എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (14/08/19) അവധി പ്രഖ്യാപിച്ചു.
ബുധനാഴ്ച നടത്തേണ്ടിയിരുന്ന വകുപ്പു തല പരീക്ഷ മാറ്റിയതായി പി.എസ്.സി അറിയിച്ചു.
എറണാകുളം ജില്ലയിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും മഴ ശക്തമാകാനുള്ള സാധ്യത തള്ളിക്കളയാനാകാത്തതിനാലാണ് അവധി നൽകിയതെന്ന് കളക്ടർ എസ്.സുഹാസ് അറിയിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ പോസ്റ്റിൽ പറഞ്ഞു. പരീക്ഷകൾ സംബന്ധിച്ച് സർവകലാശാലകളും പി.എസ്.സിയും അടക്കം പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ളവരുടെ അറിയിപ്പുകളാണ് പാലിക്കേണ്ടത്.
കോഴിക്കോട് പ്രൊഫഷണൽ കോളേജുകൾ അടക്കം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധിയായിരിക്കും. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണ്. ബുധനാഴ്ച റെഡ് അലർട്ട് നിലനിൽക്കുന്നതും പല വിദ്യാലയങ്ങളും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്നതും വിദ്യാർത്ഥികളിൽ പലരും ദുരിതാശ്വാസക്യാമ്പുകളിലായതും പരിഗണിച്ചാണ് അവധി.
വയനാട് ജില്ലയിലെ പലയിടത്തും വെള്ളക്കെട്ട് പൂർണ്ണമായി ഒഴിഞ്ഞിട്ടില്ലാത്തതിനാലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും ദുരന്ത സാധ്യത ഒഴിവാക്കുന്നതിനുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. പ്രൊഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. അംഗൻവാടികൾക്കും അവധി ബാധകമാണ്. യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതുപരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. മോഡൽ റെസിഡെൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമായിരിക്കില്ല.
മലപ്പുറംജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും ദുരിതാശ്വാസ ക്യാമ്പുകളും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടർന്നുവരുന്നതിനാലുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുന്നതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയം എന്നിവ ഉൾപ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അംഗൻവാടികൾ, മദ്രസകൾ ഉൾപ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം) ബുധനാഴ്ച അവധിയായിരിക്കും.
കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും ദുരന്തനിവാരണ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാലും കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മദ്രസകൾക്കും അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും. ട്യൂഷൻ സെന്ററുകളും മറ്റു സ്വകാര്യ വിദ്യാലയങ്ങളും പ്രവർത്തിക്കാൻ പാടില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ഇടുക്കിജില്ലയിലെ പ്രൊഫഷണൽ കോളേജ്, അംഗൻവാടി, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
No comments:
Post a Comment