ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Tuesday, September 17, 2019

Action to be taken against Akshaya centers which are overcharging: Collector അമിത ചാര്‍ജ് ഈടാക്കുന്ന അക്ഷയകേന്ദ്രങ്ങള്‍ക്കെതിരെ നടപടി: കളക്ടര്‍


അക്ഷയ കേന്ദ്രങ്ങള്‍ വഴി നല്‍കുന്ന സേവനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സേവന നിരക്ക് രേഖപ്പെടുത്തിയ ചാര്‍ട്ടുകള്‍ അക്ഷയ കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്നും അമിത ചാര്‍ജ് ഈടാക്കുന്ന കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

പല കേന്ദ്രങ്ങളും പൊതുജനങ്ങളില്‍ നിന്നും അമിത നിരക്ക് ഈടാക്കുന്നുവെന്ന് കളക്ടര്‍ക്ക് പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. കേന്ദ്രങ്ങള്‍ അമിത നിരക്ക് ഈടാക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടോ ഫോണ്‍ മുഖേനയോ ഫേസ് ബുക്ക് പേജ് വഴിയോ പരാതി നല്‍കാമെന്നും കളക്ടര്‍ പറഞ്ഞു.

പല സ്ഥാപനങ്ങളും പൊതുജനങ്ങളെ ചൂഷണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട അക്ഷയ ഡയറക്ടര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 2018ല്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇലക്ട്രോണിക്‌സ്-വിവര സാങ്കേതികവിദ്യ വകുപ്പ് 2018 മെയ് ഒമ്പതിന് കേന്ദ്രങ്ങളുടെ സേവന ഫീസുകള്‍ പുതുക്കി നിശ്ചയിക്കുകയും ഔദ്യോഗികമായി നിരക്കു നിശ്ചയിക്കാത്ത സേവനങ്ങളുടെ നിരക്കുകള്‍ ക്രമപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതാണ് 2019ല്‍ വീണ്ടും പുതുക്കി നിശ്ചയിച്ചത്. 

 പൊതുജനങ്ങളില്‍ നിന്നും അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഈടാക്കാവുന്ന നിരക്കുകള്‍ ഇപ്രകാരമാണ്.

ഇ ഡിസ്ട്രിക്ട് സേവനങ്ങള്‍- ജനറല്‍ വിഭാഗത്തിന് 25 രൂപ, മുന്‍ഗണനാ റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് 20 രൂപ. (രണ്ട് വിഭാഗത്തിനും സ്‌കാനിംഗ്/പ്രിന്റിംഗ് പേജൊന്നിന് മൂന്നു രൂപ വീതം പുറമെ), എസ്.സി/എസ്.ടി വിഭാഗത്തിന് 10 രൂപ (സ്‌കാനിംഗ്/പ്രിന്റിംഗ് പേജൊന്നിന് രണ്ടു രൂപ വീതം പുറമെ)

യൂട്ടിലിറ്റി ബില്‍ പെയ്മെന്റുകള്‍- 1000 രൂപ വരെ 15, 1001-5000 വരെ-25 രൂപ,  5000 ത്തിനു മുകളില്‍ തുകയുടെ 0.5 ശതമാനം.

പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പേയ്‌മെന്റ് സേവനങ്ങള്‍- 100 രൂപ വരെ 10 രൂപ, 101 മുതല്‍ 1000 രൂപ വരെ 15 രൂപ, 1001 മുതല്‍ 5000 വരെ 25 രൂപ. 5000 രൂപക്ക് മുകളില്‍ തുകയുടെ 0.5 ശതമാനം.

സമ്മതിദായക തിരിച്ചറിയല്‍ കാര്‍ഡ് അപേക്ഷ ഒന്നിന് 40, (സ്‌കാനിംഗും പ്രിന്റിംഗും ഉള്‍പ്പടെ)

ഫുഡ് സേഫ്റ്റി രജിസ്ട്രേഷന്‍ (ഫോം എ)- 50 രൂപയും, ഫോം ബി- 80രൂപ, ഫുഡ് സേഫ്റ്റി പുതുക്കല്‍ ഫോം എ-25 രൂപ, ഫോം ബി-25 രൂപ ഇത് കൂടാതെ കൂടാതെ (പ്രിന്റിങും സ്‌കാനിങും പേജൊന്നിന് മൂന്നു രൂപവീതം).

കെ.ഇ.എ.എം. എന്‍ട്രന്‍സ് പരീക്ഷ അപേക്ഷാ സേവനം ജനറല്‍ വിഭാഗത്തിന് -60രൂപ, (സ്‌കാനിംഗ്/പ്രിന്റിംഗ് പേജൊന്നിന് മൂന്നു രൂപ വീതം പുറമെ). എസ്‌സി/എസ്ടി വിഭാഗത്തിന് 50 രൂപ (സ്‌കാനിംഗും പ്രിന്റിംഗും ഉള്‍പ്പടെ).

ന്യൂനപക്ഷങ്ങള്‍ക്കായുള്ള ദേശീയ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷ-60 രൂപ (സ്‌കാനിംഗും പ്രിന്റിംഗും ഉള്‍പ്പടെ), പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ്-70 രൂപ (സ്‌കാനിംഗും പ്രിന്റിംഗും ഉള്‍പ്പടെ), കേരള സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍-40, (പ്രിന്റിങ്ങും സ്‌കാനിങ്ങും പേജൊന്നിന് മൂന്നു രൂപ).

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അപേക്ഷ- 20 (സ്‌കാനിങ്ങും പ്രിന്റിങ്ങും ഉള്‍പ്പെടെ) വിവാഹ രജിസ്ട്രേഷന്‍-ജനറല്‍ വിഭാഗം 70, (സ്‌കാനിംഗ്/പ്രിന്റിംഗ് പേജൊന്നിന് മൂന്നു രൂപ വീതം പുറമെ), എസ്.സി.എസ്.ടി-50, (പ്രിന്റിംഗ്, സ്‌കാനിംഗ് ഉള്‍പ്പടെ).

എന്‍കംബ്രന്‍സ് സര്‍ട്ടിഫിക്കറ്റ്- 50 രൂപ, (സ്‌കാനിംഗ്/പ്രിന്റിംഗ് പേജൊന്നിന് മൂന്നു രൂപ വീതം പുറമെ).

ലൈഫ് സര്‍ട്ടിഫിക്കറ്റ്-30 രൂപ (സ്‌കാനിങ്ങും പ്രിന്റിങ്ങും ഉള്‍പ്പെടെ).

 തൊഴില്‍വകുപ്പ് രജിസ്ട്രേഷന്‍-പുതിയതിന് 40, പുതുക്കല്‍-30 (സ്‌കാനിങ്ങും പ്രിന്റിങ്ങും ഉള്‍പ്പെടെ).

മോട്ടോര്‍വാഹന വകുപ്പുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍-40,          (സ്‌കാനിംഗ്/പ്രിന്റിംഗ് പേജൊന്നിന് മൂന്നു രൂപ വീതം, പുറമെ+ പേയ്‌മെന്റ്  ചാര്‍ജ്).

ഇന്‍കം ടാക്സ് ഫയലിങ്-ചെറിയ കേസുകള്‍ക്ക് 100, അല്ലാത്തവയ്ക്ക് 200 രൂപ. ഫാക്ടറി രജിസ്ട്രേഷന്‍ ഒറ്റത്തവണ-30 രൂപ, (സ്‌കാനിംഗ്/പ്രിന്റിംഗ് പേജൊന്നിന് മൂന്നു രൂപ വീതം പുറമെ). പുതുക്കല്‍ 50, റിട്ടേണ്‍-40,                (സ്‌കാനിംഗ്/പ്രിന്റിംഗ് പേജൊന്നിന് മൂന്നു രൂപ വീതം പുറമെ).

പാന്‍ കാര്‍ഡ്-80 രൂപ, (സ്‌കാനിംഗ്/പ്രിന്റിംഗ് പേജൊന്നിന് മൂന്നു രൂപ വീതം പുറമെ).

പാസ്പോര്‍ട്ട്-200 രൂപ.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍-200.

പി.എസ്.സി. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍-ജനറല്‍ വിഭാഗം-60, (സ്‌കാനിംഗ്/പ്രിന്റിംഗ് പേജൊന്നിന് മൂന്നു രൂപ വീതം പുറമെ),  എസ്.സി, എസ്.ടി. 50 രൂപ (സ്‌കാനിംഗ്/പ്രിന്റിംഗ് ഉള്‍പ്പെടെ).

എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍-50 (സ്‌കാനിംഗ്/പ്രിന്റിംഗ് പേജൊന്നിന് മൂന്നു രൂപ വീതം പുറമെ).
ആധാര്‍ ബയോമെട്രിക് നവീകരിക്കല്‍ 25 രൂപ.

ആധാര്‍ ഡെമോഗ്രാഫിക് നവീകരിക്കല്‍ 25 രൂപ. ആധാര്‍ തിരയലും കളര്‍ പ്രിന്റ്ും (എ4 പേപ്പര്‍) എടുക്കലും 20 രൂപ (ബ്ലാക്ക് ആന്റ് വൈറ്റ് ആണെങ്കില്‍ 10 രൂപ). ബയോമെട്രിക് നവീകരിക്കലും ഡെമോഗ്രാഫിക് നവീകരിക്കലും ഒരു സമയത്ത് തന്നെയാണ് ചെയ്യുന്നതെങ്കില്‍ 25 രൂപ മാത്രം.

എസ്.സി, എസ്.ടി.വകുപ്പുമായി ബന്ധപ്പെട്ട ഇ-ഗ്രാന്റ്സ് സേവനങ്ങള്‍- പുതിയ അപേക്ഷ സമര്‍പ്പിക്കല്‍ 40, അപേക്ഷ പുതുക്കുന്നതിന് 30 (സ്‌കാനിങ്ങും പ്രിന്റിങ്ങും ഉള്‍പ്പെടെ); എസ്.സി. പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്- അപേക്ഷ ഒന്നിന് പ്രിന്റിങ് ചാര്‍ജ് ഉള്‍പ്പെടെ 20 രൂപ.
പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ- 50 രൂപ (ഡേറ്റ എന്‍ട്രി,  രേഖകളുടെ അപ്‌ലോഡിങ് ഉള്‍പ്പെടെ), റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട മറ്റു സര്‍വീസുകള്‍ക്ക് 25 രൂപ. ഒരു റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട ഒന്നിലധികം സര്‍വീസുകള്‍ക്ക് ആകെ 50 രൂപ. മൈനിങ്-ജിയോളജി വകുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങളുടെ എന്റോള്‍മെന്റ് ( ഇ-പാസ്) 40 രൂപ. 
എല്ലാ സേവനങ്ങൾക്കും രസീത് വാങ്ങി സുക്ഷിക്കേണ്ടതാണ്.

സൗജന്യ സേവനങ്ങള്‍
അക്ഷയ കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സൗജന്യ സേവനങ്ങള്‍
1. ആധാര്‍ എന്റോള്‍മെന്റ്
2. കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ്
3. വ്യക്തമായ രേഖകളുള്ള വിരലുകള്‍ തിരിച്ചറിയുന്നതിന്/ആധാര്‍ തല്‍സ്ഥിതി അന്വേഷണം.
4. 5 വയസ്സിലും 15 വയസ്സിലും നിര്‍ബന്ധിതമായി നടത്തേണ്ട ബയോമെട്രിക് നവീകരിക്കല്‍
5. പട്ടികജാതി വകുപ്പുമായി ബന്ധപ്പെട്ട ടി-ഗ്രാന്റ് സേവനം

പരാതികള്‍ അറിയിക്കാം
അക്ഷയ കേന്ദ്രങ്ങളിലെ സേവനവുമായി ബന്ധപ്പെട്ട പരാതികള്‍ക്കും സംശയനിവാരണത്തിനും 155300 (ബിഎസ്എന്‍എല്‍), 0471 2115098, 2115054, 2335523 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Monday, September 2, 2019

സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ/യു.ഐ.റ്റി. കോളേജുകളിലെ ഒഴിവുള്ള മെറിറ്റ് സീറ്റുകളിലേയ്ക്ക് (യു.ജി/പി.ജി) 03.09.2019-ന് അതത് കോളേജുകളില വെച്ച് സര്‍വകലാശാല സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. Kerala University conducts Spot Admissions at Self-financing / UIT on 03.09.2019



 സര്‍വകലാശാല  നിയോഗിച്ചിരിക്കുന്ന  ഉദ്ദ്യോഗസ്ഥന്‍റെ  മേല്‍  നോട്ടത്തിലായിരിക്കും  പ്രവേശനം  നടക്കുക.  രാവിലെ  09  നും  11  നും  ഇടയ്ക്ക് ഓണ്‍ലൈന്‍  അപേക്ഷയുടെ  പ്രിന്‍റൗട്ടുമായി  ബന്ധപ്പെട്ട  കോളേജുകളില്‍  എത്തി  രജിസ്റ്റര്‍  ചെയ്യുന്നവരെ  മാത്രമേ  പരിഗണിക്കുകയുള്ളു.  നിലവില്‍  ഓണ്‍ലൈന്‍  രജിസ്ട്രേഷന്‍  ഇല്ലാത്തവര്‍  മാനേജ്മെന്‍റ്  ക്വാട്ട  ലിങ്ക്  വഴി  രജിസ്റ്റര്‍  ചെയ്ത്  പ്രിന്‍റൗട്ട്  ഹാജരാക്കേണ്ടതാണ്.
 ഓണ്‍ലൈന്‍  അപേക്ഷയുടെ  പ്രിന്‍റൗട്ട്  ഇല്ലാത്ത  ആരേയും  സ്പോട്ട്  അഡ്മിഷനില്‍  പരിഗണിക്കുന്നതല്ല.  രാവിലെ  11  മണി വരെ  ലഭിക്കുന്ന  രജിസ്ട്രേഷന്‍  ഉള്‍പ്പെടുത്തി  സര്‍വകലാശാല  റാങ്ക്  പട്ടിക  തയ്യാറാക്കും.  റാങ്ക് പട്ടിക  കോളേജ്  നോട്ടീസ്  ബോര്‍ഡില്‍  പ്രസിദ്ധപ്പെടുത്തുന്നതാണ്.  അന്നേ  ദിവസം  (03.09.2019)  ഉച്ച കഴിഞ്ഞ്  02  മണി  മുതല്‍  പ്രവേശനം  നടക്കും.  സര്‍വകലാശാല  ഫീസ്  ഓണ്‍ലൈനായി  ഒടുക്കേണ്ടതാണ്.  നിലവില്‍  ഒരിടത്തും  പ്രവേശനം  ലഭിക്കാത്തവരെ  മാത്രമാകും  സ്പോട്ട്  അഡ്മിഷനില്‍ പരിഗണിക്കുക.  സ്പോട്ട്  അഡ്മിഷനില്‍  ഒരു  കോഴ്സ്  സ്വീകരിച്ച്  കഴിഞ്ഞാല്‍  മാറ്റം  അനുവദനീയമല്ല.  സ്പോട്ട്  അഡ്മിഷനില്‍  നോമിനികളെ  അനുവദിക്കുന്നതല്ല.  പ്രവേശനം  ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍  തന്നെ  ഹാജരാകേണ്ടതാണ്.  ടി.സി.  നിര്‍ബന്ധമായും  കൊണ്ട്  വരേണ്ടതാണ്. കോളേജും  കോഴ്സും  ഓപ്ഷനില്‍  നല്‍കിയിട്ടുള്ള  വിദ്യാര്‍ത്ഥികളെ  പരിഗണിച്ചതിന്  ശേഷം മാത്രം  കോളേജും  കോഴ്സും  ഓപ്ഷന്‍  നല്‍കാത്തവരെ  പരിഗണിക്കുകയുള്ളു.  സ്പോട്ട്  അഡ്മിഷനു  വേണ്ടി  സര്‍വകലാശാലയിലേയ്ക്ക്  അപേക്ഷകള്‍  ഒന്നും  തന്നെ  അയക്കേണ്ടതില്ല.
കൊല്ലം ജില്ലയിലെ പരവൂർ യു.ഐ.റ്റി. യിലും സ്വാശ്രയ   കോളേജായ ശങ്കർ ഇന്സ്റ്റിറ്റ്യൂട്ടിലും അനവധി ഒഴിവുണ്ട്. B.com, BBA, BA തുടങ്ങിയ കോഴ്സുകളിലാണ് ഒഴിവുള്ളത്.

Thursday, August 29, 2019

National Scholarship for brilliant students of eighth class എട്ടാംക്ലാസിലെ മിടുക്കർക്കായി ദേശീയ സ്കോളർഷിപ് (എൻ. എം. എം. എസ് - നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ്)


ഏഴാം ക്ലാസിലെ വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും 55 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയവരും രക്ഷിതാക്കളുടെ വാർഷിക വരുമാനം ഒന്നര ലക്ഷത്തിൽ കൂടാത്തവരുമായ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാം. 2019 നവംബർ 17-നാണ് പരീക്ഷ. www.scert.kerala.gov.in എന്ന സൈറ്റിൽ ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്.

എൻ.ടി.എസ്, എൻ.എം.എം.എസ് പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഒക്‌ടോബർ അഞ്ച്. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് സ്‌കൂൾ പ്രിൻസിപ്പലിനോ ഹെഡ്മാസ്റ്റർക്കോ നൽകണം. 


രണ്ട് പാർട്ടുകളായിട്ടാണ് പരീക്ഷ.

പാർട്ട് ഒന്ന് സ്കൊളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ്‌ ടെസ്റ്റ് (SAT) ആണ്. 90 ചോദ്യങ്ങൾ ഉണ്ടാവും. പരീക്ഷാ സമയം ഒന്നര മണിക്കൂർ. ഓരോ ചോദ്യത്തിനും നാല്‌ വ്യത്യസ്ത ഉത്തരങ്ങൾ ഉണ്ടാവും. ഇതിൽ ഏറ്റവും അനുയോജ്യമായ ഉത്തരം ഒ.എം.ആർ. ഉത്തരക്കടലാസിൽ പൂർണമായി കറുപ്പിച്ച് അടയാളപ്പെടുത്തുകയാണ് വേണ്ടത്. ഏഴ്, എട്ട് ക്ലാസിൽ പഠിച്ച സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടവയായിരിക്കും ചോദ്യങ്ങൾ. എട്ടാംക്ലാസിലെ സെക്കൻഡ് ടേം വരെയുള്ള പാഠഭാഗങ്ങൾ മാത്രമേ സിലബസിൽ ഉൾപ്പെട്ടിട്ടുള്ളൂ. കേവലം ഓർമ പരിശോധിക്കുന്ന രീതിയിലാവില്ല ചോദ്യങ്ങൾ. മറിച്ച് യുക്തിപൂർവം വിശകലനംചെയ്ത് ഉത്തരം എഴുതേണ്ട രീതിയിലായിരിക്കും. ഓരോ ചോദ്യത്തിനും ഒരു മാർക്ക് വീതം ആയിരിക്കും. നെഗറ്റീവ് മാർക്ക് ഇല്ല. ഒന്ന്‌ മുതൽ 35 വരെ ചോദ്യങ്ങൾ സാമൂഹ്യശാസ്ത്രത്തിൽനിന്ന്, 36 മുതൽ 70 വരെ ചോദ്യങ്ങൾ ശാസ്ത്രവിഷയത്തിൽനിന്ന്‌, 71 മുതൽ 90 വരെ ചോദ്യങ്ങൾ ഗണിതത്തിൽനിന്ന് എന്നിങ്ങനെ.

ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ ചോദ്യപ്പേപ്പർ ഉണ്ടായിരിക്കും. ഏത്‌ ഭാഷയിലാണ് വേണ്ടതെന്ന് ഓൺലൈനിൽ രേഖപ്പെടുത്തണം.
നവംബർ 17-ന് രാവിലെ 10 മുതൽ 11.30 വരെ ഒന്നാം പാർട്ടും (SAT) 1.30 മുതൽ 3.00 വരെ രണ്ടാം പാർട്ടും (MAT) പരീക്ഷ നടക്കും.  വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്, ഫോട്ടോ, ആധാർ തുടങ്ങിയവ കരുതണം. എട്ടാംക്ലാസിൽ സ്കോളർഷിപ്പ് നേടുന്ന വിദ്യാർഥിക്ക് ഒമ്പതാം ക്ലാസുമുതൽ പന്ത്രണ്ടാം ക്ലാസുവരെ മാസംതോറും 1000 രൂപ കിട്ടുന്നുവെന്നതാണ് ഇതിന്റെ സവിശേഷത.

മുൻവർഷങ്ങളിലെ ചില
ചോദ്യങ്ങൾ പരിചയപ്പെടാം.
1. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളാണ് തന്നിട്ടുള്ളത്.
(എ) ഉപ്പുസത്യാഗ്രഹം
(ബി) ക്വിറ്റിന്ത്യ പ്രസ്ഥാനം
(സി) ജാലിയൻവാലാബാഗ്
(ഡി) ചൗരി-ചൗര സംഭവം
ചുവടെ തന്നിട്ടുള്ളതിൽനിന്നും ഇവയുടെ ശരിയായ കാലഗണനാക്രമം കണ്ടെത്തുക.
(1) സി, ഡി, എ, ബി
(2) സി, ബി, ഡി, എ
(3) ഡി, എ, ബി, സി
(4) ബി, സി, ഡി, എ

ഓരോ സംഭവവും നടന്ന വർഷം കണ്ടെത്തി പിന്നീട് വർഷങ്ങളുടെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തണം. ഉത്തരം ഒന്നാമത്തെ സി.ഡി.എ.ബി. എന്നതായിരിക്കുമല്ലോ.

2. താഴെ കൊടുത്തിരിക്കുന്ന സമിതികളുടെ സ്ഥാപനത്തിന്റെ കാലഗണനാക്രമം ഏതാണ്?
(a) ആര്യസമാജം
(b) ബ്രഹ്മസമാജം
(c) പ്രാർഥനസമാജം
(d) രാമകൃഷ്ണമിഷൻ
(1) acbd (2) bcad
(3) cbda (4) cabd

ഉത്തരം: bcad

3. നിങ്ങൾ ഉദയസൂര്യനെ നോക്കിനിന്നാൽ നിങ്ങളുടെ ഇടതുവശം ഏത്‌ ദിശയിലായിരിക്കും?
(a) കിഴക്ക് (b) പടിഞ്ഞാറ്
(c) തെക്ക് (d) വടക്ക്

യുക്തിപൂർവം ചിന്തിച്ചാൽ ഉത്തരം വടക്ക് എന്ന് കിട്ടുമല്ലോ.

4. ഒരു സംഖ്യയുടെ മൂന്നുമടങ്ങിനോട് രണ്ട് കൂട്ടിയതും മൂന്നു കൂട്ടിയതിന്റെ രണ്ടുമടങ്ങും തുല്യമാണ്. സംഖ്യ ഏതാണ്?
(1) 1 (2)2 (3)3 (4)4

ഉത്തരം: 4

പാർട്ട് 2 മനോനൈപുണി പരീക്ഷയാണ്.
MAT അഥവാ Mental Ability Test

Analogy (സാമ്യം) Classification (വർഗീകരണം) Numerical Series (സംഖ്യാശ്രേണി) Reasoning (യുക്തിചിന്ത) പാറ്റേണുകൾ തിരിച്ചറിയൽ, മറഞ്ഞിരിക്കുന്ന രൂപങ്ങൾ കണ്ടെത്തൽ തുടങ്ങി വ്യത്യസ്ത രീതിയിലുള്ള ചോദ്യങ്ങളാണ് MATൽ ഉൾപ്പെടുത്തിയത്. 90 മാർക്കിനുള്ള 90 ചോദ്യങ്ങൾ ഉണ്ടാവും. 90 മിനിറ്റാണ് സമയം. ചോദ്യമാതൃകകൾ പരിചയപ്പെടുകയാണ്‌ വേണ്ടത്. ഉത്തരം പഠിക്കുകയല്ല, ഉത്തരങ്ങളിലേക്ക് എത്തിയ രീതികളാണ് പരിചയപ്പെടേണ്ടത്.

Analogy വിഭാഗത്തിൽപ്പെട്ട ചോദ്യങ്ങൾക്ക് ഉദാഹരണങ്ങൾ പരിചയപ്പെടാം.

താഴെ തന്നിരിക്കുന്ന ആദ്യ വാക്കുകൾ തമ്മിൽ ഒരു ബന്ധം ഉണ്ട്. ഇതേ ബന്ധം പാലിക്കുന്ന രീതിയിൽ വിട്ടുപോയ പദം കണ്ടെത്തുക:
(1) ഇതൾ : പൂവ്. അധ്യായം: .....?
(a) ഖണ്ഡിക (b) പുസ്തകം
(c) ശീർഷകം (d) രചയിതാവ്
(2) ചന്ദ്രൻ : ഉപഗ്രഹം. ഭൂമി: ........
(a) സൂര്യൻ (b) സൗരയൂഥം
(c) ഗ്രഹം (d) നക്ഷത്രം
(3) അസ്ഥികൂടം : ശരീരം. വ്യാകരണം: .............?
(a) വിദ്യാഭ്യാസം (b) ഭാഷ
(c) വിപരീതം (d) അർഥം

ഈ ചോദ്യങ്ങളിലെ ആദ്യത്തെ രണ്ടു വാക്കുകൾ ഒരു പ്രത്യേക ആശയത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട് നിൽക്കുന്നു. മൂന്നാമത്തെ വാക്കിനെ അതേ ആശയത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെടുത്തുകയാണ് വേണ്ടത്. ഇതൾ പൂവിനെങ്ങനെയാണോ അതേപോലെ അധ്യായം പുസ്തകത്തിനു ചേരുന്നു. ചന്ദ്രനും ഉപഗ്രഹവും എന്ന രീതിയിലാണ് ഭൂമിയും ഗ്രഹവും. അസ്ഥികൂടവും ശരീരവും തമ്മിലുള്ള ബന്ധംപോലെയാണ് വ്യാകരണവും ഭാഷയും.

സംഖ്യാശ്രേണിയുമായി ബന്ധപ്പെട്ട ചോദ്യവും യുക്തിചിന്ത ആവശ്യപ്പെടുന്നു.

മാതൃകാചോദ്യങ്ങൾ പരിചയപ്പെടാം.

1.  3, 7, 15,? 63, 127 വിട്ടുപോയ ഭാഗത്തെ സംഖ്യയേത്?
(a) 30 (b) 47 (c) 31 (d) 52

സംഖ്യാശ്രേണി
3+4 = 7
7+8 = 15
15+16 = 31
31+32 = 63
63+64 = 127 ഈ രീതിയിലായതിനാൽ 31 ഉത്തരമാവും.

2.  12, 32, 72,  152 ... 632  ഈ ശ്രേണിയിൽ വിട്ടുപോയ സംഖ്യഏത്?
(a) 352 (b) 244 (c) 270 (d) 312

ഇവിടെ 12+20 = 32, 32 + 40 = 72, 72+80= 152 എങ്കിൽ 152+160 = 312 ഉത്തരംകിട്ടും

3. 1, 4, 9, 16, 25 ............ എന്ന ശ്രേണിയിൽ വിട്ടുപോയ സംഖ്യ ഏത്?
[64.49.81.36]

12, 22, 32, 42, 52 എന്ന ക്രമത്തിലായതിനാൽ ഉത്തരം 36 ആയിരിക്കുമല്ലോ.

കലണ്ടറുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് മറ്റൊന്ന്.

ഒരു മാസത്തിലെ 17-ാം തീയതി ശനിയാഴ്ചയാണെങ്കിൽ നാലാമത്തെ വ്യാഴം ഏത്‌ തീയതി?
(a) 28 (b) 29 (c) 27 (d) 30

17 ശനിയായതിനാൽ 3, 10 തീയതികളും ശനിയായിരിക്കും. 3 ശനിയായതിനാൽ 1-ാം തീയതി വ്യാഴം ആയിരിക്കുമല്ലോ. എങ്കിൽ 8, 15, 22, 29 തീയതികൾ വ്യാഴാഴ്ചയാകും. അങ്ങനെ നാലാമത്തെ വ്യാഴം
22-ാം തീയതിയാവും.

കുടുംബബന്ധവുമായി യുക്തിചിന്താ ചോദ്യങ്ങൾ ഉണ്ടാവും. സഹോദരൻ, അമ്മാവൻ, മുത്തശ്ശി, മരുമകൻ തുടങ്ങിയ ബന്ധങ്ങൾ മനസ്സിലാക്കിയാൽ എളുപ്പത്തിൽ ഉത്തരം കണ്ടെത്താൻ കഴിയുന്നവയാണ് ഇത്തരം ചോദ്യങ്ങൾ.

 കോഡിങ്, ഡീ കോഡിങ് വിഭാഗത്തിലുള്ള ചോദ്യങ്ങൾ പരിചയപ്പെടുന്നത് കൗതുകകരവും വെല്ലുവിളി ഉയർത്തുന്നവയുമാണ്. അക്ഷരങ്ങളുടെയും അക്കങ്ങളുടെയും  പ്രത്യേക ക്രമീകരണങ്ങളിലൂടെ സൃഷ്ടിക്കുന്ന രഹസ്യഭാഷയാണ് കോഡിങ്.

ഉദാഹരണം പരിചയപ്പെടാം.

RUST = 9- 6- 8- 7
DONE = 23- 12- 13- 22 എന്നാണെങ്കിൽ TEAM എന്നത് നിങ്ങൾ എങ്ങനെ കോഡുചെയ്യും.
(a) 7-23-25-13
(b) 7-22-26-14
(c) 7-23-26-14
(d) 7-23-24-13

ഇംഗ്ലീഷ് അക്ഷരമാലയുടെ വിപരീത സംഖ്യാക്രമത്തിലാണ് കോഡിങ് നടത്തിയതെന്ന്‌ മനസ്സിലാക്കാം. D= 23, E = 22 എന്നിങ്ങനെ കാണുമ്പോൾതന്നെ സൂചന കിട്ടുമല്ലോ. ഇതിന്റെ അടിസ്ഥാനത്തിൽ കോഡ് ചെയ്താൽ 7-22-26-14 എന്നുകിട്ടും. 26-ാം അക്ഷരം A ആയതിനാൽ 2, 3 ഓപ്ഷനുകൾ മാത്രമേ പരിഗണിക്കേണ്ടതുള്ളൂ.

കൂടുതൽ പരിചയപ്പെട്ടാൽ രസകരമാവും.

DOG എന്നത് WLT എന്നും CAL എന്നത് XZG എന്നും എഴുതിയാൽ COW എന്നത് എങ്ങനെ കോഡ് ചെയ്യും.
(a) XLD (b) XLW (c) XLE (d) XDL

ഇവിടെ അക്ഷരങ്ങളാണ്  A= Z എന്ന വിപരീതക്രമത്തിൽ വന്നത്. അതിനാൽ C= X, O= L, W= D എന്ന്‌ കിട്ടുമല്ലോ.
ഉത്തരം XLD

ഒളിഞ്ഞുകിടക്കുന്നവ കണ്ടെത്താനുള്ള ചോദ്യങ്ങളും രസകരമാണ്. ഉദാഹരണത്തിന് OITPL എന്നീ അക്ഷരങ്ങളെ പുനഃക്രമീകരിച്ച് ഒരു തൊഴിലിന്റെ പേര് ഉണ്ടാക്കാൻ പറ്റിയാൽ ആ വാക്കിന്റെ മധ്യഭാഗത്തെ അക്ഷരം ഏത്?
(a) I (b) L (c) P (d) T

PILOT എന്ന വാക്കിന്റെ മധ്യഭാഗത്തെ അക്ഷരം കണ്ടെത്താമല്ലോ.

INTERPRETATION എന്ന വാക്കിലെ ഏഴാമത്തെയും പത്താമത്തെയും പന്ത്രണ്ടാമത്തെയും പതിനാലാമത്തെയും അക്ഷരങ്ങൾ ഉപയോഗിച്ച് ഒരു അർഥവത്തായ പദം എഴുതിയാൽ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതായിരിക്കും ആ വാക്കിന്റെ വലത്തേ അറ്റത്തുനിന്നും മൂന്നാമത്‌ വരുന്ന അക്ഷരം?
(a) P  (b) R (c) I (d) A

ചോദ്യം നന്നായി ശ്രദ്ധിച്ച് വായിച്ചാൽ വാക്ക് rain എന്ന്‌ കിട്ടും. പിന്നീട് ഉത്തരം എളുപ്പമായല്ലോ.

MATചോദ്യങ്ങൾ ബുദ്ധിപരീക്ഷ തന്നെയാണ്. കാണാപ്പാഠം പഠിച്ച് സ്കോർ നേടുന്നവരെക്കാൾ, യുക്തിപൂർവം ചിന്തിക്കാൻ കഴിയുന്നവർക്ക് ഈ പാർട്ടിൽ കൂടുതൽ സ്കോർ നേടാൻ കഴിയും. ഉത്തരത്തിലേക്ക് പലപ്പോഴും ഒന്നിലധികം വഴികൾ ഉണ്ട് എന്നതും ഇത്തരം ചോദ്യങ്ങളുടെ സവിശേഷതയാണ്.

ഒരു സ്കൂളിൽ അഞ്ച് അധ്യാപകർ. A, B എന്നീ അധ്യാപകർ ഫിസിക്സും കെമിസ്ട്രിയും പഠിപ്പിക്കും
C, B എന്നിവർ കെമിസ്ട്രിയും ജിയോഗ്രഫിയും പഠിപ്പിക്കും
D, A എന്നിവർ ഗണിതവും ഫിസിക്സും പഠിപ്പിക്കും.
E, B എന്നിവർ ഹിന്ദിയും മലയാളവും പഠിപ്പിക്കും
എങ്കിൽ ഏറ്റവും കൂടുതൽ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകൻ
(a) A (b) B (c) C   (d) D

ശരാശരി, ദിശ, ദൂരം, ക്ലോക്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഈ പാർട്ടിൽ പ്രതീക്ഷിക്കാം. SAT, MAT എന്നീ വിഷയങ്ങൾക്ക് ഒന്നാകെ 40% മാർക്ക് ലഭിച്ചാൽ സ്കോളർഷിപ്പിന് അർഹരായി. എസ്.സി., എസ്.ടി, അംഗപരിമിതർ എന്നിവർക്ക് കുറഞ്ഞ മാർക്ക്  32 ശതമാനം  ആണ്.

Sunday, August 18, 2019

കേരള പുനർനിർമാണത്തിൽ ഗ്രന്ഥശാലാ പ്രവർത്തകർ മുന്നിട്ടിറങ്ങണം: ലൈബ്രറി കൗൺസിൽ Library activists must take the lead in rebuilding Kerala: Library Council


മഴക്കെടുതിയിൽ തകർന്ന കേരളത്തെ പുനർനിർമിക്കാനുള്ള യജ്ഞത്തിൽ ഗ്രന്ഥശാലാ പ്രവർത്തകർ സജീവമായി പങ്കെടുക്കണമെന്ന് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണനും സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടനും ആവശ്യപ്പെട്ടു.

ദുരിതാശ്വാസ പ്രവർത്തനത്തിൽ ഗ്രന്ഥശാലാ പ്രവർത്തകർ മുന്നിട്ടിറങ്ങി അഭിമാനാർഹമായ പ്രവർത്തനം നടത്തിയിട്ടുണ്ട്. കേരളത്തെ പുനർനിർമിക്കാനുള്ള പ്രവർത്തനത്തിലും പ്രവർത്തകർ മുന്നിട്ടിറങ്ങണം. എല്ലാ ലൈബ്രറികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരണം നടത്തണം.  ഗ്രന്ഥശാലകൾ ശേഖരിക്കുന്ന ഫണ്ട് താലൂക്ക് ലൈബ്രറി കൗൺസിലുകളെ ഏൽപ്പിക്കണം.  ജില്ലാ ലൈബ്രറി കൗൺസിലുകൾ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ഫണ്ട് ശേഖരിച്ച് സ്റ്റേറ്റ് ലൈബ്രറി കൗൺസിലിനെ ഏൽപിക്കണം.  ഈ പ്രവർത്തനങ്ങളുമായി ഗ്രന്ഥശാലാ പ്രവർത്തകരും അഭ്യുദയകാംക്ഷികളും സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു.

Saturday, August 17, 2019

ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം(പി.ജി) - 2019 ജനറല്‍/മറ്റ് വിഭാഗങ്ങള്‍ക്ക് സ്പോട്ട് അലോട്ട്മെന്‍റ് First Year Post Graduate Admission (PG) - 2019 Spot / Allotment for General / Other categories

ഒന്നാം  വര്‍ഷ  ബിരുദാനന്തര  ബിരുദ  പ്രവേശനം(പി.ജി)  -  2019 ജനറല്‍/മറ്റ്  വിഭാഗങ്ങള്‍ക്ക്    സ്പോട്ട്  അലോട്ട്മെന്‍റ്  മേഖല  തലത്തില്‍

സര്‍വകലാശാലയോട്  അഫിലിയേറ്റ്  ചെയ്തിട്ടുള്ള  ഗവണ്‍മെന്‍റ്/  എയ്ഡഡ്/  സ്വാശ്രയ/ യു.ഐ.റ്റി./  ഐ.എച്ച്.ആര്‍.ഡി.  കോളേജുകളില്‍  ഒന്നാം  വര്‍ഷ  പി.ജി  കോഴ്സുകളിലെ  ഒഴിവുള്ള സീറ്റുകളിലേയ്ക്ക്    ജനറല്‍/മറ്റ്  സംവരണ  വിഭാഗങ്ങള്‍ക്ക്  മേഖല  തലത്തില്‍  സ്പോട്ട്  അലോട്ട്മെന്‍റ്  നടത്തുന്നു.  കൊല്ലം  മേഖലയിലും  ആലപ്പുഴ  മേഖലയിലും  ഉള്‍പ്പെടുത്തിയിട്ടുള്ള  കോളേജുകളിലേയ്ക്ക്  ആഗസ്റ്റ്  22-ാം  തീയതി  യഥാക്രമം  കൊല്ലം  എസ്.എന്‍  കോളേജിലും,  ആലപ്പുഴ എസ്.ഡി.കോളേജിലും,  തിരുവനന്തപുരം  മേഖലയിലും  അടൂര്‍  മേഖലയിലും  ഉള്‍പ്പെടുത്തിയിട്ടുള്ള  കോളേജുകളിലേയ്ക്ക്      ആഗസ്റ്റ്  24-ാം  തീയതി  യഥാക്രമം  സര്‍വകലാശാല  ആസ്ഥാനത്തുള്ള  സെനറ്റ്  ഹാളിലും  അടൂര്‍  സെന്‍റ്  സിറിള്‍സ്  കോളേജിലുമാണ്  സ്പോട്ട്  അലോട്ട്മെന്‍റ് നടത്തുന്നത്. 

എസ്.സി/എസ്.ടി  സ്പോട്ട്  അലോട്ട്മെന്‍റിന്  ശേഷം  ഒഴിവ്  വന്ന  സീറ്റുകള്‍  അര്‍ഹരായ  മറ്റു  വിഭാഗങ്ങളിലേയ്ക്ക്  നിയമാനുസൃതം  മാറ്റി  ഈ  സ്പോട്ട്  അലോട്ട്മെന്‍റ്  വഴി  നികത്തുന്നതാണ്.  രാവിലെ  9  മണി  മുതല്‍  11  മണി  വരെ  വിദ്യാര്‍ത്ഥികള്‍  ഓണ്‍ലൈന്‍  അപേക്ഷയുടെ പ്രിന്‍റ്  ഔട്ട്  സഹിതം  ഹാജരായി  റിപ്പോര്‍ട്ട്  ചെയ്യണം.  ഈ  സമയത്തിനകം  ഹാജരായി  രജിസ്റ്റര്‍ ചെയ്തവരില്‍  നിന്നും  റാങ്ക്  പട്ടിക  തയ്യാറാക്കി  സ്പോട്ട്  അലോട്ട്മെന്‍റ്  നടത്തും. 

നിലവില്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്പോട്ട് അലോട്ട്മെന്‍റില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി.വാങ്ങുവാന്‍ പാടുള്ളൂ. ഇതുവരെ പ്രവേശനം ലഭിക്കാതെ സ്പോട്ട് അലോട്ട്മെന്‍റില്‍ പങ്കെടുക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ കൈവശം യോഗ്യതയും ജാതിയും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടായിരിക്കണം. കോളേജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാല്‍ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. രജിസ്ട്രേഷന്‍ സമയം (രാവിലെ 9 മുതല്‍ 11 മണി വരെ) കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഓരോ മേഖലയിലും ഉള്‍പ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. 

    സ്പോട്ട് അലോട്ട്മെന്‍റില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്‍റ് ഔട്ട് നിര്‍ബന്ധമായും കൊണ്ട് വരേണ്ടതാണ്.രജിസ്ട്രേഷന്‍ സമയത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും സര്‍വകലാശാല തയ്യാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നടക്കുക. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇല്ലാത്തവരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള എല്ലാവരേയും പരിഗണിച്ചതിന് ശേഷം മാത്രമേ അലോട്ട്മെന്‍റില്‍ പരിഗണിക്കുകയുള്ളൂ. അലോട്ട്മെന്‍റ് ലഭിച്ചാല്‍ ഉടന്‍ തന്നെ ഒടുക്കേണ്ടതായ പ്രവേശന ഫീസ് 1040/- രൂപ (എസ്.സി/എസ്.ടി വിഭാഗം 310/-രൂപ) കൈയില്‍ കരുതേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ലഭിക്കുകയാണെങ്കില്‍ രജിസ്ട്രേഷന്‍ ഫീസായ 535/- രൂപയും (എസ്.സി/എസ്.ടി വിഭാഗം 270/-രൂപ) ഒടുക്കേണ്ടതാണ്. ഇതിനായി കൂടുതല്‍ സമയം അനുവദിക്കുന്നതല്ല.

നിലവില്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ കോളേജില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ്, ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് എന്നിവ നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്. പ്രവേശന ഫീസ് മുന്‍പ് ഒടുക്കിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ വീണ്ടും ഈ തുക ഒടുക്കേണ്ടതില്ല. ആയതിനാല്‍ അവര്‍ ഈ തുക ഒടുക്കിയ രസീതിന്‍റെ പകര്‍പ്പ് നിശ്ചയമായും കൈവശം സൂക്ഷിക്കേണ്ടതാണ്. സ്വാശ്രയ(മെറിറ്റ് സീറ്റുകള്‍)/യു.ഐ.റ്റി. കോളേജുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും മേല്‍ പറഞ്ഞ തീയതികളില്‍ സ്പോട്ട് അലോട്ട്മെന്‍റില്‍ പങ്കെടുക്കേണ്ടതാണ്.

കോളേജ് തലത്തില്‍ നേരിട്ടുള്ള പ്രവേശനം അനുവദിക്കുന്നതല്ല. സര്‍വകലാശാല നിശ്ചയിക്കുന്ന തീയതിക്കു ശേഷം ഒരു കാരണവശാലും പ്രവേശനം അനുവദിക്കുന്നതല്ല. രജിസ്ട്രേഷന്‍ ഉള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളേയും പരിഗണിച്ച ശേഷം മാത്രമേ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇല്ലാത്തവരെ പരിഗണിക്കുകയുള്ളു. സ്പോട്ട് അലോട്ട്മെന്‍റിനായി സര്‍വകലാശാലയിലേയ്ക്ക് അപേക്ഷകള്‍ ഒന്നും തന്നെ അയയ്ക്കേണ്ടതില്ല.

Friday, August 16, 2019

Wednesday, August 14, 2019

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം - 2019 ജനറല്‍/മറ്റ് വിഭാഗങ്ങള്‍ക്ക് സ്പോട്ട് അലോട്ട്മെന്‍റ് Spot allotment for General / Other categories

ഒന്നാം വര്‍ഷ  ബിരുദ പ്രവേശനം  - 2019 ജനറല്‍/മറ്റ് വിഭാഗങ്ങള്‍ക്ക്   സ്പോട്ട്  അലോട്ട്മെന്‍റ് മേഖല  തലത്തില്‍

സര്‍വകലാശാലയോട് അഫിലിയേറ്റ്  ചെയ്തിട്ടുള്ള  ഗവണ്‍മെന്‍റ്/  എയ്ഡഡ്/ സ്വാശ്രയ/ യു.ഐ.റ്റി./  ഐ.എച്ച്.ആര്‍.ഡി.  കോളേജുകളില്‍  ഒന്നാം  വര്‍ഷ  ബിരുദ  കോഴ്സുകളിലെ  ഒഴിവുള്ള  സീറ്റുകളിലേയ്ക്ക്    ജനറല്‍/മറ്റ്  സംവരണ  വിഭാഗങ്ങള്‍ക്ക്  മേഖല  തലത്തില്‍  സ്പോട്ട്  അലോട്ട്മെന്‍റ്  നടത്തുന്നു.  തിരുവനന്തപുരം  മേഖലയിലുള്ള കോളേജുകളുടെ  സ്പോട്ട്  അലോട്ട്മെന്‍റ്    ആഗസ്റ്റ്  17-ാം  തീയതി  സര്‍വകലാശാല  ആസ്ഥാനത്തുള്ള  സെനറ്റ്  ഹാളിലും,  അടൂര്‍  മേഖലയിലേത്  ആഗസ്റ്റ്  19-ാം  തീയതി  അടൂര്‍  സെന്‍റ് സിറിള്‍സ്  കോളേജിലും,  ആലപ്പുഴ  മേഖലയിലേത്  ആഗസ്റ്റ്  20-ാം  തീയതി  ആലപ്പുഴ എസ്.ഡി.  കോളേജിലും,  കൊല്ലം  മേഖലയിലേത്  ആഗസ്റ്റ്  21-ാം  തീയതി  കൊല്ലം  എസ്.എന്‍ കോളേജിലും  നടത്തുന്നതാണ്. 

മേഖലാതലത്തില്‍  നടന്ന  എസ്.സി/എസ്.ടി  സ്പോട്ട് അലോട്ട്മെന്‍റിന്  ശേഷം  ഒഴിവ്  വന്ന  സീറ്റുകള്‍  അര്‍ഹരായ  മറ്റു  വിഭാഗങ്ങളിലേയ്ക്ക്  നിയമാനുസൃതം  മാറ്റി  ഈ  സ്പോട്ട് അലോട്ട്മെന്‍റ്  വഴി  നികത്തുന്നതാണ്. രാവിലെ  9  മണി  മുതല്‍  11  മണി  വരെ  വിദ്യാര്‍ത്ഥികള്‍  ഓണ്‍ലൈന്‍  അപേക്ഷയുടെ പ്രിന്‍റ്  ഔട്ട്  സഹിതം  ഹാജരായി  റിപ്പോര്‍ട്ട്  ചെയ്യണം.  ഈ  സമയത്തിനകം  ഹാജരായി  രജിസ്റ്റര്‍  ചെയ്തവരില്‍  നിന്നും  റാങ്ക്  പട്ടിക  തയ്യാറാക്കി  സ്പോട്ട്  അലോട്ട്മെന്‍റ്  നടത്തും. നിലവില്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്പോട്ട് അലോട്ട്മെന്‍റില്‍  പ്രവേശനം  ഉറപ്പായാല്‍  മാത്രമേ  ടി.സി.വാങ്ങുവാന്‍  പാടുള്ളൂ.

  ഇതുവരെ പ്രവേശനം  ലഭിക്കാതെ  സ്പോട്ട്  അലോട്ട്മെന്‍റില്‍  പങ്കെടുക്കാന്‍  വരുന്ന  വിദ്യാര്‍ത്ഥികളുടെ കൈവശം  യോഗ്യതയും  ജാതിയും  തെളിയിക്കുന്ന  അസ്സല്‍  സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടായിരിക്കണം.  കോളേജും  കോഴ്സും  അലോട്ട്  ചെയ്തു  കഴിഞ്ഞാല്‍  യാതൊരു കാരണവശാലും  മാറ്റം  അനുവദിക്കുകയില്ല.  രജിസ്ട്രേഷന്‍  സമയം  (രാവിലെ  9  മുതല്‍  11 മണി  വരെ)  കഴിഞ്ഞു  വരുന്നവരെ  ഒരു  കാരണവശാലും  പരിഗണിക്കുന്നതല്ല.  ഓരോ മേഖലയിലും  ഉള്‍പ്പെടുത്തിയിരിക്കുന്ന  കോളേജുകളുടെ  വിവരം,  ഒഴിവുള്ള  സീറ്റുകളുടെ
വിവരം എന്നിവ സര്‍വകലാശാല വെബ്സൈറ്റില്‍  പ്രസിദ്ധീകരിക്കും.     

സ്പോട്ട് അലോട്ട്മെന്‍റില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്‍റ് ഔട്ട് നിര്‍ബന്ധമായും കൊണ്ട് വരേണ്ടതാണ്.രജിസ്ട്രേഷന്‍ സമയത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും സര്‍വകലാശാല തയ്യാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നടക്കുക. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇല്ലാത്തവരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള എല്ലാവരേയും പരിഗണിച്ചതിന് ശേഷം മാത്രമേ അലോട്ട്മെന്‍റില്‍ പരിഗണിക്കുകയുള്ളൂ.

അലോട്ട്മെന്‍റ് ലഭിച്ചാല്‍ ഉടന്‍ തന്നെ ഒടുക്കേണ്ടതായ പ്രവേശന ഫീസ് 1860/- രൂപ (എസ്.സി/എസ്.ടി വിഭാഗം 940/-രൂപ). ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ലഭിക്കുകയാണെങ്കില്‍ രജിസ്ട്രേഷന്‍ ഫീസായ 430/- രൂപയും (എസ്.സി/എസ്.ടി വിഭാഗം 220/-രൂപ) ഒരുക്കേണ്ടതാണ്. ഇതിനായി കൂടുതല്‍ സമയം അനുവദിക്കുന്നതല്ല. നിലവില്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ കോളേജില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ്, ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് എന്നിവ നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്. പ്രവേശന ഫീസ് മുന്‍പ് ഒടുക്കിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ വീണ്ടും ഈ തുക ഒരുക്കേണ്ടതില്ല. ആയതിനാല്‍ അവര്‍ ഈ തുക ഒടുക്കിയ രസീതിന്‍റെ പകര്‍പ്പ് നിശ്ചയമായും കൈവശം സൂക്ഷിക്കേണ്ടതാണ്. സ്വാശ്രയ(മെറിറ്റ് സീറ്റുകള്‍)/യു.ഐ.റ്റി. കോളേജുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും മേല്‍ പറഞ്ഞ തീയതികളില്‍ സ്പോട്ട് അലോട്ട്മെന്‍റില്‍ പങ്കെടുക്കേണ്ടതാണ്. കോളേജ് തലത്തില്‍ നേരിട്ടുള്ള പ്രവേശനം അനുവദിക്കുന്നതല്ല. സര്‍വകലാശാല നിശ്ചയിക്കുന്ന തീയതിക്കു ശേഷം ഒരു കാരണവശാലും പ്രവേശനം അനുവദിക്കുന്നതല്ല. രജിസ്ട്രേഷന്‍ ഉള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളേയും പരിഗണിച്ച ശേഷം മാത്രമേ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇല്ലാത്തവരെ പരിഗണിക്കുകയുള്ളു. സ്പോട്ട് അലോട്ട്മെന്‍റിനായി സര്‍വകലാശാലയിലേയ്ക്ക് അപേക്ഷകള്‍ ഒന്നും തന്നെ അയയ്ക്കേണ്ടതില്ല.