ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Tuesday, November 6, 2018

C.V. Raman സി.വി.രാമൻ


നവംബർ 7
സി.വി.രാമൻ ജന്മദിനം
*************************
ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ. രാമൻ പ്രഭാവം എന്ന കണ്ടെത്തലിന് 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന് അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ്.

1888 നവംബർ 7-ന്, തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ, ചന്ദ്രശേഖര അയ്യരുടേയും പാർവതി അമ്മാളുടേയും രണ്ടാമത്തെ മകനായി ചന്ദ്രശേഖര വെങ്കിട്ടരാമൻ ജനിച്ചു. അഞ്ച് ആണ്മക്കളും മൂന്നു പെണ്മക്കളുമായി ഈ ദമ്പതികൾക്ക് എട്ട് മക്കളാണ് ഉണ്ടായിരുന്നത്. രാമന് നാലുവസ്സുള്ളപ്പോൾ, പിതാവിന് വിശാഖപട്ടണത്തുള്ള എ.വി.എൻ. കോളേജിൽ അദ്ധ്യാപകനായി ജോലി ലഭിച്ചു. അവിടെ അദ്ദേഹം ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം എന്നിവയാണ് പഠിപ്പിച്ചിരുന്നത്. അച്ചനോടൊപ്പം വിശാഖപട്ടണത്തെത്തിയ രാമന് ഇതുകൊണ്ട് വിദ്യാഭ്യാസകാലഘട്ടത്തിൽ നല്ലൊരു പഠനാന്തരീക്ഷം ലഭിച്ചു.

സ്ക്കൂൾ വിദ്യാഭ്യാസകാലഘട്ടത്തിൽ, രാമൻ, പഠനത്തിൽ ഉന്നതനിലവാരം പുലർത്തി. സ്കോളർഷിപ്പുകളും സമ്മാനങ്ങളും വാരിക്കൂട്ടി. ചെറുപ്പത്തിൽതന്നെ രാമന് ഭൗതികശാസ്ത്രത്തിൽ ഏറെ താല്പര്യമുണ്ടായിരുന്നു. അദ്ദേഹം ഒരു ഡൈനാമോ അന്നേ സ്വയം നിർമ്മിച്ചു. ബുദ്ധിശക്തിയിൽ ഉന്നതനിലവാരം പുലർത്തിയെങ്കിലും രാമന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നു.
പതിനൊന്നാമത്തെ വയസ്സിൽ രാമൻ മെട്രിക്കുലേഷൻ ഒന്നാമനായി വിജയിച്ചു. പിന്നീടദ്ദേഹം അച്ഛൻ പഠിപ്പിച്ചിരുന്ന എ.വി.എൻ. കോളേജിൽത്തന്നെ ഇന്റർമീഡിയേറ്റിന് ചേർന്നു. ഒന്നാമനായിത്തന്നെ ഇന്റർമീഡിയേറ്റും വിജയിച്ചു.

1903-ൽ, മദ്രാസിലെ പ്രശസ്തമായ പ്രസിഡൻസി കോളേജിൽ രാമൻ ബി.എ.യ്ക്കു ചേർന്നു. പ്രസിഡൻസി കോളേജിൽ ബിരുദപഠനത്തിനെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. രാമന്റെ അദ്ധ്യാപകരെല്ലാം പ്രഗൽഭരായ യൂറോപ്യന്മാരായിരുന്നു. പഠനത്തിൽ അദ്ദേഹത്തിന് ഏറെ ഗുണം ചെയ്തു. 1904-ൽ രാമൻ, ഇംഗ്ലീഷിലും ഭൗതികശാസ്ത്രത്തിലും സ്വർണമെഡലുകൾ നേടിക്കൊണ്ട് ബി.എ. ഒന്നാമനായി വിജയിച്ചു.
ഉപരിപഠനത്തിനായി ഇംഗ്ലണ്ടിൽ പോകണമെന്നായിരുന്നു രാമന്റെ അദ്ധ്യാപകരുടെ അഭിപ്രായം. ഇംഗ്ലണ്ടിലെ കാലാവസ്ഥയെ അതിജീവിക്കാൻ തക്ക ആരോഗ്യസ്ഥിതിയില്ലാതിരുന്നതിനാൽ, പ്രസിഡൻസി കോളേജിൽത്തന്നെ ഭൗതികശാസ്ത്രം പഠിക്കാനായി എം.എ. യ്ക്കു ചേർന്നു. 1907-ൽ, രാമൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് തന്നെ എം.എ പാസ്സായി.

ശാസ്ത്രപഠനം തുടരുന്നതിന് രാമന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അന്നത്തെ കാലത്ത്, ഇന്ത്യയിൽ ശാസ്ത്രഗവേഷണത്തിനുള്ള സാഹചര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. അന്നുകാലത്ത് പല മിടുക്കന്മാരായ വിദ്യാർത്ഥികളുടേയും ലക്ഷ്യം, ഇന്ത്യൻ സിവിൽ സർവ്വീസ് പരീക്ഷ അഥവാ ഐ.സി.എസ് പാസ്സാകുക എന്നതായിരുന്നു. പക്ഷേ പഠിക്കാൻ ഇംഗ്ലണ്ടിൽ പോകണമെന്നത് ഇവിടെയും തടസമായി. തുടർന്ന് സ്വന്തം ജ്യേഷ്ഠന്റെ പാത പിന്തുടർന്ന്ഫിനാൻഷ്യൽ സിവിൽ സർവ്വീസിന് (എഫ്.സി.എസ്.) ശ്രമിക്കുകയും 1907-ൽ എഫ്.സി.എസ്. പരീക്ഷ വിജയിക്കുകയും ചെയ്തു.

പരീക്ഷ പാസ്സായി ജോലി ലഭിക്കുന്നതിനുതൊട്ടുമുമ്പുള്ള ആ ഒരു ചെറിയ ഇടവേളയിലായിരുന്നു രാമൻ "ലോകസുന്ദരി" എന്ന പെൺകുട്ടിയെ വിവാഹം ചെയ്തത്. അക്കാലത്തെ പരമ്പരാഗതരീതികളനുസരിച്ച് തങ്ങളുടെ വിവാഹകാര്യതീരുമാനത്തിൽ വരനോ വധുവിനോ യാതൊരുവിധ അഭിപ്രായ സ്വാതന്ത്ര്യവുമുണ്ടായിരുന്നില്ല. എന്നാൽ രാമന്റെ വിവാഹം അപ്രകാരമല്ല നടന്നത്. കോളേജിൽ പഠിക്കുമ്പോഴെത്തന്നെ, രാമൻ, തന്റെ സുഹൃത്തും തിയോസഫിസ്റ്റും പുരോഗമനവാദിയുമായ രാമസ്വാമിയുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു. രാമസ്വാമിയുടെ ബന്ധുവായ ലോകസുന്ദരിയെ അവിടെ വച്ച് കണ്ടുമുട്ടി പ്രണയത്തിലാകുകയും, ഈ പ്രണയം വിവാഹത്തിലേക്ക് ചെന്നെത്തുകയുമായിരുന്നു.
രാമൻ ബ്രാഹ്മണനും ലോകസുന്ദരി മറ്റൊരു ജാതിയിൽപ്പെട്ടയാളുമായതിനാൽ വിവാഹത്തിന് രാമന്റെ അമ്മയടക്കമുള്ള ബന്ധുക്കൾ എതിർപ്പുപ്രകടിപ്പിച്ചിരുന്നു. എന്നാൽ രാമന്റെ പിതാവിന്റെ പിന്തുണയും രാമന്റെ ദൃഢനിശ്ചയവും മൂലം ലോകസുന്ദരിയുമായുള്ള വിവാഹം നടന്നു.

ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് രാമൻ പ്രഭാവം. കടലിന് നീലനിറം എങ്ങനെ ലഭിക്കുന്നു എന്ന ചോദ്യമാണ് ഈ പ്രതിഭാസത്തിന്റെ വിശദീകരണം കണ്ടെത്താൻ രാമനെ പ്രേരിപ്പിച്ചത്. 1928 ഫെബ്രുവരി 28 ന് ഇത് പ്രസിദ്ധീകരിക്കുകയും 1930-ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയും ചെയ്തു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് സയൻസിൽ നിന്നു 1948-ൽ അദ്ദേഹം വിരമിച്ചു. അതിനു ശേഷം ബാംഗ്ലൂരിൽ അദ്ദേഹം രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. മരിക്കുന്നതു വരെ അദ്ദേഹം അതിന്റെ ഡയറക്ടറായി പ്രവർത്തിച്ചു. 1954-ൽ അദ്ദേഹത്തിനു ഭാരതരത്നം പുരസ്കാരം ലഭിച്ചു. 1970 നവംബർ 21 ശനിയാഴ്ച വെളുപ്പിന് 82-മത്തെ വയസ്സിൽ സി .വി. രാമൻ മരണമടഞ്ഞു. നിശ്ചയിച്ചുറപ്പിച്ചപ്രകാരം രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന്റെ മൃതശരീരം സംസ്കരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം യാതൊരുവിധത്തിലുള്ള മതപരമായ ചടങ്ങുകളും നടന്നില്ല.

No comments:

Post a Comment