ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Sunday, September 30, 2018

സസ്യാഹാര ദിനം


എല്ലാം വര്‍ഷവും ഒക്ടോബര്‍ ഒന്ന് സസ്യാഹാര ദിനമായാണ് ആചരിക്കുന്നു

മനുഷ്യന്‍ അവന്‍റെ അടിസ്ഥാന രീതിയില്‍ നിന്ന് മാറി മാംസ ഭക്ഷണത്തിന്‍റെ പുറകെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. എങ്കിലും വലിയൊരു വിഭാഗം ആ തെറ്റുകളില്‍ നിന്ന് മാറി പ്രകൃതിയുടെ പാതയിലേക്ക് സഞ്ചരിക്കുവാന്‍ തയാറാവുന്നുണ്ട്.

പാശ്ചാത്യ രാജ്യങ്ങളാണ് ഇതില്‍ മുമ്പില്‍. വെജിറ്റേറിയന്‍ ദിനത്തില്‍ സസ്യാഹാര ശീലം പ്രചരിപ്പിക്കുവാനയി വിവിധ പരിപാടികളാണ് ലോകത്തിന്‍റെ പല ഭാഗങ്ങളിലും സംഘടിപ്പിക്കുന്നത്.വിദ്യാര്‍ത്ഥികളേയും യുവാക്കളേയും സസ്യാഹാരത്തിന്‍റെ ഗുണ വശങ്ങളെ പറ്റി ബോധവാന്മാരാക്കുന്ന സെമിനാറുകളും നടക്കും.ഒക്ടൊബര്‍ സസ്യാഹാരമാസമായും ആചരിക്കുന്നുണ്ട്

നിയമ വിദ്യാഭ്യാസത്തിനായി ബ്രിട്ടനില്‍ എത്തിയ ഗാന്ധിജി അവിടെ സസ്യാഹര സംഘം രുപീകരിക്കുന്നതില്‍ മുന്നിലുണ്ടായിരുന്നു. പക്ഷെ ഗാന്ധിജിയുടെ പിന്തലമുറ അതിനായി ശ്രമിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ഭാരത ജനത പൊതുവെ ഒരു സസ്യാഹാര സമൂഹമായാണ് കണക്കാക്കപ്പെടുന്നതെങ്കിലും ഒരു വലിയ വിഭാഗത്തില്‍ മാംസാഹാര ശീലം കൂടുതലായി കണ്ടു വരുന്നുണ്ട്. അതേസമയം മാംസാഹാര പ്രേമികളായ പാശ്ചാത്യര്‍ സസ്യാഹാര രീതിയിലേക്ക് മാറുകയും ചെയ്യുന്നുണ്ട്.

സസ്യാഹാര രീതിയിലേക്ക് നാം മടങ്ങി പോവുകയാണെങ്കില്‍ അത് ഭൂമിക്ക് മനുഷ്യ കുലത്തിനും തന്നെ വളരെ ഉപകാരപ്രദമാവും. മാരക രോഗങ്ങളായ ഹൃദ്രോഗം, ക്യാന്‍സര്‍ പോലുള്ളവയെ ഒരുപരിധി വരെ തടയാനാവും. സാധുക്കളായ മൃഗങ്ങളെ കൊല്ലുന്നതില്‍ നിന്നും മാംസത്തിനായി മൃഗങ്ങളെ വളര്‍ത്തുന്നതുക്കൊണ്ട് ഉണ്ടാകുന്ന പരിസര മാലിന്യ പ്രശ്നവും ഇല്ലാതാക്കാനാവും.

പ്രകൃതിയുടെ സ്പന്ദനങ്ങളെ തൊട്ടറിഞ്ഞ് ജീവിക്കുന്ന ഒരു മനുഷ്യ സമൂഹമാണ് ആവശ്യം, അല്ലതെ പ്രകൃതി തത്വങ്ങളെ വെല്ലുവിളിച്ച് ജീവിക്കുന്നവരാകരുത് നാം.

രക്തദാനം ജീവദാനം; ഇന്ന് ദേശീയ രക്തദാന ദിനം


രക്തദാനം ജീവദാനമെന്ന് സന്ദേശം ഉയര്‍ത്തി ഇന്ന് ദേശീയ രക്തദാന ദിനം.  ഒരാള്‍ സ്വന്തം സമ്മതത്തോടെ മറ്റൊരാള്‍ക്കോ, സൂക്ഷിക്കുന്നതിനു വേണ്ടിയോ ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങളിലൂടെ രക്തം ദാനം ചെയ്യുന്ന പ്രക്രിയയാണ് സന്നദ്ധ രക്തദാനം. ഒരു തുള്ളി രക്തത്തിന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയും. അതിനാലാണ് രക്തദാനം മഹാദാനമായി മാറുന്നത്.

രക്തസ്രാവം മൂലമാണ് ഭൂരിഭാഗം പേരും മരിക്കുന്നത്. റോഡപകടമോ മറ്റ് അപകടങ്ങളോ നടന്ന് ആശുപത്രികളില്‍ എത്തിച്ചാലും ആവശ്യമായ സമയത്ത് ചേരുന്ന രക്തം ലഭിച്ചില്ലെങ്കില്‍ മരണം സംഭവിക്കും. സന്നദ്ധ രക്തദാനം വഴി ശേഖരിക്കുന്ന രക്തം ആവശ്യമുള്ളയാള്‍ക്ക് നല്‍കാം. ഇതിനായി രക്തബാങ്കുകളും രൂപീകരിച്ചിരിക്കുന്നു.

മൂന്ന് മാസത്തിലൊരിക്കല്‍ ഒരാള്‍ക്ക് രക്തം ദാനം ചെയ്യാം. 18 നും 55 വയസ്സിനും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നാണ് രക്തം സ്വീകരിക്കാന്‍ അനുയോജ്യം. ഒരു തവണ 450 മില്ലി ലിറ്റര്‍ വരെ ദാനം ചെയ്യാം. രക്തദാനം യാതൊരു തരത്തിലും മനുഷ്യന് ദോഷമാകുന്നില്ല എന്ന തിരിച്ചറിവ് എല്ലാവര്‍ക്കും വേണം.

രോഗാണുക്കള്‍ പകരാന്‍ ഏറ്റവും സാധ്യതയുള്ളത് രക്തത്തിലൂടെയാണ്. അതിനാല്‍ കൃത്യമായ രക്ത പരിശോധനകള്‍ക്കു ശേഷം മാത്രമേ രക്തം ദാനം ചെയ്യുവാന്‍ കഴിയുകയുള്ളൂ.

അപകടങ്ങള്‍, ശസ്ത്രക്രിയകള്‍, രക്താര്‍ബുദം, പ്രസവ സമയങ്ങളിലെ അമിത രക്ത സ്രാവം, വിളര്‍ച്ച എന്നിവയുടെ ഭാഗമായി മനുഷ്യശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്ന രക്തത്തിനു പകരം നഷ്ടമായതിനു തുല്യ അളവിലും ചേര്‍ച്ചയുള്ളതുമായ രക്തം ദാതാവില്‍ നിന്നും സ്വീകരിക്കുന്നു.

എന്നാല്‍ രക്ത ബാങ്കുകളില്‍ എല്ലാ തരത്തിലും പെട്ട രക്തം ലഭിക്കണമെങ്കില്‍ രക്തദാനം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. സ്‌കൂളുകളിലും മറ്റും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രക്തദാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുവാനുള്ള ക്ലാസുകശും സെമിനാറുകളും സംഘടിപ്പിക്കാറുണ്ട്. ആശുപ്ത്രികള്‍ക്കും വിവിധ സംഘടനകള്‍ക്കും രക്ത ദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബ്ലഡ് ഡോണര്‍ ഫോറങ്ങള്‍ ഉണ്ട്.

ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, പ്രമേഹം, മാനസിക രോഗം, ക്യാന്‍സര്‍, കരള്‍ രോഗം, എയ്ഡ്‌സ് എന്നീ രോഗങ്ങള്‍ ബാധിച്ചവര്‍ ഒരിക്കലും രക്തം ദാനം ചെയ്യാന്‍ പാടുള്ളതല്ല.

രക്ത ദാനം ചെയ്യുമ്പോള്‍ ദാതാവിന്റെ ശരീരത്തില്‍ പുതിയ രക്ത കോശങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. മാത്രവുമല്ല ശരീരത്തിന് കൂടുതല്‍ പ്രവര്‍ത്തന ക്ഷമതയും ഉന്മേഷവും നല്‍കുന്നു. അതിനാല്‍ തന്നെ രക്തദാനം യാതൊരു ദോഷഫലവുമുണ്ടാക്കുന്നില്ല. ആയതിനാല്‍ കഴിവതും രക്തം ദാനം ചെയ്യൂ. നിങ്ങളുടെ ഒരു തുള്ളി രക്തം ഒരു ജീവന്‍ രക്ഷിച്ചേക്കാം.

അന്താരാഷ്ട്ര വയോജന ദിനം


1982ല്‍ വിയന്നയില്‍ വച്ചുചേര്‍ന്ന ഐക്യ രാഷ്ട്ര സംഘടനയിലെ അംഗരാജ്യങ്ങളുടെ സമ്മേളനമാണ് വയോജന പ്രശ്‌നങ്ങള്‍ സംബന്ധിച്ച വിയന്നാ പ്രഖ്യാപനം എന്ന രേഖ അംഗീകരിച്ചത്. 1990 ഡിസംബര്‍ 14ന് ചേര്‍ന്ന യുഎന്‍ ജനറല്‍ അസംബ്ലി ഒക്ടോബര്‍ 1ന് എല്ലാ വര്‍ഷവും ലോകവയോജനദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തു. 1991 മുതല്‍ ഉചിതമായ പരിപാടികളോടെ ഈ ദിനം ആചരിച്ചുവരുന്നു.

Friday, September 28, 2018

ലോക ഹൃദയ ദിനം.


സ്വിറ്റ്‌സര്‍ലാന്റിലെ ജനീവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലോക ഹൃദയ ഫൌണ്ടെഷനാണ് ലോക ഹൃദയ ദിനം ആചരിച്ച് ഹൃദ്രോഗത്തിന്റെ അപകടങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും മുന്‍കരുതല്‍ നടപടികളെടുക്കാനും മുന്നിട്ടിറങ്ങുന്നത്. ജീവിത ശൈലീ രോഗങ്ങളെക്കുറിച്ചും അവ തടയുന്നതിനെക്കുറിച്ചും പ്രാഥമിക ശുശ്രൂഷ സംബന്ധിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും സെപ്തംബര്‍ 29 വേള്‍ഡ് ഹെല്‍ത്ത് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ലോക ഹൃദയ ദിനമായി ആചരിക്കുന്നത്. 1946ല്‍ രൂപീകൃതമായ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയും 1970ല്‍ രൂപീകൃതമായ ഇന്റര്‍നാഷണല്‍ കാര്‍ഡിയോളജി ഫെഡറേഷനും ലയിച്ചാണ് 1998ല്‍ വേള്‍ഡ് ഹെല്‍ത്ത് ഫെഡറേഷനായി മാറിയത്.

യുനെസ്കോയും ലോകാരോഗ്യ സംഘടനയും ഇതില്‍ കൈകോര്‍ക്കുന്നു. 2000 മുതല്‍ ഇത് ലോകവ്യാപകമായി ആചരിച്ചുവരുന്നു. ഹൃദയസംരക്ഷണത്തിന്‍െറ അവബോധം വളര്‍ത്തുന്ന മുദ്രാവാക്യങ്ങളോടെയാണ് ഈ ദിനം ആചരിക്കുന്നത്. "എന്റെ ഹൃദയത്തിനു വേണ്ടി, നിങ്ങളുടെ ഹൃദയത്തിനു വേണ്ടി, നമ്മുടെയെല്ലാം ഹൃദയങ്ങൾക്ക് വേണ്ടി". എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം.

Wednesday, September 26, 2018

ലോക വിനോദസഞ്ചാര ദിനം


യുണൈറ്റഡ് നേഷൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ആഹ്വാനപ്രകാരം എല്ലാവർഷവും സെപ്റ്റംബർ 27-ന് ലോക വിനോദസഞ്ചാര ദിനമായി ആചരിക്കുന്നു. ലോക ജനതയെ വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങൾ, സാമൂഹ്യ - സാംസകാരിക - രാഷ്ട്രീയ - സാമ്പത്തിക മൂല്യങ്ങൾ എന്നിവയെ കുറിച്ച് അവബോധം വരുത്താനാണ് ഇത് ആഘോഷിക്കുന്നത്.

വിനോദസഞ്ചാരമേഖലയിൽ രാജ്യാന്തരസഹകരണം ഉറപ്പുവരുത്താനുള്ള ഒരു പൊതുവേദി രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ആരംഭിച്ചു. ഇതിന്റെ തുടർച്ചയായി ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് ഒഫിഷ്യൽ ടൂറിസ്റ്റ് ട്രാഫിക് അസോസിയേഷൻസ് എന്ന പേരിൽ 1925-ൽ ഹേഗ് ആസ്ഥാനമാക്കി ഒരു സംഘടന രൂപം കൊണ്ടു. ഇതേതുടർന്ന് 1947-ൽ ഇന്റർനാഷണൽ യൂണിയൻ ഓഫ് ഒഫിഷ്യൽ ട്രാവൽ ഓർഗനൈസേഷൻ സ്ഥാപിക്കപ്പെട്ടു. ഇന്ത്യ 1950-ൽ ഇതിൽ അംഗമായി. ഇതാണ് പിന്നീട് യുണൈറ്റഡ് നേഷൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ എന്ന സംഘടനയായി മാറിയത്.

സ്പെയിനിലെ മാഡ്രിഡാണ് സംഘടനയുടെ ആസ്ഥാനം. 1980 മുതൽ ലോക ടൂറിസം ദിനം ആചരിച്ചുവരുന്നു.

Tuesday, September 25, 2018

ആദിച്ചനല്ലൂർ ചിറ വിനോദസഞ്ചാരപദ്ധതി; ഒന്നാംഘട്ടം ഉദ്ഘാടനത്തിനൊരുങ്ങുന്നു



ആദിച്ചനല്ലൂർ ചിറ വിനോദസഞ്ചാരപദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഒരാഴ്ചയ്ക്കുള്ളിൽ വിനോദസഞ്ചാര വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും.

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജി.എസ്.ജയലാൽ എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ടും ഉപയോഗിച്ചാണ് പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാക്കിയത്.

ആദിച്ചനല്ലൂർ ചിറ വിനോദസഞ്ചാര പദ്ധതി തയാറാക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേന വിനോദസഞ്ചാര വകുപ്പിന് നൽകിയിരുന്നു. ഒന്നരക്കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കി സമർപ്പിച്ചത്. ജി.എസ്.ജയലാൽ എം.എൽ.എ. ഇത് നടപ്പാക്കുന്നതിന്‌ സർക്കാരിൽ വലിയ സമ്മർദ്ദവും ചെലുത്തിയിരുന്നു.

2014-ൽ പദ്ധതിക്ക്‌ ടൂറിസം വകുപ്പ് 46.40 ലക്ഷം രുപ അനുവദിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും പ്രാരംഭ ചെലവുകൾക്കുമായിട്ടായിരുന്നു ഇത്. ചിറയിലെ പായൽ നീക്കംചെയ്ത് ചിറ വൃത്തിയാക്കി.

പിന്നീട് ടൂറിസം വകുപ്പ് ഒൻപതുലക്ഷം രുപ കൂടി അനുവദിച്ചു. കുട്ടികളുടെ പാർക്കിൽ സാങ്കേതിക ഉപകരണങ്ങൾ വാങ്ങാനായി പിന്നീട് നാലുലക്ഷം രൂപ കൂടി അനുവദിച്ചു. ചിറയിൽ ബോട്ട് സവാരിക്ക് ബോട്ട് വാങ്ങാനും മറ്റുമായി ജി.എസ്.ജയലാൽ എം.എൽ.എ.യുടെ പ്രാദേശികവികസന ഫണ്ടിൽനിന്ന്‌ ആറുലക്ഷം രൂപയും അനുവദിച്ചു. 2014-ൽ ആദിച്ചനല്ലുർ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയുടെ ഒന്നാംഘട്ടമാണ് ഉദ്ഘാടനത്തിന് തയാറായിരിക്കുന്നത്.

ഒന്നാംഘട്ട വിനോദപരിപാടികളടെ ഭാഗമായി ചിറയിൽ ബോട്ടിങ്‌ നടത്താനാകും. ബോട്ട് വാങ്ങി സ്ഥലത്തെത്തിച്ചു കഴിഞ്ഞു. ബോട്ട് ജെട്ടിയുടെ നിർമാണവും പുർത്തിയായി. ഉദ്ഘാടനത്തോടെ ബോട്ടിങ്ങും ആരംഭിക്കും.

കുട്ടികളുടെ മാനസികോല്ലാസത്തിനായി പാർക്ക് സ്ഥാപിച്ചു. വിനോദ പരിപാടികൾക്കായി ഊഞ്ഞാൽ, സീസ, മെരി ഗോ റാണ, റൈസിങ്‌ ട്രോ ബിലാൻ, ബൗസിങ്‌ ബലൂൺ എന്നിവയും സൗകര്യപ്പെടുത്തിയിട്ടുണ്ട്.

സാധ്യതയനുസരിച്ച് രണ്ടാം ഘട്ടം തുടങ്ങും


ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേന ഒന്നരക്കോടി രൂപയുടെ പദ്ധതികളാണ് വിനോദസഞ്ചാര വകുപ്പിന് സമർപ്പിച്ചത്. സർക്കാരിൽ സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായാണ് ഒന്നാംഘട്ടം പുർത്തിയാക്കാനായത്. ഒന്നാംഘട്ടത്തിന്റെ സാധ്യതയനുസരിച്ച് രണ്ടാംഘട്ടം നടപ്പാക്കാൻ ശ്രമിക്കും

ജി.എസ്.ജയലാൽ.എം.എൽ.എ.

ഇത് പഞ്ചായത്തിന്റെ സ്വപ്നപദ്ധതി


ആദിച്ചനല്ലൂർ ചിറ വിനോദസഞ്ചാരപദ്ധതി ഗ്രാമപ്പഞ്ചായത്തിന്റെ സ്വപ്നപദ്ധതിയായിരുന്നു. ഒന്നാംഘട്ടം ഉദ്ഘാടനത്തിനൊരുങ്ങി. ഇത് പഞ്ചായത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് പുതിയ ഊർജവും അംഗീകാരവും വരുമാനവും ലഭ്യമാക്കും. ചിറയിലെ മത്സ്യസമ്പത്തിന് ഒരു കോട്ടവുമുണ്ടാകില്ല. കൃഷിപ്പാടത്തേക്കുള്ള ജലസേചനത്തിനും തടസ്സമാകില്ല

-എം.സുഭാഷ്
പഞ്ചായത്ത് പ്രസിഡൻറ്
ആദിച്ചനല്ലൂർ

Monday, September 24, 2018

സുരക്ഷിത ചാത്തന്നൂര്‍ പദ്ധതി കേരളത്തിന് മാതൃകയാക്കും -ജി.എസ്.ജയലാല്‍ എം.എൽ.എ


സുരക്ഷിത ചാത്തന്നൂർ പദ്ധതിയുടെ ഭാഗമായി ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട നൂറ് കേന്ദ്രങ്ങളിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കും. ജി.എസ്.ജയലാൽ എം.എൽ.എയുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊലീസിന്റെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ക്യാമറ സ്ഥാപിക്കുന്നതിനൊപ്പം ജനമൈത്രി പൊലീസ് മാതൃകയിൽ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണ് സുരക്ഷിത ചാത്തന്നൂർ പദ്ധതി. നിയോജക മണ്ഡലത്തിലെ 140 വാർഡുകളിൽ മൂന്ന് വീതം ഉൾപ്പെടുത്തി ബീറ്റുകൾ രൂപീകരിക്കും. ഒരു പൊലീസ് ഉദ്യോഗസ്ഥന് ബീറ്റിന്റെ ചുമതല നൽകും. ഓരോ വാർഡിൽ നിന്നും പൊലീസ് തിരഞ്ഞെടുക്കുന്ന പത്ത് സന്നദ്ധ പ്രവർത്തകരെക്കൂടി ബീറ്റിൽ ഉൾപ്പെടുത്തും. ഇവർക്ക് പ്രത്യേക തിരിച്ചറിയിൽ കാർഡ് നൽകും. ഈ ബീറ്റുകളുടെ നേതൃത്വത്തിൽ അതാത് മേഖലകളിൽ രാത്രികാല പട്രോളിംഗ് നടത്തും.

എല്ലാ വാർഡുകളും പൊലീസ് ഉദ്യോഗസ്ഥൻ കൺവീനറായി വാർഡിലെ ജനമൈത്രി സമിതി അംഗങ്ങളെ ഉൾപ്പെടുത്തി സുരക്ഷിത ചാത്തന്നൂർ സബ് കമ്മിറ്റികൾ രൂപീകരിക്കും. ജനമൈത്രി പൊലീസ് പദ്ധതിയുടെ സാദ്ധ്യതികൾ സുരക്ഷിത ചാത്തന്നൂരിലും പരമാവധി ഉപയോഗിക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ അരുൾ ആർ.ബി കൃഷ്ണ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 62,23,000രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസം ഭരണാനുമതി ലഭിച്ചു.

ടെണ്ടർ നടപടികൾ പൂർത്തിയാക്കി കാമറകൾ ഉടൻ വാങ്ങും. സുരക്ഷിത ചാത്തന്നൂർ പദ്ധതിയുടെ രണ്ടാ ഘട്ടമായി പൊലീസ്,എക്സൈസ്,ആർ.ടി.ഒ തുടങ്ങിയ വകുപ്പുകളെ സഹകരിപ്പിച്ച് റോഡ് സുരക്ഷ,ലഹരിക്കെതിരായ പ്രവർത്തനങ്ങൾ എന്നിവ നടപ്പിലാക്കും.

ജി.എസ്.ജയലാൽ എം.എൽ.എ