ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Monday, September 24, 2018

സുരക്ഷിത ചാത്തന്നൂര്‍ പദ്ധതി കേരളത്തിന് മാതൃകയാക്കും -ജി.എസ്.ജയലാല്‍ എം.എൽ.എ


സുരക്ഷിത ചാത്തന്നൂർ പദ്ധതിയുടെ ഭാഗമായി ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട നൂറ് കേന്ദ്രങ്ങളിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കും. ജി.എസ്.ജയലാൽ എം.എൽ.എയുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊലീസിന്റെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ക്യാമറ സ്ഥാപിക്കുന്നതിനൊപ്പം ജനമൈത്രി പൊലീസ് മാതൃകയിൽ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണ് സുരക്ഷിത ചാത്തന്നൂർ പദ്ധതി. നിയോജക മണ്ഡലത്തിലെ 140 വാർഡുകളിൽ മൂന്ന് വീതം ഉൾപ്പെടുത്തി ബീറ്റുകൾ രൂപീകരിക്കും. ഒരു പൊലീസ് ഉദ്യോഗസ്ഥന് ബീറ്റിന്റെ ചുമതല നൽകും. ഓരോ വാർഡിൽ നിന്നും പൊലീസ് തിരഞ്ഞെടുക്കുന്ന പത്ത് സന്നദ്ധ പ്രവർത്തകരെക്കൂടി ബീറ്റിൽ ഉൾപ്പെടുത്തും. ഇവർക്ക് പ്രത്യേക തിരിച്ചറിയിൽ കാർഡ് നൽകും. ഈ ബീറ്റുകളുടെ നേതൃത്വത്തിൽ അതാത് മേഖലകളിൽ രാത്രികാല പട്രോളിംഗ് നടത്തും.

എല്ലാ വാർഡുകളും പൊലീസ് ഉദ്യോഗസ്ഥൻ കൺവീനറായി വാർഡിലെ ജനമൈത്രി സമിതി അംഗങ്ങളെ ഉൾപ്പെടുത്തി സുരക്ഷിത ചാത്തന്നൂർ സബ് കമ്മിറ്റികൾ രൂപീകരിക്കും. ജനമൈത്രി പൊലീസ് പദ്ധതിയുടെ സാദ്ധ്യതികൾ സുരക്ഷിത ചാത്തന്നൂരിലും പരമാവധി ഉപയോഗിക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ അരുൾ ആർ.ബി കൃഷ്ണ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 62,23,000രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസം ഭരണാനുമതി ലഭിച്ചു.

ടെണ്ടർ നടപടികൾ പൂർത്തിയാക്കി കാമറകൾ ഉടൻ വാങ്ങും. സുരക്ഷിത ചാത്തന്നൂർ പദ്ധതിയുടെ രണ്ടാ ഘട്ടമായി പൊലീസ്,എക്സൈസ്,ആർ.ടി.ഒ തുടങ്ങിയ വകുപ്പുകളെ സഹകരിപ്പിച്ച് റോഡ് സുരക്ഷ,ലഹരിക്കെതിരായ പ്രവർത്തനങ്ങൾ എന്നിവ നടപ്പിലാക്കും.

ജി.എസ്.ജയലാൽ എം.എൽ.എ

No comments:

Post a Comment