ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Wednesday, April 24, 2019

World Malaria Day ലോക മലേറിയ ദിനം


മലേറിയ രോഗപ്രതിരോധം, ചികില്‍സ തുടങ്ങിയവയെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന് 2007ല്‍ നടന്ന ലോകാരോഗ്യ സമ്മേളനത്തിലാണ് ഏപ്രില്‍ 25 ലോക മലേറിയ ദിനമായി പ്രഖ്യാപിച്ചത്.

എന്താണ് മലമ്പനി?

ഏകകോശ ജീവിയായ പാരസൈറ്റ് അഥവാ പരാദങ്ങള്‍ പരത്തുന്ന രോഗമാണ് മലേറിയ എന്നു വിളിക്കുന്ന മലമ്പനി.

കടുത്ത പനി,വിറയല്‍,തുടര്‍ച്ചയായ വിയര്‍പ്പ്,വിട്ടുമാറാത്ത തലവേദന,ശരീരവേദന,ഓക്കാനം, ഛർദ്ദി,തൊലിപ്പുറത്തും മൂത്രത്തിലും കാണുന്ന നിറംമാറ്റം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.

രോഗം പകരുന്നത്

അനോഫിലിസ് ഇനത്തിൽപെട്ട പെണ്‍കൊതുകിലൂടെയാണ് പ്ലാസ്മോഡിയം എന്ന ഏകകോശജീവി മനുഷ്യരക്തത്തില്‍ എത്തിച്ചേരുന്നത്. പ്ലാസ്മോഡിയം ശരീരത്തില്‍ പ്രവേശിച്ചാല്‍ 48 മുതല്‍ 72 മണിക്കൂറുകള്‍ക്കുള്ളില്‍ സാധാരണഗതിയില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. രക്തത്തിലൂടെ പരാദങ്ങള്‍ കരളിെൻറ കോശങ്ങളില്‍ പ്രവേശിച്ച് പെരുകുന്നു. തുടര്‍ന്ന് കരളിെൻറ കോശങ്ങള്‍ നശിക്കുമ്പോള്‍ അത് പരാദങ്ങളെ പുറത്തുവിടുന്നു. അടുത്തഘട്ടത്തില്‍ ഇവ ശരീരത്തിലെ ചുവപ്പു രക്താണുക്കളെ ആക്രമിച്ച് അവിടെയും പെരുകുന്നു. ഇങ്ങനെ പെരുകുന്ന പരാദങ്ങള്‍ ചുവന്ന രക്താണുക്കളെ നശിപ്പിക്കുന്നതോടെ ശരീരത്തില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നു. അപൂര്‍വം അവസരങ്ങളില്‍ രക്തദാനത്തിലൂടെയും രോഗം പകരാവുന്നതാണ്.

ചികിത്സ

മലമ്പനി ചികിത്സിക്കാതിരുന്നാല്‍ ഗുരുതരമായ വിളര്‍ച്ചക്ക് കാരണമാകും. അത് പിന്നീട് ജീവനുതന്നെയും ഭീഷണിയായേക്കാം. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ വഷളാകുന്നതിനു മുമ്പ്, എത്രയും പെട്ടെന്ന് ചികിത്സ സ്വീകരിക്കണം. പ്രത്യേകിച്ച് ഗര്‍ഭിണികളിലും കുട്ടികളിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയെ സമീപിക്കേണ്ടതാണ്. പനി ബാധിച്ചവരുടെ രക്തപരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗത്തെക്കുറിച്ച് സംശയം തോന്നിയാല്‍ ക്ലോറോക്വിന്‍ (Chloroquine) എന്ന ഗുളികയാണ് പ്രാഥമിക ചികിത്സയുടെ ഭാഗമായി നല്‍കുന്നത്. രക്ത പരിശോധനയിലൂടെ മലേറിയ ആണെന്ന് ഉറപ്പായാല്‍ രോഗിക്ക് തുടര്‍ന്ന് സമ്പൂര്‍ണ ചികിത്സ (Radical treatment) നല്‍കുന്നു. നിലവില്‍ മലമ്പനിക്കെതിരെ ഫലപ്രദമായ മരുന്നുകള്‍ വിപണിയിലുണ്ട്. പരാദങ്ങളുടെ സ്വഭാവമനുസരിച്ചാണ് മരുന്നുകള്‍ നിര്‍ണയിക്കുക. ഈ രോഗത്തിനെതിരെ ഫലപ്രദമായ വാക്സിന്‍ നിലവിലില്ല. ചില വാക്സിനുകള്‍ വികസിപ്പിച്ചിട്ടുണ്ടെങ്കിലും പൂര്‍ണമായ ഫലപ്രാപ്തി തെളിയിക്കാനായിട്ടില്ല. മലേറിയ ബാധിത പ്രദേശങ്ങളില്‍ പോകുന്നവര്‍ക്ക്, താല്‍ക്കാലിക പ്രതിരോധത്തിനായി മലമ്പനിക്കെതിരായ മരുന്നുകള്‍ നല്‍കുകയാണ് പതിവ്.

No comments:

Post a Comment