അടിയന്തര സേവനങ്ങള്‍ക്ക് ഇനി ഒരു നമ്പർ- 112
പോലീസ്, ഫയർഫോഴ്സ് (ഫയർ & റെസ്ക്യൂ), ആംബുലൻസ് എന്നിവയുടെ അടിയന്തര സേവനങ്ങള്‍ ലഭിക്കാൻ ഇനി 112 ലേക്ക് വിളിച്ചാൽ മതി.പോലീസിനെ വിളിക്കുന്ന 100 എന്ന നമ്പർ (Dial-100) ന് പകരം 112 ലേക്കാണ് വിളിക്കേണ്ടത്. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവൻ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് മാറുന്നതിൻറെ ഭാഗമായാണ് പുതിയ പദ്ധതി.
100-ല്‍ വിളിക്കുമ്പോള്‍ ഓരോ ജില്ലകളിലേയും കണ്‍ട്രോള്‍ റൂമിലേക്കാണ് വിളിപോകുന്നത്. ഇനി മുതൽ എവിടെ നിന്ന് 112 ലേക്ക് വിളിച്ചാലും പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്കാവും വിളിയെത്തുക. വിവരങ്ങള്‍ ശേഖരിച്ച് ഞൊടിയിൽ സേവനമെത്തേണ്ട സ്ഥലത്തിന് സമീപമുള്ള പോലീസ് വാഹനത്തിലേക്ക് സന്ദേശം കൈമാറും.
ജിപിഎസ് സഹായത്തോടെ ഓരോ പോലീസ് വാഹനവും എവിടെയുണ്ടെന്ന് കണ്‍ട്രോള്‍ റൂമിൽ നിന്നും മനസിലാക്കാം. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേക്ക് സന്ദേശമെത്തും. ഇതനുസരിച്ച് പോലീസുകാർക്ക് പ്രവർത്തിക്കാം. ജില്ലാ കണ്‍ട്രോള്‍ റൂമികളിലേക്കും സമാനമായി സന്ദേശമെത്തും. ഇനി റെയ്ഞ്ചില്ലാത്ത സ്ഥലത്താണെങ്കിൽ വയർലസ് വഴി സന്ദേശം നൽകും.
ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായിരിക്കുന്ന സിമ്മുകളുള്ളതോ ആയ മൊബൈൽ ഫോണുകളിൽ നിന്നുവിളിച്ചാലും ലാൻഡ് ഫോണുകളിൽ നിന്നു വിളിച്ചാലും സേവനം ലഭ്യമാകും. ഈ പദ്ധതി പൂർണമായി നടപ്പിലാക്കുന്നത് വരെ 100, 101 എന്നീ നമ്പറുകളിലെ സേവനം തുടരുന്നതാണ്.
#keralapolice #dial112 #emergencyservice
No comments:
Post a Comment