ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Tuesday, April 30, 2019

May day ലോക തൊഴിലാളിദിനം


ഇന്ന് ലോക തൊഴിലാളി ദിനം. തൊഴിലിന്റെ മഹത്വത്തെയും തൊഴിലാളികളുടെ അവകാശങ്ങളെയും ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് മേയ് ദിനം ലോകമെങ്ങും ആചരിക്കുന്നത്.

1886 ൽ അമേരിക്കയിലെ ചിക്കാഗോ വ്യവസായ നഗരത്തിലെ തെരുവുവീഥികളിൽ മരിച്ചുവീണ തൊഴിലാളികളുടെയും ആ സമരത്തിന്‌ നേതൃത്വം നൽകിയതിന്റെ പേരിൽ കൊലമരത്തിൽ കയറേണ്ടി വന്ന ധീരരായ പാർസൻസ്‌, സ്പൈസർ, ഫിഷർ, ജോർജ്ജ്‌ എംഗൽസ്‌ തുടങ്ങിയ തൊഴിലാളി നേതാക്കളുടെയും സ്മരണാർത്ഥമാണ്‌ ലോകമെമ്പാടുമുള്ള തൊഴിലാളികൾ മെയ്‌ ഒന്നിന്‌ മെയ്ദിനമായി ആഘോഷിക്കുന്നത്‌.ഫെഡറിക്ക് എംഗൽസിന്റെ നേതൃത്വത്തിലുള്ള രണ്ടാം സോഷ്യൽ ഇന്റർനാഷണൽ ആണ്‌ ഈ ദിനം സാർവദേശീയ തൊഴിലാളി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്‌.

1957 ൽ കേരളത്തിൽ കമ്യുണിസ്റ്റ്‌ മന്ത്രിസഭ അധികാരത്തിൽ വന്നപ്പോഴാണ്‌ സംസ്ഥാനത്ത്‌ മെയ്‌ ദിനം പൊതുഅവധിയാവുന്നത്‌.

Monday, April 29, 2019

Kerala SSLC Result Expected On May 8 മൂല്യനിർണയം കഴിഞ്ഞു. എസ്.എസ്.എൽ.സി ഫലം മേയ് എട്ടിന് മുമ്പ്


ഈ അധ്യായന വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം മേയ് എട്ടിന് മുൻപായി പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷാപേപ്പറുകളുടെ മൂല്യനിർണ്ണയം പൂർത്തിയായിട്ടുണ്ട്. ടാബുലേഷനും അതുപോലെയുള്ള മറ്റു നടപടികളും അധികം വൈകാതെ തന്നെ പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധീകരിക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയം ലക്ഷ്യമിടുന്നത്.

2932 സെന്ററുകളിലായി 4,35,142 കുട്ടികളാണ് റഗുലര്‍ വിഭാഗത്തില്‍ ഇത്തവണ പരീക്ഷ എഴുതിയത്. അതില്‍ 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമാണ്. സ്വകാര്യ രജിസ്‌ട്രേഷനിലൂടെ 1867 കുട്ടികളും പരീക്ഷയെഴുതിയിരുന്നു. മാർച്ച് പതിമൂന്നിന് മുതൽ 28 വരെ ആയിരുന്നു എസ്.എസ്.എൽ.സി. പരീക്ഷകൾ നടന്നത്.

മൂന്ന് ഘട്ടങ്ങളിലായി നടത്തിയ മൂല്യനിര്‍ണയത്തിൽ, ആദ്യഘട്ടം ഏപ്രില്‍ 4 മുതല്‍ 12 വരെ ആയിരുന്നു. രണ്ടാം ഘട്ടം നടന്നത് 16 നും 17 നും, മൂന്നാം ഘട്ടം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഏപ്രില്‍ 25നുമാണ് പുനരാരംഭിച്ചത്. 54 കേന്ദ്രീകൃത ക്യാമ്പുകളിലായാണ് മൂല്യനിർണ്ണയം നടന്നത്.

Sunday, April 28, 2019

International Dance Day ലോക നൃത്ത ദിനം


നൃത്തത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് യുനെസ്‌കോയുടെ ആഭിമുഖ്യത്തിലുളള ഇന്റര്‍നാഷണല്‍ ഡാന്‍സ് കൗണ്‍സിലാണ് ലോക നൃത്തദിനം ആചരിക്കുന്നത്. വ്യത്യസ്തങ്ങളായ നൃത്തരൂപങ്ങള്‍ ആസ്വദിക്കുകയും ജനങ്ങളില്‍ നൃത്തത്തോടുളള ആഭിമുഖ്യം വളര്‍ത്തുകയുമാണ് നൃത്തദിനംകൊണ്ട് ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസമേഖലയിലും മറ്റും നൃത്തത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന് സര്‍ക്കാറിനെ പ്രേരിപ്പിക്കുക എന്നതും ദിനാചരണത്തിന്റെ ലക്ഷ്യമാണ്.

1982 ഏപ്രില്‍ 29 മുതലാണ് ലോകനൃത്തദിനം ആചരിക്കാന്‍ തുടങ്ങിയത്.

ആധുനിക നൃത്തരൂപത്തിന്റെ പരിഷ്‌കര്‍ത്താവും ഫ്രഞ്ച് ഡാന്‍സറുമായ ജീന്‍ ജോര്‍ജ് നോവറി  ജനിച്ചത് 1727 ഏപ്രില്‍ 29-നാണ്. അദ്ദേഹത്തിന്റെ ജന്മദിനമാണ് ലോകനൃത്തദിനമായി ആചരിക്കുന്നത്.

Friday, April 26, 2019

KSEB ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; നാളെ മുതല്‍ വൈദ്യുതി ബില്‍ അടയ്ക്കാന്‍ സാധിക്കില്ല



കെ.എസ്.ഇ.ബി  ലിമിറ്റഡിന്റെ ഡാറ്റ സെന്ററിന്റെ നവീകരണ പ്രവർത്തനങ്ങൾ 2019 ഏപ്രിൽ 27, 7:00 pm മുതൽ ഏപ്രിൽ 29, 7:00 am വരെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. അതിനാൽ മേൽപ്പറഞ്ഞ തീയതികളിൽ ഓൺലൈനായോ ഫ്രണ്ട് (FRIEND), അക്ഷയ ജനസേവന കേന്ദ്രങ്ങൾ വഴിയോ വൈദ്യുതി ബിൽ അടയ്ക്കാൻ സാധിക്കുന്നതല്ല. ഈ ദിവസങ്ങളിൽ കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ കസ്റ്റമർ കെയർ സെന്ററും പ്രവർത്തിക്കുന്നതല്ല. ഈ കാലയളവിൽ വൈദ്യുതി സംബന്ധമായ പരാതികൾ പരിഹരിക്കുന്നതിനായി അതാത് സെക്ഷൻ ഓഫീസുകളിൽ ബന്ധപ്പെടേണ്ടതാണ് .കൂടാതെ ഉപഭോക്താക്കൾക്ക്  0471 -2514668 / 2514669 / 2514710 എന്നി നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്. കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ പ്രവർത്തന നിർവഹണത്തിന് സഹായിക്കുന്ന മറ്റു സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളും  മേൽപ്പറഞ്ഞ ദിവസങ്ങളിൽ ലഭ്യമാകുന്നതല്ല. ഇതു മൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന അസൗകര്യത്തിൽ ഖേദിക്കുന്നു

Wednesday, April 24, 2019

World Malaria Day ലോക മലേറിയ ദിനം


മലേറിയ രോഗപ്രതിരോധം, ചികില്‍സ തുടങ്ങിയവയെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന് 2007ല്‍ നടന്ന ലോകാരോഗ്യ സമ്മേളനത്തിലാണ് ഏപ്രില്‍ 25 ലോക മലേറിയ ദിനമായി പ്രഖ്യാപിച്ചത്.

എന്താണ് മലമ്പനി?

ഏകകോശ ജീവിയായ പാരസൈറ്റ് അഥവാ പരാദങ്ങള്‍ പരത്തുന്ന രോഗമാണ് മലേറിയ എന്നു വിളിക്കുന്ന മലമ്പനി.

കടുത്ത പനി,വിറയല്‍,തുടര്‍ച്ചയായ വിയര്‍പ്പ്,വിട്ടുമാറാത്ത തലവേദന,ശരീരവേദന,ഓക്കാനം, ഛർദ്ദി,തൊലിപ്പുറത്തും മൂത്രത്തിലും കാണുന്ന നിറംമാറ്റം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.

രോഗം പകരുന്നത്

അനോഫിലിസ് ഇനത്തിൽപെട്ട പെണ്‍കൊതുകിലൂടെയാണ് പ്ലാസ്മോഡിയം എന്ന ഏകകോശജീവി മനുഷ്യരക്തത്തില്‍ എത്തിച്ചേരുന്നത്. പ്ലാസ്മോഡിയം ശരീരത്തില്‍ പ്രവേശിച്ചാല്‍ 48 മുതല്‍ 72 മണിക്കൂറുകള്‍ക്കുള്ളില്‍ സാധാരണഗതിയില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. രക്തത്തിലൂടെ പരാദങ്ങള്‍ കരളിെൻറ കോശങ്ങളില്‍ പ്രവേശിച്ച് പെരുകുന്നു. തുടര്‍ന്ന് കരളിെൻറ കോശങ്ങള്‍ നശിക്കുമ്പോള്‍ അത് പരാദങ്ങളെ പുറത്തുവിടുന്നു. അടുത്തഘട്ടത്തില്‍ ഇവ ശരീരത്തിലെ ചുവപ്പു രക്താണുക്കളെ ആക്രമിച്ച് അവിടെയും പെരുകുന്നു. ഇങ്ങനെ പെരുകുന്ന പരാദങ്ങള്‍ ചുവന്ന രക്താണുക്കളെ നശിപ്പിക്കുന്നതോടെ ശരീരത്തില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നു. അപൂര്‍വം അവസരങ്ങളില്‍ രക്തദാനത്തിലൂടെയും രോഗം പകരാവുന്നതാണ്.

ചികിത്സ

മലമ്പനി ചികിത്സിക്കാതിരുന്നാല്‍ ഗുരുതരമായ വിളര്‍ച്ചക്ക് കാരണമാകും. അത് പിന്നീട് ജീവനുതന്നെയും ഭീഷണിയായേക്കാം. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ വഷളാകുന്നതിനു മുമ്പ്, എത്രയും പെട്ടെന്ന് ചികിത്സ സ്വീകരിക്കണം. പ്രത്യേകിച്ച് ഗര്‍ഭിണികളിലും കുട്ടികളിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയെ സമീപിക്കേണ്ടതാണ്. പനി ബാധിച്ചവരുടെ രക്തപരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗത്തെക്കുറിച്ച് സംശയം തോന്നിയാല്‍ ക്ലോറോക്വിന്‍ (Chloroquine) എന്ന ഗുളികയാണ് പ്രാഥമിക ചികിത്സയുടെ ഭാഗമായി നല്‍കുന്നത്. രക്ത പരിശോധനയിലൂടെ മലേറിയ ആണെന്ന് ഉറപ്പായാല്‍ രോഗിക്ക് തുടര്‍ന്ന് സമ്പൂര്‍ണ ചികിത്സ (Radical treatment) നല്‍കുന്നു. നിലവില്‍ മലമ്പനിക്കെതിരെ ഫലപ്രദമായ മരുന്നുകള്‍ വിപണിയിലുണ്ട്. പരാദങ്ങളുടെ സ്വഭാവമനുസരിച്ചാണ് മരുന്നുകള്‍ നിര്‍ണയിക്കുക. ഈ രോഗത്തിനെതിരെ ഫലപ്രദമായ വാക്സിന്‍ നിലവിലില്ല. ചില വാക്സിനുകള്‍ വികസിപ്പിച്ചിട്ടുണ്ടെങ്കിലും പൂര്‍ണമായ ഫലപ്രാപ്തി തെളിയിക്കാനായിട്ടില്ല. മലേറിയ ബാധിത പ്രദേശങ്ങളില്‍ പോകുന്നവര്‍ക്ക്, താല്‍ക്കാലിക പ്രതിരോധത്തിനായി മലമ്പനിക്കെതിരായ മരുന്നുകള്‍ നല്‍കുകയാണ് പതിവ്.

Wednesday, April 17, 2019

World Heritage Day ലോക പൈതൃകദിനം


നമ്മുടെ പൂര്‍വ്വികര്‍ കാത്തുവച്ചു പോയ മഹത്തായ കാര്യങ്ങളാണ് പൈതൃകങ്ങള്‍. കരുതലോടെ കാത്തുസൂക്ഷിക്കേണ്ടവ. അവ സ്ഥലങ്ങളോ സമുച്ചയങ്ങളോ വാമൊഴിയോ വരമൊഴിയോ ആയിരിക്കാം. കടന്നുകയറ്റത്തിനും മാറ്റങ്ങള്‍ക്കും വിധേയമാക്കാതെ ഇവയെ കാത്തു സൂക്ഷിക്കേണ്ട കടമ മാനവരാശിയുടേതാണ്. ഇത് ഓര്‍മ്മിപ്പിക്കുന്ന ദിനമാണ് ലോക പൈതൃകദിനം.

എല്ലാ വര്‍ഷവും ഏപ്രില്‍ 18 ലോക പൈതൃകദിനമായി ആചരിച്ചുവരുന്നു. ഈ ദിവസം സ്മാരകങ്ങളുടെയും പാരമ്പര്യ ഇടങ്ങളുടെയും അന്താരാഷ്ട്ര ദിനമായി ആചരിക്കാന്‍ 1983 നവംബറില്‍ യുണെസ്കോ തീരുമാനിച്ചു. സാംസ്‌കാരികവും പുരാതനവുമായ സമ്പത്ത് ലോകത്തെവിടെയാണെങ്കിലും സംരക്ഷിക്കുന്നതിന് സാര്‍വദേശീയമായി സഹകരണം നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ലോകത്തില്‍ സംരക്ഷിക്കപ്പെടേണ്ട ഇടങ്ങള്‍ യുണെസ്കോയുടെ ലോക പൈതൃക സമിതിയാണ് കണ്ടെത്തുന്നത്.

Tuesday, April 16, 2019

World Haemophilia Day ലോക ഹീമോഫീലിയ ദിനം


ഏപ്രില്‍ 17 അന്താരാഷ്ട്ര ഹീമോഫീലിയ ദിനമായാണ് ലോകമെങ്ങും കണക്കാക്കപ്പെടുന്നത്. 5000 പേരില്‍ ഒരാള്‍ക്ക് എന്ന രീതിയില്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും കാണപ്പെടുന്ന രോഗാവസ്ഥയാണിത്. സ്വാഭാവികമായ രക്തം കട്ടപിടിക്കല്‍ സമയത്തിനുശേഷവും മുറിവില്‍ രക്തം കട്ട പിടിക്കാതിരിക്കുക എന്നതാണ് ഹീമോഫീലിയ ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നം.

രക്തം കട്ട പിടിക്കുവാൻ സഹായിക്കുന്ന മാംസ്യങ്ങളായ ഫാക്ടർ എട്ടിൻറെയോ ഫാക്ടർ ഒമ്പതിന്റെയോ അഭാവം (കുറവ്) മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഹീമോഫീലിയ അഥവാ രക്തം കട്ട പിടിക്കായ്മ (haemophilia).. ഇംഗ്ലണ്ടിലെ രാജകുടുംബത്തിൽ ഈ അസുഖം ഉണ്ടായിരുന്നത്കൊണ്ട് ഇതിന് രാജകീയരോഗം എന്നും പേരുണ്ട്.കൂടാതെ ക്രിസ്മസ് രോഗം എന്നു വിളിക്കുന്നതും ഈ രോഗത്തെയാണ്‌

രക്തം കട്ട പിടിക്കാതിരിക്കുന്ന അവസ്ഥ അഥവാ ഹീമോഫീലിയ ഒരു ജനിതകവൈകല്യമാണ്‌. അമ്മയുടെ എക്സ്‌ ക്രോമസോമിലെ ഈ ജീൻവികലമായാൽ ആൺകുട്ടികളിൽ ഈ അസുഖം വരാവുന്നതാണ്‌ .ഇതിനെ മറയ്ക്കാനുള്ള പകരം ജീൻ എക്സ്‌ ക്രോമസത്തിലേയുള്ളു. വൈയിൽ ഇല്ല. ഈ രോഗം കൂടുതലായി പ്രകടമാകുന്നത് ആൺകുട്ടികളിലാണ്. ഇത്തരം രോഗികളുടെ ശരീരം എവിടെയെങ്കിലും തട്ടുകയോ മുട്ടുകയോ ചെയ്താൽ രക്തം കട്ടപിടിക്കാൻ താമസമുള്ളതിനാൽ അവിടങ്ങളിൽ ശരീരഭാഗം മുഴച്ചുവരിക,ശരീരത്തിൽ രക്തസ്രാവമുണ്ടായാൽ രക്തം നിലക്കാത്ത അവസ്ഥ എന്നിവയാണ് ഈ രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ.

Sunday, April 14, 2019

Ambedkar Jayanti അംബേദ്കര്‍ ജയന്തി


ഇന്ത്യയിലെ അധസ്ഥിത വിഭാഗങ്ങളുടെ വിമോചന നായകനും ഭരണഘടനാ ശില്‍പ്പിയുമായ ഡോ.അംബേദകര്‍ 1891 ഏപ്രില്‍ 14ന് ജനിച്ചു. നിലവില്‍ മദ്ധ്യപ്രദേശിന്റെ ഭാഗമായ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിലെ സെന്‍ട്രല്‍ പ്രൊവിന്‍സില്‍ ഉള്‍പ്പെടുന്ന മഹോയിലാണ് ഭീം റാവു രാംജി അംബേദ്‌കറുടെ ജനനം. കരസേനയില്‍ സുബേദാര്‍ ആയിരുന്ന രാംജി സ്‌ക്പാലിന്റേയും ഭീമാബായ് സക്പാലിന്റേയും മകനായി. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ നിന്നുള്ളവരാണ് അംബേദ്കറിന്റെ മാതാപിതാക്കള്‍. ദളിത് വിഭാഗമായ മഹര്‍ ജാതിയില്‍ പെട്ടവര്‍. കുട്ടിക്കാലം മുതല്‍ ജാതി വിവേചനത്തിന്റെ തീവ്രാനുഭവങ്ങള്‍. രമാബായും (1906-1935) സവിതയുമായിരുന്നു (1948-56) ജീവിത പങ്കാളികള്‍.

ബോംബെയിലെ എല്‍ഫിന്‍സ്റ്റന്‍ കോളേജിലെ ബിരുദ പഠനത്തിന് ശേഷം അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയിലും ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലുമായി ഉപരിപഠനം. ബറോഡ, കോലാപ്പൂര്‍ നാട്ടുരാജ്യങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് വിദേശത്ത് ഉപരിപഠനം നടത്തിയത്. 1916ല്‍ ദ കാസ്റ്റ്‌സ് ഇന്‍ ഇന്ത്യ ദെയര്‍ മെക്കാനിസം, ജെനസിസ്, ഡെവലപ്പ്‌മെന്റ് എന്ന ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കുന്നു. 1920ല്‍ മൂക്‌നായക് എന്ന മാഗസിന്‍ തുടങ്ങുന്നു. നാഗ്പൂരില്‍ ആദ്യത്തെ അഖിലേന്ത്യാ അധസ്ഥിത ജാതി സമ്മേളനം സംഘടിപ്പിക്കുന്നു. 1924ല്‍ ‘ബഹിഷ്‌കൃത് ഹിതകാരിണി’ സഭ സ്ഥാപിച്ചു. പഠിക്കുക, പോരാടുക, സംഘടിക്കുക എന്ന മുദ്രാവാക്യം മുന്നോട്ട് വച്ചു. 1926ല്‍ ബോംബെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1927ല്‍ ‘ബഹിഷ്‌കൃത് ഭാരത്’ എന്ന പ്രസിദ്ധീകരണം തുടങ്ങി. അധസ്ഥിത ജാതിക്കാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി മഹദ് സത്യാഗ്രഹം. ജാതിപീഡനങ്ങളുടെ നിയമസംഹിതയായ മനുസ്മൃതി 1927 ഡിസംബര്‍ 25ന് അംബേദ്കറുടെ നേതൃത്വത്തില്‍ പൊതുസ്ഥലത്ത് വച്ച് കത്തിച്ചു. ക്ഷേത്ര പ്രവേശന പ്രക്ഷോഭങ്ങള്‍ക്കും പൊതു ജലസ്രോതസുകളില്‍ നിന്ന് വെള്ളം കുടിക്കുന്നതിനും ശേഖരിക്കുന്നതിനുമുള്ള അധസ്ഥിത ജാതിക്കാരുടെ പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്‍കി. അധസ്ഥിത ജാതിക്കാര്‍ക്ക് വിദ്യാഭ്യാസവും ഗവണ്‍മെന്റ് ജോലികളും ലഭിക്കാനുള്ള അവകാശം ഉയര്‍ത്തിക്കാട്ടി സൈമണ്‍ കമ്മീഷന് മെമ്മോറാണ്ടം നല്‍കി.

1931ല്‍ ബോംബെയില്‍ വച്ച് ദേശീയ പ്രസ്ഥാനത്തിന്റെ നേതാവായ എംകെ ഗാന്ധിയെ ആദ്യമായി കണ്ടുമുട്ടി. അതേവര്‍ഷം ലണ്ടനില്‍ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തില്‍ ഡോ.അംബേദ്കര്‍ പങ്കെടുത്തു. ഗാന്ധിയും അംബേദ്കറും തമ്മില്‍ വാഗ്വാദം. അംബേദ്കര്‍ മുന്നോട്ട് വച്ച് അധസ്ഥിതജാതിക്കാര്‍ക്ക് പ്രത്യേക മണ്ഡലം എന്ന ആശയത്തെ ഗാന്ധി എതിര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് 1932ല്‍ പൂനെയിലെ യാര്‍വാദ ജയിലില്‍ ഗാന്ധി അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തുടങ്ങി. ഒത്തുതീര്‍പ്പുകളുടെ ഭാഗമായി അംബേദ്കര്‍ പൂന കരാറില്‍ ഒപ്പ് വയ്ക്കുന്നു. “ഞാനൊരു ഹിന്ദുവായാണ് ജനിച്ചത്. ഒരിക്കലും ഒരു ഹിന്ദുവായി മരിക്കില്ല” എന്ന് 1935ല്‍ നാസികില്‍ വച്ച് അംബേദ്കര്‍ പ്രഖ്യാപിക്കുന്നു. 1936ല്‍ ലാഹോറില്‍ ജാത് പാത് തോഡക് മണ്ഡലില്‍ നടത്താനിരുന്ന പ്രസംഗം പിന്നീട് ‘അനിഹിലേഷന്‍ ഓഫ് കാസ്റ്റ്’ അഥവാ ‘ജാതി ഉന്മൂലനം’ എന്ന പേരില്‍ പുസ്തകരൂപത്തില്‍ വിഖ്യാതമായി. ഇന്ത്യയിലെ ജാതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ആവേശം പകര്‍ന്ന ഗ്രന്ഥമായി അത് മാറി. ജാതി ഉന്മൂലനം എന്നാല്‍ ഹിന്ദു മതത്തെ ഇല്ലാതാക്കുക എന്ന് തന്നെയാണ് അര്‍ത്ഥമാക്കുന്നതെന്ന് അംബേദ്‌കര്‍ വ്യക്തമാക്കി. സംഘാടകര്‍ ഒഴിവാക്കിയതിനെ തുടര്‍ന്ന് അദ്ദേഹം ആ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. 1936ല്‍ ഇന്‍ഡിപെന്റന്റ് ലേബര്‍ പാര്‍ട്ടി രൂപീകരിച്ചു. ആ വര്‍ഷം ബോംബെ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1942ല്‍ വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ അംഗം. 1946ല്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ‘ആരായിരുന്നു ശൂദ്രര്‍?’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. 1947 ഓഗസ്റ്റ് 15ന് ശേഷം സ്വതന്ത്ര ഇന്ത്യയിലെ ആദ്യ നിയമ മന്ത്രി. ഭരണഘടനാ ഡ്രാഫ്റ്റ് കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1949 നവംബറില്‍ ഭരണഘടനാ കരടിന് അംഗീകാരം. 1950 ജനുവരി 26ന് ഇന്ത്യ റിപ്പബ്ലിക്കായി. അംബേദ്കര്‍ പിന്നീട് ബുദ്ധമത പഠനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സ്ത്രീകള്‍ക്ക് തുല്യ നീതിയും അവകാശങ്ങളും ഉറപ്പാക്കുന്ന ഹിന്ദു കോഡ് ബില്ലിന് രൂപം നല്‍കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടു. അംബേദ്കറിനെതിരെ തീവ്ര ഹിന്ദുത്വവാദികളുടെ പ്രതിഷേധം. ഹിന്ദു കോഡ് ബില്‍ അടക്കമുള്ള വിഷയങ്ങളിലുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് നെഹ്രു മന്ത്രിസഭയില്‍ നിന്ന് രാജി വച്ചു. 1951-52ലെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബോംബെ നോര്‍ത്ത് ഈസ്റ്റില്‍ നിന്ന് ജനവിധി തേടിയെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു. രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബുദ്ധിസ്റ്റ് പഠനങ്ങളില്‍ മുഴുകി. 1956 ഒക്ടോബറില്‍ നാഗ്പൂരില്‍ അനുയായികള്‍ക്കൊപ്പം ബുദ്ധമതം സ്വീകരിച്ചു. ഡിസംബര്‍ ആറിന് അന്തരിച്ചു.

Saturday, April 13, 2019

SSLC Examination March 2019 Grace Registration Status ഗ്രേസ് മാർക്ക്: അപേക്ഷാ സ്ഥിതി ഓൺലൈനായി പരിശോധിക്കാം


2019 മാർച്ച് SSLC/THSLC/SSLC (HI), THSLC (HI) പരീക്ഷയിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളിൽ ഗ്രേസ്മാർക്കിന് അർഹതയുളളവരുടെ അപേക്ഷയുടെ സ്ഥിതി ഓൺലൈനായി അറിയാം. SSLC വിദ്യാർത്ഥികൾ https://sslcexam.kerala.gov.in എന്ന വെബ്‌സൈറ്റിലും റ്റി.എച്ച്.എസ്.എൽ.സി വിദ്യാർത്ഥികൾ  www.thslcexam.kerala.gov.in  എന്ന വെബ്‌സൈറ്റിലും SSLC (HI) വിദ്യാർത്ഥികൾ www.sslchiexam.kerala.gov.in/thslchi_2019 എന്ന വെബ്‌സൈറ്റിലും "GRACE MARK APPLICATION STATUS" എന്ന ലിങ്കിലൂടെ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും പരിശോധിക്കാം.
  ലിങ്കിൽ രജിസ്റ്റർ  നമ്പറും, ജനനത്തീയതിയും നൽകിയാൽ അപേക്ഷയുടെ സ്ഥിതി അറിയാം. ഇതുവരെയും അപ്രൂവ് ചെയ്യാത്ത അപേക്ഷകളുടെ സ്ഥിതി അതത് സ്‌കൂൾ ഹെഡ്മാസ്റ്റർമാർ മുഖാന്തരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. നിരസിച്ച അപേക്ഷകൾ പോരായ്മ പരിഹരിച്ച് സ്‌കൂൾ അധികൃതർക്ക് പുന:സമർപ്പിക്കാം. ഏപ്രിൽ 23ന് മുൻപ് ഗ്രേസ്മാർക്ക് അപേക്ഷകളുടെ അപ്രൂവൽ പൂർത്തീകരിക്കും. അതിനുശേഷം യാതൊരുവിധ ഉൾപ്പെടുത്തലുകളും/ തിരുത്തലുകളും അനുവദിക്കില്ലെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.
   വിദ്യാലയങ്ങള്‍ക്ക് HM Login മുഖേന iExaMSല്‍ പ്രവേശിച്ചാല്‍ ആ വിദ്യാലയത്തിലെ എല്ലാ വിദ്യാര്‍ഥികളുടെയും ഗ്രേസ് മാര്‍ക്ക് അപേക്ഷയുടെ കണ്‍സോളിഡേറ്റഡ് സ്റ്റാറ്റസ് ലഭിക്കും. ഇതിനായി iExaMSല്‍ Pre Examination -> Grace Mark Application-> Grace Mark Entry എന്ന ക്രമത്തില്‍ പരിശോധിക്കാവുന്നതാണ്

Friday, April 12, 2019

Jallianwala Bagh ജാലിയന്‍ വാലാബാഗ് ദിനം


1919, ഏപ്രിൽ 13 സിഖുകാരുടെ വൈശാലി ഉത്സവ ദിനമായിരുന്നു. അന്ന് അമൃത് സറിനടുത്തുള്ള ജാലിയൻവാലാബാഗ് മൈതാനത്തിൽ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ ഒരു പൊതുയോഗം സംഘടിപ്പിച്ചു. അന്ന് അമൃത് സറിലെ സൈനിക കമാൻഡറായിരുന്ന ജനറൽ റജിനാൾഡ് ഡയർ, 90 അംഗങ്ങൾ വരുന്ന ഒരു ചെറിയ സേനയുമായി മൈതാനം വളയുകയും വെടിക്കോപ്പുകൾ തീരുന്നതുവരെ വെടിവെക്കാൻ ഭടന്മാർക്ക് ഉത്തരവ് നൽകുകയും ചെയ്തു. 379 പേർ വെടിവെപ്പിൽ മരിച്ചുവെന്നാണ്‌ ബ്രിട്ടീഷ് സർക്കാർ പറഞ്ഞത്. എന്നാലിത് 1800ൽ ഏറെയയിരുന്നു.

കൂട്ടക്കൊല നടന്ന ഏപ്രില്‍ 13 ജാലിയന്‍ വാലാബാഗ് ദിനമായി ആചരിച്ചുവരുന്നു. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികമാണ് ഇന്ന്.

കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് രവീന്ദ്രനാഥ ടാഗോർ സർ സ്ഥാനം ഉപേക്ഷിച്ചു.സംഭവത്തെക്കുറിച്ചന്വേഷിക്കാൻ സർക്കാർ ഹണ്ടർ കമ്മീഷനെ നിയമിച്ചു.

പിൽക്കാലത്ത്, ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിലെ പ്രധാനസൂത്രധാരൻ ആയ മൈക്കൽ ഒഡ്വയറിനെ ഉധം സിങ് വെടിവെച്ചു കൊന്നു.ജാലിയൻ വാലാബാഗിൽ പിടഞ്ഞുമരിച്ച ധീരരക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും ഓർമ്മക്കായി 1963 ൽ ഇവിടെ ഒരു സ്മാരകം നിർമ്മിക്കപ്പെട്ടു. അമേരിക്കൻ വാസ്തു ശിൽ‌പ്പിയായ ബഞ്ചമിൻ പോൾക്ക് രൂപകല്പന ചെയ്ത ഈ സ്മാരകം അന്നത്തെ പ്രസിഡന്റായിരുന്ന ഡോ: രാജേന്ദ്രപ്രസാദ് ഉദ്‌ഘാടനം ചെയ്തു.

Wednesday, April 10, 2019

ദേശീയ സുരക്ഷിത മാതൃദിനം National Safe Motherhood Day


സ്വാതന്ത്ര്യ സമരസേനാനിയും ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പത്നിയുമായ കസ്തൂർബ ഗാന്ധിയുടെ ജന്മദിനമാണിന്ന്.1869 ഏപ്രിൽ 11ന് പോ‌ർബന്ദറിലാണ് ജനനം. പതിമൂന്നാം വയസിലാണ് ഗാന്ധിജിയും കസ്തൂർബയും വിവാഹിതരാകുന്നത്. കടുത്ത മതവിശ്വാസിയായിരുന്നു കസ്തൂർബ. ഗാന്ധിജിയൊടൊപ്പം കസ്തൂർബ ദക്ഷിണാഫ്രിക്കയിൽ പോയി. 1917ൽ നടന്ന ബിഹാറിലെ ചമ്പാരൻ സത്യാഗ്രഹത്തിൽ കസതൂർബ സജീവമായി പങ്കാളിയായി. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യഗ്രഹസമരമായിരുന്നു അത്. 1942ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് അറസ്റ്റുവരിച്ചു. രൂക്ഷമായ ബ്രോങ്കൈറ്റിസ് അസുഖത്തിനടിമയായിരുന്നു അവർ. 1944 ഫെബ്രുവരി 22ന് അന്തരിച്ചു.  കസതൂർബ ഗാന്ധിയുടെ ജന്മദിനം രാജ്യം  ദേശീയ സുരക്ഷിത മാതൃദിനമായി ആചരിക്കുന്നു.

Tuesday, April 9, 2019

World Homeopathy Day ലോക ഹോമിയോപ്പതി ദിനം


മനുഷ്യസ്നേഹിയായ, ഡോക്ടര്‍ ക്രിസ്റ്റ്യന്‍ ഫ്രെഡറിക് സാമുവല്‍ ഹാനിമാന്‍ എന്ന അലോപ്പതിക്കാരന്റെ  264–ാം ജന്മദിനംകൂടിയാണ് ഏപ്രില്‍ 10 എന്ന ലോക ഹോമിയോപ്പതി ദിനം. ജര്‍മ്മന്‍ ജാക്സണിയിലെ മനോഹരമായ മെയ്സല്‍ പട്ടണത്തില്‍ 1755 ഏപ്രില്‍ 10നാണ് അദ്ദേഹത്തിന്‍റെ ജനനം.

അലോപ്പതി ചികിത്സാ സമ്പ്രദായം വഴി ഗുണത്തെക്കാള്‍ ഏറെ ദോഷങ്ങളാണ് താന്‍ പ്രചരിപ്പിക്കുന്നതെന്ന വിചാരം അദ്ദേഹത്തിനുണ്ടായി. 1783ല്‍ അദ്ദേഹം അലോപ്പതി ചികിത്സാ രംഗം ഉപേക്ഷിച്ച് ഹോമിയോ ചികിത്സാ സമ്പ്രദായം ആരംഭിച്ചു. 1843ല്‍ അദ്ദേഹം മരിക്കുന്നതുവരെയും ഹോമിയോ വൈദ്യശാസ്ത്ര ശാഖയുടെ വളര്‍ച്ചയ്ക്കായുള്ള നിരന്തര പരീക്ഷണങ്ങളില്‍ മുഴുകി കഴിഞ്ഞു. ആരോഗ്യ സംരക്ഷണം, ചികിത്സാ വിധികള്‍, ഹനിമാന്‍റെ തത്വശാസ്ത്ര കണ്ടെത്തലുകള്‍ എന്നിവയടങ്ങിയ "ഓര്‍ഗാനണ്‍ ഓഫ് ദ് മെഡിക്കല്‍ ആര്‍ട്ട്' എന്ന ഗ്രന്ഥം 1810 ല്‍ പുറത്തിറക്കി.