമ്പിൽ തുറന്നു വരുന്നു.

 

കോവിഡ് കാലം തീർത്ത ശൂന്യതയിൽ നിന്ന് വായനയുടെ കടുത്ത ലോകത്തിലേക്ക് കടക്കുമ്പോൾ സമൂഹത്തിന്റെ വ്യത്യസ്ത മേഖലയിലുള്ള സ്ത്രീകളെക്കുറിച്ച് ചിന്തിക്കുവാനിടയായി. ട്രാൻസ്ജെൻഡറുകൾ അനുഭവിക്കുന്ന മാനസിക വ്യഥയും പീഡനത്തിന് ഇരയായ പെൺകുട്ടികൾ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങളും മനസ്സിലാക്കിയ സുനി കല്യാണി എന്ന എഴുത്തുകാരി, ജോലിക്ക് നിന്നവീട്ടിലെ മുതലാളിയുടെ മകൻ പീഡിപ്പിച്ച് സുഹൃത്തുക്കൾക്ക് കാഴ്ചവച്ച ഹൈറു എന്ന പെൺകുട്ടിയെ ഏറ്റെടുക്കുന്നു. സ്വന്തം കൂടെപ്പിറപ്പിനെ പോലെ അവളെ നോക്കി. അവിവാഹിതയായ സുനി കല്യാണി, ട്രാൻസ്ജെൻഡറായി സീനത്ത് എന്ന പേര് സ്വീകരിച്ച താഹയെയും സൈമൺ ആയി മാറിയ റോസയെയും ഒക്കെ തന്റെ കൂടപ്പിറപ്പും സുഹൃത്തുക്കളുമായി കണക്കാക്കുന്നു.

 

പ്രിയ ശിഷ്യയായ മുഷ്ത്തരിയുടെ ജീവിതം വരച്ചുകാട്ടുന്ന സുനി കല്യാണി അവളുടെ ദുഃഖങ്ങളിൽ കരുത്തും താങ്ങും തണലും ആകുന്നു.

 

സ്നേഹിക്കാനും സാന്ത്വനിപ്പിക്കാനും കൂടെ കരയാനും ഒപ്പം നിൽക്കാനും ആളില്ലെന്ന് തോന്നിയാൽ ജീവിതം നരകമാകും.അത് ചെടിയായാലും മനുഷ്യരായാലും എന്ന് സുനികല്യാണിയിലൂടെ എഴുത്തുകാരി ഓർമ്മിപ്പിക്കുന്നു. അവനവനെ കുറിച്ച് സ്വയം ഒരു മതിപ്പുണ്ടായേലേ മറ്റുള്ളവരുടെ മുന്നിൽ തല ഉയർത്തിപ്പിടിച്ചു നിൽക്കാനാവും എന്നും അവർ ഓർമ്മിപ്പിക്കുന്നു.

 

ഞാൻ തന്ന ജീവൻ എടുക്കാൻ നിനക്ക് അധികാരമില്ല. വിശ്വാസിയായി പിറന്നിട്ട് അവിശ്വാസിയായി മരണപ്പെട്ട് നരകത്തിൽ കിടന്ന് വെന്തുരുകാനാണോ നീ വിചാരിക്കുന്നത് എന്ന ഹൈറുവിന്റെ ഉമ്മയുടെ വാക്കുകളിലൂടെ ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും ജീവിതം ജീവിച്ചു തീർക്കേണ്ടതാണെന്നുമുള്ള ഖുർ -ആനിലെ വചനങ്ങൾ പ്രചോദനമാകുന്നു.

 

ഇനിയും വേണ്ടത്ര ഗൗരവത്തിൽ പ്രശ്നവൽക്കരിക്കപ്പെടാ ത്ത കുടുംബവും കുടുംബബന്ധങ്ങളും, ആഴത്തിൽ വിലയിരുത്തപ്പെടുന്ന പെണ്ണുങ്ങൾ എന്ന നോവലിൽ വളരെയേറെ കഥാപാത്രങ്ങളും പ്രശ്നങ്ങളും നൊമ്പരങ്ങളും ഒളിഞ്ഞു കിടപ്പുണ്ട്. അവസാനം വരെ പ്രസാദാത്മകത കൈവിടാത്ത, തന്റേടത്തോടുകൂടി ജീവിതത്തെ നേരിടുന്ന സുനി കല്യാണിയിലൂടെ ഓരോ പെണ്ണും ജീവിതത്തെ എങ്ങനെ സമീപിക്കണം എന്ന് നമ്മെ പഠിപ്പിക്കുന്നു.

 

സുജാതാ അനിൽ.

 

 

No comments:

Post a Comment