ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ സമ്പൂർണ കുടിവെള്ള വിതരണത്തിനുള്ള ‘ദാഹനീർ ചാത്തന്നൂർ’ പദ്ധതിക്കു 48 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതി ലഭിച്ചു. ജി.എസ്.ജയലാൽ എംഎൽഎയാണു പദ്ധതിക്കു രൂപം നൽകിയത്. പൂയപ്പള്ളി, ചാത്തന്നൂർ, ആദിച്ചനല്ലൂർ, ചിറക്കര, പൂതക്കുളം എന്നീ പഞ്ചായത്തുകളിലും പരവൂർ നഗരസഭയിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കുകയാണു ലക്ഷ്യം.
കുടിവെള്ള വിതരണ പൈപ്പ് ലൈനുകൾ ഇല്ലാത്തിടത്ത് പുതിയവ സ്ഥാപിച്ച് നിലവിലെ ജലസ്രോതസുകളിൽ നിന്ന് കുടിവെള്ളം ലഭ്യമാക്കും.
280 കി.മീറ്റർ ദൂരത്തിലാണ് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. പരവൂർ നഗരസഭയുടെ തെക്കൻ പ്രദേശങ്ങളിൽ ജപ്പാൻകുടിവെള്ളം എത്തിക്കാൻ 28.6 ലക്ഷം രൂപയുടെയും നെടുങ്ങോലം ഗവ. രാമറാവു താലൂക്ക് ആശുപത്രിയിൽ കുടിവെള്ളത്തിനുള്ള 24.83 ലക്ഷം രൂപയുടെ പദ്ധതിയുടെയും നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. ജപ്പാൻകുടിവെള്ള പദ്ധതിയുടെ അവശേഷിക്കുന്ന നിർമ്മാണ പ്രവൃത്തികളുടെ കാരാറായി.
കല്ലുവാതുക്കലും ഉടൻ കുടിവെള്ളം
കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ കുടിവെളള ക്ഷാമം പരിഹരിക്കുന്നതിനുള്ള കല്ലുവാതുക്കൾ കുടിവെള്ള പദ്ധതിക്കായി 28 കോടിരൂപ അനുവദിച്ചിട്ടുണ്ട്. പഞ്ചായത്ത് സ്ഥലം ഏറ്റെടുത്ത് നൽകിയാലുടൻ ടെൻഡർ നടപടി പൂർത്തിയാക്കി ജല സംഭരണിയുടെയും പ്ലാന്റിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ജി.എസ്.ജയലാൽ എം.എൽ.എ പറഞ്ഞു.
No comments:
Post a Comment