എക്‌സ്‌റേ കണ്ടുപിടിത്തം
1895 നവംബര്‍ 8: വുര്‍ത്‌സ്‌ബെര്‍ഗ് സര്‍വകലാശാലയിലെ ഭൗതികശാസ്ത്ര മേധാവിയായി വില്‍ഹെം കോണ്‍റാഡ് റോണ്‍ട്ജന്‍ സേവനമനുഷ്ഠിക്കുന്ന കാലം. കാഥോഡ് രശ്മികളെപ്പറ്റി ഗവേഷണം നടത്തുന്നു. പെട്ടെന്നാണ് ഒരു അപൂര്‍വപ്രകാശം പരന്നത്. ആ പ്രകാശം സ്‌ക്രീനില്‍ പതിയുന്നു. ആ പ്രകാശദിശയിലേക്ക് റോണ്‍ട്ജന്‍ തന്റെ കൈ ഉയര്‍ത്തിക്കാട്ടി. പക്ഷേ, പതിഞ്ഞത് കൈപ്പത്തിക്കു പകരം കൈയിലെ അസ്ഥിയുടെ നിഴലായിരുന്നു. ഒരു പ്രേതചിത്രം. ഈ അദ്ഭുതരശ്മികളുടെ പാതയില്‍ പലതരം പദാര്‍ഥങ്ങള്‍ വച്ചു നടത്തിയ പരീക്ഷണങ്ങളിലൂടെ ഇവയ്ക്ക് പദാര്‍ഥങ്ങളിലൂടെ തുളച്ചുകയറാനുള്ള കഴിവുണ്ടെന്നു മനസ്സിലാക്കി. ആ രശ്മികള്‍ക്ക് റോണ്‍ട്ജന്‍ അജ്ഞാതരശ്മികള്‍ എന്ന അര്‍ഥത്തില്‍ ഒരു പേരു നല്‍കി- എക്‌സ്‌റേ രശ്മികള്‍. പദാര്‍ഥങ്ങളെ തുളച്ചു കടന്നുപോവാനുളള അതിന്റെ കഴിവ് വൈദ്യശാസ്ത്രരംഗത്ത് വലിയൊരു വിപ്ലവം സൃഷ്ടിച്ചു. മാംസംപോലുള്ള മൃദുപദാര്‍ഥങ്ങളെ തുളച്ചുകടക്കുകയും എല്ലുകള്‍ പോലുള്ള കഠിന പദാര്‍ഥങ്ങളാല്‍ തടയപ്പെടുകയും ചെയ്യുക വഴി മനുഷ്യരുടെ ആന്തരികാവയവങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹത്തിന് മനസ്സിലായി. ഗവേഷകലോകത്തോടു തന്റെ പുതിയ കണ്ടെത്തലിനെക്കുറിച്ച് പറയാന്‍ പോവുമ്പോള്‍ റോണ്‍ട്ജന്‍ ഒരു ചിത്രംകൂടി കൈയിലെടുത്തിരുന്നു. ഒരു വിരലില്‍ മോതിരമണിഞ്ഞ, നീണ്ട വിരലുകളുള്ള ഒരു പെണ്‍കൈയുടെ അസ്ഥികൂടത്തിന്റെ ചിത്രം – ആദ്യ എക്‌സ്‌റേ ചിത്രത്തില്‍ പതിഞ്ഞത് റോണ്‍ട്ജന്റെ പത്‌നി അന്ന ബെര്‍ത്ത ലുഡ്‌വിഗിന്റെ കൈപ്പത്തിയായിരുന്നു.
എക്‌സ്‌റേയുടെ കണ്ടുപിടിത്തം റോണ്‍ട്ജന് വലിയ ബഹുമതികള്‍ നേടിക്കൊടുത്തു. 1901ല്‍ ഭൗതികശാസ്ത്രത്തിലുള്ള ആദ്യ നൊബേല്‍ സമ്മാനം അദ്ദേഹത്തെ തേടിയെത്തി.
ഈ ശാസ്ത്രജ്ഞനോടുള്ള ബഹുമാനാര്‍ഥം ആവര്‍ത്തനപട്ടികയിലെ 111ാം മൂലകത്തിന് റോണ്‍ട്‌ജേനിയം (Roentgenium) എന്നാണ് പേരു നല്‍കിയിരിക്കുന്നത്.
No comments:
Post a Comment