കേരളമുടനീളം സ്‌പെഷ്യൽ ക്യാമ്പുകൾ മാർച്ച് രണ്ടിനും മൂന്നിനും
അന്തിമവോട്ടർപട്ടികയിൽ പേരുണ്ടോ എന്ന് ഉറപ്പാക്കാനും ഇല്ലെങ്കിൽ പേര് ചേർക്കാനും അവസരമൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ സ്‌പെഷ്യൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമനുസരിച്ച് എല്ലാ ജില്ലകളിലും പോളിംഗ് ലൊക്കേഷനുകളിൽ മാർച്ച് രണ്ടിനും മൂന്നിനും ക്യാമ്പുകൾ നടത്താൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ നിർദേശം നൽകി.
കേരളമുടനീളമുള്ള 12,960 പോളിംഗ് ലൊക്കേഷനുകളിലെ 24,970 ബൂത്തുകളിൽ അതത് ബൂത്ത് ലെവൽ ഓഫീസർമാർ വഴി അന്തിമവോട്ടർ പട്ടിക ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പരിശോധിക്കാം. പട്ടികയിൽ പേര് ഇല്ലെങ്കിൽ പോളിംഗ് ലൊക്കേഷനുകളിൽതന്നെ ഓൺലൈനായി പേര് ചേർക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി പോളിംഗ് സ്റ്റേഷനുകളിൽ കമ്പ്യൂട്ടർ സംവിധാനം ഒരുക്കാൻ ജില്ലാതലങ്ങളിൽ നിർദേശം നൽകിയിട്ടുണ്ട്.
എല്ലാ വോട്ടർമാരും ഈ സ്‌പെഷ്യൽ ക്യാമ്പുകളിൽ പങ്കെടുത്ത് തങ്ങളുടെ പേര് പട്ടികയിൽ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും ഇല്ലെങ്കിൽ ചേർക്കാനുള്ള അവസരം വിനിയോഗിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
No comments:
Post a Comment