നവംബര് 14 - ലോക പ്രമേഹ ദിനം
പ്രമേഹത്തെ പ്രതിരോധിക്കാന്‍ രോഗലക്ഷണങ്ങള്‍ എന്തെന്ന് അറിയണം. നിങ്ങള്‍ക്ക് താഴെപ്പറയുന്ന എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ പ്രമേഹരോഗിയാവാന്‍ സാധ്യതയുണ്ട്- വര്‍ധിച്ച മൂത്രശങ്ക, അമിത ദാഹം, വിശപ്പ്, ഭാരക്കുറവ്, തളര്‍ച്ച, ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതെ വരുന്നത്, ഓക്കാനവും വയറുവേദനയും കൈകാലുകളില്‍ തരിപ്പ്, ഉണങ്ങിവരണ്ട നാവ്, കാഴ്ചക്കുറവ്, തുടരെ തുടരെയുള്ള അണുബാധ, കരിയാന്‍ വൈകുന്ന മുറിവുകള്‍ ഇതെല്ലാം പ്രമേഹ രോഗബാധിതരില്‍ സാധാരണമായി കാണുന്നു.
പ്രമേഹത്തിലേക്ക് നിങ്ങളെ തള്ളിവിടുന്ന ആപത്ഘടകങ്ങള്‍ പലതാണ്. അമിതവണ്ണം, വ്യായാമരാഹിത്യം, അപഥ്യ ഭക്ഷണശൈലി, വാര്‍ധക്യം, അമിത കൊളസ്‌ട്രോളും പ്രഷറും, പാരമ്പര്യം, പ്രസവാനന്തര പ്രമേഹബാധ തുടങ്ങിയവയെല്ലാം കാലാന്തരത്തില്‍ നിങ്ങളെ ഒരു പ്രമേഹരോഗിയാക്കിമാറ്റുന്നു.
പ്രമേഹരോഗികള്‍ മൃത്യുവിനിരയാകുന്ന പ്രധാനകാരണങ്ങള്‍ ഹൃദ്രോഗം, വൃക്കകളുടെ അപചയം, അമിതരക്തസമ്മര്‍ദം എന്നിവയാണ്. അതിസങ്കീര്‍ണമായ ആ രോഗാവസ്ഥകളൊക്കെത്തന്നെ പ്രമേഹത്തിന്റെ പ്രത്യാഘാതഫലമായി ഉണ്ടാകുന്നു. പ്രമേഹരോഗികളില്‍ 80 ശതമാനം പേരും മരണപ്പെടുന്നത് ഹൃദയധമനീരോഗങ്ങളാലാണ്. പ്രമേഹരോഗികള്‍ക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത നാലിരട്ടിയാണ്.
പ്രമേഹത്തിന്റെ അനന്തരഫലമായി രക്തത്തില്‍ കുമിഞ്ഞുകൂടുന്ന കൊളസ്‌ട്രോളും മറ്റു ഉപഘടകങ്ങളും ഹൃദയം, കണ്ണ്, വൃക്ക, നാഡീവ്യൂഹം, ധമനികള്‍ എന്നീ അവയവങ്ങളില്‍ വൈവിധ്യമാര്‍ന്ന ജരിതാവസ്ഥയുണ്ടാക്കുന്നു. കോശങ്ങളുടെ ക്രമരഹിതമായ വളര്‍ച്ചയും കട്ടികൂടലും വലുതും ചെറുതുമായ എല്ലാധമനികളെയും വികലമാക്കുന്നു. രക്തക്കുഴലുകളുടെ ആന്തരപാളികളില്‍ കൊഴുപ്പുകണികകള്‍ പറ്റിപ്പിടിച്ച് അവയുടെ ഉള്‍വ്യാസം ചെറുതാക്കുന്നു. ഹൃദയപേശികളെ പരിപോഷിപ്പിക്കുന്ന കൊറോണറികളുടെ ഉള്‍വ്യാസം അടഞ്ഞാല്‍ രക്തസഞ്ചാരം ദുഷ്‌കരമാകുന്നതുനിമിത്തം ഹൃദയാഘാതം ഉണ്ടാകുന്നു. അതുപോലെ മസ്തിഷ്‌കത്തിനും വൃക്കകള്‍ക്കും കണ്ണുകള്‍ക്കുമെല്ലാം രക്തദാരിദ്രം സംഭവിച്ചാല്‍ അവ ഒന്നൊന്നായി രോഗാതുരമാകുന്നു. വൃക്കപരാജയത്താല്‍ 'ഡയാലിസിസ്' വേണ്ടിവരുന്ന രോഗികളില്‍ സിംഹഭാഗവും പ്രമേഹബാധിതരാണ്.
പ്രമേഹരോഗികളിലെ ഹൃദയാഘാതം മൂര്‍ധന്യാവസ്ഥയിലെത്തിയാലും അതിന്റെ ലക്ഷണങ്ങള്‍ രോഗികള്‍ എപ്പോഴും അറിഞ്ഞെന്നുവരില്ല. പ്രത്യേകിച്ച് നെഞ്ചുവേദന എപ്പോഴും അനുഭവപ്പെടാതെ ഹാര്‍ട്ടറ്റാക്കുണ്ടാകാം. ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന 'ഓട്ടോണമിക് നാഡീവ്യൂഹ'ത്തിനും സംഭവിക്കുന്ന അപചയം തന്നെ ഇതിന്റെ കാരണം. നാഡീവ്യൂഹത്തിന്റെ മാന്ദ്യം നിമിത്തം ഹാര്‍ട്ടറ്റാക്കുണ്ടാകുമ്പോള്‍ നെഞ്ചുവേദനയുടെ തീവ്രത അനുഭവിച്ചറിയാന്‍ രോഗിക്ക് പറ്റാതെ പോകുന്നു. പകരം ശ്വാസംമുട്ടല്‍, ഓക്കാനം, തളര്‍ച്ച, വയറുവേദന എന്നീ രോഗലക്ഷണങ്ങളാണ് കണ്ടുവരുന്നത്. അതുപോലെ ഹാര്‍ട്ടറ്റാക്കിനോടനുബന്ധിച്ചുള്ള മരണസാധ്യത പ്രമേഹരോഗികളില്‍ വര്‍ധിച്ചുകാണുന്നു. ഹൃദയകോശങ്ങളുടെ നാശം പ്രമേഹമില്ലാത്തവരെ അപേക്ഷിച്ച് കൂടുതലായി കണ്ടുവരുന്നു. ഇനി ആന്‍ജിയോപ്ലാസ്റ്റിങ്ങോ, ബൈപ്പാസ് ശസ്ത്രക്രിയയോ നടത്താമെന്നുവെച്ചാലും പ്രമേഹരോഗിയുടെ കൊറോണറി ധമനികള്‍ അതിനെപ്പോഴും അനുയോജ്യമായിവരില്ല.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രണവിധേയമാക്കി കൊളസ്‌ട്രോള്‍ ഘടകങ്ങളെ കുറച്ച്, പ്രമേഹബാധയുടെ പ്രത്യാഘാതങ്ങളെ പിടിയിലൊതുക്കുകവഴി ഹൃദയാഘാതം നല്ലൊരു പരിധിവരെ ഒഴിവാക്കാമെന്ന് ഗവേഷണനിരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇനി ഹൃദ്രോഗത്തിനടിമപ്പെട്ടാലും കര്‍ശനമായ പ്രമേഹനിയന്ത്രണം വഴി അധികംവഷളാകുന്നതിനെ തടയാം.
പൊണ്ണത്തടിയുള്ളവര്‍ക്ക് പ്രമേഹം സാധാരണയായി കാണുന്നു. ശരീരഭാരം വര്‍ധിക്കുകയും കൊഴുപ്പുകോശങ്ങള്‍ ക്രമാതീതമാകുകയും ചെയ്താല്‍ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ നിര്‍വിഘ്‌നം നടക്കുന്നതിന് കൂടുതല്‍ ഇന്‍സുലിന്‍ ഹോര്‍മോണ്‍ അനിവാര്യമായി വരും. ഇതുനല്‍കാന്‍ ആഗേ്‌നയ ഗ്രന്ഥിക്ക് സാധിക്കാതെവരുമ്പോള്‍ ഗ്ലൂക്കോസ് ശരീരത്തില്‍ കുമിഞ്ഞുകൂടുന്നു. കുടവയര്‍ കൂടുതലായുള്ള കേരളീയര്‍ക്കും പ്രമേഹബാധ സാധാരണം.
പ്രമേഹം ഇന്ന് കൊച്ചുകുട്ടികളെയും വേട്ടയാടുകയാണ്. ഇന്‍സുലിന്‍ ആശ്രിത (ടൈപ്പ് ഒന്ന്) പ്രമേഹം കുട്ടികളിലും കൗമാരപ്രായക്കാരിലും പ്രതിവര്‍ഷം മൂന്നു ശതമാനമായി വര്‍ധിക്കുകയാണ്. പതിനഞ്ചുവയസ്സിനു താഴെയുള്ള എഴുപതിനായിരം കുട്ടികള്‍ക്ക് വര്‍ഷംപ്രതി ഇന്‍സുലിന്‍ ആശ്രിത പ്രമേഹബാധയുണ്ടാകുന്നു. തക്കസമയത്തു കണ്ടുപിടിച്ച് സമുചിത ചികിത്സ ഉടനടി തുടങ്ങിയില്ലെങ്കില്‍ കുട്ടികളുടെ മസ്തിഷ്‌കത്തിനു സാരമായ വളര്‍ച്ചാമാന്ദ്യമുണ്ടാകുന്നു.
ഭക്ഷണത്തെ പഥ്യവും ശാസ്ത്രീയവുമാക്കിയാല്‍ പ്രമേഹചികിത്സ ഏറെ എളുപ്പമായി. സ്‌കൂള്‍കുട്ടികള്‍ ദിവസേന കുടിച്ചുതീര്‍ക്കുന്ന മധുരപാനീയങ്ങള്‍ എത്രമാത്രമെന്ന് കണക്കില്ല. അതിനെ ആരും നിയന്ത്രിക്കുന്നുമില്ല. പ്രമേഹത്തെ പ്രതിരോധിക്കാന്‍ കര്‍ശനമായ ആഹാരനിയന്ത്രണം ചെറുപ്പത്തിലേ തുടങ്ങണം. നിത്യേനയുള്ള വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കണം. പ്രമേഹരോഗലക്ഷണങ്ങളെപ്പറ്റി ബോധവാന്മാരാകണം. കൃത്യമായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കണം. ഇത്രയൊക്കെയായാല്‍ ധാരാളം മതി.
No comments:
Post a Comment