സ്‌കോൾ-കേരള മുഖേനെയുള്ള ഹയർ സെക്കൻഡറിതല കോഴ്‌സുകളിൽ 2022-24 ബാച്ചിലേക്ക് ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്‌ട്രേഷൻ, സ്പെഷ്യൽ കാറ്റഗറി (പാർട്ട് III) എന്നീ വിഭാഗങ്ങളിൽ ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി. അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ കോഴ്‌സിൽ ഉപരിപഠന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല.
ഓപ്പൺ റെഗുലർ വിഭാഗത്തിൽ സയൻസ് ഗ്രൂപ്പിൽ ഉൾപ്പെടെ പ്രാക്ടിക്കൽ ഉള്ള, തെരഞ്ഞെടുത്ത സബ്ജക്റ്റ് കോമ്പിനേഷനുകളിൽ രജിസ്റ്റർ ചെയ്യാം. തെരഞ്ഞെടുത്ത സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളിലാണ് പഠനകേന്ദ്രങ്ങളായി അനുവദിക്കുന്നത്. സ്വയംപഠനസഹായികളും ലാബ് സൗകര്യവും പൊതു അവധി ദിവസങ്ങളിൽ സമ്പർക്ക ക്ലാസുകളും ഈ വിഭാഗം വിദ്യാർഥികൾക്ക് ലഭ്യമാണ്.
ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗത്തിൽ തെരഞ്ഞെടുത്ത കോമ്പിനേഷനുകളിൽ പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങളിൽ പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിക്കാം.
സ്‌പെഷ്യൽ കാറ്റഗറി വിഭാഗത്തിൽ ഹയർ സെക്കൻഡറി കോഴ്‌സ് ഒരിക്കൽ വിജയിച്ച വിദ്യാർഥിക്ക് മുൻ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യാതെ പുതിയൊരു സബ്ജക്റ്റ് കോമ്പിനേഷൻ (പാർട്ട് III) തെരഞ്ഞടുത്ത് നിബന്ധനകളോടെ അപേക്ഷ സമർപ്പിക്കാം.
സെപ്റ്റംബർ 5 മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും. പിഴ കൂടാതെ ഓക്ടോബർ 10 വരെയും 60 രൂപ പിഴയോടെ ഓക്ടോബർ 17 വരെയും ഫീസടച്ച് www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫീസ് അടയ്ക്കാൻ ഓൺലൈൻ പെയ്‌മെന്റ് മോഡ് തെരഞ്ഞെടുത്ത് ഇന്റർനെറ്റ് ബാങ്കിംഗ്/ഡെബിറ്റ്/ ക്രഡിറ്റ് കാർഡ് മുഖേന ഫീസടക്കാം. ഓഫ്‌ലൈൻ പെയ്‌മെന്റ് മോഡ് (പോസ്റ്റ് ഓഫീസ് വഴിയുള്ള പേയ്‌മെന്റ്) തെരഞ്ഞെടുക്കുന്നവർ രജിസ്‌ട്രേഷൻ രണ്ട് ഘട്ടങ്ങളായാണ് പൂർത്തീകരിക്കേണ്ടത്. ഓഫ്‌ലൈൻ പെയ്‌മെന്റിൽ ഫീസടയ്ക്കുന്നതിന് ജനറേറ്റ് ചെയ്ത് ലഭ്യമാകുന്ന ചെലാൻ ഉപയോഗിച്ച് സംസ്ഥാനത്തെ ഏതെങ്കിലുമൊരു പോസ്റ്റ് ഓഫീസിൽ ഫീസ് അടയ്ക്കാനുള്ള സൗകര്യമുണ്ട്. ഫീസ് വിവരങ്ങൾക്കും രജിസ്‌ട്രേഷനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്കും പ്രോസ്‌പെക്ടസിനും സ്‌കോൾ-കേരള വെബ്‌സൈറ്റ് സന്ദർശിക്കുക.
ഓൺലൈൻ രജിസ്‌ട്രേഷന് ശേഷം രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ അതത് ജില്ലാ കേന്ദ്രങ്ങളിലേക്ക് നേരിട്ടോ സ്പീഡ്/രജിസ്റ്റേർഡ് തപാൽ മാർഗമോ അയച്ചുകൊടുക്കേണ്ടതാണ്. ജില്ലാ കേന്ദ്രങ്ങളുടെ മേൽവിലാസത്തിന് സ്‌കോൾ-കേരള വെബ്‌സൈറ്റ് സന്ദർശിക്കുക. ഈ അധ്യയന വർഷം സംസ്ഥാന ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അന്വേഷണങ്ങൾക്ക്: 0471-2342950, 2342271.
No comments:
Post a Comment