ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Wednesday, June 21, 2023

application invited for general nursing ജനറൽ നഴ്സിങ്ങിന് അപേക്ഷിക്കാം

 

            ആരോഗ്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 15 സർക്കാർ നഴ്സിങ് സ്കൂളുകളിലെ ജനറൽ നഴ്സിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ-നവംബർ മാസത്തിൽ ആരംഭിക്കുന്ന കോഴ്സിലേക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ പാസായവരാണ് അപേക്ഷിക്കേണ്ടത്. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് പാസ് മാർക്ക് മതി. സയൻസ് വിഷയങ്ങൾ പഠിച്ച അപേക്ഷകരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും.

            14 ജില്ലകളിലായി ആകെ 365 സീറ്റുകളാണ് ഉള്ളത്. ഇതിൽ 20 ശതമാനം സീറ്റുകൾ ആൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. അപേക്ഷകർക്ക് 2023 ഡിസംബർ 31ന് 17 വയസിൽ കുറയാനോ 27 വയസിൽ കൂടാനോ പാടില്ല. പിന്നാക്ക സമുദായക്കാർക്ക് മൂന്ന് വർഷവും പട്ടികജാതി/പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

            അപേക്ഷാഫോമും പ്രോസ്പെക്ടസും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.  അപേക്ഷാഫീസ് പട്ടികജാതി/ പട്ടികവർക്കാർക്ക് 75 രൂപയും മറ്റുള്ളവർക്ക് 250 രൂപയുമാണ്. പൂരിപ്പിച്ച അപേക്ഷകൾ അതത് ജില്ലയിലെ നഴ്സിങ് സ്കൂൾ പ്രിൻസിപ്പലിന് ജൂലൈ 20ന് വൈകീട്ട് അഞ്ചിനകം ലഭിക്കത്തക്കവിധം അയയ്ക്കണം. കൂടുതൽ വിവരങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസ്, നഴ്സിങ് സ്കൂളുകൾ എന്നിവിടങ്ങളിൽ ന്നും ലഭിക്കും.

 

ജനറൽ നേഴ്സിംഗ് കോഴ്സ് പ്രോസ്പെക്ടസ് 2023

 

കേരളത്തിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള 14 സർക്കാർ നേഴ്സിംഗ് സ്കൂളുകളിലേയ്ക്കും കൊല്ലം ആശ്രാമത്ത് പ്രവർത്തിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് മാത്രമായുള്ള നേഴ്സിംഗ് സ്കൂളിലേയ്ക്കും 2023-ാ മാണ്ട് ഒക്ടോബർ-നവംബർ മാസത്തിൽ ആരംഭിക്കുന്ന ജനറൽ നേഴ്സിംഗ് ആന്റ് മിഡ് വൈഫറി കോഴ്സിന് നിശ്ചിതയോഗ്യതയുള്ള വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20.07.2023 

 

1. അപേക്ഷകൾ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റിൽ (www.dhskerala.gov.in) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ അതാത് ജില്ലാ നേഴ്സിംഗ് സ്കൂൾ പ്രിൻസിപ്പാളിന്റെ പേർക്ക് അയയ്ക്കേണ്ടതാണ്. (ഗവ. നേഴ്സിംഗ് സ്കൂൾ, തിരുവനന്തപുരം/ ഗവ. നേഴ്സിംഗ് സ്കൂൾ, കൊല്ലം / ഗവ. നേഴ്സിംഗ് സ്കൂൾ ഫോർ എസ്.സി/എസ്.ടി, ആശ്രാമം, കൊല്ലം / ഗവ. നേഴ്സിംഗ് സ്കൂൾ, ഇലന്തൂർ, പത്തനംതിട്ട / ഗവ. നേഴ്സിംഗ് സ്കൂൾ, മുട്ടം, ഇടുക്കി / ഗവ. നേഴ്സിംഗ് സ്കൂൾ, ആലപ്പുഴ/ ഗവ. നേഴ്സിംഗ് സ്കൂൾ, കോട്ടയം/ ഗവ. നേഴ്സിംഗ് സ്കൂൾ, എറണാകുളം / ഗവ. നേഴ്സിംഗ് സ്കൂൾ, തൃശ്ശൂർ / ഗവ. നേഴ്സിംഗ് സ്കൂൾ, പാലക്കാട്/ ഗവ. നേഴ്സിംഗ് സ്കൂൾ, മഞ്ചേരി, മലപ്പുറം / ഗവ. നേഴ്സിംഗ് സ്കൂൾ, പനമരം,വയനാട് / ഗവ. നേഴ്സിംഗ് സ്കൂൾ, കോഴിക്കോട്/ ഗവ. നേഴ്സിംഗ് സ്കൂൾ, കണ്ണൂർ/ ഗവ. നേഴ്സിംഗ് സ്കൂൾ, കാഞ്ഞങ്ങാട്, കാസർഗോഡ്) സീറ്റുകളുടെ ആകെ എണ്ണം 365. ഈ സീറ്റുകൾ 14 റവന്യൂ ജില്ലയിലേയ്ക്ക് താഴെ കാണുംവിധം വിഭജിച്ചിരിക്കുന്നു. ആയതിന്റെ 20% സീറ്റ് ആൺകുട്ടികൾക്കായി നീക്കിവച്ചിരിക്കുന്നു. ആൺകുട്ടികളുടെ അഭാവത്തിൽ പ്രസ്തുത സീറ്റുകൾ പെൺകുട്ടികൾക്ക് നൽകുന്നതാണ്.

 

തിരുവനന്തപുരം 28                               തൃശ്ശൂർ 28

 

കൊല്ലം 25                                           പാലക്കാട് 25

 

പത്തനംതിട്ട 20                                    മലപ്പുറം 26

 

ആലപ്പുഴ 23                                         കോഴിക്കോട് 50

 

ഇടുക്കി 20                                            വയനാട് 20

 

കോട്ടയം 20                                         കണ്ണൂർ 30

 

എറണാകുളം 30                                   കാസർഗോഡ് 20

 

2. ഓരോ ജില്ലയിലും ആകെയുള്ള സീറ്റുകളുടെ എണ്ണം 60% മെരിറ്റ് അടിസ്ഥാനത്തിലും 40% സംവരണാടിസ്ഥാനത്തിലും വിഭജിക്കുന്നതാണ്. മെരിറ്റ് അടിസ്ഥാനത്തിലുള്ള സീറ്റുകളിൽ നിന്ന് ഓരോ സീറ്റ് വീതം സ്പോർട്ട്സ് കൗൺസിൽ ശുപാർശ ചെയ്യുന്ന പെൺകുട്ടികൾക്കുവേണ്ടിയും ഓരോ സീറ്റ് വീതം സംസ്ഥാന സൈനിക-നാവിക- വൈമാനിക ബോർഡ് ശുപാർശ ചെയ്യുന്ന എക്സ് സർവ്വീസുകാരുടേയും പ്രതിരോധ സേനയിൽ സേവനത്തിലിരിക്കവേ മരണപ്പെട്ടവരുടേയും കാണാതായവരുടേയും സന്താനങ്ങളായ/ ആശ്രിതരായ പെൺകുട്ടികൾക്കുവേണ്ടിയും നീക്കിവച്ചിരിക്കുന്നു.

 

(എ) മെരിറ്റടിസ്ഥാനത്തിലുള്ള സീറ്റുകളിൽ ഒരു സീറ്റ് പാരാമിലിറ്ററി / എക്സ് പാരാമിലിറ്ററി ജീവനക്കാരുടെ ആശ്രിതരായ പെൺകുട്ടികൾക്കുവേണ്ടി നീക്കിവച്ചിരിക്കുന്നു. ഈ സീറ്റ് ഓരോ ജില്ലയ്ക്കും റൊട്ടേഷൻ അടിസ്ഥാനത്തിൽ നൽകുന്നതാണ്. 2023 ലെ പ്രവേശനത്തിനുള്ള പ്രസ്തുത സീറ്റ് കോഴിക്കോട് ജില്ലയ്ക്കാണ് നീക്കിവച്ചിരിക്കുന്നത്. ടി സീറ്റിലേയ്ക്കുള്ള അപേക്ഷകൾ പ്രിൻസിപ്പാൾ, ഗവ. നേഴ്സിംഗ് സ്കൂൾ, കോഴിക്കോട് എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ്.

 

പാരാമിലിറ്ററി കാറ്റഗറിയിൽ ഉൾപ്പെടുന്ന സേനാവിഭാഗങ്ങൾ താഴെ കൊടുക്കുന്നു.

 

1. ആസാം റൈഫിൾസ്.

 

2. ബി.എസ്.എഫ്.

 

3. സി.ആർ.പി.എഫ്.

 

4. ഐ.ടി.ബി.പി.

 

5. ആർ.പി.എഫ്.

 

6. സെൻട്രൽ സെക്രട്ടേറിയറ്റ് ഫോഴ്സ്.

 

7. സി.ഐ.എസ്.എഫ്.

 

8. ജി.ആർ.ഇ.എഫ്.

 

സേവനരംഗത്തുള്ളവർ അത് തെളിയിക്കുന്നതിനായി അവരുടെ മേലധികാരിയിൽ നിന്നുമുള്ള സർട്ടിഫിക്കറ്റും സേവനത്തിൽ നിന്നും വിരമിച്ചവർ വിടുതൽ സർട്ടിഫിക്കറ്റും, അപേക്ഷകർക്ക് ടി ജീവനക്കാരുമായുള്ള ബന്ധം കാണിക്കുന്ന സർട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. ടി അപേക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുട്ടിക്ക് പ്രവേശനം നൽകുന്നതാണ്. ടി സീറ്റിലേയ്ക്കുള്ള പ്രവേശനം സർക്കാരിന്റെ അന്തിമ തീരുമാനത്തിന് വിധേയമായിട്ടായിരിക്കും.

 

(ബി) മെരിറ്റടിസ്ഥാനത്തിലുള്ള സീറ്റുകളിൽ നിന്നും 3 സീറ്റ് അനാഥാലയം അന്തേവാസികൾക്കായി നീക്കിവച്ചിരിക്കുന്നു. ഈ സീറ്റ് മൂന്ന് നേഴ്സിംഗ് സ്കൂളുകളിലായി റൊട്ടേഷൻ അടിസ്ഥാനത്തിൽ നൽകുന്നതാണ്. 2023 ലെ പ്രസ്തുത സീറ്റുകൾ കണ്ണൂർ, കാസർഗോഡ്, തിരുവനന്തപുരം എന്നീ ജില്ലകളിലെ നേഴ്സിംഗ് സ്കൂളുകളിലേയ്ക്കാണ് നീക്കിവച്ചിരിക്കുന്നത്. സാമൂഹിക നീതിവകുപ്പ് ഡയറക്ടർ പ്രോസ്പെക്ടസിന് വിധേയമായി അപേക്ഷ സ്വീകരിച്ച് ആയതിൽ നിന്നും മൂന്ന് പേരെ തിരഞ്ഞെടുത്ത് പ്രസ്തുത നേഴ്സിംഗ് സ്കൂൾ പ്രിൻസിപ്പാൾമാർക്കും ഒരു പകർപ്പ് അതാത് ജില്ലാ മെഡിക്കൽ ആഫീസർമാർക്കും 31.07.2023 നകം സമർപ്പിക്കേണ്ടതാണ്.

 

(സി) കുടുംബി സമുദായത്തിൽപ്പെട്ടവർക്ക് 3 സീറ്റ് സംവരണം ചെയ്തിരിക്കുന്നു. 2023 ലെ സീറ്റുകൾ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലെ സ്കൂളുകൾക്കാണ് അനുവദിച്ചിരിക്കുന്നത്. പ്രസ്തുത സമുദായത്തിൽപെട്ടവർ അപേക്ഷയുടേയും അനുബന്ധ രേഖകളുടേയും കോപ്പി കോഴിക്കോട് നേഴ്സിംഗ് സ്കൂൾ പ്രിൻസിപ്പാളിന് അയച്ചുകൊടുക്കേണ്ടതാണ്. 

 

(ഡി) മെരിറ്റടിസ്ഥാനത്തിലുള്ള സീറ്റുകളിൽ 5% സീറ്റുകൾ 40 മുതൽ 50 ശതമാനം വരെ ചലനപരിമിതിയുള്ളവർക്കായി മാറ്റിവച്ചിരിക്കുന്നു. ഈ അപേക്ഷകൾ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ്. ഡയറക്ടറേറ്റിൽ നിന്നും അതാത് സ്കൂളുകളിലേയ്ക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ചലനപരിമിതിയുള്ള അപേക്ഷകരുടെ അഭാവത്തിൽ ജനറൽ മെറിറ്റിൽ നിന്നും ഒഴിവ് നികത്തുന്നതാണ്.

 

ഇ. മെരിറ്റടിസ്ഥാനത്തിലുള്ള സീറ്റുകളിൽ നിന്നും 2 സീറ്റുകൾ എൻ.സി.സി വിഭാഗത്തിനായി നീക്കിവച്ചിരിക്കുന്നു. ഈ സീറ്റ് രണ്ട് നേഴ്സിംഗ് സ്കൂളുകളിലായി റൊട്ടേഷൻ അടിസ്ഥാനത്തിൽ നൽകുന്നതാണ്. 2023 ലെ പ്രസ്തുത സീറ്റുകൾ പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ നേഴ്സിംഗ് സ്കൂളുകളിലേയ്ക്കാണ് നീക്കിവച്ചിരിക്കുന്നത്. എൻ.സി.സി അഡീഷണൽ ഡയറക്ടർ ജനറൽ പ്രോസ്പെക്ടസിന് വിധേയമായി അപേക്ഷ സ്വീകരിച്ച് ആയതിൽ നിന്നും രണ്ട് പേരെ തിരഞ്ഞെടുത്ത് പ്രസ്തുത നേഴ്സിംഗ് സ്കൂൾ പ്രിൻസിപ്പാൾമാർക്കും ഒരു പകർപ്പ് അതാത് ജില്ലാ മെഡിക്കൽ ആഫീസർമാർക്കും 31.07.2023 നകം സമർപ്പിക്കേണ്ടതാണ്.

 

(എഫ്) സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക സമുദായ അംഗങ്ങൾക്ക് (EWS) 10% സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. ആയതിലേക്ക് അപേക്ഷിക്കുന്നവർ വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ(EWS) സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

 

3. 1-ാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന സീറ്റുകൾക്കുപുറമേ ആൻഡമാൻ നിക്കോബാറിലെ രണ്ട് വിദ്യാർത്ഥികൾക്കും (എറണാകുളം നഴ്സിംഗ് സ്ക്കൂൾ -1, കോഴിക്കോട് നഴ്സിംഗ് സ്ക്കൂൾ -1), ലക്ഷദ്വീപിലെ രണ്ട് വിദ്യാർത്ഥികൾക്കും (എറണാകുളം നഴ്സിംഗ് സ്ക്കൂൾ -1, കോഴിക്കോട് നഴ്സിംഗ് സ്ക്കൂൾ -1) പ്രവേശനം നൽകുന്നതാണ്.

 

4. കൊല്ലം ആശ്രാമത്ത് പ്രവർത്തിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗക്കാർക്കു മാത്രമായുള്ള നേഴ്സിംഗ് സ്കൂളിലേയ്ക്ക് അപേക്ഷിക്കുന്നവർ ടി അപേക്ഷകൾ പ്രിൻസിപ്പാൾ, സ്കൂൾ ഓഫ് നേഴ്സിംഗ്, ആശ്രാമം, കൊല്ലം എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ്. ആകെ സീറ്റുകളുടെ എണ്ണം 20 ഇതിൽ 20% സീറ്റുകൾ ആൺകുട്ടികൾക്കായി നീക്കിവച്ചിരിക്കുന്നു.

 

5. പരിശീലനം മൂന്ന് വർഷമായിരിക്കും. (ഇന്ത്യൻ നേഴ്സിംഗ് കൗൺസിൽ പുതുക്കിയ സിലബസ് പ്രകാരം).

 

6. 2 (എ), (ബി), (സി), (ഡി). (ഇ), 3 ഖണ്ഡികകളിൽ ഉൾപ്പെടാത്ത എല്ലാ അപേക്ഷകരും അവരവരുടെ ജില്ലയിലെ സീറ്റുകളിലേയ്ക്കുമാത്രമേ അപേക്ഷിക്കുവാൻ പാടുള്ളു. എസ്.എസ്.എൽ.സി അഥവാ തത്തുല്യമായ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന അപേക്ഷകന്റെ മേൽവിലാസം അപേക്ഷിക്കുന്ന ജില്ലയിൽ നിന്നും വ്യത്യസ്തമാണെങ്കിൽ/ സർട്ടിഫിക്കറ്റിൽ ജില്ല രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ അപേക്ഷിക്കുന്ന ജില്ലയിൽ 5 കൊല്ലം സ്ഥിരതാമസമാണെന്ന് തെളിയിക്കുന്നതിന് തഹസീൽദാരുടെ / വില്ലേജ് ആഫീസറുടെ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. സ്പോർട്ട്സ് ക്വോട്ടയിൽ അപേക്ഷിക്കുന്നവർക്കും ഈ വ്യവസ്ഥ ബാധകമാണ്.

 

7. അപേക്ഷകർ താഴെ പറയുന്ന യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്.

 

(എ) ഇന്ത്യൻ പ്രതിരോധ സേന/പ്രകൃതി ദുരന്തങ്ങൾ/മഹാമാരികൾ എന്നിവയുമായി ബന്ധപ്പെട്ട് സേവനമനുഷ്ടിക്കാൻ സന്നദ്ധരായിരിക്കണം.

 

(ബി) അപേക്ഷകർക്ക് 2023 ഡിസംബർ 31 ന് 17 വയസ്സിൽ കുറയുവാനോ, 27 വയസ്സിൽ കൂടുവാനോ പാടില്ല. പിന്നോക്ക സമുദായക്കാർക്ക് മൂന്നും, പട്ടികജാതി/ പട്ടികവർഗ്ഗം എന്നീ വിഭാഗക്കാർക്കും പട്ടികജാതിയിൽ നിന്നും പ്രായപൂർത്തിയായതിനുശേഷം മതപരിവർത്തനം ചെയ്തിട്ടുള്ളവർക്കും അവരുടെ സന്താനങ്ങൾക്കും 5 വയസ്സ് ഉയർന്ന പ്രായപരിധി ഇളവ് അനുവദിക്കുന്നതാണ്.

 

(സി) ഫിസിക്സ്, കെമിസ്ട്രി, ബയോളജി, എന്നിവ ഓപ്ഷൻ വിഷയങ്ങളായും, ഇംഗ്ലീഷ് നിർബന്ധിത വിഷയമായും +2 അഥവാ തത്തുല്യമായ പരീക്ഷ 40% മാർക്കോടുകൂടി പാസ്സായിരിക്കണം. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് പാസ്സ് മാർക്ക് മതിയാകുന്നതാണ്. മതിയായ അപേക്ഷകരുടെ അഭാവത്തിൽ മറ്റ് വിഷയങ്ങളിൽ +2 പാസ്സായവരുടെ അപേക്ഷ പരിഗണിക്കുന്നതാണ്.

 

8. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 20.07.2023 വൈകുന്നേരം 5 മണിവരെയായിരിക്കും. അതിനുശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 9. അപേക്ഷ ഫാറവും പ്രോസ്പെക്ടസും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റിൽ (www.dhskerala.gov.in) ലഭ്യമാണ്. പുരിപ്പിച്ച അപേക്ഷകൾ നിശ്ചിത സമയത്തിനുള്ളിൽ അതാത് ജില്ലയിലുള്ള നേഴ്സിംഗ് സ്കൂളുകളിൽ ലഭിച്ചിരിക്കണം. അപേക്ഷയോടൊപ്പം പട്ടികജാതി/പട്ടികവർഗ്ഗത്തിൽപ്പെട്ടവർ അപേക്ഷാ ഫീസായി 75 രൂപയും മറ്റ് വിഭാഗത്തിൽ പ്പെട്ടവർ 250 രൂപയും 0210-80-800-88 എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടച്ച് ചെല്ലാൻ സമർപ്പിക്കേണ്ടതാണ്. കൊല്ലം ജില്ലയിലെ ആശ്രാമം സ്കൂളിൽ അപേക്ഷ സമർപ്പിക്കുന്നവർ സ്വന്തം ജില്ലയിലും അപേക്ഷ സമർപ്പിക്കുന്നപക്ഷം പ്രത്യേകം ചെലാൻ അടച്ച് പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. 

 

10. കവറിന്റെ മുകൾഭാഗത്ത് 2023 ലെ ജനറൽ നേഴ്സിംഗ് കോഴ്സിനുള്ള അപേക്ഷ എന്ന് വ്യക്തമായി കാണിച്ചിരിക്കണം. അപേക്ഷകരുടെ പേരും മേൽവിലാസവും കവറിന്റെ ഇടത് ഭാഗത്ത് എഴുതിയിരിക്കണം.

 

11. അപേക്ഷയോടൊപ്പം താഴെ പറയുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപകർപ്പുകൾ സമർപ്പിക്കേണ്ടതാണ്.

 

(എ) വയസ്സ്, സ്വന്തം ജില്ല എന്നിവ തെളിയിക്കാനായി എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യതയുടെ ബന്ധപ്പെട്ട പേജുകളുടേയും, പരീക്ഷാ യോഗ്യത തെളിയിക്കു ന്നതിന് +2 വിന്റെയോ തത്തുല്യ യോഗ്യതയുടേയോ സർട്ടിഫിക്കറ്റിന്റേയും, മാർക്ക് ലിസ്റ്റിന്റേയും സ്വയം സാക്ഷ്യപ്പെടുത്തിയ ശരി പകർപ്പ്.

 

(ബി) സംവരണാനുകൂല്യം ലഭിക്കാൻ അർഹതയുള്ള അപേക്ഷകർ സ്വന്തം ജാതിയും, രക്ഷകർത്താവിന്റെ വരുമാനവും തെളിയിക്കുവാൻ ആവശ്യമായ സർട്ടിഫിക്കറ്റ് തഹസിൽദാരിൽ നിന്നോ വില്ലേജ് ആഫീസറിൽ നിന്നോ നിർദ്ദിഷ്ട ഫാറത്തിൽ ഹാജരാക്കണം. പട്ടികജാതി/ പട്ടികവർഗ്ഗക്കാർക്ക് വരുമാന സർട്ടിഫിക്കറ്റ് ആവശ്യമില്ല. സംവരണസമുദായത്തിന് നീക്കി വച്ച സീറ്റുകൾക്ക് സമുദായത്തിൽ നിന്നും അർഹതപ്പെട്ട അപേക്ഷകർ ഇല്ലെങ്കിൽ പ്രസ്തുത സീറ്റിലേക്ക് മെറിറ്റടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതാണ്.

 

(സി) ആറാം ഖണ്ഡികയിൽ ആവശ്യപ്പെട്ടിരിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടവർ അത് ഹാജരാക്കണം. അല്ലാത്തപക്ഷം അപ്രകാരമുള്ള അപേക്ഷകൾ പരിഗണിക്ക പ്പെടുന്നതല്ല. ഖണ്ഡിക 2 (ഡി) യിൽ പരാമർശിച്ചിട്ടുള്ളവർ സീറ്റുലഭിക്കുന്നതിനായി സർക്കാർ അംഗീകൃത മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ്.

 

(ഡി) ആഗ്ലോ ഇന്ത്യൻ / ലാറ്റിൻ കത്തോലിക്കാ വിഭാഗത്തിൽപെടുന്നവരുടെ സംവരണാനുകൂല്യം അനുവദിക്കുന്നതിനായി ലാറ്റിൻ കത്തോലിക് / ആഗ്ലോ ഇന്ത്യൻ എന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റുകൾ തന്നെ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. 

 

12. അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകളോ സർട്ടിഫിക്കറ്റുകളോ, അപേക്ഷയിൽ വന്നുപോയിട്ടുള്ള പോരായ്മകളെപ്പറ്റിയുള്ള കത്തിടപാടുകളോ പരിഗണിക്കുന്നതല്ല.

 

13. ജനറൽ നേഴ്സിംഗ് കോഴ്സിനുള്ള പ്രവേശനം അപേക്ഷകർക്ക് +2 അഥവാ തത്തുല്യമായ പരീക്ഷയ്ക്ക് ഓപ്ഷണൽ വിഷയങ്ങൾക്ക് മൂന്നിനും കൂടി പരമാവധി ലഭിക്കാവുന്ന 600 മാർക്കിൽ എത്രമാർക്ക് ലഭിച്ചിട്ടുണ്ടെന്ന അടിസ്ഥാനത്തിലായിരിക്കും സെലക്ഷൻ നടത്തുന്നത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഐച്ഛിക വിഷയമായി എടുക്കാത്ത അപേക്ഷകർക്ക് അവരുടെ ഐച്ഛിക വിഷയങ്ങളുടെ മൊത്തം മാർക്ക് 600 മാർക്കിൽ നിജപ്പെടുത്തി റാങ്ക് പരിഗണിക്കുന്നതാണ്.

 

14. ഒന്നിലധികം പേർക്ക് മേൽ പറഞ്ഞ മൂന്ന് വിഷയങ്ങൾക്കും ഒരേ മാർക്ക് ലഭിച്ചാൽ +2 അഥവാ തത്തുല്യ പരീക്ഷയ്ക്ക് ഇംഗ്ലീഷ് വിഷയത്തിന് കൂടുതൽ മാർക്ക് കിട്ടിയ അപേക്ഷകൾക്ക് മുൻഗണന നൽകുന്നതാണ്. ആയതിനും തുല്യത വരുകയാണെങ്കിൽ +2 അഥവാ തത്തുല്യ പരീക്ഷയ്ക്ക് ലഭിച്ച മൊത്തം മാർക്ക് കൂടുതലുള്ള അപേക്ഷ പരിഗണിക്കുന്നതാണ്. അപ്പോഴും തുല്യത വരുകയാണെങ്കിൽ ജനന തീയതിയുടെ അടിസ്ഥാനത്തിൽ ഉയർന്ന പ്രായമുള്ളവർക്ക് റാങ്ക് നിശ്ചയിക്കുന്നതായിരിക്കും.

 

15. സ്പോട്സ് ക്വോട്ടയിൽ അഡ്മിഷൻ നേടുന്നതിന് അപേക്ഷിക്കുന്നവർ കേരളാ സ്പോർട്ട്സ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള യോഗ്യത ഉള്ളവരായിരിക്കണം.പൂരിപ്പിച്ച അപേക്ഷ അതാത് നേഴ്സിംഗ് സ്കൂളിൽ നൽകുകയും അതിന്റെ ഒരു കോപ്പി സെക്രട്ടറി കേരളാ സ്റ്റേറ്റ് സ്പോർട്ട്സ് കൗൺസിൽ തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കുകയും ചെയ്യണം. അപേക്ഷകർ കായിക രംഗത്ത് തെളിയിച്ചിട്ടുള്ള മികവിന്റേയും, വിദ്യാഭ്യാസ യോഗ്യതയ്ക്ക് ലഭിച്ച മാർക്കിനേയും 100 ൽ കണക്കാക്കി 200 ൽ മൊത്തം ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ മെരിറ്റ് തീരുമാനിക്കു ന്നതാണ്. സംസ്ഥാന സ്പോർട്ട്സ് കൗൺസിൽ സെക്രട്ടറിയുടെ ശുപാർശയോടുകൂടിയ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഓരോ ജില്ലയ്ക്കും സ്പോട്സ് ക്വാട്ടയിൽ അനുവദിച്ചിരിക്കുന്ന സീറ്റിലേക്ക് അതാത് ജില്ലയിലെ അപേക്ഷകരെ മാത്രമേ പരിഗണിക്കുകയുള്ളൂ. മറ്റ് ജില്ലകളിലെ അപേക്ഷകരെ ശുപാർശ ചെയ്യുന്നത് പരിഗണിക്കുന്നതല്ല. ജില്ലാ സെക്രട്ടറിമാരുടെ ശുപാർശകൾ പരിഗണിക്കുന്നതല്ല. അതാത് ജില്ലകളിലെ നേഴ്സസിംഗ് സ്കൂളിൽ അപേക്ഷ സമർപ്പിക്കാത്തവരെ അഡ്മിഷന് പരിഗണിക്കുന്നതല്ല. എക്സ് സർവ്വീസുകാരുടേയും പ്രതിരോധ സേനയിൽ സേവനത്തിലിരിക്കെ മരണപ്പെട്ടവരുടേയും, കാണാതായവരുടേയും, സന്താനങ്ങളുടേയോ, ആശ്രിതരുടേയോ അപേക്ഷകൾ അതാത് നേഴ്സിംഗ് സ്കൂൾ പ്രിൻസിപ്പാളിന് അയയ്ക്കുകയും അതിന്റെ ഒരു ഫോട്ടോകോപ്പി സംസ്ഥാന' സൈനിക-നാവിക വൈമാനിക ബോർഡ് സെക്രട്ടറിക്ക് സമർപ്പിക്കുകയും ചെയ്യണം.

 

16. ആശ്രാമം - നേഴ്സിംഗ് സ്കൂളിലേയ്ക്ക് എസ്.സി/എസ്.ടി വിഭാഗത്തിൽ ഓരോ ജില്ലയ്ക്കും മതിയായ അപേക്ഷകർ ഇല്ലാത്തപക്ഷം ടി സീറ്റുകളിലേയ്ക്ക് മറ്റ് ജില്ലകളിലെ അതേ വിഭാഗത്തിലുള്ള അപേക്ഷകരെ പരിഗണിക്കുന്നതാണ്. കൂടാതെ മറ്റ് നേഴ്സിംഗ് സ്കൂളുകളിൽ എസ്.ടി വിഭാഗത്തിൽ മതിയായ അപേക്ഷകൾ ഇല്ലാത്തപക്ഷം ടി സീറ്റുകൾ എസ്.സി വിഭാഗത്തിന് കൊടുക്കാവുന്നതാണ്. എസ്.സി വിഭാഗത്തിൽ മതിയായ അപേക്ഷകർ ഇല്ലാത്തപക്ഷം ടി സീറ്റുകൾ എസ്.ടി വിഭാഗത്തിന് കൊടുക്കാവുന്നതാണ്.  രണ്ട് വിഭാഗത്തിലും അപേക്ഷകർ ഇല്ലായെങ്കിൽ പ്രസ്തുത സീറ്റുകളിൽ ജനറൽ മെരിറ്റിൽ നിന്നും പ്രവേശനം നൽകുന്നതാണ്. എസ്.സി/എസ്.ടി വിഭാഗം ആൺകുട്ടികളുടെ അഭാവത്തിൽ ടി സീറ്റുകൾ എസ്.സി/എസ്.ടി വിഭാഗത്തിലെ പെൺകുട്ടികൾക്ക് നൽകുന്നതാണ്.

 

13. ജില്ലാ മെഡിക്കൽ ആഫീസർ അധ്യക്ഷനായുള്ള സെലക്ഷൻ കമ്മിറ്റി കൂടുന്നതിന് മുമ്പായി ആ കമ്മിറ്റിയിൽ പരിഗണിക്കത്തക്കവിധം സ്പോർട്ട്സ് കൗൺസിൽ സെക്രട്ടറിയും, സംസ്ഥാന സൈനിക-നാവിക- വൈമാനിക ബോർഡ് സെക്രട്ടറിയും അഡീ. ഡയറക്ടർ ജനറൽ എൻ.സി.സി യും തങ്ങളുടെ ശുപാർശകൾ അതാത് ജില്ലാ മെഡിക്കൽ ആഫീസർമാർക്കും ഒരു പകർപ്പ് 31.07.2023 നകം ആരോഗ്യവകുപ്പ് ഡയറക്ടർക്കും നൽകേണ്ടതാണ്. അപ്രകാരം സെലക്ഷൻ കമ്മിറ്റി കൂടുന്നതിന് മുമ്പായി ശുപാർശകൾ ലഭിക്കാത്തപക്ഷം മെരിറ്റടിസ്ഥാനത്തിൽ തന്നെ മൊത്തം സെലക്ഷൻ നടത്തുന്നതും സ്പോർട്ട്സ് കൗൺസിലും സംസ്ഥാന സൈനിക-നാവിക- വൈമാനിക ബോർഡും, എൻ.സി.സി ഡയറക്ടറും വൈകി ശുപാർശ ചെയ്യുന്നപക്ഷം അവർക്ക് നീക്കിവച്ചിരിക്കുന്ന സീറ്റുകൾ നഷ്ടപ്പെടുന്നതുമായിരിക്കും

 

18. സെലക്ഷനെ പറ്റിയുള്ള പരാതികൾ ക്ഷണിക്കുമ്പോൾ മേൽപറഞ്ഞ ഏതെങ്കിലും കാരണങ്ങളാൽ നിരസിക്കപ്പെട്ടുപോയ അപേക്ഷകൾ പുനഃപരിശോധന ചെയ്യണമെന്നുള്ള അപേക്ഷയോ അതിനെ ആസ്പദമാക്കിയുള്ള പരാതിയോ പരിഗണിക്കുന്നതല്ല.

 

19. അപേക്ഷകർ നൽകുന്ന വിവരങ്ങളുടേയും സർട്ടിഫിക്കറ്റുകളുടേയും അടിസ്ഥാനത്തിൽ സെലക്റ്റ് ചെയ്യപ്പെടുന്നവർ അതാത് ജില്ലാമെഡിക്കൽ ആഫീസറുടെ നിർദ്ദേശാനുസരണം സെലക്ഷൻ മെമ്മോ അയക്കുന്നതിനു മുമ്പായി അസൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്കും, മെഡിക്കൽ പരിശോധനയ്ക്കും വിധേയമാകേണ്ടതാണ്. പരിശോധനകളിൽ തൃപ്തികരമെന്നുള്ളവർക്ക് മാത്രമേ അഡ്മിഷൻ മെമ്മോ അയക്കുകയുള്ളു. സെലക്ഷനിൽ എന്തെങ്കിലും അപാകതയുണ്ടെന്ന് മനസ്സിലായാൽ അയച്ച അഡ്മിഷൻ മെമ്മോ റദ്ദാക്കാനുള്ള പൂർണ്ണ അധികാരം സെലക്ഷൻ കമ്മിറ്റി ചെയർമാനായ ജില്ലാമെഡിക്കൽ ആഫീസർക്കുണ്ടായിരിക്കും.

 

20. സ്ഥാപനത്തിലെ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ പിരിച്ചുവിടപ്പെടുക യാണെങ്കിൽ അതാതിന്റെ ഗുരുലഘുത്വമനുസരിച്ച് ഗവൺമെന്റ് നിശ്ചയിക്കുന്ന പിഴയോ, നഷ്ടപരിഹാരമോ നൽകുന്നതിന് അപേക്ഷകർ ബാധ്യസ്ഥരായിരിക്കും. ഇത്തരക്കാർക്ക് വീണ്ടും പ്രവേശനം നൽകുന്നതല്ല.

 

21. ഹോസ്റ്റൽ സൗകര്യം പെൺകുട്ടികൾക്കുമാത്രമേ നൽകുകയുള്ളൂ. ഹോസ്റ്റലുകളിൽ പ്രവേശനം പരിശീലനത്തിന്റെ തുടക്കത്തിൽ നൽകുന്നതാണ്.

 

22. കേരളാ നേഴ്സസ് ആന്റ് മിഡ്വൈഫ്സ് കൗൺസിലിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് 500/- രൂപ (അഞ്ഞൂറ് രൂപ മാത്രം) തിരഞ്ഞെടുക്കപ്പെടുന്നവരിൽ നിന്ന് മറ്റ് ഫീസുകൾക്ക് പുറമേ ഈടാക്കുന്നതാണ്. എസ്.സി/എസ്.ടി വിഭാഗത്തിന് ഇത് ബാധകമല്ല.

 

23. തിരഞ്ഞെടുക്കപ്പെടുന്നവർ നേഴ്സിംഗ് പരിശീലനം അംഗീകരിക്കപ്പെട്ടിരിക്കുന്ന ഇന്ത്യൻ നേഴ്സിംഗ് കൗൺസിൽ തയ്യാറാക്കിയ സിലബസിനും അവയിൽ കാലാനുസൃതം നടപ്പിലാക്കുന്ന ഭേദഗതികൾക്കും വിധേയരായി പഠനം നടത്തേണ്ടതാണ്.

 

24. തിരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്നവർ ഒഴികെ ബാക്കിയുള്ളവർ 500/- രൂപ പരിശീലനത്തിന് ചേരുന്ന ദിവസം തന്നെ ക്വാഷൻ ഡിപ്പോസിറ്റായി അതാത് നേഴ്സിംഗ് സ്കൂളിൽ തന്നെ കൊടുക്കേണ്ടതും പ്രസ്തുത തുക സ്കൂളിൽ നിന്നും ബാധ്യതകളൊന്നുമില്ലാതെ പിരിഞ്ഞ് പോകുന്ന അവസരത്തിൽ തിരികെ നൽകുന്നതുമാണ്.

 

25. നഴ്സിംഗ് കൗൺസിൽ നിശ്ചയിക്കുന്ന തീയതിയ്ക്ക് ശേഷം ഉണ്ടാകുന്ന ഒഴിവുകൾ നികത്തുന്നതല്ല. 

 

26. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 700/- രൂപ വീതവും 6 മാസത്തെ ഇന്റേൺഷിപ്പ് കാലയളവിൽ 2000 രൂപ വീതവും സ്റ്റൈപെന്റ് നൽകുന്നതാണ്. പരിശീലനം ലഭിച്ചവരുടെ സേവനം സർക്കാരിന് ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ സർക്കാർ നിശ്ചയിക്കുന്ന വേതനത്തിന്റെ അടിസ്ഥാനത്തിൽ സേവനമനുഷ്ടിക്കാൻ ബാധ്യസ്ഥരായിരിക്കും.

 

27. പഠനം സ്വയം ഉപേക്ഷിക്കുന്നവർ ഗവൺമെന്റ് നിശ്ചയിക്കുന്ന നഷ്ടപരിഹാരം നൽകേണ്ടതാണ്. (50,000/- (അമ്പതിനായിരം രൂപ) രൂപയും, 4% പലിശയോടുകൂടി കൈപ്പറ്റിയ സ്റ്റൈപെന്റും, ക്വാഷൻ ഡിപ്പോസിറ്റായി 500/- (അഞ്ഞൂറ് രൂപ) രൂപയും മറ്റു ബാധ്യതകളും ഈടാക്കുന്നതാണ്). മേൽ വ്യവസ്ഥകൾ 200 രൂപയുടെ മുദ്രപത്രത്തിൽ രേഖപ്പെടുത്തി അഡ്മിഷൻ സമയത്ത് സമർപ്പിക്കേണ്ടതാണ്. പ്രസ്തുത തുക അടച്ചതിനുശേഷം മാത്രമേ സർട്ടിഫിക്കറ്റുകൾ തിരികെ നൽകുകയുള്ളൂ.

 

28. അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകളുടെ പകർപ്പുകൾ ഹാജരാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.

 

1.         S.S.L.C സർട്ടിഫിക്കറ്റ്/Birth Certificate

 

2.       Plus Two അഥവാ തത്തുല്ല്യ യോഗ്യതാ സർട്ടിഫിക്കറ്റ്

 

3.       ജാതി / വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (ആവശ്യമുള്ളവർ)

 

4.       Disability Certificate

 

5.       Original Chalan Receipt

 

6.       ജില്ല മാറ്റം ഉണ്ടെങ്കിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

 

നഴ്സിംഗ് സ്ക്കൂളുകളുടെ വിലാസം

 

1. ഗവ. നഴ്സിംഗ് സ്ക്കൂൾ, റെഡ്ക്രോസ് റോഡ്, തിരുവനന്തപുരം, Ph: 0471 2306395 

 

2. ഗവ. നഴ്സിംഗ് സ്ക്കൂൾ, കൊല്ലം, Ph: 0474 2767610

 

3. ഗവ. നഴ്സിംഗ് സ്ക്കൂൾ, എസ്.സി/എസ്.ടി, ആശ്രാമം, കൊല്ലം Ph: 0474 2767241

 

4. ഗവ. നഴ്സിംഗ് സ്ക്കൂൾ, ആലപ്പുഴ Ph: 0477 2237516 

 

5. ഗവ. നഴ്സിംഗ് സ്ക്കൂൾ, പത്തനംതിട്ട Ph: 0468 2362641

 

6. ഗവ. നഴ്സിംഗ് സ്ക്കൂൾ, കോട്ടയം Ph: 0481 2562285

 

7. ഗവ. നഴ്സിംഗ് സ്ക്കൂൾ, ഇടുക്കി Ph: 04862 257471

 

8. ഗവ. നഴ്സിംഗ് സ്ക്കൂൾ, എറണാകുളം Ph: 0484 2351314

 

9. ഗവ.നഴ്സിംഗ് സ്ക്കൂൾ, തൃശ്ശൂർ Ph: 0487 2320583

 

10. ഗവ.നഴ്സിംഗ് സ്ക്കൂൾ, മലപ്പുറം Ph: 0483 2760007

 

11. ഗവ.നഴ്സിംഗ് സ്ക്കൂൾ, പാലക്കാട് Ph: 0491 2500354

 

12. ഗവ.നഴ്സിംഗ് സ്ക്കൂൾ, കോഴിക്കോട് Ph: 0495 2365977 

 

13. ഗവ.നഴ്സിംഗ് സ്ക്കൂൾ, കണ്ണൂർ Ph: 0497 2705158

 

14. ഗവ.നഴ്സിംഗ് സ്ക്കൂൾ, വയനാട് Ph: 04935 222255

 

15. ഗവ.നഴ്സിംഗ് സ്ക്കൂൾ, കാസർഗോഡ് Ph: 0467 2217440