ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Friday, February 28, 2020

മാതൃകയാക്കാം ചിറക്കരയിലെ പകല്‍വീടും ബഡ്സ് സ്‌കൂളും Pakal Veedu and Buds School of Chirakkara should be taken as a role model


വയോജനങ്ങള്‍ക്കും  ഭിന്നശേഷിക്കാര്‍ക്കും  കരുതലും സംരക്ഷണവുമായി മാതൃക തീര്‍ക്കുകയാണ് ചിറക്കര ഗ്രാമപഞ്ചായത്തിലെ  പകല്‍വീടും ബഡ്സ്    സ്‌കൂളും. 

2008 ല്‍ ചിറക്കര ഇടവട്ടം വാര്‍ഡില്‍ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ നിര്‍മാണം ആരംഭിച്ച പകല്‍വീട് 2018 മുതലാണ് പ്രവര്‍ത്തന സജ്ജമായത്. പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വയോജനങ്ങള്‍ക്ക് പകല്‍ സമയങ്ങളില്‍ ആവശ്യമായ ശാരീരിക മാനസിക പരിചരണങ്ങള്‍ ഇവിടെ നല്‍കുന്നു.  കിടപ്പുമുറികള്‍, ഹാള്‍, റിക്രിയേഷന്‍ റൂം എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയതാണ് പകല്‍ വീട്.

മൂന്ന് നേരം ഭക്ഷണത്തോടൊപ്പം ദിനപ്പത്രം, ടെലിവിഷന്‍, വാദ്യോപകരണങ്ങള്‍, യോഗ, കൃഷിയിലൂടെ മാനസികോല്ലാസം വര്‍ധിപ്പിക്കുന്ന അഗ്രോ തെറാപ്പി എന്നിവയും  ഇവിടെ ഒരുക്കിയിട്ടുണ്ട്. എല്ലാ മാസവും മുടങ്ങാതെയുള്ള അലോപ്പതി, ഹോമിയോ, ആയുര്‍വേദ ഡോക്ടര്‍മാരുടെ സേവനവും കൗണ്‍സലിംഗുകളും പകല്‍വീടിന്റെ പ്രവര്‍ത്തനങ്ങളെ മികച്ചതാക്കുന്നു. മാതൃകാപരമായ  ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ  സാമൂഹ്യനീതി വകുപ്പിന്റെ സായംപ്രഭ പദ്ധതിയില്‍ അംഗത്വം നേടുവാനും പഞ്ചായത്തിനായി. നാല് അലോപ്പതി ഡോക്ടര്‍മാര്‍, വാഹനസൗകര്യം, മിനി ജിംനേഷ്യം എന്നീ സൗകര്യങ്ങള്‍ സായംപ്രഭയിലൂടെ പകല്‍വീടിന് ലഭിക്കും. ഇതോടൊപ്പം വിരസതയകറ്റാന്‍   പേപ്പര്‍ബാഗ്, മെഴുകുതിരി എന്നിവ നിര്‍മിക്കുന്നതിനുളള തൊഴില്‍ പരിശീലനവും പഞ്ചായത്തിന്റെ പരിഗണനയിലുണ്ട്.

പഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ  ശാരീരിക ഉന്നമനം ലക്ഷ്യമാക്കി  2016-ല്‍ ആരംഭിച്ച ബഡ്സ് സ്‌കൂളും മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. പകല്‍വീട് കെട്ടിടത്തിലാണ് നിലവില്‍ ബഡ്സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ടീച്ചര്‍, ആയ എന്നിവരുടെ സേവനവും  വാഹന സൗകര്യവും ഇവിടെ ലഭ്യമാണ്. ഓരോരുത്തരെയും പ്രത്യേകം നിരീക്ഷിച്ച്  അവര്‍ക്കാവശ്യമായ പഠന രീതികളാണ് സ്‌കൂളിലുള്ളത്.  ബഡ്സ് തെറാപ്പി, അഗ്രോ തെറാപ്പി, യോഗ,   വിവിധ കലാപരിശീലനങ്ങള്‍ എന്നിവ ഇവിടെ നല്‍കുന്നുണ്ട്.
പകല്‍വീട്, ബഡ്സ് സ്‌കൂള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിന് പഞ്ചായത്ത് പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്ന് ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ദീപു പറഞ്ഞു.

Thursday, February 13, 2020

മുന്നോക്ക സംവരണം: അറിയണം അർഹതാ മാനദണ്ഡങ്ങൾ Economically Weaker Section (EWS) Reservation

ആർ സുരേഷ് കുമാർ

മുന്നോക്ക  വിഭാഗങ്ങളിലെ  പിന്നോക്കക്കാര്‍ക്ക്  (Economically Weaker   Sections)   10%   സംവരണം     മാനണ്ഡങ്ങളും വ്യവസ്ഥകളും-- സർക്കാർ ഉത്തരവ്

CERTIFICATE TO BE PRODUCED BY THE APPLICANTS BELONGING TO
ANTHYODAYA ANNAYOJANA (AAY) AND PRIORITY HOUSE HOLD (PHH)
CATEGORY


INCOME AND ASSETS CERTIFICATE TO BE PRODUCED BY ECONOMICALLY
WEAKER SECTIONS (EWSs) IN GENERAL CATEGORY

വരുമാനവും  ആസ്തിയും  സംബന്ധിച്ച  സാക്ഷ്യപത്രത്തിനുളള അപേക്ഷാഫോറം


പ്രൊഫഷണൽ കോഴ്സുകളിൽ ഇഡബ്ല്യുഎസ് (എക്കണോമിക്കലി വീക്കർ സെക്‌‌ഷൻസ്‌)ഭാഗത്തിനുള്ള സംവരണത്തെക്കുറിച്ച് നിരവധി അന്വേഷണങ്ങൾ വരുന്നുണ്ട്. കേരളത്തിൽ കഴിഞ്ഞ അധ്യയന വർഷത്തിലാണ് ആദ്യമായി ഇഡബ്ല്യുഎസ് വിഭാഗത്തിൽ അഡ്മിഷൻ നടന്നത്. അത് എംബിബിഎസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ് കോഴ്സുകളിലായിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന  വിഭാഗക്കാരുടെ അർഹത തെളിയിക്കുന്നതിന് ആവശ്യമായ രേഖ സമർപ്പിക്കാൻ അന്ന് നിർദ്ദേശിച്ചത് 2019 മാർച്ച്‌ 14 ലെ   സർക്കാർ ഉത്തരവ് (എംഎസ്) നം. 52/2019 ജിഎഡി പ്രകാരമാണ്. തഹസിൽദാരുടെ റാങ്കിൽ കുറയാത്ത റവന്യൂ അധികാരിയായിരുന്നു സർട്ടിഫിക്കറ്റ് നൽകേണ്ടിയിരുന്നത്.

സാമ്പത്തിക പിന്നോക്കാവസ്ഥയുടെ മാനദണ്ഡങ്ങൾ സമഗ്രപരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന ആവശ്യം പരിഗണിച്ച് ഇതിനിടയിൽ സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. റിട്ട. ജസ്റ്റിസ് കെ ശശിധരൻനായർ ചെയർമാനും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ. എം രാജഗോപാലൻനായർ മെമ്പറുമായ സമിതി റിപ്പോർട്ട് സമർപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ 2020 ജനുവരി മൂന്നിന്‌ സർക്കാർ ഉത്തരവ് (ജിഒ (പി)നം. 1/2020/പി ആൻഡ്‌ എആർഡി) പുറത്തിറങ്ങുകയും ചെയ്തിട്ടുണ്ട്. ഈ വർഷം മുതൽ ഈ ഉത്തരവാണ് ഉന്നത വിദ്യാഭ്യാസരംഗത്തെ ഇഡബ്ല്യുഎസ് സംവരണങ്ങൾക്ക് ബാധകമാവുക. പിഎസ്‌സി നിയമനങ്ങളിലും സാമ്പത്തിക സംവരണം വന്നാൽ ഈ വ്യവസ്ഥകൾ തന്നെയായിരിക്കും സ്വീകരിക്കുക.

കുടുംബത്തിന്റെ ആകെ വാർഷിക വരുമാനം നാലു ലക്ഷം രൂപയിൽ കവിയാത്തവർക്ക് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 15, 16 എന്നിവയിലെ ക്ലോസ് 6 പ്രകാരം ഇഡബ്ല്യുഎസ് സംവരണത്തിന് അർഹതയുണ്ടായിരിക്കും. കുടുംബമെന്ന് പറയുമ്പോൾ ആനുകൂല്യം ലഭിക്കേണ്ടയാളുടെ മാതാപിതാക്കൾ, പതിനെട്ട് വയസ്സിൽ താഴെയുള്ള സഹോദരങ്ങൾ, ഭാര്യ/ഭർത്താവ്, 18 വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവരെല്ലാം ഉൾപ്പെടും. വരുമാനം കണക്കാക്കുമ്പോൾ ചിലതെല്ലാം ഒഴിവാക്കിയിട്ടുണ്ട്. സാമൂഹ്യസുരക്ഷാ പെൻഷൻ, കുടുംബപെൻഷൻ, തൊഴിലില്ലായ്മാ വേതനം, ഉത്സവബത്ത, യാത്രാബത്ത, ജോലിയിൽനിന്ന് പിരിയുമ്പോഴുള്ള ടെർമിനൽ ആനുകൂല്യങ്ങൾ എന്നിവ അങ്ങനെ ഒഴിവാക്കപ്പെടുന്നവയാണ്. കോർപറേഷൻ, മുനിസിപ്പാലിറ്റി മേഖലകളിലെ അംഗീകൃതപരിധിക്കുള്ളിലെ ഹൗസ്  പ്ലോട്ടുകളിൽനിന്നുള്ള കാർഷികാദായവും ഒഴിവാക്കുന്നതാണ്.

പഞ്ചായത്ത് മേഖലയിൽ രണ്ടര ഏക്കറിനും മുനിസിപ്പാലിറ്റി മേഖലയിൽ 75 സെന്റിനും കോർപറേഷൻ പരിധിയിൽ 50 സെന്റിനും മുകളിൽ ഭൂമിയുള്ള കുടുംബങ്ങൾക്ക് ഇഡബ്ല്യുഎസ് സംവരണത്തിന് അർഹതയുണ്ടാവില്ല. ഗ്രാമമേഖലയിലും മുനിസിപ്പാലിറ്റി, കോർപറേഷൻ പരിധികളിലുമുള്ള ഭൂമി ഒരുമിച്ച് കൂട്ടിയാൽ രണ്ടര ഏക്കറിൽ കൂടുതൽ വരുന്നവർക്കും അർഹതയുണ്ടാവില്ല. അതുപോലെ മുനിസിപ്പാലിറ്റി, കോർപറേഷൻ പരിധികളിലെ ഭൂമി ഒരുമിച്ച്‌ കൂട്ടിയാൽ 75 സെന്റിന് മുകളിൽ വന്നാലും സംവരണം ലഭിക്കില്ല. എല്ലാ തരത്തിലുള്ള ഭൂമിയും അളവിന്റെ പരിധിയിൽ ഉൾപ്പെടുന്നതാണ്.

മുനിസിപ്പാലിറ്റി മേഖലയിൽ 20 സെന്റിനും കോർപറേഷൻ പരിധിയിൽ 15 സെന്റിനും മുകളിൽ ഹൗസ് പ്ലോട്ടുകൾ ഉള്ള കുടുംബങ്ങൾക്ക് സംവരണാർഹതയുണ്ടാവില്ല. ഒന്നിലധികം ഹൗസ് പ്ലോട്ടുകൾ ഉണ്ടെങ്കിൽ ഒരുമിച്ച് കണക്കാക്കും. മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലും ഹൗസ് പ്ലോട്ടുകൾ ഉണ്ടെങ്കിൽ രണ്ടിനുമായി 20 സെന്റിൽ കൂടുതലുണ്ടെങ്കിലും അർഹത ലഭിക്കില്ല. ഹൗസ് പ്ലോട്ട് എന്നത് വീട് നിൽക്കുന്ന സ്ഥലമോ വീട് നിർമിക്കാൻ യോജിച്ച സ്ഥലമോ ആണ്.

അന്ത്യോദയ അന്നയോജന (എഎവൈ) വിഭാഗത്തിലോ മുൻഗണനാ പട്ടികയിലുള്ള (പിഎച്ച്‌എച്ച്‌) വിഭാഗത്തിലോ ഉള്ള റേഷൻകാർഡിൽ പേരുള്ള അപേക്ഷകരെ മറ്റൊരു പരിഗണനയുമില്ലാതെ തന്നെ ഇഡബ്ല്യുഎസ് സംവരണാർഹരായി കണക്കാക്കുന്നതാണ്. അത്തരം റേഷൻ കാർഡിൽ പേരുള്ളയാളാണ് അപേക്ഷകർ എന്ന് വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.

വരുമാനം കണക്കാക്കുമ്പോൾ അപേക്ഷ നൽകുന്നതിന് തൊട്ടുമുൻ സാമ്പത്തികവർഷത്തെ കുടുംബ വാർഷിക വരുമാനമാണ് പരിഗണിക്കുക. കുടുംബത്തിന്റെ മൊത്തം വസ്തുവകകളെക്കുറിച്ച് അപേക്ഷകൻ തന്നെ വിവരങ്ങൾ നൽകേണ്ടതാണ്. തെറ്റായ വിവരങ്ങൾ നൽകി സർട്ടിഫിക്കറ്റ് വാങ്ങിയതായി പിന്നീട് തെളിഞ്ഞാൽ അഡ്മിഷനുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നതും സർക്കാർ നിശ്ചയിക്കുന്ന നടപടികൾക്ക് വിധേയമാക്കുന്നതുമാണ്. സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള അധികാരി വില്ലേജ് ഓഫീസർ ആണ്. പരാതികളുള്ളവർക്ക് അപ്പീലധികാരിയായ തഹസിൽദാരെ സമീപിക്കാം. അതിനും മുകളിൽ ആർഡിഒ റിവിഷണൽ അധികാരിയായിരിക്കും.

Saturday, January 25, 2020

Online Verification of SSLC 2020 Certificate Details എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്: വിവരങ്ങൾ പരിശോധിക്കാം


2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്ന വിദ്യാർത്ഥി വിവരങ്ങൾ ഓൺലൈനായി രക്ഷിതാക്കൾക്ക് പരിശോധിക്കാം. '' https://sslcexam.kerala.gov.in '' ലെ '' Candidate Date Part Certificate View '' എന്ന ലിങ്കിലൂടെ വിദ്യാഭ്യാസജില്ല, സ്‌കൂൾ, അഡ്മിഷൻ നമ്പർ, ജനനതീയതി എന്നിവ നൽകി സർട്ടിഫിക്കറ്റിലെ വിവരങ്ങൾ പരിശോധിക്കാം. പരിശോധനയിൽ തെറ്റുകൾ കണ്ടെത്തിയാൽ സ്‌ക്കൂൾ പ്രഥമാധ്യാപകരെ 29നകം വിവരം അറിയിക്കണം.

Monday, January 13, 2020

കഥ തുടരുകയാണ് Chirakkara Salim Kumar's 40-year career in storytelling



പ്രശാന്ത് ചിറക്കര

കഥാപ്രസംഗ കലയിൽ 40 വർഷം പൂർത്തിയാക്കിയ ചിറക്കര സലിംകുമാറിന്റെ കലാജീവിതം:

കേരളത്തിലെ ഉത്സവകാല രാവുകൾ കലയുടെ ആഘോഷരാവുകൾ കൂടിയായിരുന്നു. അത് മലയാളിയുടെ ഗൃഹാതുരമായ, എന്നാൽ ഇനിയും പൂർണ്ണമായി മാഞ്ഞുപോയിട്ടില്ലാത്ത ഒരു സാംസ്‌ക്കാരിക അനുഭവലോകമാണ്. കേരളത്തിൽ ജനകീയ കലകൾ വളർന്ന് വികസിച്ചത് ഉത്സവ പറമ്പുകളിലെ ആസ്വാദകലോകത്തിന് മുന്നിലാണ്. മലയാളിയുടെ കലാ സാംസ്‌ക്കാരിക രാഷ്ട്രീയ ബോധത്തെ ഈ ജനകീയ കലകൾ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട് എന്നത് നിസ്തർക്കമാണ്. ഉത്സവപ്പറമ്പുകളിലെ മഞ്ഞിന്റെ തണുപ്പിൽ, കഥാപ്രസംഗകനെ കേൾക്കുന്നതിന് ഉറക്കമിളച്ച് കാതുകൂർപ്പിച്ചിരുന്ന ആസ്വാദകർക്കുമുന്നിലെ കോളാമ്പിയിലൂടെ കഥയും പാട്ടുമായി ഒഴുകിവന്നത് പ്രണയവും കദനവും ഹാസ്യവും മാത്രമായിരുന്നില്ല. ആ കഥകളുടെ പ്രവാഹത്തിൽ ചരിത്രവും രാഷ്ട്രീയവും വിപ്ലവബോധവും കൂടി ഉൾച്ചേർന്നിരുന്നു. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് സാമാന്യ ജനങ്ങൾക്കിടയിൽ വേരോട്ടമുണ്ടാക്കിയതിൽ നാടകത്തിനൊപ്പം കഥാപ്രസംഗവും സുപ്രധാനമായ പങ്ക് നിർവ്വഹിക്കുകയുണ്ടായി. കേരളത്തിലെ സാമൂഹ്യമാറ്റങ്ങൾക്ക് ചാലകശക്തിയായിത്തീർന്ന ജനകീയ മാധ്യമങ്ങളിലൊന്നായിരുന്നു കഥാപ്രസംഗം എന്നത് നമ്മുടെ കലാചരിത്രത്തിലെ മായാമുദ്രയാണ്. കെ കെ വാധ്യാർ മുതൽ വി സാംബശിവൻ വരെ നീളുന്ന ഒരു വലിയ നിരയായിരുന്നു നമ്മുടെ ആധുനിക കഥാപ്രസംഗരംഗത്തെ സാമൂഹ്യപ്രതിബദ്ധമാക്കുന്നതിൽ വലിയ പങ്കുവഹിച്ചത്.

വി സാംബശിവനിൽ നാം ഈ കലയുടെ ഉത്തുംഗശൃംഗങ്ങൾ കണ്ടു. കഥാപ്രസംഗ രംഗത്തെ ആ മഹാമേരുവിന്റെ പ്രതിഭയുടെ പരാഗങ്ങൾ പേറുന്ന, ആ മഹത്തായ കലാപാരമ്പര്യത്തിന്റെ പാദമുദ്രകൾ പിന്തുടർന്ന് സഞ്ചരിക്കുന്ന കാഥികനാണ് ചിറക്കര സലിംകുമാർ. ചിറക്കര സലിംകുമാർ അദ്ദേഹത്തിന്റെ കഥാപ്രസംഗ ജീവിതത്തിന്റെ 40 വർഷങ്ങൾ പൂർത്തിയാക്കുകയാണ്. തന്റെ കലയിൽത്തന്നെ ജീവിതം കണ്ടെത്തിയ ഈ കലാകാരൻ, നാല് പതിറ്റാണ്ടായി അനുസ്യൂതമായി തന്റെ കലാസപര്യ തുടർന്നുകൊണ്ടിരിക്കുന്നു. വിദ്യാർത്ഥിയായിരിക്കേ കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ കഥാപ്രസംഗത്തിന് ഒന്നാം സ്ഥാനം നേടിക്കൊണ്ടാണ് സലിംകുമാർ തന്റെ കഥാപ്രസംഗ ജീവിതത്തിന് തുടക്കംകുറിക്കുന്നത്. സലിംകുമാറിന്റെ യുവജനോത്സവവേദിയിലെ പ്രതിഭയുടെ മിന്നലാട്ടങ്ങൾ കഥാപ്രസംഗകലയുടെ കുലപതിയായ സാംബശിവന്റെ ശ്രദ്ധയിൽപ്പെടുന്നതോടെയാണ് സലിംകുമാറിന്റെ ജീവിതത്തിൽ നിർണ്ണായക വഴിത്തിരിവുണ്ടാകുന്നത്. അദ്ദേഹം സലിംകുമാറിനെ ശിഷ്യനായി സ്വീകരിച്ചു. ആ ഗുരുവിന്റെ സാമൂഹ്യപ്രതിബദ്ധമായ കഥാപ്രസംഗ വഴിയാണ് സലിംകുമാറും ഇന്നോളം സ്വീകരിച്ചുപോന്നിട്ടുള്ളത്. കേൾവിക്കാരെ രസിപ്പിക്കുക എന്നതിനൊപ്പംതന്നെ, കഥാപ്രസംഗം സമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരെ വിരൽ ചൂണ്ടുകയും പുരോഗമനോന്മുഖമായ പാതയിലൂടെ ജനങ്ങളെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യണമെന്ന സാംബശിവന്റെ കാഴ്ച്ചപ്പാട് സർവ്വഥാ സ്വീകരിച്ച ശിഷ്യനാണ് സലിംകുമാർ.

നാല് പതിറ്റാണ്ട് നീണ്ട കഥാപ്രസംഗ ജീവിതത്തിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോൾ, അക്കാര്യത്തിൽ തന്റെ ഗുരുവായ സാംബശിവൻ വെട്ടിത്തെളിച്ച വഴിയേ ഏറെദൂരം സഞ്ചരിക്കാൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥ്യത്തിന്റെ നിറവിലാണ് ഈ കലാകാരൻ. വിശ്വസാഹിത്യത്തിലെ ക്ലാസ്സിക്കുകളായ കൃതികൾ മലയാളത്തിന്റെ മധുരം ചേർത്ത് നിരക്ഷരനുപോലും ആസ്വാദ്യമാകുന്ന തരത്തിൽ കഥാപ്രസംഗവേദിയിൽ അവതരിപ്പിച്ച സാംബശിവന്റെ കഥാഖ്യാന കൗശലം ശിഷ്യനായ സലിംകുമാറിനും വഴങ്ങുമെന്ന് അദ്ദേഹം പലകുറി തെളിയിച്ചിട്ടുണ്ട്. ‘ചാൾസിന്റെ പ്രിയതമ’ എന്നപേരിൽ സലിംകുമാർ അവതരിപ്പിച്ചുപോരുന്ന ഗുസ്താവ് ഫ്ളോബേറിന്റെ ‘മദാംബോവറി‘യാകട്ടെ, ‘അനീസ്യ’ എന്ന എന്ന പേരിൽ അവതരിപ്പിച്ചുവരുന്ന ടോൾസ്റ്റോയിയുടെ ‘പവർ ഒഫ് ഡാർക്ക്നെസ്സ് ‘ആകട്ടെ, സലിംകുമാർ അവതരിപ്പിക്കുമ്പോൾ മലയാളത്തിന്റെ മാധുര്യം അതിൽ നന്നേ അലിഞ്ഞുചേരുന്നു. സലിംകുമാറിന്റെ കഥാപ്രസംഗത്തെ ഹൃദയഹാരിയാക്കുന്ന ഘടകം, ഇതിവൃത്തത്തിന്റെ വിസ്തരണം മാത്രമല്ല, അതിൽ സന്ദർഭത്തിന്റെ സമ്പുഷ്ടീകരണത്തിനുവേണ്ടി ചേർക്കുന്ന കാവ്യഗാനങ്ങളുടെ സുന്ദരമായ ആലാപനവും അതിനൊത്ത പശ്ചാത്തല ഗാന വാദ്യങ്ങളുമാണ്. അവ കഥയുടെ ചരടിൽ കോർത്ത മുത്തുമണികളായി ഒത്തുപോകുന്നു. കഥാസന്ദർഭങ്ങൾക്കനുസരിച്ച് ഉചിതമായ സമയങ്ങളിൽ വ്യക്തിഗതവും സാമൂഹികവുമായ ജീവിത വൈകൃതങ്ങളെ ഉപഹസിക്കുക എന്ന കഥാപ്രസംഗകലാതന്ത്രം നന്നേ വശമുള്ള കലാകാരനാണ് സലിംകുമാർ.

അതിനായി ഫലിത കഥകളും പൊടിക്കൈകളും ഉചിതമായി പ്രയോഗിക്കുന്നതിന് നിപുണനാണ് അദ്ദേഹം. ഒരു കഥ കഥാപ്രസംഗമാക്കാൻ തിരഞ്ഞെടുക്കുമ്പോൾ, ശ്രോതാക്കളുടെ രസാനുഭൂതിയ്ക്കും അനുഭവ പ്രതീതിക്കും കഥയുടെ പിരിമുറുക്കത്തിനും അവശ്യമെന്ന് തോന്നാത്ത ഭാഗങ്ങൾ ഉപേക്ഷിച്ചുകൊണ്ടും കഥാശരീരത്തിന് ക്ഷതമേൽക്കാത്തവണ്ണം സന്ദർഭാനുസരണം ചുരുക്കേണ്ട ഭാഗങ്ങൾ ചുരുക്കാനും വിസ്തരിക്കേണ്ടവ ഉചിതമായ കൂട്ടിച്ചേർക്കലുകൾകൊണ്ട് വിസ്തരിക്കാനും ഈ കഥാപ്രസംഗകന് മൗലികമായ ശേഷിയുണ്ട്. ആ സംവിധാന ഭംഗിയാണ് സലിംകുമാറിന്റെ കഥാപ്രസംഗത്തെ ഈ രംഗത്ത് വേറിട്ട് കേൾപ്പിക്കുന്നത്. ഒരേ സമയം കഥയുടെ പ്രവാഹത്തിൽ ശ്രോതാവിനെ കൂടെ കൊണ്ടുപോവുകയും അതേസമയം തന്നെ സന്ദർഭാനുസരണം സാംസ്‌ക്കാരിക ഉത്തേജനത്തിനും പുരോഗമനോന്മുഖമായ രാഷ്ട്രീയ ദർശനങ്ങളുടെ ഉദ്‌ബോധനത്തിനും ശ്രോതാവിനെ കഥയുടെ രസാനുഭൂതിക്ക് ഭംഗം വരാത്തവണ്ണം പാത്രമാക്കുകയും ചെയ്യുക എന്നത് ഒരു കഥാപ്രസംഗകനെ സംബന്ധിച്ചിടത്തോളം തീർച്ചയായും ഒരു വെല്ലുവിളി തന്നെയാണ്. വി സാംബശിവനെപ്പോലെയുള്ള പ്രതിഭാശാലികൾ തെളിച്ച പാതയിലൂടെ ബദ്ധശ്രദ്ധനായി സഞ്ചരിച്ചതുകൊണ്ടായിരിക്കണം ഈ കലാസങ്കേതം സലിം കുമാറിന് ഇന്നോളം ഫലപ്രദമായി പ്രയോഗിക്കാൻ കഴിഞ്ഞുവരുന്നത്. സാഹിത്യ കൃതികൾ മാത്രമല്ല, അനേകം ജീവചരിത്രകഥകളും സലിംകുമാർ അവതരിപ്പിച്ചിട്ടുണ്ട്. ‘സഖാവ് എകെജി’ എന്ന കഥ ഉടൻ അവതരിപ്പിച്ചു തുടങ്ങും. ഏറെ പഠനങ്ങൾക്ക് ശേഷമാണ് സലിംകുമാർ ഈ കഥ രൂപപ്പെടുത്തിയത്. തന്റെ ഗുരുവായ വി സാംബശിവന്റെ ജീവിതകഥ തന്നെ കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിച്ചുകൊണ്ട് , ഗുരുവിന് ഉചിതമായ പ്രണാമമർപ്പിക്കാൻ സലിംകുമാറിന് കഴിഞ്ഞു.

‘വി സാംബശിവൻ: കഥയുടെ രാജശിൽപ്പി ’ എന്നാണ് ആ കഥയുടെ പേര്. കേരള സംഗീത നാടക അക്കാദമി അവാർഡ് ഉൾപ്പെടെയുള്ള ധാരാളം പുരസ്‌ക്കാരങ്ങളും അംഗീകാരങ്ങളും ഇതിനകം ഈ കഥാപ്രസംഗകനെ തേടിയെത്തിയിട്ടുണ്ട്. വലിയ വെല്ലുവിളികൾ നേരിടുന്ന ഈ ജനകീയ കലാരൂപത്തെ പുനരുദ്ധരിക്കുവാനുള്ള ശ്രമത്തിലാണ് സലിംകുമാർ ഉൾപ്പെടെയുള്ള പുതിയ തലമുറയിലെ കഥാപ്രസംഗകർ. അതിനായി മാർക്കേസിന്റെ ‘കോളറാക്കാലത്തെ പ്രണയം’ ഉൾപ്പെടെയുള്ള ഒട്ടേറെ കഥാപ്രസംഗ പദ്ധതികൾക്ക് ഈ കാഥികൻ തയ്യാറെടുത്തുവരുന്നു. കഥ കേൾക്കുവാനും ആസ്വദിക്കുവാനുമുള്ള താല്‍പര്യം മനുഷ്യരിൽ അവശേഷിക്കുവോളം കഥാപ്രസംഗത്തിനും പ്രസക്തിയുണ്ടെന്ന് സലിംകുമാർ കരുതുന്നു. ”കഥാ പ്രസംഗം ഒരിക്കലെങ്കിലും ആസ്വദിച്ചിട്ടുള്ളവരാണ് വീണ്ടും അത് കേൾക്കാനായി വരുക. അതിനാൽതന്നെ കഥാപ്രസംഗത്തിന്റെ ആസ്വാദകരിൽ ഭൂരിപക്ഷവും പഴയ തലമുറയിൽപ്പെട്ടവരാണ്. ഈ കലാരൂപത്തെ വീണ്ടും ജനകീയമാക്കാൻ പൊടിക്കൈകളൊന്നുമില്ല , നല്ല കഥകൾ നന്നായി പറയുക എന്നതൊഴികെ.” — സലിം കുമാർ പറയുന്നു. സലിംകുമാറിന്റെ ജന്മനാടായ ചിറക്കര ഗ്രാമം ഈ കഥാപ്രസംഗകന്റെ കലാജീവിതത്തിന്റെ നാൽപ്പതാം വർഷം സമുചിതമായി ആഘോഷിച്ചു. സലിംകുമാർ കഥ തുടരുകയാണ്. വരാനിരിക്കുന്ന ഉത്സവകാല രാത്രികളിലെ ആസ്വാദകരുടെ നിലയ്ക്കാത്ത കരഘോഷങ്ങൾ ഈ കഥാപ്രസംഗകനെ നിരന്തരം പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.

Saturday, December 28, 2019

തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം പുതുക്കാം Membership can be renewed at the Kerala Tailoring Workers Welfare Fund Board


കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംശദായ കുടിശ്ശിക വന്ന് അംഗത്വം നഷ്ടപ്പെട്ടിട്ടുളളവർക്ക് പൊതുമാപ്പ് നൽകി അംഗത്വം പുന:സ്ഥാപിച്ച് നൽകുന്നതിന് സർക്കാർ ഉത്തരവായി. ഇതിന്റെ അടിസ്ഥാനത്തിൽ അംശദായം ഒടുക്കുന്നതിൽ മൂന്നാം തവണയും കുടിശ്ശിക വരുത്തി അംഗത്വം നഷ്ടമായ, റിട്ടയർമെന്റ് തീയതി പൂർത്തിയാകാത്ത തയ്യൽ തൊഴിലാളികൾ ഉത്തരവ് തീയതി മുതൽ ആറ് മാസത്തേയ്ക്ക് കുടിശ്ശിക ഒടുക്കി അംഗത്വം പുന:സ്ഥാപിക്കാൻ അതാത് എക്‌സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടണം.

Friday, December 6, 2019

സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ: കമ്മിഷൻ റിപ്പോർട്ട് നൽകി Reservation for economically backward among forward castes

103-ാം ഭരണഘടനാ ഭേദഗതി ആക്റ്റ് പ്രകാരം അനുവദിക്കപ്പെട്ടിട്ടുള്ള 10 ശതമാനം സംവരണം കേരളത്തിൽ നടപ്പാക്കുന്നതിന് സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ കണ്ടെത്തുന്നതിന് മാനദണ്ഡങ്ങൾ ശുപാർശ ചെയ്യാനായി സർക്കാർ ചുമതലപ്പെടുത്തിയ കമ്മിറ്റി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി. മുൻ ജഡ്ജിയും മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുമായിരുന്ന കെ. ശശിധരൻ നായർ ചെയർമാനും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാനായ അഡ്വ. എം. രാജഗോപാലൻ നായർ അംഗവുമായ കമ്മിഷനാണ് റിപ്പോർട്ട് സമർപ്പിച്ചത്.
പൊതുജനങ്ങളിൽ നിന്നും കമ്മീഷന് ലഭിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും പരിശോധിച്ച് തയാറാക്കിയ ചോദ്യാവലി കമ്മീഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും മുന്നാക്ക സമുദായങ്ങളുടെ സംഘടനകൾക്കെല്ലാം അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. തുടർന്ന് സംഘടനകളുമായി തിരുവനന്തപുരത്ത് ചർച്ചയും നടത്തി. പ്രവേശന പരീക്ഷാ കമ്മീഷണർ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഡയറക്ടർ, സിവിൽ സപ്ലൈസ് ഡയറക്ടർ, പബ്ലിക് സർവീസ് കമ്മീഷൻ, ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ച റിപ്പോർട്ടുകളും വിവരങ്ങളും മറ്റു പിന്നാക്ക വിഭാഗങ്ങളുടെ ക്രീമിലെയർ പരിധി നിശ്ചയിച്ചതിന് രൂപീകരിച്ച കമ്മീഷനുകളുടെ റിപ്പോർട്ടുകളും മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരുടെ ക്ഷേമകാര്യങ്ങൾ ശുപാർശ ചെയ്യാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച മേജർ ജനറൽ എസ്.ആർ. സിൻഹു സമർപ്പിച്ച റിപ്പോർട്ടും സുപ്രീംകോടതിയുടേയും, കേരള ഹൈക്കോടതിയുടേയും ബന്ധപ്പെട്ട വിധി  ന്യായങ്ങളും പരിശോധിച്ചിരുന്നു. കേരളത്തിലെ സാഹചര്യങ്ങൾ വിലയിരുത്തിയും വിശദമായ പഠനം നടത്തിയുമാണ് റിപ്പോർട്ട് തയാറാക്കിയത്.

Wednesday, November 27, 2019

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്യൂൺ, സ്‌ട്രോംഗ് റൂം ഗാർഡ്: അപേക്ഷ ക്ഷണിച്ചു Notifications  for the posts of Peon and Strongroom guard in Travancore Devaswom Board


Notifications  for the posts of Peon and Strongroom guard in Travancore Devaswom Board

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്യൂൺ, സ്‌ട്രോം റൂം ഗാർഡ് തസ്തികകളിലേക്ക് ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്യൂൺ (കാറ്റഗറി നമ്പർ: 1/2019) ശമ്പളം 16500-35700, ഒഴിവുകൾ 54, യോഗ്യതകൾ: എട്ടാം ക്ലാസ് പാസ്സായിരിക്കണം. സൈക്കിൾ ഓടിക്കാൻ അറിയണം. അപേക്ഷാഫീസ് 200 രൂപ (പട്ടികജാതി പട്ടികവർഗക്കാർക്ക് 100 രൂപ മാത്രം).

സ്‌ട്രോം റൂം ഗാർഡ് (കാറ്റഗറി നമ്പർ: 2/2019) ശമ്പളം 19000-43600. ഒഴിവുകൾ 47. യോഗ്യതകൾ: എസ്.എസ്.എൽ.സി പാസ്സായിരിക്കണം, അഥവാ തത്തുല്യ യോഗ്യത. ശാരീരിക അളവുകൾ: ഉയരം 163 സെ.മി, നെഞ്ചളവ് കുറഞ്ഞത് 80-85 സെ.മി (കുറഞ്ഞത് 5 സെ.മി വികാസം ഉണ്ടായിരിക്കണം). സ്ത്രീകളും ഭിന്നശേഷിക്കാരും ഈ തസ്തികയ്ക്ക് അപേക്ഷിക്കേണ്ടതില്ല.
ശാരീരിക യോഗ്യത തെളിയിക്കുന്നതിന് വൺസ്റ്റാർ സ്റ്റാൻഡേർഡിലുള്ള കായിക ക്ഷമതാ പരീക്ഷ (ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്) നടത്തും. അപേക്ഷാ ഫീസ് 300 രൂപ (പട്ടികജാതി പട്ടികവർഗക്കാർക്ക് 200 രൂപ മാത്രം).

പ്രായപരിധി: കാറ്റഗറി നമ്പർ 1/19, 2/19 എന്നീ തസ്തികകളുടെ പ്രായപരിധി 18നും 36നും മദ്ധ്യേ ആണ്. ഉദ്യോഗാർഥികൾ 2001 ജനുവരി ഒന്നിനും 1983 ജനുവരി രണ്ടിനും മദ്ധ്യേ ജനിച്ചവരായിരിക്കണം (പട്ടികജാതി പട്ടികവർഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങൾക്കും നിയമാനുസൃത വയസിളവ് ലഭിക്കും). അപേക്ഷ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും www.kdrb.kerala.gov.in വെബ്‌സൈറ്റ് പരിശോധിക്കുക.