ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Monday, November 19, 2018

Universal Children's Day


അന്താരാഷ്ട്ര ശിശുദിനം

1959 ലാണ് കുട്ടികളുടെ അവകാശങ്ങൾ ഐക്യരാഷ്ട്രസഭ അംഗീകരിച്ചത്. 1989-ൽ കുട്ടികളുടെ അവകാശ ഉടമ്പടിയും യു.എൻ അംഗീകരിച്ചു. രണ്ടിനും അംഗീകാരം ലഭിച്ചത് അന്താരാഷ്ട്ര ശിശുദിനമായ നവംബർ 20ന്. ഈ വര്‍ഷത്തെ ശിശുദിനത്തിന് ഉയര്‍ത്താന്‍ ഐക്യരാഷ്ട്രസംഘടന നിര്‍ദ്ദേശിക്കുന്ന മുദ്രാവാക്യം 'Children are taking over and turning the world blue' എന്നുള്ളതാണ്.

ബാലാവകാശ പ്രമാണം 1989

1924 ലെ ജനീവാ പ്രഖ്യാപനം മുതല്‍ക്കിങ്ങോട്ടുള്ള എല്ലാ ബാലാവകാശ പ്രഖ്യാപനങ്ങളുടെയും പ്രായോഗിക നിര്‍വഹണം മുന്‍നിര്‍ത്തി 1989 നവംബര്‍ 20ന് ഐക്യരാഷ്ട്ര പൊതുസഭ സമഗ്രമായ ഒരു ബാലാവകാശ പ്രമാണം അംഗീകരിച്ചു. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ പ്രതിനിധികള്‍ കൂടി പങ്കെടുത്തതായിരുന്നു ഈ സമ്മേളനം. 1990 നവംബര്‍ 20 ന് കുട്ടികളുടെ സാര്‍വദേശീയ പ്രമാണമായ ഇത് നിലവില്‍ വന്നു. 1992 ല്‍ ഈ പ്രമാണം അംഗീകരിച്ച് ഇന്ത്യ അതിനോടുള്ള പ്രതിബദ്ധത വ്യക്തമാക്കി.
കുട്ടികളുടെ പത്ത് അവകാശങ്ങളാണ് ഈ പ്രമാണം അംഗീകരിച്ചിട്ടുള്ളത്. (1) പേരിനും ദേശീയതയ്ക്കും,(2) സുരക്ഷയ്ക്ക്, (3) പൂര്‍ണ്ണമായ വ്യക്തിത്വവികാസത്തിന്, (4) സ്‌നേഹപൂര്‍ണ്ണമായ രക്ഷാകര്‍തൃത്വത്തിന്, (5) ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പ്രത്യേക പരിഗണനയ്ക്ക്, (6) നിര്‍ബന്ധവും സൗജന്യവും ഗുണമേന്മയുള്ളതുമായ പ്രാഥമിക വിദ്യാഭ്യാസത്തിന്, (7) സുരക്ഷയിലും ക്ഷേമത്തിലും പ്രഥമപരിഗണനയ്ക്ക്, (8) വിവേചനങ്ങളില്‍ നിന്നുള്ള പരിരക്ഷണത്തിന്. (9) അവഗണനകളില്‍ നിന്നുള്ള സംരക്ഷണത്തിന്. (10) ഈ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് എന്നിവയ്ക്കുള്ള അവകാശങ്ങളാണ് ഇവ.

ഇന്ത്യന്‍ ഭരണഘടനയും
കുട്ടികളുടെ അവകാശങ്ങളും

എ) മൗലികാവകാശങ്ങള്‍ (നിയമ നടപടികളിലൂടെ സംരക്ഷിക്കാന്‍ കഴിയുന്ന അവകാശങ്ങള്‍)
* അനുഛേദം 15(3) കുട്ടികളുടെ പരിരക്ഷയ്ക്ക് വിശേഷാല്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താന്‍ രാഷ്ട്രത്തിന് അധികാരം നല്‍കുന്നു.
* അനുഛേദം 21, 21 (എ) അന്തസ്സോടെ ജീവിക്കാനും ആരോഗ്യം, പാര്‍പ്പിടം, പോഷകാഹാരം, ശുചിയായ പരിസരം, വ്യക്തിത്വവികാസം എന്നിവയ്ക്കും ആറുവയസ്സുമുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനും ഉള്ള അവകാശങ്ങള്‍ ഉറപ്പുചെയ്യുന്നു.
* അനുഛേദം 24 പതിനാലു വയസ്സില്‍ താഴെയുള്ള കുട്ടികളെ അപായകരമായ തൊഴിലുകളില്‍ ഏര്‍പ്പെടുത്തുന്നതു തടയുന്നു.
* അനുഛേദം 32 കുട്ടികളുടെ അവകാശങ്ങള്‍ സ്ഥാപിച്ചു കിട്ടാന്‍ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാനുള്ള അവകാശം ഉറപ്പാക്കുന്നു.
ബി) മാര്‍ഗനിര്‍ദ്ദേകതത്വങ്ങളില്‍
ഉള്‍പ്പെടുത്തപ്പെട്ട അവകാശങ്ങള്‍
* മൗലികാവകാശങ്ങള്‍ക്കു പുറമെ താഴെപ്പറയുന്ന അവകാശങ്ങള്‍കൂടി കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ ഭരണഘടന മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളിലൂടെ രാഷ്ട്രത്തോടു നിര്‍ദ്ദേശിക്കുന്നുണ്ട്.
* അനുഛേദം 39(ഇ), 39(എഫ്) കുട്ടികള്‍ അവരുടെ ഇളം പ്രായത്തില്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കുന്നതിനും അവരെക്കൊണ്ട് ആരോഗ്യ ത്തിനും ജീവനും ഹാനികരമായ ജോലി ചെയ്യിക്കാതിരിക്കാനും അവര്‍ക്ക് ആരോഗ്യകരമായ വ്യക്തിത്വ വികാസത്തിനും അനാഥത്വത്തില്‍ നിന്നുള്ള പരിരക്ഷണത്തിനുമുള്ള അവകാശം
* അനുഛേദം 41 കുട്ടികളുടെ വിദ്യാഭ്യാസ - ആരോഗ്യ വിഷയങ്ങളില്‍ രാഷ്ട്രത്തിനുള്ള ബാധ്യത.
* അനുഛേദം 47 പോഷകാഹാരം, പരിസരശുചിത്വം, ആതുരശുശ്രൂഷാ സൗകര്യം എന്നിവ കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ രാഷ്ട്രത്തിനുള്ള ബാധ്യത.
* അനുഛേദം 51 എ കുട്ടികളില്‍ ശാസ്ത്രാഭിരുചിയും ശാസ്ത്രീയവീക്ഷണവും വളര്‍ത്താനുള്ള രാഷ്ട്രത്തിന്റെ ബാധ്യത.

No comments:

Post a Comment