ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Saturday, May 11, 2019

International Nurses Day അന്തർദേശീയ നഴ്‌സസ് ദിനം


ഭൂമിയിലെ മാലാഖമാരുടെ ദിനം (ലോക നേഴ്‌സസ് ദിനം)

ലോകമെമ്പാടുമുള്ള നേഴ്‌സ് സമൂഹം മെയ് 12 ലോക നേഴ്‌സസ് ദിനമായി എല്ലാവര്‍ഷവും ആചരിക്കുന്നു.

ചരിത്രത്തില്‍ ആദ്യമായി നേഴ്‌സുമാര്‍ക്ക് ഒരു ദിനം നീക്കിവെക്കുന്നത് 1953ല്‍ ആണ്. എന്നാല്‍ 1974ലാണ് മെയ് 12 ലോക നേഴ്‌സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. ആധുനിക നേഴ്‌സിംഗിന്റെ സ്ഥാപകയായ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് ഇത്. നേഴ്‌സുമാരുടെ സമൂഹം ലോകത്തിന് നല്‍കിയിട്ടുള്ള സേവനങ്ങളെ വിലമതിക്കുന്നതിനാണ് ഈ ദിനം ലോകമെമ്പാടും നേഴ്‌സസ് ഡേ ആയി ആചരിക്കുന്നത്.

1820 മേയ് 12 നായിരുന്നു 'വിളക്കേന്തിയ വനിത' എന്നറിയപ്പെടുന്ന ഫ്ലോറൻസിന്‍റെ ജനനം. ഇറ്റലിയിലെ ഫ്ലോറൻസ് നഗരത്തിലെ ഒരു ധനിക കുടുംബത്തിലായിരുന്നു ഫ്ലോറൻസ് നൈറ്റിങ്ഗേലിന്‍റെ ജനനം. എല്ലാ സുഖ സൗകര്യങ്ങളും നൽകിയാണ് മാതാപിതാക്കൾ ഫ്ലോറൻസിനെ വളർത്തിയത്. എന്നാൽ പാവപ്പെട്ടവരെയും രോഗികളെയും ശുശ്രൂഷിക്കാനായിരുന്നു ഫ്ലോറൻസിന് താൽപ്പര്യം. അതിനായി അവർ ആ കാലത്ത് ഏറ്റവും മോശപ്പെട്ട ജോലിയായി കരുതിയിരുന്ന നഴ്സിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ക്രീമിയൻ യുദ്ധ കാലത്ത് മുറിവേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കുന്നതിനായി ഫ്ലോറന്‍സ്, അവര്‍ തന്നെ പരിശീലനം നൽകിയ 38 നേഴ്‌സുമാരോടൊന്നിച്ച്‌ സ്‌കൂട്ടാരിയിലെ പട്ടാള ക്യാമ്പിലേക് പോയി. അവിടുത്തെ അവരുടെ കഠിനാധ്വാനമാണ് അവരെ ലോകം അറിയുന്ന വനിതയാക്കി തീർത്തത്. പകൽ ജോലി കഴിഞ്ഞാൽ രാത്രി റാന്തൽ വിളക്കുമായി ഓരോ രോഗിയെയും നേരിട്ട് കണ്ടു അവർ സുഖാന്വേഷണം നടത്തി. വിളക്ക് കയ്യിലേന്തിവരുന്ന അവർ രോഗികൾക്ക് മാലാഖയായി.

പിന്നീട് ഫ്ലോറൻസ് നഴ്സിങ് പരിശീലനത്തിനായി ഒരു കേന്ദ്രം ആരംഭിച്ചു. നിരവധിപേർക്ക് അവിടെ പരിശീലനം നൽകി. 1883ൽ വിക്ടോറിയ രാജ്ഞി ഫ്ലോറൻസിന് റോയൽ റെഡ് ക്രോസ്സ് സമ്മാനിച്ചു. 1907ൽ ഓർഡർ ഓഫ് മെറിറ്റ് നേടുന്ന ആദ്യത്തെ വനിതയായി. ആതുര ശുശ്രൂഷ രംഗത്തിന് സമൂഹത്തിൽ മാന്യതയുണ്ടാക്കിയ 'വിളക്കേന്തിയ മാലാഖ' 1910 ആഗസ്റ്റ് 13ന് അന്തരിച്ചു. ഇന്ന്, നഴ്സിങ് രംഗത്ത് വിപ്ലവം തീർത്ത ഫ്ലോറൻസ് നൈറ്റിങ്ഗേലിന്‍റെ ജന്മദിനം ലോകം അന്തർദേശീയ നഴ്‌സസ് ദിനമായി ആചരിക്കുകയാണ്.

 നഴ്സുമാർ സമൂഹത്തിനു നൽകുന്ന അവരുടെ വിലയേറിയ സേവനം ഓർമപ്പെടുത്താനാണ് നഴ്സസ് ദിനവും  നടത്തുന്നത്.    മുന്നില്‍ വരുന്നവരുടെ ദുഖത്തെ സ്വയം നെഞ്ചിലേറ്റിയും, ഉള്ളിലുള്ള സങ്കടങ്ങളെ മറന്നുകൊണ്ടു രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും സന്തോഷങ്ങളില്‍ പങ്കു കൊണ്ടും, പിറന്നുവീഴുന്ന കുഞ്ഞുങ്ങളെ കൈകളില്‍ ഏറ്റുവാങ്ങുമ്പോഴും മൃതശരീരം പൊതിഞ്ഞുകെട്ടി നല്‍കുമ്പോഴും 'മരവിച്ച മനസ്സ് ' എന്നു മറ്റുള്ളവര്‍ വിധി എഴുതുമ്പോളും മനസ്സിലെ വികാരവേലിയേറ്റങ്ങളെ നിയന്ത്രിച്ച് സാഹചര്യത്തിനനുസരിച്ച് പെരുമാറുകയും , ദിവസത്തിന്റെ പകുതി സമയവും ആശുപത്രികളില്‍ ചിലവാക്കുകയും ചെയ്തു , "ഭൂമിയിലെ മാലാഖ" എന്ന നാമധേയത്തില്‍ തളച്ചിട്ടിരിക്കുന്ന നഴ്സുമാരുടെ ദിവസമാണ്.

No comments:

Post a Comment