ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Sunday, September 16, 2018

ഫ്‌ളാഷ്ബാക്കില്‍ എന്‍ എന്‍ പിള്ള

പുസ്തക പരിചയം

പ്രശാന്ത് ചിറക്കര

മലയാള നാടകവേദിയിലെ സമാനതകളില്ലാത്ത ഒറ്റയാനായിരുന്നു എന്‍ എന്‍ പിള്ള. നാടക വേദിയില്‍ അദ്ദേഹം സൃഷ്ടിച്ച പ്രകമ്പനങ്ങള്‍ മണ്‍മറഞ്ഞ ശേഷവും ഒടുങ്ങിയിട്ടില്ല.
കപടസദാചാരത്തിന്റെ ചില്ലുകൊട്ടാരങ്ങള്‍ പിള്ള തന്റെ നാടകങ്ങളിലൂടെ കല്ലെറിഞ്ഞു തകര്‍ത്തു. നാടകം പ്രേക്ഷകരോട് നേര്‍ക്കുനേര്‍ സംവദിക്കുന്ന കലാരൂപമാണ് എന്ന് അദ്ദേഹം വിശ്വസിച്ചു. അതിനാല്‍ റിയലിസത്തിന്റെ സരണിയിലൂടെയാണ് അദ്ദേഹം തന്റെ പ്രേക്ഷകരെ പൊള്ളുന്ന കാഴ്ചാനുഭവങ്ങളിലേയ്ക്ക് നയിച്ചത്. അത് സമൂഹത്തിന്റെ കപട മൂല്യബോധങ്ങളെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. വിശുദ്ധ പശുക്കളെ തൊട്ടുതീണ്ടിക്കൊണ്ട് മനുഷ്യ ജീവിത നാടകത്തിലെ ഏടുകള്‍ അദ്ദേഹം പ്രേക്ഷകരെ തീവ്രമായി അരങ്ങില്‍ അനുഭവിപ്പിച്ചു.
മലയാളത്തിന്റെ ഈ മഹാനാടകകാരനെക്കുറിച്ചുള്ള ഒരു പുസ്തകം ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നു. വേറിട്ട വഴിയിലൂടെ എന്‍ എന്‍ പിള്ളയെ അടുത്തറിയാന്‍ ആസ്വാദക പക്ഷത്തുനിന്നുള്ള ഒരുപരിശ്രമം – ബിജു നെട്ടറ രചിച്ച എന്‍.എന്‍.പിള്ളയിലേയ്ക്ക് ഒരു ഫ്‌ളാഷ് ബാക്ക്.
എന്‍ എന്‍ പിള്ളയെക്കുറിച്ചുള്ള ഒരു പുസ്തകം എന്നുകേള്‍ക്കുമ്പോള്‍ത്തന്നെ നമുക്ക് ഒരു മുന്‍വിധിയുണ്ടാവും. ഈ മുന്‍വിധികളെ തകര്‍ക്കുന്നതാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കവും ഘടനയും. എന്‍ എന്‍ പിള്ളയുടെ ശിഷ്യനായ ഗ്രന്ഥകര്‍ത്താവ് എന്‍ എന്‍ പിള്ളയെ അവതരിപ്പിക്കാന്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗ്ഗം തന്റെ ആത്മകഥയുടെ പരാഗങ്ങള്‍കൂടി വീണുകിടക്കുന്ന ഓര്‍മ്മകളുടെ ഹൃദ്യമായ അനാവരണത്തിലൂടെയാണ്. എങ്ങനെയാണ് ഒരു നാടകകാരനെ ഒരു ആരാധകന്‍ അനുഭവിച്ചറിയുന്നത് എന്നതിന്റെ നേര്‍സാക്ഷ്യമാണ് ലളിത സംവേദനത്തിന്റെ സ്ഫടിക ഭാഷ ഉപയോഗിച്ച് രചിച്ച ഈ ഗ്രന്ഥം.
എന്‍ എന്‍ പിള്ള: ദ ഡ്രമാറ്റിസ്റ്റ് എന്ന ഡോക്കുമെന്ററിയുടെ സംവിധായകന്‍ കൂടിയാണ് ഗ്രന്ഥകര്‍ത്താവ്. എന്‍ എന്‍ പിള്ളയുടെ കലാവ്യക്തിത്വത്തെ ബിജു ആഴത്തില്‍ പഠിച്ചിട്ടുണ്ട് എന്നതിന്റെ സാക്ഷ്യമാണ് അനേകം പുരസ്‌ക്കാരങ്ങള്‍ നേടിയ ഈ ഡോക്കുമെന്ററി. ഇതിന്റെ തിരക്കഥ ഈ പുസ്തകത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. സാഹിത്യ വിദ്യാര്‍ഥികള്‍ക്ക് എന്‍ എന്‍ പിള്ളയെ അടുത്തറിയാന്‍ ഈ തിരക്കഥ ഒട്ടൊന്നുമല്ല ഉപകാരപ്പെടുന്നത്.
ഡോ. പ്രസന്നരാജന്‍, പ്രൊഫ. ഉണ്ണികൃഷ്ണന്‍ കല്ലില്‍ എന്നിവര്‍ ഈ പുസ്തകത്തിന് എഴുതിയ മുഖക്കുറിപ്പുകളും ഹ്രസ്വമെങ്കിലും ആഴമുള്ള നിരീക്ഷണങ്ങള്‍ അടങ്ങിയതാണ്. അത് ഈ പുസ്തകത്തിന്റെ പ്രസക്തിയെ ചൂണ്ടിക്കാണിക്കുന്ന രേഖകളായി മാറുന്നു.
എന്‍ എന്‍ പിള്ളയുടെ സഹോദരിയും നടിയുമായ ഓമനയെക്കുറിച്ച് എഴുതിയ എന്‍ എന്‍ പിള്ളയ്ക്ക് കിട്ടിയ നിധി എന്ന ലേഖനം ആ അഭിനേത്രിയെ അടയാള പ്പെടുത്തുന്ന ഒന്നായിത്തീര്‍ന്നു. അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെപോയ ഒരു വലിയ കലാകാരിയായിരുന്നു അവര്‍.
എന്‍ എന്‍ പിള്ളയുമായി ബിജു നെട്ടറ നടത്തിയ ദീര്‍ഘമായ അഭിമുഖവും ഈ പുസ്തകത്തിന്റെ ഭാഗമാണ്. എന്‍ എന്‍ പിള്ളയുടെ കലാവ്യക്തിത്വത്തെ വെളിവാക്കാന്‍ പോന്ന ചോദ്യങ്ങളാണ് ലേഖകന്‍ ഉന്നയിക്കുന്നത്.
ഒരു വലിയ കലാകാരന്റെ, ഒരുബഹുമുഖ പ്രതിഭയുടെ ജീവിതരേഖ അടയാളപ്പെടുത്തുന്ന ഒരു പുസ്തകമെഴുതുമ്പോള്‍ ആ പുസ്തകം ലേഖകന്റെ കൂടി ആത്മകഥയായിത്തീരുന്ന അപൂര്‍വ്വതയും ഈ പുസ്തകത്തിന് സ്വന്തമാണ്. നാടകത്തെ ജീവിതംതന്നെയാക്കിയ ഒരു മഹാപ്രതിഭയുടെ ജീവിതം പറയുമ്പോള്‍, അക്കാദമികമായ നടപ്പ് രചനാ സമ്പ്രദായങ്ങളോട് പുറംതിരിഞ്ഞ് നിന്നുകൊണ്ട്, പുസ്തകത്തിന് സ്വന്തമായ ഒരു ആഖ്യാന ഘടന രൂപപ്പെടുത്തിയെടുക്കാന്‍ ഗ്രന്ഥകര്‍ത്താവിന് സാധിച്ചിട്ടുണ്ട്.
എന്‍ എന്‍ പിള്ളയുടെ കലാ ജീവിതത്തിന്റെ ഫ്‌ളാഷ്ബാക്കിലേക്ക് ബിജു നെട്ടറ വാക്കുകള്‍ കൊണ്ടുള്ള ഒരു ഫ്‌ളാഷ്‌ലൈറ്റ് പ്രകാശിപ്പിച്ചിരിക്കുന്നു. അതില്‍ തെളിയുന്നത് മലയാളത്തിലെ എക്കാലത്തെയും മഹാനായ ഒരു നാടക കലാകാരന്റെ സംഭവ ബഹുലമായ കലാജീവിതത്തിന്റെ തെളിഞ്ഞ ചിത്രമാണ്. ആ മഹാപ്രതിഭാശാലിയെ കുറച്ചുകൂടി തെളിവുറ്റ ‘ക്ലോസപ്പി’ല്‍ കാണാന്‍ വായനക്കാരന് ഈ പുസ്തകം സഹായകമാകും എന്നതില്‍ സംശയമില്ല.

എന്‍.എന്‍.പിള്ളയിലേയ്ക്ക് ഒരു ഫ്‌ളാഷ്ബാക്ക്(ഓര്‍മ്മ)
പ്രസാധനം: നെട്ടറ മീഡിയ പ്രൊഡക്ഷന്‍സ്
പരവൂര്‍, കൊല്ലം.
വില: 150 രൂപ.

1 comment: