കോവിഡ് 19 നിയന്ത്രണങ്ങൾ പാലിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സഹായകരമാകുന്ന രീതിയിൽ സർക്കാർ ഐ.ടി.ഐകളിലെ പ്രവേശന നടപടികൾ പരിഷ്‌കരിച്ചു. സർക്കാർ ഐ.ടി.ഐകളിൽ സജ്ജീകരിക്കുന്ന ഹെൽപ്‌ഡെസ്‌ക്കുകൾ മുഖേനയും അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീസ് ഒടുക്കുന്നതിന് ഓൺലൈനായും ഓഫ്‌ലൈനായും സൗകര്യമുണ്ടാവും. 100 രൂപ ഫീസൊടുക്കി ഒറ്റ അപേക്ഷയിൽ സംസ്ഥാനത്തെ ഏത് ഐ.ടി.ഐയിലേക്കും അപേക്ഷിക്കാം.
ഓൺലൈൻ ആയി സെപ്റ്റംബർ24നകം അപേക്ഷ നൽകണം. https://itiadmissions.kerala.gov.in (ജാലകം) മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രവേശന വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും https://det.kerala.gov.in, https://itiadmissions.kerala.gov.in എന്നിവയിൽ ലഭിക്കും.
ഓൺലൈനായി അപേക്ഷ സമർപ്പിക്കുമ്പോൾ രജിസ്ട്രേഷൻ നമ്പർ, യൂസർ ഐഡി, പാസ്‌വേഡ് എന്നിവ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിലേക്ക് എസ് എംഎംഎസ് ആയി ലഭിക്കും. അപേക്ഷകന് ലഭിക്കുന്ന യൂസർ ഐ.ഡിയും പാസ്‌വേർഡും ഉപയോഗിച്ച് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി വരെ സമർപ്പിച്ച അപേക്ഷയിൽ മാറ്റങ്ങൾ വരുത്താം.
അപേക്ഷ നൽകിയ ശേഷം നിശ്ചിതതിയതിയിൽ ഓരോ ഐ.ടി.ഐയുടെയും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, കൗൺസിലിംഗ് തിയതി എന്നിവ പരിശോധിച്ച് വിവിധ ഐ.ടി.ഐകളിലേക്കുളള കൗൺസിലിംഗിന് ഹാജരാകാം. റാങ്ക് ലിസ്റ്റുകൾ ഐ.ടി.ഐകളിലും പ്രസിദ്ധീകരിക്കും.
സംസ്ഥാനത്തെ 14 വനിതാ ഐ.ടി.ഐകൾ ഉൾപ്പടെ 99 സർക്കാർ ഐ.ടി.ഐകളിലെ 76 ട്രേഡുകളിലായി 22000തോളം ട്രെയിനികൾക്ക് പ്രവേശനം ലഭിക്കും. പത്താം ക്ലാസ്സ് തോറ്റവർക്ക് അപേക്ഷിക്കാവുന്ന നോൺ മെട്രിക് ട്രേഡുകളും പത്താം ക്ലാസ്സ് ജയിച്ചവർക്ക് അപേക്ഷിക്കാവുന്ന മെട്രിക് ട്രേഡുകളും നിലവിലുണ്ട്.
No comments:
Post a Comment