ഏഴാം ക്ലാസിലെ വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും 55 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയവരും രക്ഷിതാക്കളുടെ വാർഷിക വരുമാനം ഒന്നര ലക്ഷത്തിൽ കൂടാത്തവരുമായ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാം. 2019 നവംബർ 17-നാണ് പരീക്ഷ. www.scert.kerala.gov.in എന്ന സൈറ്റിൽ ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്.
എൻ.ടി.എസ്, എൻ.എം.എം.എസ് പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഒക്‌ടോബർ അഞ്ച്. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് സ്‌കൂൾ പ്രിൻസിപ്പലിനോ ഹെഡ്മാസ്റ്റർക്കോ നൽകണം.
രണ്ട് പാർട്ടുകളായിട്ടാണ് പരീക്ഷ.
പാർട്ട് ഒന്ന് സ്കൊളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (SAT) ആണ്. 90 ചോദ്യങ്ങൾ ഉണ്ടാവും. പരീക്ഷാ സമയം ഒന്നര മണിക്കൂർ. ഓരോ ചോദ്യത്തിനും നാല് വ്യത്യസ്ത ഉത്തരങ്ങൾ ഉണ്ടാവും. ഇതിൽ ഏറ്റവും അനുയോജ്യമായ ഉത്തരം ഒ.എം.ആർ. ഉത്തരക്കടലാസിൽ പൂർണമായി കറുപ്പിച്ച് അടയാളപ്പെടുത്തുകയാണ് വേണ്ടത്. ഏഴ്, എട്ട് ക്ലാസിൽ പഠിച്ച സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടവയായിരിക്കും ചോദ്യങ്ങൾ. എട്ടാംക്ലാസിലെ സെക്കൻഡ് ടേം വരെയുള്ള പാഠഭാഗങ്ങൾ മാത്രമേ സിലബസിൽ ഉൾപ്പെട്ടിട്ടുള്ളൂ. കേവലം ഓർമ പരിശോധിക്കുന്ന രീതിയിലാവില്ല ചോദ്യങ്ങൾ. മറിച്ച് യുക്തിപൂർവം വിശകലനംചെയ്ത് ഉത്തരം എഴുതേണ്ട രീതിയിലായിരിക്കും. ഓരോ ചോദ്യത്തിനും ഒരു മാർക്ക് വീതം ആയിരിക്കും. നെഗറ്റീവ് മാർക്ക് ഇല്ല. ഒന്ന് മുതൽ 35 വരെ ചോദ്യങ്ങൾ സാമൂഹ്യശാസ്ത്രത്തിൽനിന്ന്, 36 മുതൽ 70 വരെ ചോദ്യങ്ങൾ ശാസ്ത്രവിഷയത്തിൽനിന്ന്, 71 മുതൽ 90 വരെ ചോദ്യങ്ങൾ ഗണിതത്തിൽനിന്ന് എന്നിങ്ങനെ.
ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ ചോദ്യപ്പേപ്പർ ഉണ്ടായിരിക്കും. ഏത് ഭാഷയിലാണ് വേണ്ടതെന്ന് ഓൺലൈനിൽ രേഖപ്പെടുത്തണം.
നവംബർ 17-ന് രാവിലെ 10 മുതൽ 11.30 വരെ ഒന്നാം പാർട്ടും (SAT) 1.30 മുതൽ 3.00 വരെ രണ്ടാം പാർട്ടും (MAT) പരീക്ഷ നടക്കും. വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്, ഫോട്ടോ, ആധാർ തുടങ്ങിയവ കരുതണം. എട്ടാംക്ലാസിൽ സ്കോളർഷിപ്പ് നേടുന്ന വിദ്യാർഥിക്ക് ഒമ്പതാം ക്ലാസുമുതൽ പന്ത്രണ്ടാം ക്ലാസുവരെ മാസംതോറും 1000 രൂപ കിട്ടുന്നുവെന്നതാണ് ഇതിന്റെ സവിശേഷത.
മുൻവർഷങ്ങളിലെ ചില
ചോദ്യങ്ങൾ പരിചയപ്പെടാം.
1. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളാണ് തന്നിട്ടുള്ളത്.
(എ) ഉപ്പുസത്യാഗ്രഹം
(ബി) ക്വിറ്റിന്ത്യ പ്രസ്ഥാനം
(സി) ജാലിയൻവാലാബാഗ്
(ഡി) ചൗരി-ചൗര സംഭവം
ചുവടെ തന്നിട്ടുള്ളതിൽനിന്നും ഇവയുടെ ശരിയായ കാലഗണനാക്രമം കണ്ടെത്തുക.
(1) സി, ഡി, എ, ബി
(2) സി, ബി, ഡി, എ
(3) ഡി, എ, ബി, സി
(4) ബി, സി, ഡി, എ
ഓരോ സംഭവവും നടന്ന വർഷം കണ്ടെത്തി പിന്നീട് വർഷങ്ങളുടെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തണം. ഉത്തരം ഒന്നാമത്തെ സി.ഡി.എ.ബി. എന്നതായിരിക്കുമല്ലോ.
2. താഴെ കൊടുത്തിരിക്കുന്ന സമിതികളുടെ സ്ഥാപനത്തിന്റെ കാലഗണനാക്രമം ഏതാണ്?
(a) ആര്യസമാജം
(b) ബ്രഹ്മസമാജം
(c) പ്രാർഥനസമാജം
(d) രാമകൃഷ്ണമിഷൻ
(1) acbd (2) bcad
(3) cbda (4) cabd
ഉത്തരം: bcad
3. നിങ്ങൾ ഉദയസൂര്യനെ നോക്കിനിന്നാൽ നിങ്ങളുടെ ഇടതുവശം ഏത് ദിശയിലായിരിക്കും?
(a) കിഴക്ക് (b) പടിഞ്ഞാറ്
(c) തെക്ക് (d) വടക്ക്
യുക്തിപൂർവം ചിന്തിച്ചാൽ ഉത്തരം വടക്ക് എന്ന് കിട്ടുമല്ലോ.
4. ഒരു സംഖ്യയുടെ മൂന്നുമടങ്ങിനോട് രണ്ട് കൂട്ടിയതും മൂന്നു കൂട്ടിയതിന്റെ രണ്ടുമടങ്ങും തുല്യമാണ്. സംഖ്യ ഏതാണ്?
(1) 1 (2)2 (3)3 (4)4
ഉത്തരം: 4
പാർട്ട് 2 മനോനൈപുണി പരീക്ഷയാണ്.
MAT അഥവാ Mental Ability Test
Analogy (സാമ്യം) Classification (വർഗീകരണം) Numerical Series (സംഖ്യാശ്രേണി) Reasoning (യുക്തിചിന്ത) പാറ്റേണുകൾ തിരിച്ചറിയൽ, മറഞ്ഞിരിക്കുന്ന രൂപങ്ങൾ കണ്ടെത്തൽ തുടങ്ങി വ്യത്യസ്ത രീതിയിലുള്ള ചോദ്യങ്ങളാണ് MATൽ ഉൾപ്പെടുത്തിയത്. 90 മാർക്കിനുള്ള 90 ചോദ്യങ്ങൾ ഉണ്ടാവും. 90 മിനിറ്റാണ് സമയം. ചോദ്യമാതൃകകൾ പരിചയപ്പെടുകയാണ് വേണ്ടത്. ഉത്തരം പഠിക്കുകയല്ല, ഉത്തരങ്ങളിലേക്ക് എത്തിയ രീതികളാണ് പരിചയപ്പെടേണ്ടത്.
Analogy വിഭാഗത്തിൽപ്പെട്ട ചോദ്യങ്ങൾക്ക് ഉദാഹരണങ്ങൾ പരിചയപ്പെടാം.
താഴെ തന്നിരിക്കുന്ന ആദ്യ വാക്കുകൾ തമ്മിൽ ഒരു ബന്ധം ഉണ്ട്. ഇതേ ബന്ധം പാലിക്കുന്ന രീതിയിൽ വിട്ടുപോയ പദം കണ്ടെത്തുക:
(1) ഇതൾ : പൂവ്. അധ്യായം: .....?
(a) ഖണ്ഡിക (b) പുസ്തകം
(c) ശീർഷകം (d) രചയിതാവ്
(2) ചന്ദ്രൻ : ഉപഗ്രഹം. ഭൂമി: ........
(a) സൂര്യൻ (b) സൗരയൂഥം
(c) ഗ്രഹം (d) നക്ഷത്രം
(3) അസ്ഥികൂടം : ശരീരം. വ്യാകരണം: .............?
(a) വിദ്യാഭ്യാസം (b) ഭാഷ
(c) വിപരീതം (d) അർഥം
ഈ ചോദ്യങ്ങളിലെ ആദ്യത്തെ രണ്ടു വാക്കുകൾ ഒരു പ്രത്യേക ആശയത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട് നിൽക്കുന്നു. മൂന്നാമത്തെ വാക്കിനെ അതേ ആശയത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെടുത്തുകയാണ് വേണ്ടത്. ഇതൾ പൂവിനെങ്ങനെയാണോ അതേപോലെ അധ്യായം പുസ്തകത്തിനു ചേരുന്നു. ചന്ദ്രനും ഉപഗ്രഹവും എന്ന രീതിയിലാണ് ഭൂമിയും ഗ്രഹവും. അസ്ഥികൂടവും ശരീരവും തമ്മിലുള്ള ബന്ധംപോലെയാണ് വ്യാകരണവും ഭാഷയും.
സംഖ്യാശ്രേണിയുമായി ബന്ധപ്പെട്ട ചോദ്യവും യുക്തിചിന്ത ആവശ്യപ്പെടുന്നു.
മാതൃകാചോദ്യങ്ങൾ പരിചയപ്പെടാം.
1. 3, 7, 15,? 63, 127 വിട്ടുപോയ ഭാഗത്തെ സംഖ്യയേത്?
(a) 30 (b) 47 (c) 31 (d) 52
സംഖ്യാശ്രേണി
3+4 = 7
7+8 = 15
15+16 = 31
31+32 = 63
63+64 = 127 ഈ രീതിയിലായതിനാൽ 31 ഉത്തരമാവും.
2. 12, 32, 72, 152 ... 632 ഈ ശ്രേണിയിൽ വിട്ടുപോയ സംഖ്യഏത്?
(a) 352 (b) 244 (c) 270 (d) 312
ഇവിടെ 12+20 = 32, 32 + 40 = 72, 72+80= 152 എങ്കിൽ 152+160 = 312 ഉത്തരംകിട്ടും
3. 1, 4, 9, 16, 25 ............ എന്ന ശ്രേണിയിൽ വിട്ടുപോയ സംഖ്യ ഏത്?
[64.49.81.36]
12, 22, 32, 42, 52 എന്ന ക്രമത്തിലായതിനാൽ ഉത്തരം 36 ആയിരിക്കുമല്ലോ.
കലണ്ടറുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് മറ്റൊന്ന്.
ഒരു മാസത്തിലെ 17-ാം തീയതി ശനിയാഴ്ചയാണെങ്കിൽ നാലാമത്തെ വ്യാഴം ഏത് തീയതി?
(a) 28 (b) 29 (c) 27 (d) 30
17 ശനിയായതിനാൽ 3, 10 തീയതികളും ശനിയായിരിക്കും. 3 ശനിയായതിനാൽ 1-ാം തീയതി വ്യാഴം ആയിരിക്കുമല്ലോ. എങ്കിൽ 8, 15, 22, 29 തീയതികൾ വ്യാഴാഴ്ചയാകും. അങ്ങനെ നാലാമത്തെ വ്യാഴം
22-ാം തീയതിയാവും.
കുടുംബബന്ധവുമായി യുക്തിചിന്താ ചോദ്യങ്ങൾ ഉണ്ടാവും. സഹോദരൻ, അമ്മാവൻ, മുത്തശ്ശി, മരുമകൻ തുടങ്ങിയ ബന്ധങ്ങൾ മനസ്സിലാക്കിയാൽ എളുപ്പത്തിൽ ഉത്തരം കണ്ടെത്താൻ കഴിയുന്നവയാണ് ഇത്തരം ചോദ്യങ്ങൾ.
കോഡിങ്, ഡീ കോഡിങ് വിഭാഗത്തിലുള്ള ചോദ്യങ്ങൾ പരിചയപ്പെടുന്നത് കൗതുകകരവും വെല്ലുവിളി ഉയർത്തുന്നവയുമാണ്. അക്ഷരങ്ങളുടെയും അക്കങ്ങളുടെയും പ്രത്യേക ക്രമീകരണങ്ങളിലൂടെ സൃഷ്ടിക്കുന്ന രഹസ്യഭാഷയാണ് കോഡിങ്.
ഉദാഹരണം പരിചയപ്പെടാം.
RUST = 9- 6- 8- 7
DONE = 23- 12- 13- 22 എന്നാണെങ്കിൽ TEAM എന്നത് നിങ്ങൾ എങ്ങനെ കോഡുചെയ്യും.
(a) 7-23-25-13
(b) 7-22-26-14
(c) 7-23-26-14
(d) 7-23-24-13
ഇംഗ്ലീഷ് അക്ഷരമാലയുടെ വിപരീത സംഖ്യാക്രമത്തിലാണ് കോഡിങ് നടത്തിയതെന്ന് മനസ്സിലാക്കാം. D= 23, E = 22 എന്നിങ്ങനെ കാണുമ്പോൾതന്നെ സൂചന കിട്ടുമല്ലോ. ഇതിന്റെ അടിസ്ഥാനത്തിൽ കോഡ് ചെയ്താൽ 7-22-26-14 എന്നുകിട്ടും. 26-ാം അക്ഷരം A ആയതിനാൽ 2, 3 ഓപ്ഷനുകൾ മാത്രമേ പരിഗണിക്കേണ്ടതുള്ളൂ.
കൂടുതൽ പരിചയപ്പെട്ടാൽ രസകരമാവും.
DOG എന്നത് WLT എന്നും CAL എന്നത് XZG എന്നും എഴുതിയാൽ COW എന്നത് എങ്ങനെ കോഡ് ചെയ്യും.
(a) XLD (b) XLW (c) XLE (d) XDL
ഇവിടെ അക്ഷരങ്ങളാണ് A= Z എന്ന വിപരീതക്രമത്തിൽ വന്നത്. അതിനാൽ C= X, O= L, W= D എന്ന് കിട്ടുമല്ലോ.
ഉത്തരം XLD
ഒളിഞ്ഞുകിടക്കുന്നവ കണ്ടെത്താനുള്ള ചോദ്യങ്ങളും രസകരമാണ്. ഉദാഹരണത്തിന് OITPL എന്നീ അക്ഷരങ്ങളെ പുനഃക്രമീകരിച്ച് ഒരു തൊഴിലിന്റെ പേര് ഉണ്ടാക്കാൻ പറ്റിയാൽ ആ വാക്കിന്റെ മധ്യഭാഗത്തെ അക്ഷരം ഏത്?
(a) I (b) L (c) P (d) T
PILOT എന്ന വാക്കിന്റെ മധ്യഭാഗത്തെ അക്ഷരം കണ്ടെത്താമല്ലോ.
INTERPRETATION എന്ന വാക്കിലെ ഏഴാമത്തെയും പത്താമത്തെയും പന്ത്രണ്ടാമത്തെയും പതിനാലാമത്തെയും അക്ഷരങ്ങൾ ഉപയോഗിച്ച് ഒരു അർഥവത്തായ പദം എഴുതിയാൽ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതായിരിക്കും ആ വാക്കിന്റെ വലത്തേ അറ്റത്തുനിന്നും മൂന്നാമത് വരുന്ന അക്ഷരം?
(a) P (b) R (c) I (d) A
ചോദ്യം നന്നായി ശ്രദ്ധിച്ച് വായിച്ചാൽ വാക്ക് rain എന്ന് കിട്ടും. പിന്നീട് ഉത്തരം എളുപ്പമായല്ലോ.
MATചോദ്യങ്ങൾ ബുദ്ധിപരീക്ഷ തന്നെയാണ്. കാണാപ്പാഠം പഠിച്ച് സ്കോർ നേടുന്നവരെക്കാൾ, യുക്തിപൂർവം ചിന്തിക്കാൻ കഴിയുന്നവർക്ക് ഈ പാർട്ടിൽ കൂടുതൽ സ്കോർ നേടാൻ കഴിയും. ഉത്തരത്തിലേക്ക് പലപ്പോഴും ഒന്നിലധികം വഴികൾ ഉണ്ട് എന്നതും ഇത്തരം ചോദ്യങ്ങളുടെ സവിശേഷതയാണ്.
ഒരു സ്കൂളിൽ അഞ്ച് അധ്യാപകർ. A, B എന്നീ അധ്യാപകർ ഫിസിക്സും കെമിസ്ട്രിയും പഠിപ്പിക്കും
C, B എന്നിവർ കെമിസ്ട്രിയും ജിയോഗ്രഫിയും പഠിപ്പിക്കും
D, A എന്നിവർ ഗണിതവും ഫിസിക്സും പഠിപ്പിക്കും.
E, B എന്നിവർ ഹിന്ദിയും മലയാളവും പഠിപ്പിക്കും
എങ്കിൽ ഏറ്റവും കൂടുതൽ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകൻ
(a) A (b) B (c) C (d) D
ശരാശരി, ദിശ, ദൂരം, ക്ലോക്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഈ പാർട്ടിൽ പ്രതീക്ഷിക്കാം. SAT, MAT എന്നീ വിഷയങ്ങൾക്ക് ഒന്നാകെ 40% മാർക്ക് ലഭിച്ചാൽ സ്കോളർഷിപ്പിന് അർഹരായി. എസ്.സി., എസ്.ടി, അംഗപരിമിതർ എന്നിവർക്ക് കുറഞ്ഞ മാർക്ക് 32 ശതമാനം ആണ്.