2020-21 അദ്ധ്യയനവര്‍ഷം വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകള്‍ നടത്താന്‍ യു.ജി.സി. അനുമതി നല്‍കിയ കേരളത്തിലെ ഏക സര്‍വകലാശാലയായ കേരളസര്‍വകലാശാലയിലെ വിദൂരവിദ്യാഭ്യാസത്തിന്‍റെ 2020-21 അദ്ധ്യയനവര്‍ഷത്തെ ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുളള പ്രവേശനം ആരംഭിച്ചു. www.sde.keralauniversity.ac.in എന്ന വെബ്സൈറ്റ് വഴി ഒക്ടോബർ 27 രാവിലെ 11 മണിമുതൽ അപേക്ഷിക്കാം.
മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, കൊമേഴ്സ്, ലൈബ്രറി സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്സ്, ബി.ബി.എ. എന്നീ ബിരുദ പ്രോഗ്രാമുകള്‍ക്കും മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, കൊമേഴ്സ്, എം.ബി.എ., മാത്തമാറ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ലൈബ്രറി സയന്‍സ് എന്നീ ബിരുദാനന്തരബിരുദ പ്രോഗ്രാമുകള്‍ക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുളളത്. സര്‍വകലാശാല നടത്തുന്ന റെഗുലര്‍ പ്രോഗ്രാമുകളുടെ സിലബസ തന്നെയാണ് വിദൂരവിദ്യാഭ്യാസത്തിനുമുളളത്. അപേക്ഷകള്‍ ഓണ്‍ലൈനായിട്ടാണ് സമര്‍പ്പിക്കേണ്ടത്. ഫീസ് അടയ്ക്കാനും ഓണ്‍ലൈന്‍ സൗകര്യമുണ്ട്.
യു.ജി. പ്രോഗ്രാമുകള്‍ക്ക് ഒക്ടോബര്‍ 31 ഉം പി.ജി. പ്രോഗ്രാമുകൾക്ക് നവംബര്‍ 18 ഉം ആണ് അപേക്ഷകള്‍ സമര്‍പ്പിക്കുവാനുളള അവസാന തീയതി.
യു.ജി./പി.ജി. പ്രോഗ്രാമുകളുടെ ഓണ്‍ലൈന്‍ അപേക്ഷയുടെ ശരിപകര്‍പ്പ്, അനുബന്ധരേഖകള്‍ മുതലായവ കാര്യവട്ടത്തു പ്രവര്‍ത്തിക്കുന്ന വിദൂരവിദ്യാഭ്യാസ വിഭാഗം ഓഫീസില്‍ രജിസ്റ്റേര്‍ഡ്/സ്പീഡ്പോസ്റ്റ് മുഖേന യു.ജി. പ്രോഗ്രാമുകള്‍ക്ക് നവംബര്‍ 5 നും പി.ജി. പ്രോഗ്രാമുകൾക്ക് നവംബര്‍ 23നും മുന്‍പ് കിട്ടിയിരിക്കണം.