ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Friday, September 7, 2018

രേഖകള്‍ വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനം

പ്രളയക്കെടുതിയില്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ പ്രധാന രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവര്‍ക്ക് ഒരൊറ്റ കേന്ദ്രത്തില്‍നിന്ന് ഇവ നല്‍കാന്‍ സംവിധാനം സര്‍ക്കാര്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിവരസാങ്കേതികവിദ്യാ വകുപ്പ് മറ്റു വകുപ്പുകളുമായി സഹകരിച്ചു നടപ്പാക്കുന്ന പദ്ധതി നിര്‍വഹണത്തിനുള്ള സോഫ്റ്റ്വെയര്‍ ധൃതഗതിയില്‍ തയാറാക്കുകയാണ്. 
രേഖ നഷ്ടപ്പെട്ടയാളുടെ പേര്, മേല്‍വിലാസം, പിന്‍കോഡ്, വയസ്, ഫോണ്‍നമ്പര്‍, വിരലടയാളം പോലുള്ള ബയോമെട്രിക് വിവരങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് പ്രധാനരേഖകള്‍ സര്‍ക്കാരിന്റെ വിവിധ സംവിധാനങ്ങളില്‍നിന്ന് വീണ്ടെടുക്കാനുള്ള പദ്ധതിയാണ് വികസിപ്പിക്കുന്നത്. പേരിലും മറ്റും അന്തരം ഉണ്ടെങ്കിലും കണ്ടുപിടിക്കാന്‍ കഴിയുന്ന രീതിയിലാണ് സംവിധാനത്തിന്റെ രൂപകല്‍പന.
സെപ്റ്റംബര്‍ ആദ്യവാരംമുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന അദാലത്തുകള്‍വഴി പൗരന്റെ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുത്ത് വിതരണം ചെയ്യാനാണ് ഉദ്ദേശ്യം. പ്രാരംഭമായി എല്ലാ സര്‍ക്കാര്‍ വകുപ്പുകളും അവരുടെ ഡാറ്റാബേസുകള്‍ വിവര സാങ്കേതികവിദ്യാ വകുപ്പുമായി പങ്കുവയ്ക്കാനുള്ള നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരീക്ഷാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം സെപ്റ്റംബർ 30ന് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് വാര്‍ഡില്‍ നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment