രാജ്യം ഇന്ന് രക്തസാക്ഷി ദിനം ആചരിക്കുന്നു
“നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്…. പ്രകാശം പൊലിഞ്ഞെന്നാണോ ഞാൻ പറഞ്ഞത്? എനിക്കു തെറ്റുപറ്റി. പ്രകാശിച്ചിരുന്നത് ഒരു സാധാരണ ദീപമായിരുന്നില്ല… ഒരായിരം വർഷങ്ങൾക്കു ശേഷവും അതിവിടെ പ്രകാശം ചൊരിയും. നൂറ്റാണ്ടുകളിലൂടെ ആയിരമായിരം ഹൃദയങ്ങൾക്ക് അത് ആശ്വാസം പകർന്നുകൊണ്ടിരിക്കും” മഹാത്മാഗാന്ധിയുടെ മരണം അറിയിച്ചുകൊണ്ട് രാഷ്ട്രത്തോടു നടത്തിയ പ്രഭാഷണത്തിൽ ജവഹർലാൽ നെഹ്‌റു പറഞ്ഞതാണ് മുകളിൽ കുറിച്ചത്.
ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്ന ഗാന്ധിജി മരിച്ചിട്ടു ഈ ജനുവരി 30 നു എഴുപത്തൊന്ന് വര്‍ഷം തികയുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായ ഗാന്ധിയെ കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദാർശനികനായും ലോകനേതാവായുമാണ് നമ്മൾ ഇന്ന് അറിയുന്നത്.
രാജ്യം ഇന്ന് രക്തസാക്ഷി ദിനം ആചരിക്കുന്നു. 1948 ജനുവരി 30 വെള്ളിയാഴ്ച്ചയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവായ മോഹൻദാസ് കരംചന്ദ് ഗാന്ധി കൊല്ലപ്പെട്ടത്.
ആ ദിവസത്തെ ഓർമ്മക്കായാണ് രാജ്യം രക്തസാക്ഷി ദിനം ആചരിക്കുന്നത്. ഡെൽഹിയിലെ ബിർളാ ഹൗസിനു മുന്നിലെ മൈതാനത്ത് പ്രാർത്ഥനക്കെത്തിയവർക്കും അനുയായികൾക്കുമിടയിൽ വെച്ചാണ് നാഥുറാം വിനായക് ഗോഡ്‌സേ ഗാന്ധിജിയെ കൊലപ്പെടുത്തിയത്. ഗോഡ്സേ മൂന്ന് തവണ വെടിയുതിർത്തു. ഗാന്ധിജിയുടെ നെഞ്ചിൽ തന്നെ മൂന്ന് വെടികളും തുളച്ചുകയറി. "ഹേ റാം, ഹേ റാം" എന്ന് ഉച്ചരിച്ച് കൈകൂപ്പിക്കൊണ്ട് അദ്ദേഹം നിലത്ത് വീണു.
No comments:
Post a Comment