ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Saturday, November 10, 2018

Kerala Floods - The Human Story കേരളം പ്രളയത്തെ അതിജീവിച്ചതിനെ വാഴ്ത്തി ഡിസ്കവറി ചാനലിന്റെ ഡോക്യുമെന്ററി; തിങ്കളാഴ്ച സംപ്രേഷണം

കേരളം അതിജീവിച്ച പ്രളയത്തെക്കുറിച്ച് ഡിസ്‌ക്കവറി ചാനല്‍ ഡോക്യുമെന്ററി തയ്യാറാക്കുന്നു. ‘കേരള ഫ്ളഡ്സ് ദി ഹ്യൂമണ്‍ സ്റ്റോറി’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. നവംബര്‍ 12ന് രാത്രി ഒമ്പത് മണിക്കായിരിക്കും ഡിസ്‌കവറി ചാനലില്‍ ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുക.

ദുരിതത്തില്‍ പെട്ടവരുടെ അതിജീവന കഥകള്‍, രക്ഷകരായി മാറിയ മത്സ്യത്തൊഴിലാളികള്‍ നീട്ടിയ സഹായ ഹസ്തങ്ങള്‍, സന്നദ്ധ സംഘടനകളിലുള്ളവര്‍ക്കൊപ്പം കൈമെയ് മറന്ന് പണിയെടുത്ത സിനിമാ താരങ്ങള്‍, അങ്ങനെ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് നീട്ടിയ കൈകളെ പിടിച്ചു കയറ്റിയ നിരവധി പേരെ ഈ ഡോക്യമെന്ററിയിലൂടെ ഡിസ്‌കവറി ചാനല്‍ പരിചയപ്പെടുത്തുന്നുണ്ട്.

കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിനാണ് ഓഗസ്റ്റ് 15 മുതല്‍ കേരളം സാക്ഷിയായത്. 11 ദിവസത്തിലധികം നീണ്ടു നിന്ന മഴ 40,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. ഈ ഡോക്യുമെന്ററിയിലൂടെ തകര്‍ച്ച എന്ന് സ്വയം നിര്‍വചിക്കാന്‍ കൂട്ടാക്കാതെ നിവര്‍ന്ന് നിന്ന് പോരാടിയ കേരളത്തെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡിസ്‌കവറി ചാനലിന്റെ വൈസ് പ്രസിഡന്റ് ആന്‍ഡ് ഹെഡ് സുല്‍ഫിയ വാരിസ് പറഞ്ഞു.

Friday, November 9, 2018

World Science Day ലോക ശാസ്ത്രദിനം


ലോകസമാധാനത്തിനും വികസനത്തിനുമായുള്ള ശാസ്ത്രദിനം എല്ലാ കൊല്ലവും നവംബര്‍ 10 ന് ആചരിക്കുന്നു. ശാസ്ത്രത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങളേയും ഇനിയും പിന്നിടാനുള്ള കടമ്പകളെയും കുറിച്ച് ഈ ദിനം ഓര്‍മ്മിപ്പിക്കുന്നു. ശാസ്ത്രവും സമൂഹവും തമ്മിലിള്ള അകല്‍ച്ച ഇല്ലാതാക്കുകയാണ് ഈദിനാചരണത്തിന്‍റെ മറ്റൊരു ലക്‍ഷ്യം. വിദ്യാഭ്യാസത്തിലും, നയരൂപീകരണത്തിലും ശാസ്ത്രത്തെ എത്രമാത്രം ഉപയോഗപ്പെടുത്തുന്നു എന്ന് ചിന്തിക്കേണ്ടതുമുണ്ട്.
സമാധാനം നിലനിര്‍ത്താനും വികസനം നേടിയെടുക്കാനും ശാസ്ത്രത്തെ എത്രമാത്രം ഉപയോഗപ്പെടുത്താം എന്ന് ഓര്‍മ്മിപ്പിക്കാനാണ് യുനെസ്കോ നവംബര്‍ 10ന് ലോക ശാസ്ത്രദിനമായി ആചരിക്കുന്നത്. സമാധാനപൂര്ണ്ണവും ഐശ്വര്യപൂര്‍ണ്ണവും സമത്വപൂര്‍ണ്ണവുമായ ഒരു ലോകം കെട്ടിപ്പടുക്കാനും അന്തര്‍ദേശീയ സഹകരണവും ഒന്നിച്ചുള്ള കര്‍മ്മപദ്ധതികളും നടപ്പാക്കാനുമായി ശാസ്ത്രത്തെ ഉപയോഗപ്പെടുത്താന്‍ യുനെസ്കോ എല്ലാവരെയും ആഹ്വനം ചെയ്യുന്നു.

Thursday, November 8, 2018

National Legal Services Day ദേശീയ നിയമ സാക്ഷരതാ ദിനം


നിയമം ഉണ്ടായതുകൊണ്ടോ, കോടതിയും നീതിന്യായ സംവിധാനങ്ങളും ഉള്ളതുകൊണ്ടോ കാര്യമില്ല. നിയമങ്ങളെ കുറിച്ച് സാധാരണക്കരില്‍ സാധാരണക്കാര്‍ക്ക് അറിവുണ്ടാകണം.സ്വന്തം കടമകളെയും കര്‍ത്തവ്യങ്ങലേയും കുറിച്ച് എന്ന പോലെ നിയമാവകാശങ്ങളെയും നിയമ സംരക്ഷണങ്ങളേയും കുറിച്ച് നല്ല ധാരണയുണ്ടാകണം.ഇതിനാണ് നിയമ സാക്ഷരത എന്നു പറയുന്നത്. നവംബര്‍ 9 ന് രാജ്യം ദേശീയ നിയമ സാക്ഷരതാ ദിനമായി ആചരിക്കുന്നു.പാവപ്പെട്ട അവശ പൗരന്മാര്‍ക്ക് നിയമ ബോധവല്‍ക്കരണത്തിലൂടെ ശക്തി പകരാനുള്ള പ്രതിബദ്ധതയാണ് ദേശീയ നിയമസാക്ഷരതയിലൂടെ ലക്ഷ്യമാക്കുന്നത്.നീതി ലഭ്യമാക്കാന്‍ നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ലീഗല്‍ സര്‍വീസസ് അതോറിറ്റികളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്കായി നിയമസേവന സമിതികള്‍ സുപ്രീം കോടതിയിലും ഹൈക്കോടതികളിലും രൂപവല്‍ക്കരിച്ചിട്ടുണ്ട്. ഇത് കൂടാതെ ജില്ലാ, താലൂക്ക് തലങ്ങളില്‍ സൗജന്യ നിയമസേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

Wednesday, November 7, 2018

World Radiography Day ലോക റേഡിയോഗ്രാഫി ദിനം


എക്‌സ്‌റേ കണ്ടുപിടിത്തം

1895 നവംബര്‍ 8: വുര്‍ത്‌സ്‌ബെര്‍ഗ് സര്‍വകലാശാലയിലെ ഭൗതികശാസ്ത്ര മേധാവിയായി വില്‍ഹെം കോണ്‍റാഡ് റോണ്‍ട്ജന്‍ സേവനമനുഷ്ഠിക്കുന്ന കാലം. കാഥോഡ് രശ്മികളെപ്പറ്റി ഗവേഷണം നടത്തുന്നു. പെട്ടെന്നാണ് ഒരു അപൂര്‍വപ്രകാശം പരന്നത്. ആ പ്രകാശം സ്‌ക്രീനില്‍ പതിയുന്നു. ആ പ്രകാശദിശയിലേക്ക് റോണ്‍ട്ജന്‍ തന്റെ കൈ ഉയര്‍ത്തിക്കാട്ടി. പക്ഷേ, പതിഞ്ഞത് കൈപ്പത്തിക്കു പകരം കൈയിലെ അസ്ഥിയുടെ നിഴലായിരുന്നു. ഒരു പ്രേതചിത്രം. ഈ അദ്ഭുതരശ്മികളുടെ പാതയില്‍ പലതരം പദാര്‍ഥങ്ങള്‍ വച്ചു നടത്തിയ പരീക്ഷണങ്ങളിലൂടെ ഇവയ്ക്ക് പദാര്‍ഥങ്ങളിലൂടെ തുളച്ചുകയറാനുള്ള കഴിവുണ്ടെന്നു മനസ്സിലാക്കി. ആ രശ്മികള്‍ക്ക് റോണ്‍ട്ജന്‍ അജ്ഞാതരശ്മികള്‍ എന്ന അര്‍ഥത്തില്‍ ഒരു പേരു നല്‍കി-  എക്‌സ്‌റേ രശ്മികള്‍. പദാര്‍ഥങ്ങളെ തുളച്ചു കടന്നുപോവാനുളള അതിന്റെ കഴിവ് വൈദ്യശാസ്ത്രരംഗത്ത് വലിയൊരു വിപ്ലവം സൃഷ്ടിച്ചു.  മാംസംപോലുള്ള മൃദുപദാര്‍ഥങ്ങളെ തുളച്ചുകടക്കുകയും എല്ലുകള്‍ പോലുള്ള കഠിന പദാര്‍ഥങ്ങളാല്‍ തടയപ്പെടുകയും ചെയ്യുക വഴി മനുഷ്യരുടെ ആന്തരികാവയവങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹത്തിന് മനസ്സിലായി.  ഗവേഷകലോകത്തോടു തന്റെ പുതിയ കണ്ടെത്തലിനെക്കുറിച്ച് പറയാന്‍ പോവുമ്പോള്‍ റോണ്‍ട്ജന്‍ ഒരു ചിത്രംകൂടി കൈയിലെടുത്തിരുന്നു. ഒരു വിരലില്‍ മോതിരമണിഞ്ഞ, നീണ്ട വിരലുകളുള്ള ഒരു പെണ്‍കൈയുടെ അസ്ഥികൂടത്തിന്റെ ചിത്രം – ആദ്യ എക്‌സ്‌റേ ചിത്രത്തില്‍ പതിഞ്ഞത് റോണ്‍ട്ജന്റെ പത്‌നി അന്ന ബെര്‍ത്ത ലുഡ്‌വിഗിന്റെ കൈപ്പത്തിയായിരുന്നു.

എക്‌സ്‌റേയുടെ കണ്ടുപിടിത്തം റോണ്‍ട്ജന് വലിയ ബഹുമതികള്‍ നേടിക്കൊടുത്തു. 1901ല്‍ ഭൗതികശാസ്ത്രത്തിലുള്ള ആദ്യ നൊബേല്‍ സമ്മാനം അദ്ദേഹത്തെ തേടിയെത്തി. 
ഈ ശാസ്ത്രജ്ഞനോടുള്ള ബഹുമാനാര്‍ഥം ആവര്‍ത്തനപട്ടികയിലെ 111ാം മൂലകത്തിന് റോണ്‍ട്‌ജേനിയം (Roentgenium) എന്നാണ് പേരു നല്‍കിയിരിക്കുന്നത്.

Tuesday, November 6, 2018

C.V. Raman സി.വി.രാമൻ


നവംബർ 7
സി.വി.രാമൻ ജന്മദിനം
*************************
ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ. രാമൻ പ്രഭാവം എന്ന കണ്ടെത്തലിന് 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന് അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ്.

1888 നവംബർ 7-ന്, തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ, ചന്ദ്രശേഖര അയ്യരുടേയും പാർവതി അമ്മാളുടേയും രണ്ടാമത്തെ മകനായി ചന്ദ്രശേഖര വെങ്കിട്ടരാമൻ ജനിച്ചു. അഞ്ച് ആണ്മക്കളും മൂന്നു പെണ്മക്കളുമായി ഈ ദമ്പതികൾക്ക് എട്ട് മക്കളാണ് ഉണ്ടായിരുന്നത്. രാമന് നാലുവസ്സുള്ളപ്പോൾ, പിതാവിന് വിശാഖപട്ടണത്തുള്ള എ.വി.എൻ. കോളേജിൽ അദ്ധ്യാപകനായി ജോലി ലഭിച്ചു. അവിടെ അദ്ദേഹം ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം എന്നിവയാണ് പഠിപ്പിച്ചിരുന്നത്. അച്ചനോടൊപ്പം വിശാഖപട്ടണത്തെത്തിയ രാമന് ഇതുകൊണ്ട് വിദ്യാഭ്യാസകാലഘട്ടത്തിൽ നല്ലൊരു പഠനാന്തരീക്ഷം ലഭിച്ചു.

സ്ക്കൂൾ വിദ്യാഭ്യാസകാലഘട്ടത്തിൽ, രാമൻ, പഠനത്തിൽ ഉന്നതനിലവാരം പുലർത്തി. സ്കോളർഷിപ്പുകളും സമ്മാനങ്ങളും വാരിക്കൂട്ടി. ചെറുപ്പത്തിൽതന്നെ രാമന് ഭൗതികശാസ്ത്രത്തിൽ ഏറെ താല്പര്യമുണ്ടായിരുന്നു. അദ്ദേഹം ഒരു ഡൈനാമോ അന്നേ സ്വയം നിർമ്മിച്ചു. ബുദ്ധിശക്തിയിൽ ഉന്നതനിലവാരം പുലർത്തിയെങ്കിലും രാമന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നു.
പതിനൊന്നാമത്തെ വയസ്സിൽ രാമൻ മെട്രിക്കുലേഷൻ ഒന്നാമനായി വിജയിച്ചു. പിന്നീടദ്ദേഹം അച്ഛൻ പഠിപ്പിച്ചിരുന്ന എ.വി.എൻ. കോളേജിൽത്തന്നെ ഇന്റർമീഡിയേറ്റിന് ചേർന്നു. ഒന്നാമനായിത്തന്നെ ഇന്റർമീഡിയേറ്റും വിജയിച്ചു.

1903-ൽ, മദ്രാസിലെ പ്രശസ്തമായ പ്രസിഡൻസി കോളേജിൽ രാമൻ ബി.എ.യ്ക്കു ചേർന്നു. പ്രസിഡൻസി കോളേജിൽ ബിരുദപഠനത്തിനെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. രാമന്റെ അദ്ധ്യാപകരെല്ലാം പ്രഗൽഭരായ യൂറോപ്യന്മാരായിരുന്നു. പഠനത്തിൽ അദ്ദേഹത്തിന് ഏറെ ഗുണം ചെയ്തു. 1904-ൽ രാമൻ, ഇംഗ്ലീഷിലും ഭൗതികശാസ്ത്രത്തിലും സ്വർണമെഡലുകൾ നേടിക്കൊണ്ട് ബി.എ. ഒന്നാമനായി വിജയിച്ചു.
ഉപരിപഠനത്തിനായി ഇംഗ്ലണ്ടിൽ പോകണമെന്നായിരുന്നു രാമന്റെ അദ്ധ്യാപകരുടെ അഭിപ്രായം. ഇംഗ്ലണ്ടിലെ കാലാവസ്ഥയെ അതിജീവിക്കാൻ തക്ക ആരോഗ്യസ്ഥിതിയില്ലാതിരുന്നതിനാൽ, പ്രസിഡൻസി കോളേജിൽത്തന്നെ ഭൗതികശാസ്ത്രം പഠിക്കാനായി എം.എ. യ്ക്കു ചേർന്നു. 1907-ൽ, രാമൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് തന്നെ എം.എ പാസ്സായി.

ശാസ്ത്രപഠനം തുടരുന്നതിന് രാമന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അന്നത്തെ കാലത്ത്, ഇന്ത്യയിൽ ശാസ്ത്രഗവേഷണത്തിനുള്ള സാഹചര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. അന്നുകാലത്ത് പല മിടുക്കന്മാരായ വിദ്യാർത്ഥികളുടേയും ലക്ഷ്യം, ഇന്ത്യൻ സിവിൽ സർവ്വീസ് പരീക്ഷ അഥവാ ഐ.സി.എസ് പാസ്സാകുക എന്നതായിരുന്നു. പക്ഷേ പഠിക്കാൻ ഇംഗ്ലണ്ടിൽ പോകണമെന്നത് ഇവിടെയും തടസമായി. തുടർന്ന് സ്വന്തം ജ്യേഷ്ഠന്റെ പാത പിന്തുടർന്ന്ഫിനാൻഷ്യൽ സിവിൽ സർവ്വീസിന് (എഫ്.സി.എസ്.) ശ്രമിക്കുകയും 1907-ൽ എഫ്.സി.എസ്. പരീക്ഷ വിജയിക്കുകയും ചെയ്തു.

പരീക്ഷ പാസ്സായി ജോലി ലഭിക്കുന്നതിനുതൊട്ടുമുമ്പുള്ള ആ ഒരു ചെറിയ ഇടവേളയിലായിരുന്നു രാമൻ "ലോകസുന്ദരി" എന്ന പെൺകുട്ടിയെ വിവാഹം ചെയ്തത്. അക്കാലത്തെ പരമ്പരാഗതരീതികളനുസരിച്ച് തങ്ങളുടെ വിവാഹകാര്യതീരുമാനത്തിൽ വരനോ വധുവിനോ യാതൊരുവിധ അഭിപ്രായ സ്വാതന്ത്ര്യവുമുണ്ടായിരുന്നില്ല. എന്നാൽ രാമന്റെ വിവാഹം അപ്രകാരമല്ല നടന്നത്. കോളേജിൽ പഠിക്കുമ്പോഴെത്തന്നെ, രാമൻ, തന്റെ സുഹൃത്തും തിയോസഫിസ്റ്റും പുരോഗമനവാദിയുമായ രാമസ്വാമിയുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു. രാമസ്വാമിയുടെ ബന്ധുവായ ലോകസുന്ദരിയെ അവിടെ വച്ച് കണ്ടുമുട്ടി പ്രണയത്തിലാകുകയും, ഈ പ്രണയം വിവാഹത്തിലേക്ക് ചെന്നെത്തുകയുമായിരുന്നു.
രാമൻ ബ്രാഹ്മണനും ലോകസുന്ദരി മറ്റൊരു ജാതിയിൽപ്പെട്ടയാളുമായതിനാൽ വിവാഹത്തിന് രാമന്റെ അമ്മയടക്കമുള്ള ബന്ധുക്കൾ എതിർപ്പുപ്രകടിപ്പിച്ചിരുന്നു. എന്നാൽ രാമന്റെ പിതാവിന്റെ പിന്തുണയും രാമന്റെ ദൃഢനിശ്ചയവും മൂലം ലോകസുന്ദരിയുമായുള്ള വിവാഹം നടന്നു.

ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് രാമൻ പ്രഭാവം. കടലിന് നീലനിറം എങ്ങനെ ലഭിക്കുന്നു എന്ന ചോദ്യമാണ് ഈ പ്രതിഭാസത്തിന്റെ വിശദീകരണം കണ്ടെത്താൻ രാമനെ പ്രേരിപ്പിച്ചത്. 1928 ഫെബ്രുവരി 28 ന് ഇത് പ്രസിദ്ധീകരിക്കുകയും 1930-ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയും ചെയ്തു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് സയൻസിൽ നിന്നു 1948-ൽ അദ്ദേഹം വിരമിച്ചു. അതിനു ശേഷം ബാംഗ്ലൂരിൽ അദ്ദേഹം രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. മരിക്കുന്നതു വരെ അദ്ദേഹം അതിന്റെ ഡയറക്ടറായി പ്രവർത്തിച്ചു. 1954-ൽ അദ്ദേഹത്തിനു ഭാരതരത്നം പുരസ്കാരം ലഭിച്ചു. 1970 നവംബർ 21 ശനിയാഴ്ച വെളുപ്പിന് 82-മത്തെ വയസ്സിൽ സി .വി. രാമൻ മരണമടഞ്ഞു. നിശ്ചയിച്ചുറപ്പിച്ചപ്രകാരം രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന്റെ മൃതശരീരം സംസ്കരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം യാതൊരുവിധത്തിലുള്ള മതപരമായ ചടങ്ങുകളും നടന്നില്ല.

Sunday, November 4, 2018

National Ayurveda Day ദേശീയ ആയുര്‍വേദ ദിനം 2018


നവംബർ 5 ന് മൂന്നാമത് ആയുർവേദ ദിനമായി ഇന്ത്യ ഒട്ടാകെ ആഘോഷിക്കുകയാണ്. "പൊതുജനാരോഗ്യവും ആയുര്‍വേദവും " (“Ayurveda for Public health”) എന്നതാണ് ഈ വർഷത്തെ ആയുര്‍വേദ ദിനാചരണത്തിന്റെ മുഖ്യപ്രമേയം.

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്  കീഴിലുള്ള ചെറുതുരുത്തി ദേശീയ പഞ്ചകർമ ഗവേഷണ കേന്ദ്രം ഇത്തവണ ആയുർവേദ ദിനം ആഘോഷിക്കുന്നത് തികച്ചും വ്യത്യസ്തമായാണ്. ആരോഗ്യ ബോധവൽക്കരണ ക്ലാസ്സുകൾ, ഔഷധ സസ്യ പ്രദർശനം, സെമിനാറുകൾ, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയ പരിപാടികൾക്കൊപ്പം തന്നെ ഒരു ആയുർവേദ സംഗീത ആൽബം പുറത്തിറക്കിയിരിക്കുകയാണ്. ആയുർധ്വനി എന്ന് പേരിട്ടിരിക്കുന്ന ഈ ആൽബം നവംബർ 2 ന് കേരളം കലാമണ്ഡലം വൈസ് ചാൻസലർ ശ്രീ. ഡോ. T. K. നാരായണൻ പ്രകാശനം ചെയ്തു. ആയുർവേദം പ്രമേയമാക്കി അവതരിപ്പിക്കുന്ന പ്രഥമ സംഗീത ആൽബം എന്നതാണ് ആയുർധ്വനിയുടെ പ്രത്യേകത. കേരളീയ ആയുർവേദവും കലയും ഈ ആൽബത്തിൽ മനോഹരമായി അവിഷ്കരിച്ചിട്ടുണ്ട്. ശ്രീ. ജോയ് ചെറുവത്തൂർ സംഗീത സംവിധാനവും ഡോ. ആകാശ് ലാൽ രചനയും നിർവഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകൻ ശ്രീ. പ്രദീപ് സോമസുന്ദരൻ ആണ്. ശ്രീമതി കലാമണ്ഡലം രചിത രവി സംവിധാനം നിർവഹിച്ച നൃത്തങ്ങൾ അവതരിപ്പിക്കുന്നത് കലാമണ്ഡലം വിദ്യാർത് തികൾ തന്നെ ആണ്. കലാമണ്ഡലത്തിന്റെയും നിളയുടെയും പശ്ചാത്തലത്തിൽ ആണ് ചിത്രീകരണം നിർവഹിച്ചിരിക്കുന്നത്.

Thursday, November 1, 2018

SSLC പരീക്ഷ മാര്‍ച്ച് 13 മുതല്‍ 27 വരെ; വിജ്ഞാപനം പുറത്തിറങ്ങി


2018-2019 അധ്യായന വർഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ 2019 മാര്‍ച്ച് 13ന് ആരംഭിക്കും. മാർച്ച് 27ന് ആയിരിക്കും അവസാന പരീക്ഷ. നവംബര്‍ ഏഴ് മുതൽ വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫീസ് പിഴ അടക്കാം. നവംബർ 19 ആണ് പിഴയില്ലാതെ ഫീസ് അടയ്ക്കാവുന്ന അവസാന തീയതി. പിഴയോടുകൂടി 22 മുതല്‍ 30 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും.


മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാവുന്നതാണ്. ഒമ്പത് പേപ്പറുകൾക്ക് എഴുത്ത് പരീക്ഷയും ഇൻഫർമേഷൻ ടെക്നോളജി പ്രാക്ടിക്കൽ പരീക്ഷയുമാണ്. 80 മാർക്കിനുള്ള പരീക്ഷകൾക്ക് രണ്ടര മണിക്കൂറും, 40 മാർക്കിനുള്ള പരീക്ഷകൾക്ക് ഒന്നര മണിക്കൂറുമാണ് പരീക്ഷ സമയം. ഇതിന് പുറമെ പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് 15 മിനിറ്റ് സമാശ്വാസ സമയവും ഉണ്ടായിരിക്കും.

എല്ലാ ദിവസവും ഉച്ചയ്ക്ക് 1.45നാണ് പരീക്ഷ. നേരത്തെ രാവിലെ പരീക്ഷ നടത്തണമെന്ന നിർദേശം പരിഗണനയിലായിരുന്നു. എന്നാൽ‌ രാവിലെ ചോദ്യപേപ്പറുകൾ സ്കൂളിലെത്തിക്കുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് മുൻ വർഷങ്ങളിലേതു പോലെ പരീക്ഷ നടത്താൻ തീരുമാനിക്കുകയായിരുന്നു.


2019 മാർച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയിൽ ഉപരി പഠനത്തിന് അർഹത നേടാത്ത വിദ്യർത്ഥികൾക്ക് സേ (സേവ് എ ഇയർ) പരീക്ഷ നടത്തുന്നതായിരിക്കും. 2019 മെയ് മാസമാണ് സേ പരീക്ഷ നടത്തുന്നത്. പരീക്ഷ ഫലം പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിനകം ഇതിന് അപേക്ഷ നൽകണം.

കൂടുതൽ വിവരങ്ങൾക്ക് www.keralapareekshabhavan.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക