ഡിസംബർ 6 അംബേദ്‌കർ സ്മൃതി ദിനം
ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു അംബേദ്കർ (ഏപ്രിൽ 14, 1891 — ഡിസംബർ 6, 1956). ഒരു ബുദ്ധമത നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്കർ. മധ്യപ്രദേശിലെ മ്ഹൌ എന്ന സ്ഥലത്തെ പാവപ്പെട്ട ദളിത് കുടുംബത്തിൽ ജനിച്ച അംബേദ്കർ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്ക് എതിരേ പോരാടുന്നതിനും ഹിന്ദു തൊടുകൂടായ്മയ്ക്ക് എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ദളിത് ബുദ്ധമത പ്രസ്ഥാനം ആരംഭിച്ചത് അംബേദ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ ഭാരതരത്ന അംബേദ്കറിനു സമ്മാനിച്ചു. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്നു.
സ്വാതന്ത്ര്യം നേടുമ്പോൾ 562 നാട്ടുരാജ്യങ്ങൾ ചേർന്നതായിരുന്നു ഇന്ത്യാ മഹാരാജ്യം. ഇന്ത്യയും പാകിസ്താനും രണ്ടു രാജ്യങ്ങളായപ്പോൾ പലയിടത്തും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കടുത്ത സാമ്പത്തിക കുഴപ്പങ്ങളും രാജ്യത്തിനുണ്ടായി. പുതുപുത്തൻ രാഷ്ട്രീയ ആദർശങ്ങളും ഭരണസിദ്ധാന്തങ്ങളുമനുസരിച്ച് ഐക്യഭാരതത്തിന് ഏറ്റവും അനുയോജ്യമായി ഭരണഘടന രൂപപ്പെടുത്തേണ്ടത് അത്യാവശ്യമായിത്തീർന്നു. അങ്ങനെ അംബേദ്കറുടെ നേതൃത്വത്തിൽ ഒരു ഭരണഘടനാ നിർമ്മാണസഭ രൂപീക്രിതമായി. 1947 ഓഗസ്റ്റ് 29ന് ഭരണഘടനാ നിർമ്മാണത്തിനുള്ള ഡ്രാഫ്റ്റ്കമ്മറ്റിയും തെരഞ്ഞെടുക്കപ്പെട്ടു. 141 ദിവസം കൊണ്ടാണ് ഭരണഘടനയുടെ ആദ്യരൂപം തയ്യാറായത്. 1949ൽ നടപ്പാക്കപ്പെട്ട നമ്മുടെ ഭരണഘടന ഇതിനിടെ 94 തവണ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്.
പല സാമൂഹിക - സാമ്പത്തിക പ്രതിസന്ധികളും തരണം ചെയ്ത് പഠിച്ചുവന്ന അംബേദ്കർ ഇന്ത്യയിൽ കലാലയ വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ അധഃസ്ഥിതവർഗ്ഗക്കാരിൽ ഒരാളായിരുന്നു. ഉന്നതപഠനത്തിനായി അദ്ദേഹം ന്യൂയോർക്ക് കൊളംബിയ സർവ്വകലാശാലയിലും പിന്നീട് ഇംഗ്ലണ്ടിലും പോയി. ഇവിടങ്ങളിൽ നിന്ന് അംബെദ്കർ നിയമബിരുദങ്ങളും രാഷ്ട്രതന്ത്രജ്ഞത, നിയമം, സാമ്പത്തികശാസ്ത്രം എന്നിവയിലെ തന്റെ പഠനങ്ങൾക്ക് ഒന്നിൽ കൂടുതൽ ഡോക്ടറേറ്റുകളും നേടി. ഒരു പ്രശസ്ത പണ്ഡിതനായി ഇന്ത്യയിൽ തിരിച്ചെത്തിയ അംബേദ്കർ അല്പം നാൾ നിയമം പരിശീലിച്ചതിനുശേഷം ഇന്ത്യയിലെ അധഃസ്ഥിതരുടെ സാമൂഹിക സ്വാതന്ത്ര്യം, രാഷ്ട്രീയാവകാശങ്ങൾ എന്നിവയെ പ്രഘോഷിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങി.
No comments:
Post a Comment