2008 തൊട്ടാണ് മേയ് 25 ആഗോള തൈറോയ്ഡ് ദിനമായി കൊണ്ടാടുന്നത്. വർദ്ധിച്ചുവരുന്ന തൈറോയ്ഡ് രോഗങ്ങളെപറ്റി പൊതുജനങ്ങൾക്ക് ബോധവത്കരണം നൽകുകയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം.
കുടിക്കുന്ന വെള്ളത്തിലെ അയഡിൻ മൂലകത്തിന്റെ കുറവുകൊണ്ടാണ് ധാരാളം കണ്ഠവീക്കരോഗികൾ ഭാരതത്തിൽ ഉണ്ടാകുന്നതെന്നാണ് അനുമാനം.
അതിനാൽ 7ാം പഞ്ചവത്സരപദ്ധതിയിലെ 20ാം നമ്പർ കാര്യപരിപാടിയായി അയഡിൻ അടങ്ങിയ ഉപ്പ്‌നിർബന്ധിതമാക്കിയത്.
കഴുത്തിന് മുൻപിലായി ചിത്രശലഭത്തിന്റെ ആകൃതിയിൽ സ്ഥിതി ചെയ്യുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോക്സിൻ, ട്രൈഅയഡോതൈറോനിൻ എന്നീ ഹോർമോണുകളാണ് ഈ ഗ്രന്ഥി ഉൽപാദിപ്പിക്കുന്നത്.
ഗോയിറ്റർ, ഹൈപ്പർതൈറോയിഡിസം, ഹൈപ്പോതൈറോയിഡിസം, തൈറോയിഡൈറ്റിസ്, തൈറോയ്‌ഡ് കാൻസർ എന്നിവയാണ് പ്രധാന തൈറോയ്‌ഡ് രോഗങ്ങൾ.
ഗോയിറ്റർ
തൈറോയ്‌ഡ് രോഗങ്ങളിൽ എല്ലാവർക്കും പരിചിതം ഗോയിറ്ററാണ്. തൈറോയ്‌ഡ് ഗ്രന്ഥി പ്രകടമായ രീതിയിൽ വലുപ്പം വയ്‌ക്കുന്ന അവസ്‌ഥയാണിത്.
കാരണങ്ങൾ
ഹൈപ്പർതൈറോഡിസത്തിലും ഹൈപ്പോതൈറോയിഡിസത്തിലും ഗോയിറ്റർ കണ്ടേക്കാം. കൂടാതെ ഹോർമോൺ നിർമ്മാണ രാസപ്രക്രിയയിൽ ചില എൻസൈമുകളുടെ അഭാവം മൂലമുള്ള ബുദ്ധിമുട്ടുകൾ, അയഡിന്റെ അപര്യാപ്‌തത ഇതെല്ലാം ഗോയിറ്ററിനു കാരണമാകാം. അയഡിന്റെ അഭാവം മൂലമുള്ള ഗോയിറ്റർ പൊതുവെ മലമ്പ്രദേശങ്ങളിൽ കൂടുതലായും തീരപ്രദേശത്തു കുറവായും കാണുന്നു. (ഇന്ന് നമുക്ക് ലഭിക്കുന്ന ഉപ്പിലെല്ലാം അയഡിൻ നിശ്‌ചിത അളവിൽ ചേർത്തിരിക്കുന്നതിലാൽ അയഡിൻ അപര്യാപ്‌തത കുറവാണ്.)
ഹൈപ്പർതൈറോയിഡിസം
തൈറോയ്‌ഡ് ഹോർമോണിന്റെ അളവ് ശരീരത്തിൽ വർധിച്ചാലുണ്ടാകുന്ന അവസ്‌ഥയാണ് ഹൈപ്പർതൈറോയിഡിസം അഥവാ തൈറോടോക്‌സിക്കോസിസ്. 20-50 വയസിനിടയിൽ പ്രായമുള്ള സ്‌ത്രീകളിലാണ് ഈ രോഗം ഏറ്റവും സാധാരണയായി കണ്ടു വരുന്നത്.
കാരണങ്ങൾ
തൈറോയ്ഡ് ഗ്രന്ഥി ആകെ വീങ്ങി ആവശ്യത്തിലേറെ ഹോർമോണുകൾ ഉത്‌പാദിപ്പിക്കുന്ന രോഗമാണ് ഗ്രേവ്‌സ് ഡിസീസ്. ഗ്രേവ്‌സ് രോഗമാണ് ഹൈപ്പർതെറോയിഡിസത്തിന്റെ പ്രധാനകാരണം. തൈറോയ്‌ഡ് ഗ്രന്ഥിയിലെ ചെറുമുഴകളും ചെറിയ തോതിൽ കാരണമാകുന്നുണ്ട്.
ഹൈപ്പോതൈറോയിഡിസം
തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവർത്തനക്കുറവുമൂലം ഹോർമോണുകൾ കുറയുന്ന അവസ്‌ഥയാണ് ഹൈപ്പോതൈറോയിഡിസം
കാരണങ്ങൾ
തൈറോയ്‌ഡ് ഗ്രന്ഥിക്കെതിരെ ആന്റിബോഡികൾ രൂപപ്പെടുന്നതിനാലുണ്ടാകന്ന രോഗമാണ് ഹാഷിമോട്ടസ് തൈറോയിഡൈറ്റിസ്. തൈറോയ്‌ഡ് ഗ്രന്ഥിക്ക് നീർവീക്കമുണ്ടാകുന്ന അവസ്‌ഥായണിത്. ഹൈപ്പോതൈറോയിഡിസത്തിന്റെ സാധാരണ കാരണമാണ് ഈ രോഗം. ഈ രോഗം കൂടുതലും കണ്ടു വരുന്നത് പ്രായമേറിയ സ്‌ത്രീകളിലാണ്. ധാതുരൂപത്തിലുള്ള അയഡിന്റെ അഭാവം. ഒരു ട്യൂമറിന്റെ സാന്നിധ്യം കൊണ്ടു പിറ്റ്യൂട്ടറി ഗ്രന്ഥിക്കു ക്ഷതമുണ്ടാകുന്നത് എന്നിവയും അപൂർവ്വമായി കാരണമാകാറുണ്ട്.
തൈറോയിഡൈറ്റിസ്
തൈറോയിഡ് ഗ്രന്ഥിയുടെ കോശങ്ങൾക്കുണ്ടാകുന്ന നീർക്കെട്ടാണ് തൈറോയിഡൈറ്റിസ് എന്നറിയപ്പെടുന്നത്.
കാരണങ്ങളുടെ അടിസ്‌ഥാനത്തിൽ തൈറോയിഡൈറ്റിസ് നാലു വിഭാഗമുണ്ട്.
ഹാഷിമോട്ടോസ് തൈറോയിഡൈറ്റിസ്
സബ് അക്യൂട്ട് തൈറോയിഡൈറ്റിസ്-വൈറൽ അണുബാധ മൂലമുണ്ടാകുന്ന രോഗമാണ് സബ്‌അക്യൂട്ട് തൈറോയിഡൈറ്റിസ്. അക്യൂട്ട് തൈറോയിഡൈറ്റിസ്-ഏതെങ്കിലും തരത്തിലുള്ള അണുബാധ മൂലം അപൂർവ്വമായി ഉണ്ടാകുന്ന രോഗമാണിത്.
പോസ്‌റ്റ്‌പാർട്ടം തൈറോയിഡൈറ്റിസ്-പ്രസവശേഷം സ്‌ത്രീകളിൽ തൈറോയ്‌ഡ് ഹോർമോൺ അളവിനു വ്യതിയാനമുണ്ടാകുന്ന അവസ്‌ഥയാണ് പോസ്‌റ്റ്‌പാർട്ടം തൈറോയിഡൈറ്റിസ്. പലപ്പോഴും ചികിത്സ കൂടാതെ ഭേദമാകുമെങ്കിലും ഹോർമോൺ വ്യതിയാനങ്ങൾ ഇവരിൽ വീണ്ടും വരാനിടയുണ്ട്. ഒരിക്കൽ ഈ രോഗം വന്നിട്ടുള്ളവർ പ്രത്യേകിച്ചും വീണ്ടും ഗർഭം ധരിക്കുന്നതിനു മുമ്പ് നിർബന്ധമായും തൈറോയ്‌ഡ് ഹോർമോൺ ടെസ്‌റ്റ് ചെയ്യണം.
തൈറോയ്‌ഡ് കാൻസർ:
വളരെ ചുരുക്കമായി കാണപ്പെടുന്ന രോഗാവസ്‌ഥയാണ് തൈറോയ്‌ഡ് കാൻസർ. മുമ്പേയുള്ള രോഗനിർണ്ണയത്തിലൂടെ 95 ശതമാനം രോഗികളെയും സുഖപ്പെടുത്താം. സ്‌ത്രീകളിലാണ് തൈറോയ്‌ഡ് കാൻസർ കൂടുതലായി കാണുന്നത്.
തൈറോയ്‌ഡ് കാൻസർ വിവിധ തരമാണ്. പാപ്പില്ലറി കാർസിനോമ, ഫോളിക്യുലാർ കാർസിനോമ, മെഡുല്ലറി കാർസിനോമ, അനാപ്ലാസ്‌റ്റിക് കാർസിനോമ, ലിംഫോമ.
കാരണങ്ങൾ
ബാല്യകാലത്ത് റേഡിയേഷൻ ഏൽക്കുന്നത്, അയഡിൻ കുറവുള്ള ആഹാരം, പാരമ്പര്യം, തൈറോയ്‌ഡ് ഗ്രന്ഥി വീക്കം എന്നിവ തൈറോയ്‌ഡ് കാൻസറിന്റെ കാരണങ്ങളിൽ ഉൾപ്പെടുന്നു. അപൂർവ്വമായ മെഡുല്ലറി കാർസിനോമ പാരമ്പര്യമായി കണ്ടു വരുന്നതാണ്.
No comments:
Post a Comment