ആദിച്ചനല്ലൂർ ചിറ വിനോദസഞ്ചാരപദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഒരാഴ്ചയ്ക്കുള്ളിൽ വിനോദസഞ്ചാര വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും.
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജി.എസ്.ജയലാൽ എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ടും ഉപയോഗിച്ചാണ് പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാക്കിയത്.
ആദിച്ചനല്ലൂർ ചിറ വിനോദസഞ്ചാര പദ്ധതി തയാറാക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേന വിനോദസഞ്ചാര വകുപ്പിന് നൽകിയിരുന്നു. ഒന്നരക്കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കി സമർപ്പിച്ചത്. ജി.എസ്.ജയലാൽ എം.എൽ.എ. ഇത് നടപ്പാക്കുന്നതിന് സർക്കാരിൽ വലിയ സമ്മർദ്ദവും ചെലുത്തിയിരുന്നു.
2014-ൽ പദ്ധതിക്ക് ടൂറിസം വകുപ്പ് 46.40 ലക്ഷം രുപ അനുവദിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും പ്രാരംഭ ചെലവുകൾക്കുമായിട്ടായിരുന്നു ഇത്. ചിറയിലെ പായൽ നീക്കംചെയ്ത് ചിറ വൃത്തിയാക്കി.
പിന്നീട് ടൂറിസം വകുപ്പ് ഒൻപതുലക്ഷം രുപ കൂടി അനുവദിച്ചു. കുട്ടികളുടെ പാർക്കിൽ സാങ്കേതിക ഉപകരണങ്ങൾ വാങ്ങാനായി പിന്നീട് നാലുലക്ഷം രൂപ കൂടി അനുവദിച്ചു. ചിറയിൽ ബോട്ട് സവാരിക്ക് ബോട്ട് വാങ്ങാനും മറ്റുമായി ജി.എസ്.ജയലാൽ എം.എൽ.എ.യുടെ പ്രാദേശികവികസന ഫണ്ടിൽനിന്ന് ആറുലക്ഷം രൂപയും അനുവദിച്ചു. 2014-ൽ ആദിച്ചനല്ലുർ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയുടെ ഒന്നാംഘട്ടമാണ് ഉദ്ഘാടനത്തിന് തയാറായിരിക്കുന്നത്.
ഒന്നാംഘട്ട വിനോദപരിപാടികളടെ ഭാഗമായി ചിറയിൽ ബോട്ടിങ് നടത്താനാകും. ബോട്ട് വാങ്ങി സ്ഥലത്തെത്തിച്ചു കഴിഞ്ഞു. ബോട്ട് ജെട്ടിയുടെ നിർമാണവും പുർത്തിയായി. ഉദ്ഘാടനത്തോടെ ബോട്ടിങ്ങും ആരംഭിക്കും.
കുട്ടികളുടെ മാനസികോല്ലാസത്തിനായി പാർക്ക് സ്ഥാപിച്ചു. വിനോദ പരിപാടികൾക്കായി ഊഞ്ഞാൽ, സീസ, മെരി ഗോ റാണ, റൈസിങ് ട്രോ ബിലാൻ, ബൗസിങ് ബലൂൺ എന്നിവയും സൗകര്യപ്പെടുത്തിയിട്ടുണ്ട്.
സാധ്യതയനുസരിച്ച് രണ്ടാം ഘട്ടം തുടങ്ങും
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേന ഒന്നരക്കോടി രൂപയുടെ പദ്ധതികളാണ് വിനോദസഞ്ചാര വകുപ്പിന് സമർപ്പിച്ചത്. സർക്കാരിൽ സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായാണ് ഒന്നാംഘട്ടം പുർത്തിയാക്കാനായത്. ഒന്നാംഘട്ടത്തിന്റെ സാധ്യതയനുസരിച്ച് രണ്ടാംഘട്ടം നടപ്പാക്കാൻ ശ്രമിക്കും
ജി.എസ്.ജയലാൽ.എം.എൽ.എ.
ഇത് പഞ്ചായത്തിന്റെ സ്വപ്നപദ്ധതി
ആദിച്ചനല്ലൂർ ചിറ വിനോദസഞ്ചാരപദ്ധതി ഗ്രാമപ്പഞ്ചായത്തിന്റെ സ്വപ്നപദ്ധതിയായിരുന്നു. ഒന്നാംഘട്ടം ഉദ്ഘാടനത്തിനൊരുങ്ങി. ഇത് പഞ്ചായത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് പുതിയ ഊർജവും അംഗീകാരവും വരുമാനവും ലഭ്യമാക്കും. ചിറയിലെ മത്സ്യസമ്പത്തിന് ഒരു കോട്ടവുമുണ്ടാകില്ല. കൃഷിപ്പാടത്തേക്കുള്ള ജലസേചനത്തിനും തടസ്സമാകില്ല
-എം.സുഭാഷ്
പഞ്ചായത്ത് പ്രസിഡൻറ്
ആദിച്ചനല്ലൂർ
No comments:
Post a Comment