ഇന്ന് ദേശീയ അദ്ധ്യാപക ദിനം. അദ്ധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്ത്വചിന്തകനുമായിരുന്ന ഡോ.സര്‍വ്വേപ്പിളളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അദ്ധ്യാപക ദിനമായി ആചരിക്കുന്നത്. അദ്ധ്യാപനത്തിന്റെ മഹത്വത്തെ തിരിച്ചറിയാനും വിദ്യാര്‍ത്ഥികളുടെ പ്രിയ ഗുരുനാഥന്മാരെ പ്രണമിക്കാനുമുളള സുവര്‍ണ്ണ ദിനം.
ഭാരതീയ സംസ്കാരത്തിന്റേയും വിജ്ഞാനത്തിന്റേയും ആഴങ്ങളിലൂടെ തീര്‍ത്ഥയാത്ര നടത്തിയ മഹാനായ ഡോ.രാധാകൃഷ്ണന്റെ ജന്മദിനം അദ്ധ്യാപക ദിനമായി 1962 മുതല്‍ ഭാരതമൊട്ടാകെ ആചരിച്ചുപോരുന്നു. ഭാരതീയരായ നാം 'മാതാ-പിതാ-ഗുരു ദൈവം' എന്ന് പഠിക്കുന്നവരാണല്ലോ? നമ്മുടെ സംസ്കാരവും ചൈതന്യവും ഗുരുക്കന്മാര്‍ക്ക് കല്പിച്ചു നല്‍കിയിട്ടുളള സ്ഥാനവും ഔന്നത്യവും സാമൂഹ്യ നിര്‍മ്മിതിയില്‍ അവര്‍ക്കുളള നിര്‍ണ്ണായക ഉത്തരവാദിത്വവും നാം മനസ്സിലാക്കണം. മൂല്യബോധമുളള ഒരു തലമുറയുടെ രൂപീകരണം വിദ്യാഭ്യാസത്തിലൂടെ സാധ്യമാകണം. മൂല്യങ്ങള്‍ പറഞ്ഞ് പഠിപ്പിക്കാന്‍ സാധിക്കുകയില്ല. മൂല്യങ്ങള്‍ അദ്ധ്യാപകരില്‍ നിന്നും കുട്ടികള്‍ സ്വായത്തമാക്കണം. അദ്ധ്യാപകര്‍ തന്നെയാണ് മൂല്യം. കുട്ടിയുടെ ആത്മാവിനെ പ്രചോദിപ്പിക്കുന്ന നിര്‍മലവും സത്യസന്ധവുമായ പാഠങ്ങളാണ് പ്രാഥമിക കളരികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടത്. അദ്ധ്യാപനം തപസ്യയായി ഏറ്റെടുത്തവര്‍ക്കേ ഈ ബാധ്യത നിറവേറ്റാന്‍ സാധിക്കൂ. സ്നേഹവും സഹാനുഭൂതിയുമാണ് അദ്ധ്യാപകന്റെ മുഖമുദ്ര.
ഭാവിലോകത്തിന്റെ ശില്പികളായ, അറിവിന്റെ വെളിച്ചം വരും തലമുറക്ക് പകര്‍ന്നു കൊടുക്കുന്ന എല്ലാ അദ്ധ്യാപകര്‍ക്കും അദ്ധ്യാപകദിനാശംസകള്‍.
No comments:
Post a Comment