ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Friday, May 26, 2023

ലിറ്റിൽ കൈറ്റ്സ് അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് അപേക്ഷിക്കാം.

 

 

സംസ്ഥാനത്തെ രണ്ടായിരത്തോളം സർക്കാർ - എയിഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ലിറ്റിൽ കൈറ്റ്സ് ക്ലബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ 8 വരെ അപേക്ഷിക്കാം. അപേക്ഷാഫാറത്തിന്റെ മാതൃക ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ. അപേക്ഷകരിൽ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്കൂളിലേയും ക്ലബുകളിൽ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ ജൂൺ 13 നടക്കും.

 

അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് കൈറ്റ് തയ്യാറാക്കി ലഭ്യമാക്കുന്ന പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ച് 2023 ജൂൺ 13 ന് അഭിരുചി പരീക്ഷ നടത്തുന്നതാണ്. ഈ സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യബാങ്കിൽ നിന്നും ഓരോ കുട്ടിക്കും ലഭിക്കുന്ന 20 ചോദ്യങ്ങൾക്ക് കുട്ടി ഉത്തരം നൽകണം. സോഫ്റ്റ്വെയർ അധിഷ്ഠിത പരീക്ഷ പൂർത്തീകരിക്കുന്നതിന് പരമാവധി 30 സമയം മിനിട്ടാണ്.

 

അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐ.ടി. പാഠപുസ്തകം, ഐ.ടി. മേഖലയിലെ പൊതുവിജ്ഞാനം എന്നീ നാല് വിഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഒരു വിദ്യാർത്ഥിക്ക് ലോജിക്കൽ വിഭാഗത്തിൽ നിന്ന് ആറും പ്രോഗ്രാമിംഗ് വിഭാഗത്തിൽ നിന്ന് നാലും ഐ.ടി. പാഠപുസ്തകം, ഐ.ടി മേഖലയിലെ പൊതുവിജ്ഞാനം എന്നിവയിൽ നിന്ന് അഞ്ച് വീതവും ചോദ്യങ്ങളാണ് ലഭിക്കുക.

 

SPC/Scouts & Guides/NCC/JRC തുടങ്ങിയ ക്ലബുകളുടെ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളും ഒരേ സമയങ്ങളിൽ ക്രമീകരിച്ചിരിക്കുന്നതിനാൽ, പ്രസ്തുത ക്ലബുകളിൽ അംഗങ്ങളല്ലാത്തവരെ മാത്രമേ ലിറ്റിൽ കൈറ്റ്സ് അംഗത്വത്തിന് പരിഗണിക്കുകയുള്ളൂ.

 

അംഗങ്ങളായി തെരഞ്ഞെടുക്കുന്നവർക്ക് ഹാർഡ്വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, മൊബൈൽആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ- ഗവേണൻസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. സ്കൂൾ പ്രവർത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം ക്രമീകരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ എ ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക് പത്താംക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്കും പ്ലൺ പ്രവേശനത്തിന് ബോണസ് പോയിന്റും അനുവദിച്ചിട്ടുണ്ട്.

 

കൈറ്റ് നടപ്പാക്കുന്ന ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബിൽ ഇതുവരെ 2.89 ലക്ഷം കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. രക്ഷകർത്താക്കൾക്കുള്ള സൈബർ സുരക്ഷാ പരിശീലനം, ഡിജിറ്റൽ മാപ്പിംഗ്, കൈറ്റ് വിക്ടേഴ്സിലെ സ്കൂൾ വാർത്തകൾ, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്തു നൽകൽ, സ്കൂൾ ടിവി തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ നടത്തിവരുന്നുണ്ട്.

 

വിശദാംശങ്ങൾ http://www.kite.kerala.gov.in- ലഭ്യമാണ്.

 

 

 

 

 

 

No comments:

Post a Comment