ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Wednesday, May 29, 2019

ഉന്നത വിദ്യാഭ്യാസം ഇഗ്നോയിലൂടെ Join IGNOU for Higher Studies


PROSPECTUS JULY-2019


ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ദേശീയതലത്തിൽ വിദൂര വിദ്യാഭ്യാസം നൽകിവരുന്ന ഒരേയൊരു സർവകലാശാലയാണ്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള ഇഗ്നോയ്ക്ക് ഇന്ത്യയിൽ മാത്രമല്ല, അനേകം കോമൺവെൽത്ത് രാഷ്ട്രങ്ങളിലും പഠന കേന്ദ്രങ്ങളുണ്ട്. കേരളത്തിലാകട്ടെ മൂന്നു പ്രാദേശിക കേന്ദ്രങ്ങളുണ്ട്, കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട് വടകരയിലും. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ പ്രാദേശിക കേന്ദ്രങ്ങളിലൊന്നാണ് കൊച്ചി കലൂരിലേത്. ഇവിടെ 2500-ൽപ്പരം വിദ്യാർഥികൾ പഠിക്കുന്ന മാതൃകാ പഠനകേന്ദ്രവും പ്രാദേശിക മൂല്യനിർണയ കേന്ദ്രവുമുണ്ട്. കൊച്ചി, തിരുവനന്തപുരം, വടകര, ചെന്നൈ, മധുര, െബംഗളൂരു, വിജപുര, പനജി, പോർട്ട്ബ്ലെയർ, മുംബൈ, പുണെ, നാഗ്പുർ, രാജ്കോട്ട്, അഹമ്മദാബാദ് എന്നീ പ്രാദേശിക കേന്ദ്രങ്ങളുടെ മൂല്യനിർണയമാണ് കൊച്ചി കേന്ദ്രത്തിൽ നടക്കുന്നത്.

ജനങ്ങളുടെ സർവകലാശാല

യു.ജി.സി. അംഗീകാരമുള്ളവയാണ് ഇഗ്നോയുടെ മെയിൻ സ്ട്രീം പ്രോഗ്രാമുകൾ എല്ലാംതന്നെ. 1985-ലെ സ്പെഷ്യൽ പാർലമെന്ററി ആക്ട് പ്രകാരം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ആശയാവിഷ്കാരത്താൽ സ്ഥാപിതമായ സ്വയംഭരണാവകാശമുള്ള ഈ സർവകലാശാലയിലെ കോഴ്സുകൾ അന്തർദേശീയ തലത്തിൽ നിലവാരം പുലർത്തുന്നവയാണ്. ഇന്ത്യയിലും വിദേശത്തുമുള്ള ഉന്നത റാങ്കിങ്ങിലുള്ള സർവകലാശാലകളിലെ പ്രഗത്ഭരും പരിചയസമ്പന്നരുമായ അദ്ധ്യാപകർ തയ്യാറാക്കുന്ന ഓൺലൈൻ പഠന സൗകര്യങ്ങളും ഉയർന്ന എന്റോൾമെന്റും കണക്കിലെടുത്ത് 2011-ൽ ഇഗ്നോ, ലോകത്തെ ഏറ്റവും വലിയ ഓപ്പൺ സർവകലാശാല എന്ന യുനെസ്കോയുടെ ബഹുമതി നേടി. വിദൂര വിദ്യാഭ്യാസ രംഗത്തെ മാതൃകാ സ്ഥാപനങ്ങളാണ് ലോകത്തുള്ള മികച്ച ഓപ്പൺ സർവകലാശാലകളെല്ലാംതന്നെ. എന്നാൽ, ജനങ്ങളുടെ സർവകലാശാല എന്ന വിശേഷണത്തിന് അർഹമായിട്ടുള്ളത് ഇഗ്നോ മാത്രമാണ്. ഇഗ്നോയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ജനഹിത വഴക്കങ്ങളാണ്. ഈ വഴക്കങ്ങൾ സാങ്കേതികവും അക്കാദമികവുമായ ഒട്ടേറെ മേഖലകളിൽ പഠിതാക്കളിൽ ആശ്വാസം പകരുന്നവയുമാണ്.

കുറഞ്ഞ ഫീസിൽ എല്ലാവർക്കും പഠനം

മിക്ക പ്രോഗ്രാമുകൾക്കും മിനിമം മാർക്കോടെ അടിസ്ഥാന യോഗ്യതാ പരീക്ഷകൾ പാസായിട്ടുള്ളവർക്ക് അഡ്മിഷൻ എടുക്കാം. എന്നാൽ ബി.എഡ്., എം.ബി.എ., ലൈബ്രറി സയൻസ്, എം.എസ്സി. മാത്തമാറ്റിക്സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ തുടങ്ങിയ പ്രോഗ്രാമുകൾക്ക് 50% മാർക്കോടെയുള്ള ബിരുദം നിഷ്കർഷിക്കുന്നുണ്ട്. ഒപ്പം എസ്.സി./എസ്.ടി., ഒ.ബി.സി. വിഭാഗക്കാർക്ക് കേന്ദ്ര സർക്കാരിന്റെ സംവരണാനുകൂല്യങ്ങൾ ലഭ്യവുമാണ്. എം.എ. എഡ്യൂക്കേഷൻ, എം.എസ്സി. മാത്ത്സ് തുടങ്ങിയ ചുരുക്കം ചില പ്രോഗ്രാമുകൾക്ക് മാത്രമാണ് സീറ്റ് നിയന്ത്രണമുള്ളത്. ബാക്കി എല്ലാ പ്രോഗ്രാമുകൾക്കും നിർദിഷ്ട യോഗ്യതയുള്ള എല്ലാ അപേക്ഷകർക്കും സാങ്കേതിക തടസ്സങ്ങളില്ലെങ്കിൽ പ്രവേശനം നേടാമെന്നുള്ളത് ഓപ്പൺ സർവകലാശാല നൽകുന്ന ഏറ്റവും വലിയ ആനുകൂല്യമാണ്.

മറ്റൊരു പ്രത്യേകത, ഇഗ്നോയുടെ കുറഞ്ഞ ഫീസ് നിരക്കാണ്. ആർട്സ്, കൊമേഴ്സ്, മാനവിക വിഷയങ്ങളിലുള്ള ബാച്ചിലർ ഡിഗ്രി പ്രോഗ്രാമുകൾക്ക് 2,600 രൂപയും ബി.എസ്സി.ക്ക് 4,200 രൂപയും ടൂറിസം സ്റ്റഡീസിന് 3,200 രൂപയും മാത്രമാണ് വാർഷിക ഫീസ്. പ്രോഗ്രാം ഘടനയനുസരിച്ച് ഫീസിലും വ്യത്യാസമുണ്ട്. എന്നിരുന്നാലും സർക്കാർ സർവകലാശാല എന്ന നിലയിൽ വളരെ തുച്ഛമായ ഫീസ് മാത്രമേ ഇഗ്നോ പ്രോഗ്രാമുകൾക്കുള്ളൂ.


ഒരുപോലെ പരിഗണന നൽകുന്ന സമയപരിധി

ഓപ്പൺ സർവകലാശാല നൽകുന്ന മറ്റൊരാനുകൂല്യം അതിന്റെ പഠന കാലയളവിലുള്ള സ്വാതന്ത്ര്യമാണ്. എല്ലാ പ്രോഗ്രാമുകൾക്കും ഏറ്റവും കുറഞ്ഞതും ഏറ്റവും കൂടിയതുമായ പഠന കാലയളവ് നിഷ്കർഷിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് രണ്ടുവർഷം വരെയും ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ, പി.ജി. ഡിപ്ലോമ പ്രോഗ്രാമുകൾക്ക് മൂന്നും നാലും വർഷം വരെയും മൂന്നുവർഷം ദൈർഘ്യമുള്ള ബാച്ചിലർ ഡിഗ്രി പ്രോഗ്രാമുകൾക്ക് ആറുവർഷം വരെയും രണ്ടു വർഷത്തെ മാസ്റ്റർ ഡിഗ്രി പ്രോഗ്രാമുകൾക്ക് അഞ്ചുവർഷം വരെയും കാലയളവ് അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളിലും പഠനം പൂർത്തിയാക്കാൻ കഴിയാത്തവർക്ക് അവശേഷിക്കുന്ന കോഴ്സുകൾ മാത്രം വീണ്ടും രജിസ്റ്റർ ചെയ്ത് നിർദിഷ്ട കാലയളവിൽ പൂർത്തിയാക്കാനുള്ള അവസരവുമുണ്ട്. അതായത് ദ്രുതഗതിയിൽ പഠനം തീർക്കുന്നവർക്കും അല്ലാത്തവർക്കും ഒരുപോലെ പരിഗണന നൽകുന്ന സമയപരിധി എന്നത് പഠിതാവിന്റെ സ്വാതന്ത്ര്യവും സൗകര്യവുമാണ്. എന്നാൽ ഔപചാരിക വിദ്യാഭ്യാസത്തിന്റെ നടപടിക്രമങ്ങളിൽ വിട്ടുവീഴ്ച നൽകുന്നില്ല എന്നത് അതിന്റെ ഗുണനിലവാരത്തെ നിജപ്പെടുത്തുന്ന പ്രധാന ഘടകവുമാണ്. വിദൂര വിദ്യാർഥികൾ എപ്പോഴും ജീവിതത്തിന്റെ മറ്റു പ്രധാന ചുമതലകൾ കൂടി നിർവഹിക്കുന്നവരാണ്.

കുടുംബജീവിതത്തിന്റെയോ ഉദ്യോഗത്തിന്റെയോ സാമൂഹിക ഉത്തരവാദിത്വങ്ങളുടെയോ സാമ്പത്തിക പരാധീനതകളുടെയോ ആരോഗ്യ വെല്ലുവിളികളുടെയോ ഒക്കെ പ്രാരബ്ധം പേറുന്നവരാണ് അധികവും. അവർക്ക് ഭരണഘടന അനുശാസിക്കുന്ന വിദ്യാഭ്യാസ അവകാശം അതേ അർഥത്തിൽ ലഭ്യമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് വിദൂര വിദ്യാഭ്യാസ മേഖലയ്ക്കുള്ളത്. അവർക്ക് അർഹമായ ആനുകൂല്യങ്ങൾ അനുവദിക്കുകയും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അടിസ്ഥാന പ്രമാണമായി സംരക്ഷിക്കുകയും ചെയ്യുക എന്ന ഉന്നതമായ സാമൂഹിക ലക്ഷ്യത്തെ സംരക്ഷിക്കേണ്ടത് വിദൂര വിദ്യാഭ്യാസ മേഖലയുടെ ഏറ്റവും വലിയ വെല്ലുവിളിയാണ്.


ഇഷ്ടമുള്ള പരീക്ഷാ സെന്റർ തിരഞ്ഞെടുക്കാം

വിദ്യാർഥികൾക്കാവശ്യമായ പഠന സാമഗ്രികൾ സർവകലാശാല തന്നെ തയ്യാറാക്കി ഓരോ വിദ്യാർഥിക്കും അവരവരുടെ വീടുകളിൽ എത്തിച്ചുകൊടുക്കുന്നുണ്ട്. കേന്ദ്രീകൃത അഡ്മിഷൻ സമ്പ്രദായവും ഫീസ് സ്വീകരണവും സർവകലാശാലാ നിയമങ്ങൾക്ക് അനുസൃതമായ ആനുകൂല്യങ്ങൾ കൃത്യമായി വിദ്യാർഥികൾക്ക് ലഭിക്കുന്നു എന്നുറപ്പുവരുത്താൻ സർവകലാശാലയെ സഹായിക്കുന്നു. അഡ്മിഷൻ ലഭിച്ച വിദ്യാർഥികളെ അതത് പ്രോഗ്രാമുകൾ ആക്ടിവേറ്റ് ചെയ്തിരിക്കുന്നതും വിദ്യാർഥികൾ തിരഞ്ഞെടുത്തതുമായ പഠന കേന്ദ്രങ്ങളിലേക്ക് അയയ്ക്കുകയും പഠന പ്രവർത്തനങ്ങൾ ആ പഠനകേന്ദ്രങ്ങളിൽ വച്ച് നടത്തുകയും ചെയ്യുന്നു. സ്റ്റഡി മെറ്റീരിയൽസിനു പുറമെ, യൂണിവേഴ്സിറ്റിയുടെ നിയമാനുസൃതമായ കോൺടാക്ട് ക്ലാസുകളും പ്രാക്ടിക്കൽ ക്ലാസുകളും കൃത്യമായി നടന്നുവരുന്നു. തിയറി ക്ലാസുകളിൽ ഹാജരാകണം, അത് സാങ്കേതികമായി നിർബന്ധമല്ലെങ്കിൽ കൂടിയും. പഠനോത്സുകരായ വിദ്യാർഥികൾക്ക് അത് ഉപേക്ഷിക്കാവുന്ന ഒന്നല്ല. എന്നാൽ പ്രാക്ടിക്കൽ ക്ലാസുകൾ നൂറു ശതമാനവും നിർബന്ധമാണ്. അല്ലാത്തപക്ഷം ഇയർ-സെമസ്റ്റർ ഫൈനൽ പരീക്ഷകളിൽ പങ്കെടുക്കാൻ സാധിക്കില്ല.

ഇഗ്നോ, വിദ്യാർഥികൾക്ക് നൽകുന്ന മറ്റൊരു ആനുകൂല്യം ഇന്ത്യയിലായാലും വിദേശത്തായാലും അവരുടെ ഇഷ്ടമനുസരിച്ച് പരീക്ഷാ സെന്ററുകൾ തിരഞ്ഞെടുക്കാം എന്നതാണ്. അതിന് ഏതു പ്രാദേശിക കേന്ദ്രത്തിൽ, ഏത് പഠനകേന്ദ്രത്തിൽ തങ്ങൾ ചേർന്നു എന്നത് വിഷയമേയല്ല. ഇന്ത്യയിലെല്ലായിടത്തും പഠന പരീക്ഷാ ഫീസുകൾ ഏകീകൃതമാണ്. എന്നാൽ, ഇന്റർനാഷണൽ വിദ്യാർഥികൾക്ക് ഫീസിൽ വർദ്ധനയുണ്ട്.


അനിശ്ചിതമാകാത്ത പരീക്ഷ, ഫലം

മറ്റൊന്ന് പഠന കാലയളവിൽ തന്നെ വിദ്യാർഥികളുടെ ജീവിത തട്ടകങ്ങൾ മാറുന്നതനുസരിച്ച് പ്രാദേശിക കേന്ദ്രങ്ങളും പഠന കേന്ദ്രങ്ങളും മാറാം എന്നതാണ്. ഇന്ത്യക്ക് പുറത്തായാലും ഈ സൗകര്യം വിനിയോഗിക്കാം. അതിന് ഡൽഹി ആസ്ഥാനത്തുള്ള ഇന്റർനാഷണൽ ഡിവിഷന്റെ അനുമതി തേടണം എന്നു മാത്രം. നിർദിഷ്ട കാലയളവിനുള്ളിൽ തിരഞ്ഞെടുത്ത കോഴ്സുകൾ മാറുന്നതിനുള്ള അവസരവും ലഭ്യമാണ്.

പ്രോഗ്രാമുകളുടെ സ്വഭാവമനുസരിച്ച് അഡ്മിഷൻ സമയത്ത് അതതു വർഷത്തെയോ സെമസ്റ്ററിലെയോ ഫീസ് അടച്ചാൽ മതിയെന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഇഗ്നോ നൽകുന്ന ആശ്വാസവും പ്രചോദനവുമാണ്. തുടർന്നുള്ള വർഷങ്ങളിലേക്കും സെമസ്റ്ററുകളിലേക്കും ഇതേ രീതിയിൽ വിഭജിക്കപ്പെട്ട ഫീസടച്ച് റീ രജിസ്ട്രേഷൻ ചെയ്താൽ മതിയാകും.


ഏതൊരു സർവകലാശാലയിലും പ്രത്യേകിച്ച് കേരളത്തിൽ, വിദ്യാർഥികൾ ഏറ്റവും കൂടുതൽ പ്രയാസപ്പെടുന്നത് പരീക്ഷാ തീയതിയുടെയും പരീക്ഷാ ഫലത്തിന്റെയും കാര്യത്തിലുള്ള അനിശ്ചിതത്വത്തിലാണ്. എന്നാൽ, ഇഗ്നോയ്ക്ക് എല്ലാ ജൂൺ മാസവും എല്ലാ ഡിസംബർ മാസവും പരീക്ഷാ മാസങ്ങളാണ്. ജനുവരി, ജൂലായ് സെഷനുകളിലെ അഡ്മിഷന് രണ്ടു സെഷനുകളിലെ പരീക്ഷ വളരെ പ്രയോജനപ്രദവുമാണ്. വിദ്യാർഥികളുടെ മിനിമം കാലയളവിലെ സമയനഷ്ടത്തെ ഒഴിവാക്കാൻ ഈ സമ്പ്രദായം ഏറ്റവുമധികം സഹായിക്കുന്നു.

ആദ്യത്തെ കറൻസിരഹിത സർവകലാശാല

ഒട്ടനവധി സവിശേഷതകൾ ഈ മെഗാ സർവകലാശാലയ്ക്ക് ഇനിയുമുണ്ട്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ ബോഡികളുടെയെല്ലാം അംഗീകാരമുള്ള ഇഗ്നോയുടെ പഠനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് സംസ്ഥാന സർവകലാശാലകളോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള റെഗുലർ കോളേജുകളിലാണ്. അനേക വർഷത്തെ അദ്ധ്യാപന പരിചയമുള്ളവരും ഇഗ്നോയുടെ പാർട്ട് ടൈം ഫാക്കൽറ്റിയായി അംഗീകരിച്ചിട്ടുള്ളവരുമായ പ്രഗദ്ഭരായ അദ്ധ്യാപകരാണ് ക്ലാസുകൾ നൽകുന്നത്. ഇന്ത്യയിലെയും വിദേശങ്ങളിലെയും ഏറ്റവും മികച്ച സർവകലാശാലകളിലെ പരിചയസമ്പന്നരായ അദ്ധ്യാപകരാണ് പഠന സാമഗ്രികൾ തയ്യാറാക്കുന്നത്. ഡിജിറ്റൽ സാധ്യതകളെ പരമാവധി ഉപയോഗിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഈ സർവകലാശാല ഇന്ത്യയിലെ ആദ്യത്തെ കറൻസി രഹിത സർവകലാശാലയാണ്. കേന്ദ്രീകൃത അഡ്മിഷൻ സംവിധാനത്തിലും കറൻസി രഹിത സംവിധാനത്തിലും സുതാര്യമായി പ്രവർത്തിക്കുന്ന ഈ സർവകലാശാലയുടെ പ്രവേശനം, റീ രജിസ്ട്രേഷൻ, പരീക്ഷ, ബിരുദദാനം തുടങ്ങി എല്ലാ മേഖലയും ഇപ്പോൾ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്.

വിവിധ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, പി.ജി. ഡിപ്ലോമ, ബാച്ചിലർ ഡിഗ്രി, മാസ്റ്റർ ഡിഗ്രി എന്നിങ്ങനെ വിവിധ തലത്തിലുള്ള പ്രോഗ്രാമുകൾ നടത്തുന്ന ഇഗ്നോയിൽ എസ്.സി. / എസ്.ടി. വിഭാഗക്കാർക്കും ട്രാൻസ്ജെൻഡറുകൾക്കും നെയ്ത്ത് മേഖലയിൽ ജോലി ചെയ്യുന്നവർക്കും നിർദിഷ്ട പ്രോഗ്രാമുകളിൽ സൗജന്യ വിദ്യാഭ്യാസം നൽകിവരുന്നു. ഇവർക്ക് മറ്റു വിദ്യാർഥികളിൽ നിന്നു വ്യത്യസ്തമായി ഓഫ്ലൈനായി അപേക്ഷ സമർപ്പിക്കാം. എം.ബി.എ., ബി.എഡ്., എം.ഫിൽ, പിഎച്ച്.ഡി. പ്രോഗ്രാമുകൾക്ക് ഇഗ്നോ നടത്തുന്ന ദേശീയതലത്തിലുള്ള പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

കൈനീട്ടി സ്വീകരിക്കാം

വിദ്യാഭ്യാസം ഒരു തുടർ പ്രക്രിയയാണ്. ജീവിതാരംഭം മുതൽ അവസാനം വരെ ഔപചാരികമോ അനൗപചാരികമോ ആനുഷംഗികമോ ആയി നാം പഠിച്ചുകൊണ്ടേയിരിക്കുന്നു എന്നതാണ് സത്യം. അത് ബോധപൂർവമായ ഒരു തിരഞ്ഞെടുപ്പിലൂടെ, എവിടെയൊക്കെയോ നഷ്ടപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്ത അവസരങ്ങളെ തിരിച്ചുപിടിക്കാൻ തീരുമാനമെടുക്കുമ്പോൾ നാം വീണ്ടും ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാകുന്നു. അത് ഒരുവേള ഓരോരുത്തരെയും അവരാക്കി മാറ്റുന്ന നിർണായക തീരുമാനമാകാം. ഇഗ്നോയിലെ പഠിതാക്കൾ ലോകത്തിന് കാണിച്ചുതരുന്ന സാക്ഷ്യം അതാണ്.

അവരവർക്ക് ഇഷ്ടമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാനും ഇഷ്ടമുള്ളപ്പോൾ പഠിക്കാനും അതുവഴി വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഉദ്യോഗതലങ്ങളിലുമെല്ലാം തലയുയർത്തി നിൽക്കാനുള്ള പ്രാപ്തി നേടുന്നതും ഒരാളുടെ വ്യക്തിപരമായ അവകാശം നേടലാണ്. അതിന് അവസരമൊരുക്കുന്ന സ്ഥാപനമെന്നതാണ് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാലയുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പ്രസക്തി. അതിന് കേരളത്തിൽ ഒന്നല്ല മൂന്നാണ് പ്രാദേശിക കേന്ദ്രങ്ങൾ. യു.പി. പോലുള്ള ഒരു വലിയ സംസ്ഥാനത്തിന് രണ്ട് പ്രാദേശിക കേന്ദ്രങ്ങൾ മാത്രമുള്ളപ്പോഴാണ് ഇത്തിരിപ്പോന്ന കേരളത്തിന് മൂന്ന് പ്രാദേശിക കേന്ദ്രങ്ങൾ. അത് കേരളീയരുടെ വിദ്യാഭ്യാസ വാഞ്ഛയ്ക്കുള്ള അംഗീകാരമാണ്. വേണ്ടത് ഒന്നുമാത്രം: ശ്രദ്ധിക്കുക! ഇഗ്നോ നിങ്ങളുടെ പടിവാതിൽക്കൽ ഉണ്ട്. ഒന്നു കൈനീട്ടി സ്വീകരിക്കുകയേ വേണ്ടൂ. കൂടുതൽ വിവരങ്ങൾക്ക് www.ignou.ac.in

ഡോ. വി.ടി. ജലജകുമാരി
( ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) അസി. റീജണൽ ഡയറക്ടറാണ് ലേഖിക )

No comments:

Post a Comment