ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Wednesday, November 30, 2022

നൂതന ആശയമുണ്ടോ..? ഡ്രീം വെസ്റ്റര്‍ മത്സരത്തില്‍ പങ്കെടുക്കാം

 

നവസംരംഭകർക്കും ബിസിനസ് താത്പര്യമുള്ളവർക്കും ആശയങ്ങൾ അവതരിപ്പിക്കാനും അവ ബിസിനസ് സംരംഭങ്ങളാക്കി മാറ്റുന്നതിനുമായി വ്യവസായ വാണിജ്യ വകുപ്പ് "ഡ്രീംവെസ്റ്റർ' എന്ന പേരിൽ നൂതനാശയ മത്സരം സംഘടിപ്പിക്കുന്നു. അഞ്ച് ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

 

സംസ്ഥാന സർക്കാർ 2022-23 സംരഭകത്വ വർഷമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സംരംഭകത്വ വികസന സംരംഭങ്ങളുടെ ഭാഗമായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങൾക്ക് സർക്കാർ ഉടമസ്ഥതയിലുള്ള ബിസിനസ് ഇൻകുബേഷൻ സെന്ററുകളിലെ ഇൻകുബേഷൻ സ്പേസിലേക്കുള്ള പ്രവേശനം, മെന്ററിംഗ് പിന്തുണ, സീഡ് കാപ്പിറ്റൽ സഹായം, വിപണി ബന്ധങ്ങൾ തുടങ്ങിയവ ഉറപ്പു നൽകും.

 

കേരളത്തിൽ വേരൂന്നിക്കൊണ്ട് വിജയകരമായ സംരംഭങ്ങൾ സ്ഥാപിക്കാനും ആഗോള അവസരങ്ങൾ പ്രയോജനപ്പെടുത്താനും അവസരമൊരുക്കും. സമ്പദ് വ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പുവരുത്താനും യുവാക്കൾക്കിടയിൽ സംരംഭകത്വം വർധിപ്പിക്കുന്നതിനും സർക്കാർ നയങ്ങൾ ആവിഷ്കരിച്ച് വരികയാണ്. സംസ്ഥാനത്തെ ഭാവി സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംരംഭകത്വ ആവാസവ്യവസ്ഥ സൃഷ്ടിക്കും.

 

മത്സരത്തിലേക്ക് ആശയങ്ങൾ 2022 നവംബർ 24 മുതൽ ഡിസംബർ 23 വരെ www.dreamvestor.in എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം. 18 -35 വയസ്സിന് ഇടയിലുള്ളവരും (2022 ഒക്ടോബർ 31 അടിസ്ഥാനമാക്കി) കേരളത്തിൽ നിന്നുള്ളവരുമാണ് അപേക്ഷിക്കേണ്ടത്. ഒരു മത്സരാർഥി ഒരു ബിസിനസ് ആശയം മാത്രമേ സമർപ്പിക്കാവൂ. നേരത്തെ അവാർഡുകൾ നേടിയ ആശയങ്ങൾ സമർപ്പിക്കാൻ പാടില്ല. നാല് റൗണ്ടുകളിലായി നടത്തപ്പെടുന്ന മത്സരത്തിന്റെ ഫൈനൽ 2023 മാർച്ച് ഒന്നിന് തിരുവനന്തപുരത്ത് നടക്കും.

 

ഒന്നാം സമ്മാനം നേടുന്നയാൾക്ക് അഞ്ച് ലക്ഷം രൂപയും രണ്ടും മൂന്നും സമ്മാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം മൂന്ന് ലക്ഷം രൂപയും രണ്ട് ലക്ഷം രൂപയുമാണ് സമ്മാനം. 4 മുതൽ 10 വരെ സ്ഥാനങ്ങൾ നേടുന്നവർക്ക് ഒരു ലക്ഷം രൂപ വീതവും 11 മുതൽ 20 വരെ സ്ഥാനക്കാർക്ക് 25,000 രൂപ വീതവും ലഭിക്കും. കൂടാതെ 20 ഫൈനലിസ്റ്റുകൾക്കും സർട്ടിഫിക്കറ്റുകളും മെമന്റോകളും സമ്മാനിക്കും. മത്സരം സംബന്ധിച്ച വിശദവിവരങ്ങൾ അറിയുവാൻ www.dreamvestor.in സന്ദർശിക്കുക.

 

 

No comments:

Post a Comment