ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Friday, November 30, 2018

World AIDS Day ലോക എയിഡ്‍സ് ദിനം.


ലോകം കണ്ട ഏറ്റവും മാരകമായ രോഗത്തോടുള്ള ചെറുത്ത് നില്പിനെ നേരിടാനുള്ള മനോധർമ്മം കൂട്ടുന്നതിന്റെ ഭാഗമായാണ് എല്ലാവര്‍ഷവും ഡിസംബർ ഒന്ന് ലോക എയ്ഡ് ദിനമായി ആചരിക്കുന്നത്.1988 മുതലാണ് ലോക എയ്ഡ്സ് ദിനം ആചരിക്കാൻ തുടങ്ങിയത് . എയ്ഡ്സ്, അതു പകരുന്ന വഴികൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ചു രാജ്യാന്തര തലത്തിൽ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, എയ്ഡ്സിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പു വരുത്തുക എന്നിവയാണ് എയിഡ്സ് ദിനാചരണത്തിന്റെ ലക്‌ഷ്യം.

1981 ൽ അമേരിക്കയിലെ ചില ചെറുപ്പക്കാരിൽ മാരകമായ ഒരു രോഗം കണ്ടെത്തി. എന്നാൽ ദിവസങ്ങൾ പിന്നിട്ടപ്പോൾ തൂക്കം കുറയാനും പേശീവേദന അനുഭവപ്പെടുകയും ചെയ്തു. കടുത്ത പനി, തൊലി ചുവന്ന് തടിക്കുക , തുടങ്ങിയവയും രോഗത്തിന്റെ ഭാഗമായിരുന്നു.എന്നാൽ രോഗം എന്തെന്ന് വൈദ്യശാസ്ത്രത്തിന് കണ്ടെത്താനായില്ല.തുടര്‍ന്നുള്ള അന്വേഷണങ്ങളിൽ ലോകത്തിന്‍റെ പലഭാഗത്ത് നിന്നും ഇതേ രോഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകൾ വന്നു. ഒടുവിൽ ബെൽജിയൻ കോംഗോയിൽ അജ്ഞാത രോഗത്താൽ മരിച്ചയാളുടെ രക്തം പരിശോധിച്ചപ്പോഴാണ് മനുഷ്യരാശി ഇന്നേവരെ കണ്ടിട്ടുള്ളതിൽ വച്ച് മാരകമായ രോഗത്തെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്.

‘അറിയാം നിങ്ങളുടെ സ്ഥിതി (Know Your Status) എന്നതാണ് ഈ വർഷത്തെ  എയ‌്ഡ‌്സ‌് ദിന സന്ദേശം.

Thursday, November 29, 2018

ATHMAKATHA - Philipose Mar Chrysostom കുറ്റവും ശിക്ഷയും....


കുറ്റവും ശിക്ഷയും....

 ഒരു വിദ്യാര്‍ഥി പരീക്ഷക്ക് കോപ്പിയടിച്ചു.  പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നത് ടി.പി. തോമസ്‌ സാറാണ്. കോപ്പിയടിക്കുന്നത് സാറിന്‍റെ ശ്രദ്ധയില്‍പ്പെട്ടില്ല. എന്നാല്‍ ഇന്‍സ്പെക്ഷനു വന്ന ഹെഡ്മാസ്റ്റര്‍ ആ കുട്ടിയെ ‘തൊണ്ടി സഹിതം’ പിടികൂടി. ഹെഡ്മാസ്റ്റര്‍ ഉടന്‍ തന്നെ ശിക്ഷ വിധിച്ചു.  സ്കൂള്‍ അസംബ്ലി വിളിച്ചുകൂട്ടി തെറ്റു ചെയ്ത വിദ്യാര്‍ഥിയെ ശിക്ഷിക്കണം.  ചൂരലുകൊണ്ടുള്ള ആറടിയായിരുന്നു അന്നത്തെ വലിയ ശിക്ഷ... കുറ്റവാളി ശിക്ഷയേറ്റു വാങ്ങുവാന്‍ ഹാജരാക്കപ്പെട്ടു.  എന്നാല്‍ ഈ നിര്‍ദേശത്തെ തോമസ്‌ സാര്‍ ശക്തമായി എതിര്‍ത്തു.  "അവന്‍ തെറ്റു ചെയ്തതിന് കാരണക്കാരന്‍ ഞാനാണ്. ഞാന്‍ എന്‍റെ ജോലി ശരിയായി നിര്‍വഹിച്ചിരുന്നെങ്കില്‍ അവന്‍ കോപ്പിയടിക്കില്ലായിരുന്നു.  അതുകൊണ്ട് അവനു വിധിച്ച ശിക്ഷ എനിക്കു നല്‍കണം"... സ്കൂള്‍ മുഴുവനും ആ വാക്കുകേട്ട് ഞെട്ടി.  ഹെഡ്മാസ്റ്ററും, സഹാധ്യാപകരും തോമസ്‌ സാറിനെ അനുനയിപ്പിച്ചു നോക്കിയെങ്കിലും സാറ് തീരുമാനത്തില്‍ നിന്നു പിന്മാറിയില്ല.  ഒടുവില്‍ ഹെഡ്മാസ്റ്റര്‍ തോമസ്‌ സാറിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി.  തെറ്റു ചെയ്ത വിദ്യാര്‍ഥിയെ ചൂണ്ടി ഹെഡ്മാസ്റ്റര്‍  പറഞ്ഞു. “ഇവന്‍ ചെയ്ത കുറ്റത്തിന് ഇപ്പോള്‍ തോമസ്‌ സാറിനെ ശിക്ഷിക്കുന്നതാണ്.” തോമസ്‌ സാര്‍ ഹെഡ്മാസ്റ്ററെ തിരുത്തി: “ആ കുട്ടി ചെയ്ത കുറ്റത്തിന് എന്നെ ശിക്ഷിക്കുകയല്ല; ഞാന്‍ ചെയ്ത തെറ്റിനാണ്‌ എന്നെ ശിക്ഷിക്കുന്നത്.” ഇങ്ങനെ പറഞ്ഞിട്ട് ഹെഡ്മാസ്റ്ററിനു മുമ്പില്‍ കൈനീട്ടി നിന്നു. ഹെഡ്മാസ്റ്റര്‍ സാറിന്‍റെ കൈയില്‍ ആദ്യത്തെ അടി കൊടുത്തു.  ആ അടിയില്‍ സ്കൂളുമുഴുവന്‍ വേദനിച്ചു. ആ വിദ്യാര്‍ഥി കരഞ്ഞുകൊണ്ട് ഹെഡ്മാസ്റ്ററിന്റെ മുമ്പില്‍ മുട്ടുകുത്തി പറഞ്ഞു; “ഇനി സാറിനെ അടിക്കരുത്.” എന്നിട്ട് തോമസ്‌ സാറിന്‍റെ കാലില്‍ കെട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു: “ഞാന്‍ ചെയ്തത് തെറ്റായിപ്പോയി, സാറിന്‍റെ കൈയില്‍ അടികൊണ്ടപ്പോള്‍ എന്‍റെ ചങ്കു തകര്‍ന്നുപോയി. തോറ്റാലും ഇനി ഞാന്‍ കോപ്പിയടിക്കില്ല.” ഇതു കണ്ടപ്പോള്‍ ഹെഡ്മാസ്റ്റര്‍ ഉള്‍പ്പെടെ അവിടെയുണ്ടായിരുന്നവരുടെ മുഴുവന്‍ കണ്ണുനിറഞ്ഞു. കുറ്റത്തെപ്പറ്റിയും ശിക്ഷയെപ്പറ്റിയും ഞാനുള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഒരു പുതിയ അറിവും അനുഭവവും പകര്‍ന്നു തന്ന സംഭവമായിരുന്നു അത്....
             അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ആത്മകഥയിലെ “കുറ്റവും ശിക്ഷയും” എന്ന അധ്യായത്തില്‍ നിന്നുള്ള വരികളാണിത്.

 മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തികാണിച്ചു തരാനും, പഠിപ്പിച്ചു തരാനും ഇത്തരം മഹാ ഗുരുക്കള്‍ ഇല്ലാതെ പോയതാണ് പുതിയ കാലത്തിന്‍റെ ഏറ്റവും വലിയ നിര്‍ഭാഗ്യം...

വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലൊന്നാണ് ക്രിസോസ്റ്റം തിരുമേനിയുടെ ആത്മ കഥ. “ആത്മകഥ” എന്ന പേരില്‍ ഡി.സി. ബുക്സ് ആണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതിമഹത്തായ ജീവിത ദര്‍ശനങ്ങളും, പച്ചയായ അനുഭവങ്ങളും തന്‍റെ സ്വതസിദ്ധമായ നര്‍മം കലര്‍ത്തി അവതരിപ്പിക്കുന്നുണ്ട് ഈ ലളിത കൃതിയില്‍.

Tuesday, November 27, 2018

Akshaya Centers Service Charges അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങളുടെ നിരക്കുകള്‍


സംസ്ഥാന ഐടി മിഷന്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാകുന്ന 36 തരം സേവനങ്ങളുടെ നിരക്കുകള്‍:- 

സംസ്ഥാന സര്‍ക്കാരിന്റെ അംഗീകൃത പൊതുജന സേവന കേന്ദ്രങ്ങളായ അക്ഷയ സെന്ററുകള്‍ വഴി നല്‍കുന്ന സേവനങ്ങള്‍ക്ക് നിശ്ചിത ഫീസ് മാത്രമേ ഈടാക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുന്നതിനാണ് സേവന നിരക്കുകള്‍ ഐടി മിഷന്‍ ജനങ്ങൾക്കായി പ്രസിദ്ധീകരിച്ചത് .
അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങളുടെ നിരക്കുകള്‍ സേവനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കുകയോ ബുദ്ധിമുട്ട് നേരിടുകയോ ചെയ്താല്‍ പൊതുജനങ്ങള്‍ക്ക് 155300(ബിഎസ്എന്‍എല്‍) എന്ന ടോള്‍ഫ്രീ നമ്പരിലോ 0471 2115098, 2115054, 2335523 എന്നീ നമ്പരുകളിലോ അറിയിക്കാം. പരാതികള്‍ aspo@akshaya.net എന്ന ഇ-മെയില്‍ വിലാസത്തിലും അറിയിക്കാം.

വിവിധ സേവനങ്ങളുടെ നിരക്കുകള്‍ ചുവടെ. 

ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ക്ക് ജനറല്‍ വിഭാഗത്തിന് 25 രൂപയും സ്‌കാനിംഗ് പ്രിന്റിംഗ് ഇവയ്ക്ക് ഒരു പേജിന് മൂന്ന് രൂപ വീതവും. മുന്‍ഗണന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത് 20 രൂപയും മൂന്ന് രൂപ വീതവുമാണ്.

കെഎസ്ഇബി, ബിഎസ്എന്‍എല്‍ തുടങ്ങിയവയുടെ യൂട്ടിലിറ്റി ബില്‍ പേയ്‌മെന്റുകള്‍ക്ക് 1000 രൂപ വരെ 15 രൂപയും 1001 രൂപ മുതല്‍ 5000 രൂപ വരെ 25 രൂപയും 6000 രൂപയ്ക്ക് മുകളില്‍ തുകയുടെ 0.5 ശതമാനവും സര്‍വീസ് ചാര്‍ജ് ഈടാക്കാം.

പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് 100 രൂപ വരെ 10 രൂപയും 101 രൂപ മുതല്‍ 1000 രൂപ 15 രൂപയും 1001രൂപ മുതല്‍ 5000 വരെ 25 രൂപയും 5000 രൂപയ്ക്ക് മുകളില്‍ തുകയുടെ 0.5 ശതമാനവും ഈടാക്കും.

 സമ്മതിദായക തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷയ്ക്ക് (പ്രിന്റിംഗ് സ്‌കാനിംഗ് ഉള്‍പ്പെടെ) 40 രൂപ ഈടാക്കും.

 ഫുഡ്‌സേഫ്റ്റി രജിസ്‌ട്രേഷന്‍ ഫോം എയ്ക്ക് 50 രൂപയും പ്രിന്റിംഗ് സ്‌കാനിംഗ് ഇവയ്ക്ക് പേജ് ഒന്നിന് മൂന്ന് രൂപ വീതവുമാണ്. ഫുഡ്‌സേഫ്റ്റി ലൈസന്‍സ് ഫോം ബിയ്ക്ക് 80 രൂപയും സ്‌കാനിംഗ് പ്രിന്റിംഗ് ഇവയ്ക്ക് പേജ് ഒന്നിന് മൂന്ന് രൂപ വീതവും. ഫുഡ്‌സേഫ്റ്റി പുതുക്കല്‍ ഫോം എയ്ക്കും ബിയ്ക്കും 25 രൂപയും പ്രിന്റിംഗ്, സ്‌കാനിംഗ് പേജൊന്നിന് മൂന്ന് രൂപ വീതവുമാണ്.

എന്ട്രന്‍സ് പരീക്ഷയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ജനറല്‍ വിഭാഗത്തിന് 60 രൂപയും പ്രിന്റിംഗ് സ്‌കാനിംഗ് ഇവയ്ക്ക് പേജൊന്നിന് മൂന്ന് രൂപ വീതവുമാണ് നിരക്ക്. എസ്.സി/എസ്.റ്റി വിഭാഗത്തിന് പ്രിന്റിംഗ്, സ്‌കാനിംഗ് ഉള്‍പ്പെടെ 50 രൂപ.

ന്യൂനപക്ഷങ്ങള്ന്യൂള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് രജിസ്‌ട്രേഷന് പ്രിന്റിംഗും സ്‌കാനിംഗും ഉള്‍പ്പെടെ 60 രൂപയും പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് 70 രൂപയുമാണ് സേവന നിരക്ക്.

സംസ്ഥാന സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ക്ക് 40 രൂപയും പേജൊന്നിന് മൂന്ന് രൂപ പ്രിന്റിംഗ്/സ്‌കാനിംഗ് ചാര്‍ജും ഈടാക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷയ്ക്ക് സ്‌കാനിംഗും പ്രിന്റിംഗും ഉള്‍പ്പെടെ 20 രൂപയാണ് നിരക്ക്.

വിവാഹ രജിസ്‌ട്രേഷന് ജനറല്‍ വിഭാഗത്തിന് 70 രൂപയും പ്രിന്റിംഗ് സ്‌കാനിംഗ് ഇവയ്ക്ക് പേജൊന്നിന് മൂന്ന് രൂപയുമാണ് നിരക്ക്. പ്രിന്റിംഗിനും സ്‌കാനിംഗിനും പ്രിന്റിംഗിനും സ്‌കാനിംഗിനും എസ്.സി/എസ്.റ്റി വിഭാഗത്തിന് 60 രൂപ.

ബാധ്യത സര്‍ട്ടിഫിക്കറ്റിന് 50 രൂപയും മൂന്ന് രൂപ വീതം പേജ് ഒന്നിന് പ്രിന്റിംഗ് സ്‌കാനിംഗ് ചാര്‍ജും ഈടാക്കും.

ലൈഫ് സര്‍ട്ടിഫിക്കറ്റിന് പ്രിന്റിംഗ് ചാര്‍ജ് ഉള്‍പ്പെടെ 30 രൂപ.

തൊഴില് വകുപ്പിന്റെ പുതിയ രജിസ്‌ട്രേഷന് 40 രൂപയും പുതുക്കലിന് പ്രിന്റിംഗ് ചാര്‍ജ് ഉള്‍പ്പെടെ 30 രൂപയുമാണ് ഈടാക്കാവുന്നത്.

മോട്ടോര് വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങ ള്‍ക്ക് 40 രൂപയും പ്രിന്റിംഗ്, സ്‌കാനിംഗ് ചാര്‍ജായി മൂന്ന് രൂപയും ട്രാന്‍സാക്ഷന്‍ ചാര്‍ജും ഈടാക്കാം.

 ഇന്‍കം ടാക്‌സ് ഫയലിംഗ് ചെറിയ കേസുകള്‍ക്ക് 100 രൂപയും അല്ലാത്തവയ്ക്ക് 200 രൂപയുമാണ് സര്‍വീസ് ചാര്‍ജ്.

ഫാക്ടറി രജിസ്‌ട്രേഷന് 30 രൂപയും പ്രിന്റിംഗിനും സ്‌കാനിംഗിനും പേജൊന്നിന് മൂന്ന് രൂപയുമാണ് നിരക്ക്. ഫാക്ടറി രജിസ്‌ട്രേഷന്‍ റിട്ടേണിന് 40 രൂപയാണ് നിരക്ക്. ഫാക്ടറി രജിസ്‌ട്രേഷന്‍ പുതുക്കലിന് 60 രൂപയും പാന്‍കാര്‍ഡിന് 80 രൂപയുമാണ് നിരക്ക്.

പാസ്‌പോര്ട്ട് അപേക്ഷകള്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും 200 രൂപവീതമാണ് നിരക്ക്.

പി.എസ്.സി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ജനറല്‍ വിഭാഗത്തിന് 60 രൂപയും പ്രിന്റിംഗിനും സ്‌കാനിംഗിനും പേജൊന്നിന് മൂന്ന് രൂപ വീതവുമാണ് നിരക്ക്. എസ്.സി/എസ്.റ്റി വിഭാഗത്തിന് ഇത് 50 രൂപയാണ്.

എംപ്ലോയ്‌മെന്റ്എംജിസ്‌ട്രേഷന് 50 രൂപയും ആധാര്‍ ബയോമെട്രിക് നവീകരണത്തിന് 25 രൂപയും ആധാര്‍ ഡെമോഗ്രാഫിക് നവീകരിക്കലിന് 25 രൂപയും ആധാറിന്റെ കളര്‍ പ്രിന്റിന് 20 രൂപയും ബ്ലാക്ക് ആന്‍ഡ് വൈറ്റ് പ്രിന്റിന് 10 രൂപയും ഈടാക്കും.

 സൗജന്യ സേവനങ്ങള്‍
ആധാര് എന്റോള്‍മെന്റ്, കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ്, വ്യക്തമായ രേഖകളുള്ള വിരലുകള്‍ തിരിച്ചറിയുന്നതിന്/ആധാര്‍ തല്‍സ്ഥിതി അന്വേഷണം, അഞ്ച് വയസിനും 15 വയസിനും നടത്തേണ്ട ബയോമെട്രിക് നവീകരിക്കല്‍, എസ്.സി/എസ്.റ്റി വകുപ്പുമായി ബന്ധപ്പെട്ട ഇ-ഗ്രാന്റ് സേവനങ്ങള്‍, എസ്.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് എന്നീ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് തികച്ചും സൗജന്യമായി അക്ഷയ കേന്ദ്രങ്ങളില്‍ നന്നും ലഭിക്കും

Sunday, November 25, 2018

National Milk Day ദേശീയ ക്ഷീര ദിനം


ദേശീയ പാൽ ദിനം

ക്ഷീരോല്പാദകരുടെ സംഘടനയായ IDA (Indian Dairy Associatin) 2014ലാണ് ദേശീയ പാൽ ദിനം എന്ന ആശയം മുന്നോട്ട് വച്ചത്.

2001 മുതൽ കോണ്ടാടി വരുന്ന ലോക പാൽ ദിനത്തിന്റെ ചുവട് പിടിച്ച് ദേശീയ ദിനവും വേണമെന്നായിരുന്നു നിർദ്ദേശം.

2014ൽ ആദ്യത്തെ ദേശീയ പാൽ ദിനം ആചരിക്കപ്പെട്ടു. IDA കൂടാതെ, ഡയറി ഡെവലമെന്റ് ബോർഡ് (NDDB , വിവിധ സംസ്ഥാനങ്ങളിലെ ക്ഷീരോല്പാദന സംഘടനകൾ എന്നിവർ ഇതിൽ പങ്കാളികളായി.

ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന ഡോ. വർഗ്ഗീസ് കുര്യന്റെജന്മദിനമായതിനാലാണ് നവംബർ 26 തിരിഞ്ഞെടുത്തത്.

Constitution Day (National Law Day)


നവംബർ 26 ദേശീയ ഭരണഘടനാ ദിനം( സംവിധാൻ ദിവസ്)

2015 മുതലാണ് നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നത്. സംവിധാൻ ദിവസ് എന്നാണ് ഈ ദിനത്തിന്റെ പേര്. മുൻപു ദേശീയ നിയമദിനമായിരുന്നു. ഭരണഘടനാ നിർമാണസഭ ഭരണഘടന അംഗീകരിച്ച 1949 നവംബർ 26ന്റെ ഓർമ പുതുക്കലാണിത്.

ഒറ്റനോട്ടത്തിൽ

∙ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടന.

∙നൂറിലധികം ഭേദഗതികൾ.‌

∙രൂപീകരണവേളയിൽ ആമുഖം, 395 വകുപ്പുകൾ, 22 അധ്യായങ്ങൾ, 8 പട്ടികകൾ, 145000 വാക്കുകൾ.

∙ഭരണഘടനാ നിർമാണത്തിനായി 2 വർഷം 11 മാസം 17 ദിവസം.

∙165 യോഗങ്ങൾ, 23 കമ്മിറ്റികൾ.

∙ഭരണഘടനാ നിർമാണസമിതിയിൽ 389 അംഗങ്ങൾ.

∙വിഭജനശേഷം 299 അംഗങ്ങൾ.

∙ഒപ്പുവച്ചത് 284 പേർ.

∙ഇപ്പോൾ 395 വകുപ്പുകൾ, 25 അധ്യായങ്ങൾ, 12 പട്ടികകൾ.

Saturday, November 24, 2018

Who wrote the National Pledge of India?


ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം .പക്ഷെ ,സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലിയ ദേശീയപ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും...
 ''ഇന്ത്യ എന്റെ രാജ്യമാണ് .എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ് .ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു..സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ .....''.അറിയാതെ കുട്ടിക്കാലത്തെ സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഈ പ്രതിജ്ഞയുടെ കര്‍ത്താവായ വെങ്കിട്ട സുബ്ബറാവുവിനെ കുട്ടികള്‍ക്ക് മാത്രമല്ല ,നമ്മുടെ അദ്ധ്യാപകര്‍ക്കും വേണ്ടവിധം അറിയില്ല . 1947നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം ഒരു കുടുംബത്തിനുള്ളിലേക്ക് ചുരുക്കിയ ചരിത്രകാരന്മാര്‍ ഇദ്ദേഹത്തെപോലുള്ളവരെ അവഗണിച്ചതാകാം...
ഈ പ്രതിജ്ഞഎഴുതിയത് തന്റെ അച്ഛനാണെന്ന് സുബ്ബറാവുവിന്റെ മകന്‍ പി.വി.സുബ്രഹ്മണ്യം അറിയുന്നതുപോലും സുബ്ബറാവുവിന്റെ മരണശേഷമാണ്..
ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്നപര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്‌..സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴുത്തുകാരനുമായിരുന്ന സുബ്ബറാവു ,1962 ല്‍ ഇന്ത്യ-ചൈന യുദ്ധം നടക്കവേയാണ് ഈ പ്രതിജ്ഞ എഴുതുന്നത്‌.യുദ്ധത്തിനിടെ ഇന്ത്യയുടെ മനസും ശരീരവും ഏകാഗ്രമാക്കണമെന്നു തോന്നിയ സുബ്ബറാവു തെലുങ്കിലാണ്,' ഇന്ത്യ എന്റെ രാജ്യമാണ് 'എന്ന് തുടങ്ങുന്ന വാചകങ്ങള്‍ എഴുതിയത്..വെറുതെ കുറിച്ചിട്ട ആ വാചകങ്ങള്‍ സുബ്ബറാവു തന്റെ സുഹൃത്തും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന തെന്നതി വിശ്വനാഥത്തെ കാണിച്ചു..അദ്ദേഹം ആ കുറിപ്പ് അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.വി.ജി.രാജുവിനു നല്‍കി...ഇന്ത്യ എക്കാലവും ഏറ്റുചൊല്ലുന്ന പ്രതിജ്ഞയുടെ പ്രയാണം അവിടെ തുടങ്ങുന്നു..1964 ല്‍ ബാംഗലൂരില്‍ ചേര്‍ന്ന കേന്ദ്ര വിദ്യാഭ്യാസ ഉപദേശകസമിതി യോഗത്തില്‍ ചെയര്‍മാന്‍ എം.സി.ചഗ്ല ഈ പ്രതിജ്ഞ അവതരിപ്പിച്ചു..ദേശസ്നേഹം തുളുമ്പുന്ന ഈ വാചകങ്ങള്‍ ഇന്ത്യയിലെ എല്ലാ സ്കൂള്‍കുട്ടികളും പഠിക്കണമെന്നും ആഴ്ച്ചയിലോരിക്കലെങ്കിലും ചൊല്ലണമെന്നും നിര്‍ദേശിച്ചു..
ഏഴു പ്രാദേശിക ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ഈ പ്രതിജ്ഞ അന്നുതൊട്ട് നമ്മുടെ പാഠപുസ്തകത്തിന്റെ ആദ്യതാളില്‍ അച്ചടിമഷിപുരണ്ടു കിടക്കുന്നു..
1965 ജനുവരി 26 റിപ്ലബ്ലിക് ദിനത്തിലാണ് സുബ്ബറാവുവിന്റെ അക്ഷരങ്ങള്‍ ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിക്കുന്നത്..വിശാഖപട്ടണത്തെ അന്നപൂര്‍ണ്ണ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഹൈസ്കൂളില്‍ ഇന്ത്യയിലാദ്യമായി ആ പ്രതിജ്ഞ ചോല്ലപ്പെട്ടു...
പക്ഷെ , ഇതൊന്നും സുബ്ബറാവു അറിഞ്ഞിരുന്നില്ല .പേരക്കുട്ടിയെ സ്കൂളില്‍ കൊണ്ടുവിടാന്‍ പോയപ്പോള്‍ താനെഴുതിയ വാചകങ്ങള്‍ അസംബ്ലിയില്‍ ചൊല്ലുന്നത് സുബ്ബറാവു കേട്ടു..നൂറുകണക്കിന് കുഞ്ഞുങ്ങള്‍ അതേറ്റുചെല്ലുന്നത് ആഹ്ലാദത്തോടെ അറിഞ്ഞു..ആ ആഹ്ലാദത്തെ പക്വതകൊണ്ടും ദേശസ്നേഹംകൊണ്ടും പൊതിഞ്ഞോളിപ്പിച്ചു , സുബ്ബറാവു തന്റെ ജോലിയിലും സാഹിത്യപ്രവര്‍ത്തനത്തിലും മുഴുകി ജീവിതം തുടര്‍ന്നു..
1988 ല്‍ അദ്ദേഹം അന്തരിച്ചു..
ഇന്ത്യയിലെ കോടിക്കണക്കിനു AQ ആദ്യതാളില്‍ ഈ പ്രതിജ്ഞയുണ്ടെങ്കിലും അതിലൊന്നും പൈദിമാരി വെങ്കിട്ട സുബ്ബറാവു എന്ന പേരില്ല..കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ രേഖകളില്‍ മാത്രം ആ പേര് ഒതുങ്ങിപ്പോയി........
നമുക്കൊരിക്കല്‍കൂടി ആ അസംബ്ലിമുറ്റത്തേക്കു പോകാം..നെഞ്ചൊപ്പം അഭിമാനത്തോടെ വലതുകൈ ഉയര്‍ത്തി ഒരിക്കല്‍കൂടി പറയാം.......'ഇന്ത്യ എന്റെ രാജ്യമാണ്..എല്ലാ ഇന്ത്യക്കാരും.....

Kerala police warning Ticktok


അപകടങ്ങൾ ക്ഷണിച്ചു വരുത്തരുത്;
അപായകരമായ അനുകരണങ്ങൾ  വേണ്ട ..

ഫേസ്ബുക്കും വാട്സാപ്പും പോലെ തന്നെ അതിവേഗം  കുട്ടികളുടെയും യുവാക്കളുടെയും ഇടയിൽ പ്രചാരം നേടുകയാണ് മ്യൂസിക്കലി, ടിക് ടോക്ക്  വീഡിയോ ബ്രോഡ്കാസ്റ്റിംഗ് ആപ്പുകൾ. വീഡിയോ പോസ്റ്റുകൾ അതിവേഗം വൈറൽ ആകുന്നതുകൊണ്ടു തന്നെ  കൂടുതൽ ആകർഷണവും വ്യത്യസ്തയും സൃഷ്ടിക്കുവാനുള്ള  പരീക്ഷണങ്ങൾക്കും ശ്രമങ്ങൾ നടത്തുന്നു. ഓടി വരുന്ന വാഹനത്തിന് മുന്നിലേക്ക്  നില്ല് നില്ല് എൻ്റെ  നീല കുയിലെ എന്ന ഗാനം  Ticktok ൽ  ബാക്ഗ്രൗണ്ടാക്കി കെെയ്യിൽ   കാട്ടു ചെടിയോ തലയിൽ  ഹെൽമെറ്റോ വെച്ച് എടുത്തു ചാടി നൃത്തം ചെയ്യുകയെന്നത്  ട്രെൻഡ്  ആക്കി ധാരാളം അനുകരണങ്ങൾ നടന്നു വരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. 

ആദ്യം  ടൂ വീലറുകളുടെ മുന്നിലായിരുന്നുവെങ്കിൽ  പിന്നീടത്  പ്രെെവറ്റു വാഹനങ്ങൾക്കും  ഫോർ വീലറുകൾക്കുo  മുന്നിലായി.  അതിലും അപകടം പിടിച്ച അവസ്ഥയാണിപ്പോൾ.  പാഞ്ഞു വരുന്ന ബസിന് മുന്നിലേക്കുവരെ എടുത്ത് ചാടുന്ന സ്ഥിതിയായി.  സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റാൻ  അപായകരമായ എന്തും അനുകരിക്കാൻ പുതുതലമുറ ആവേശം കാണിക്കുകയാണ്.  ഇങ്ങനെ വാഹനത്തിനു മുന്നിൽ എടുത്തു ചാടുമ്പോൾ  വാഹനത്തിനു ബ്രേക്ക്  ചെയ്യാൻ കഴിയാതെ വരുകയോ, പെട്ടെന്ന് വെട്ടിത്തിരിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചോ,  ആ ഡ്രൈവറുടെ മാനസികാ വസ്ഥയെക്കുറിച്ചോ ഇത്തരക്കാർ   ചിന്തിക്കുന്നില്ല.  വൻദുരന്തങ്ങൾ വരുത്തി വെക്കാവുന്ന ഇതു പോലുള്ള തമാശകൾ ഒരിക്കലും ന്യായീകരിക്കാവുന്നതല്ല.

ഓർക്കുക.. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ...
#keralapolice

Thursday, November 22, 2018

Second Terminal Exam രണ്ടാംപാദ വാര്‍ഷിക പരീക്ഷ ഡിസംബർ 11 മുതൽ


ക്രിസ്മസ് പരീക്ഷ ഡിസംബർ 11 മുതൽ

സംസ്ഥാനത്തെ സ്‌കൂളുകളില്‍ രണ്ടാംപാദ വാര്‍ഷിക പരീക്ഷകളുടെയും തീയതികള്‍ പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഡിസംബര്‍ 11മുതല്‍ 20 വരെയാണ്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് രാവിലെയും രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഉച്ചക്ക് ശേഷവുമാണ് പരീക്ഷ. ഹൈസ്‌കൂള്‍ പരീക്ഷകള്‍ ഡിസംബര്‍ 11ന് ആരംഭിച്ച് 20ന് അവസാനിക്കും. എല്‍പി, യുപി പരീക്ഷകള്‍ ഡിസംബര്‍ 12ന് ആരംഭിച്ച് 20ന് അവസാനിക്കും.

എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ 2019 ഫെബ്രുവരി 19 ന് ആരംഭിച്ച് 27 സമാപിക്കും. എസ്എസ് എല്‍സി ഐടി പരീക്ഷകള്‍ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് എട്ടുവരെയും നടത്താന്‍ ക്യുഐപിയോഗം തീരുമാനിച്ചു.

എസ്എസ്എല്‍സിയുടെ കണക്ക്, ഫിസിക്‌സ് പരീക്ഷകള്‍ നടത്തുന്ന തീയതികള്‍ പരസ്പരം മാറ്റാനും ശുപാര്‍ശ ചെയ്തു. ഇങ്ങനെ മാറ്റുമ്പോള്‍ വിഷമമേറിയ കണക്ക് പരീക്ഷയ്ക്ക് പഠിക്കാന്‍ കുട്ടികള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുമെന്നതിനാലാണ് ഈ തീരുമാനം.

ക്രിസ്മസ് പരീക്ഷ ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള പാഠഭാഗങ്ങളെ ആശ്രയിച്ചായിരിക്കും. പ്രളയത്തെ തുടര്‍ന്ന് ഓണപ്പരീക്ഷ വേണ്ടന്നുവയ്ക്കുകയും പകരം ജൂണ്‍, ജൂലായ് മാസങ്ങളിലെ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി ഓണത്തിന് ശേഷം ക്ലാസ് പരീക്ഷകള്‍ നടത്തിയിരുന്നു.

Tuesday, November 20, 2018

World Television Day


 ലോക ടെലിവിഷൻദിനം.

 1920കളിൽ ബ്രിട്ടീഷ് എഞ്ചിനീയറായ ജോൺ ലോഗിബേയർഡ് നിർമിച്ച മെക്കാനിക്കൽ ടെലിവിഷനാണ് ലോകത്തിന് ടെലിവിഷനെ പരിചയപ്പെടുത്തിയത്. ദൃശ്യമാധ്യമം എന്ന നിലയിൽ ടെലിവിഷൻ ജനങ്ങൾക്കിടയിൽ ചെലുത്തുന്ന സ്വാധീനം ചെറുതെന്നുമല്ല.

1996 ലാണ് യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലി നവംബർ 21 ലോക ടെലിവിഷൻ ദിനമായി പ്രഖ്യാപിച്ചത്. ലോകജനതയ്ക്കിടയിൽ ടെലിവിഷൻ എന്ന ദൃശ്യമാധ്യമം അവരുടെ തീരുമാനങ്ങളിൽ എത്രമാത്രം പ്രാധന്യം ചെലുത്തുന്നുണ്ടെന്ന വസ്തുതയാണ് യുഎന്നിനെ നവംബർ 21ന് ലോക ടെലിവിഷൻദിനമായി പ്രഖ്യാപിക്കാൻ പ്രേരിപ്പിച്ച ഘടകം.

മലയാളികൾക്ക് ടെലിവിഷൻ പരിചിതമായിട്ട് വെറും മൂന്ന് പതിറ്റാണ്ട് തികയുന്നതേയുള്ളു. 1985ൽ മലയാളത്തിൽ ദൂരദർശൻ സംപ്രേഷണം ആരംഭിച്ചതോടെയാണ് ടെലിവിഷന് കേരളത്തിലും പ്രചാരമേറിയത്. പുരണാകഥകളും, സീരിയലുകളും ശക്തിമാൻ പോലുള്ള അമാനുഷിക കഥാപാത്രങ്ങളും മലയാളിയുടെയും സ്വീകരണമുറിയിലെത്തി.

World Hello Day


ഹലോ പറയൂ എല്ലാവരോടും

നമുക്ക് ഹലോ പറയാം. അങ്ങനെ ഒരു ആഗോള ആഘോഷത്തില്‍ പങ്കാളിയാവുകയും ചെയ്യാം.നവംബര്‍ 21 ലോക ഹലോ ദിനമാണ്. ഈ ദിവസം പത്തുപേരോടെങ്കിലും ഹലോ എന്നു പറഞ്ഞാല്‍ നമ്മള്‍ ഈ ആഘോഷത്തില്‍ പങ്കുചേരുകയായി.അതുകൊണ്ട് പത്തായി ചുരുക്കണ്ട, ആരോടും ഇന്ന് ധൈര്യമായി ഹലോ പറഞ്ഞ് അഭിവാദനം നടത്താം. പക്ഷെ, എല്ലാറ്റിനും ഒരു ഔചിത്യം വേണമെന്നു മാത്രം.ലോക സൗഹൃദം സാഹോദര്യം എന്നിവയാണ് ഹലോ ദിനം ഉദ്ദേശിക്കുന്നത്. എന്നാല്‍ ഒരു സൗഹൃ ദ പശ്ഛാത്തലമല്ല ഈ ദിനത്തിന്‍റെ പിറവിക്കു പിന്നില്‍. മറിച്ച് സംഘര്‍ഷത്തിന്‍റെയും യുദ്ധത്തിന്‍റെയും ഭീഷണമായ നാളുകള്‍ക്കൊടുവിലാണ് ഹലോ ദിനം പിറന്നത്.1973ല്‍ ഇസ്രയേല്‍-ഈജിപ്ത് തര്‍ക്കമില്ലാതായി സമാധാനമുണ്ടായ ദിവസമായിരുന്നു ഹലോ ദിനത്തിന്‍റെ തുടക്കം. 180 രാജ്യങ്ങള്‍ ഈ ദിനം വളരെ ഉത്സാഹത്തോടുകൂടി ആഘോഷിക്കുന്നു. നോബല്‍ സമ്മാന ജേതാക്കളായ നാല്‍പതോളം പേര്‍ ഈ ദിവസത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കാന്‍ തയ്യാറായിട്ടുണ്ട്.ചെറുതെങ്കിലും ഹലോ എന്ന വാക്കിന് സമാധാനം കൊണ്ടുവരാന്‍ കഴിയുമെന്നാണ് വിശ്വാസം. ശരിയായിരിക്കാം. ലോകത്തിലിന്ന് ഏറ്റവുമധികം ഉപയോഗിക്കുന്ന വാക്കാണ് ഹലോ. ടെലിഫോണ്‍ ചെയ്യുമ്പോള്‍ ലോകത്തെമ്പാടും ആളുകള്‍ അഭിവാദനം ചെയ്യുന്നത് ഹലോ എന്നു പറഞ്ഞാണ്. തമ്മില്‍ കാണുമ്പോഴും കൈപിടിച്ചു കുലുക്കുമ്പോഴും ഹലോ എന്നു പറയാറുണ്ട്.ഇന്‍റര്‍നെറ്റ് വ്യാപകമായ ആധുനിക യുഗത്തില്‍ യുവതലമുറ ഹലോയുടെ വകഭേദങ്ങളായ ഹായ് യും ഹി യും ഉപയോഗിക്കുന്നുണ്ടെന്നു മാത്രം.

World Fisheries day ലോക മത്സ്യത്തൊഴിലാളി ദിനം


1980 മുതൽ നവംബർ 21 ലോകമത്സ്യത്തൊഴിലാളി ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നു.
കടലിനെ സംരക്ഷിക്കുക, മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് ഈ വര്‍ഷത്തെ മത്സ്യബന്ധന ദിനത്തിലെ സന്ദേശം.

EMPLOYMENT REGISTRATION SPECIAL RENEWAL 2018 എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം


വിവിധ കാരണങ്ങളാല്‍ 1998 ജനുവരി ഒന്നു മുതല്‍ 2018 ഒക്‌ടോബര്‍ 31 വരെയുള്ള കാലയളവില്‍ (രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ 10/97 മുതല്‍ 08/2018 വരെ രേഖപ്പെടുത്തിയിട്ടള്ളവര്‍) എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ യഥാസമയം പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്കും ഈ കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാതെ റദ്ദായതിന് ശേഷം റീ-രജിസ്‌ട്രേഷന്‍ ചെയ്തവര്‍ക്കും തനത് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം. ഈ കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് യഥാസമയം ചേര്‍ക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാവാതെ മെഡിക്കല്‍ ഗ്രൗണ്ടിലോ, ഉപരിപഠനത്തിനോ വേണ്ടി വിടുതല്‍ ചെയ്തവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ചിട്ടും മനപൂര്‍വമല്ലാത്ത കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കുവാന്‍ കഴിയാതെ വരികയോ ബന്ധപ്പെട്ട രേഖകള്‍ യഥാസമയം ഹാജരാക്കുവാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടമായവര്‍ക്കും സീനിയോറിറ്റി പുനസ്ഥാപിക്കാം. ശിക്ഷാനടപടിയുടെ ഭാഗമായോ മനപൂര്‍വം ജോലിയില്‍ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഡിസംബര്‍ 31 വരെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും ജില്ലയിലെ എല്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും ഇതിനുള്ള അപേക്ഷ സ്വീകരിക്കും. ഇങ്ങനെ സീനിയോറിറ്റി പുനസ്ഥാപിച്ചു കിട്ടുന്നവര്‍ക്ക് ഈ കാലയളവില്‍ തൊഴില്‍ രഹിത വേതനം ലഭിക്കില്ല. ഉദ്യോഗാർത്ഥികൾക്ക് www.employment.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും രജിസ്‌ട്രേഷന്‍ പുതുക്കാം.

Monday, November 19, 2018

Universal Children's Day


അന്താരാഷ്ട്ര ശിശുദിനം

1959 ലാണ് കുട്ടികളുടെ അവകാശങ്ങൾ ഐക്യരാഷ്ട്രസഭ അംഗീകരിച്ചത്. 1989-ൽ കുട്ടികളുടെ അവകാശ ഉടമ്പടിയും യു.എൻ അംഗീകരിച്ചു. രണ്ടിനും അംഗീകാരം ലഭിച്ചത് അന്താരാഷ്ട്ര ശിശുദിനമായ നവംബർ 20ന്. ഈ വര്‍ഷത്തെ ശിശുദിനത്തിന് ഉയര്‍ത്താന്‍ ഐക്യരാഷ്ട്രസംഘടന നിര്‍ദ്ദേശിക്കുന്ന മുദ്രാവാക്യം 'Children are taking over and turning the world blue' എന്നുള്ളതാണ്.

ബാലാവകാശ പ്രമാണം 1989

1924 ലെ ജനീവാ പ്രഖ്യാപനം മുതല്‍ക്കിങ്ങോട്ടുള്ള എല്ലാ ബാലാവകാശ പ്രഖ്യാപനങ്ങളുടെയും പ്രായോഗിക നിര്‍വഹണം മുന്‍നിര്‍ത്തി 1989 നവംബര്‍ 20ന് ഐക്യരാഷ്ട്ര പൊതുസഭ സമഗ്രമായ ഒരു ബാലാവകാശ പ്രമാണം അംഗീകരിച്ചു. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ പ്രതിനിധികള്‍ കൂടി പങ്കെടുത്തതായിരുന്നു ഈ സമ്മേളനം. 1990 നവംബര്‍ 20 ന് കുട്ടികളുടെ സാര്‍വദേശീയ പ്രമാണമായ ഇത് നിലവില്‍ വന്നു. 1992 ല്‍ ഈ പ്രമാണം അംഗീകരിച്ച് ഇന്ത്യ അതിനോടുള്ള പ്രതിബദ്ധത വ്യക്തമാക്കി.
കുട്ടികളുടെ പത്ത് അവകാശങ്ങളാണ് ഈ പ്രമാണം അംഗീകരിച്ചിട്ടുള്ളത്. (1) പേരിനും ദേശീയതയ്ക്കും,(2) സുരക്ഷയ്ക്ക്, (3) പൂര്‍ണ്ണമായ വ്യക്തിത്വവികാസത്തിന്, (4) സ്‌നേഹപൂര്‍ണ്ണമായ രക്ഷാകര്‍തൃത്വത്തിന്, (5) ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പ്രത്യേക പരിഗണനയ്ക്ക്, (6) നിര്‍ബന്ധവും സൗജന്യവും ഗുണമേന്മയുള്ളതുമായ പ്രാഥമിക വിദ്യാഭ്യാസത്തിന്, (7) സുരക്ഷയിലും ക്ഷേമത്തിലും പ്രഥമപരിഗണനയ്ക്ക്, (8) വിവേചനങ്ങളില്‍ നിന്നുള്ള പരിരക്ഷണത്തിന്. (9) അവഗണനകളില്‍ നിന്നുള്ള സംരക്ഷണത്തിന്. (10) ഈ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് എന്നിവയ്ക്കുള്ള അവകാശങ്ങളാണ് ഇവ.

ഇന്ത്യന്‍ ഭരണഘടനയും
കുട്ടികളുടെ അവകാശങ്ങളും

എ) മൗലികാവകാശങ്ങള്‍ (നിയമ നടപടികളിലൂടെ സംരക്ഷിക്കാന്‍ കഴിയുന്ന അവകാശങ്ങള്‍)
* അനുഛേദം 15(3) കുട്ടികളുടെ പരിരക്ഷയ്ക്ക് വിശേഷാല്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താന്‍ രാഷ്ട്രത്തിന് അധികാരം നല്‍കുന്നു.
* അനുഛേദം 21, 21 (എ) അന്തസ്സോടെ ജീവിക്കാനും ആരോഗ്യം, പാര്‍പ്പിടം, പോഷകാഹാരം, ശുചിയായ പരിസരം, വ്യക്തിത്വവികാസം എന്നിവയ്ക്കും ആറുവയസ്സുമുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനും ഉള്ള അവകാശങ്ങള്‍ ഉറപ്പുചെയ്യുന്നു.
* അനുഛേദം 24 പതിനാലു വയസ്സില്‍ താഴെയുള്ള കുട്ടികളെ അപായകരമായ തൊഴിലുകളില്‍ ഏര്‍പ്പെടുത്തുന്നതു തടയുന്നു.
* അനുഛേദം 32 കുട്ടികളുടെ അവകാശങ്ങള്‍ സ്ഥാപിച്ചു കിട്ടാന്‍ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാനുള്ള അവകാശം ഉറപ്പാക്കുന്നു.
ബി) മാര്‍ഗനിര്‍ദ്ദേകതത്വങ്ങളില്‍
ഉള്‍പ്പെടുത്തപ്പെട്ട അവകാശങ്ങള്‍
* മൗലികാവകാശങ്ങള്‍ക്കു പുറമെ താഴെപ്പറയുന്ന അവകാശങ്ങള്‍കൂടി കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ ഭരണഘടന മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളിലൂടെ രാഷ്ട്രത്തോടു നിര്‍ദ്ദേശിക്കുന്നുണ്ട്.
* അനുഛേദം 39(ഇ), 39(എഫ്) കുട്ടികള്‍ അവരുടെ ഇളം പ്രായത്തില്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കുന്നതിനും അവരെക്കൊണ്ട് ആരോഗ്യ ത്തിനും ജീവനും ഹാനികരമായ ജോലി ചെയ്യിക്കാതിരിക്കാനും അവര്‍ക്ക് ആരോഗ്യകരമായ വ്യക്തിത്വ വികാസത്തിനും അനാഥത്വത്തില്‍ നിന്നുള്ള പരിരക്ഷണത്തിനുമുള്ള അവകാശം
* അനുഛേദം 41 കുട്ടികളുടെ വിദ്യാഭ്യാസ - ആരോഗ്യ വിഷയങ്ങളില്‍ രാഷ്ട്രത്തിനുള്ള ബാധ്യത.
* അനുഛേദം 47 പോഷകാഹാരം, പരിസരശുചിത്വം, ആതുരശുശ്രൂഷാ സൗകര്യം എന്നിവ കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ രാഷ്ട്രത്തിനുള്ള ബാധ്യത.
* അനുഛേദം 51 എ കുട്ടികളില്‍ ശാസ്ത്രാഭിരുചിയും ശാസ്ത്രീയവീക്ഷണവും വളര്‍ത്താനുള്ള രാഷ്ട്രത്തിന്റെ ബാധ്യത.

Sunday, November 18, 2018

National Integration Day


ഒരേയൊരിന്ത്യ, ഒരൊറ്റ ഇന്ദിര

ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രിമാരിലൊരാളായിരുന്നു ഇന്ദിരാ പ്രിയദര്‍ശിനി. അടിയന്തരാവസ്ഥ ഒരു കറുത്ത പാടായി ശേഷിക്കുന്നുണ്ടെങ്കിലും ഇന്ദിരയുടെ ഓര്‍മ്മകള്‍ക്ക് ഭാരതത്തില്‍ പൊന്‍തിളക്കമാണുള്ളത്.
രാഷ്ട്രം മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്‍‌മദിന സ്മരണ പുതുക്കുകയാണ്. 2017 നവംബര്‍ 19 ന് ഇന്ദിരാഗാന്ധിയുടെ നൂറാം ജമദിനമായിരുന്നു. ഇന്ദിരാഗാന്ധിയുടെ പിറന്നാള്‍ ദിനം ദേശീയോദ്ഗ്രഥന ദിനമായാണ് ആചരിക്കുന്നത്. ക്വാമി ഏകതാ വാരവും ഇന്ന് തുടങ്ങും

Samunnathi Scholarship കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപറേഷൻ 2018 – 2019 വർഷത്തെ വിദ്യാസമുന്നതി സ്കോളർഷിപ്, വിദ്യാസമുന്നതി മത്സര പരീക്ഷാപരിശീലനത്തിനുള്ള ധനസഹായ അപേക്ഷകൾ ക്ഷണിച്ചു.


കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര സമുദായങ്ങളിൽ പെടുന്ന സമർത്ഥരായ വിദ്യാർത്ഥികളെ ലക്‌ഷ്യം വച്ചുള്ള കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപറേഷന്റെ 2018 – 2019 വർഷത്തെ വിദ്യാസമുന്നതി സ്കോളർഷിപ്പിനും വിദ്യാസമുന്നതി മത്സര പരീക്ഷാപരിശീലനത്തിനുള്ള ധനസഹായത്തിനുമുള്ള അപേക്ഷകൾ ക്ഷണിച്ചു.

വിദ്യാ സമുന്നതി സ്കോളർഷിപ്പിൽ ഹയർ സെക്കൻഡറി,ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾ,ബിരുദം,ബിരുദാനന്തര ബിരുദം,സിഎ /സിഎംഎ/സിഎസ് /ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ ബിരുദം,ബിരുദാനന്തര ബിരുദ, Mphil,Phd വിദ്യാർത്ഥികൾക്കും ,വിദ്യാസമുന്നതി മത്സര പരീക്ഷാപരിശീലനത്തിനുള്ള ധനസഹായത്തിനായി മെഡിക്കൽ ,എഞ്ചിനീയറിംഗ് ( ബിരുദം & ബിരുദാനന്തര ബിരുദം),സിവിൽ സർവീസസ്,ബാങ്ക്/പി.എസ്സ്സി/യു.പി.എസ്സ്സി,മറ്റിതര മത്സര പരീക്ഷകൾക്കു തയ്യാറെടുക്കുന്നവർക്കും ധനസഹായത്തിനായ് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകൾ ഓൺലൈനിൽ 08-11-2018 മുതൽ 07-12-2018 വരെ സ്വീകരിക്കും.
വിശദവിവരങ്ങൾക്കായി 2018-19 വെബ്സൈറ്റ് ലിങ്ക് സന്ദർശിക്കുക.

http://www.schemes.kswcfc.org/index.php

Guidelinesfor COACHING ASSISTANCE (Medical/Engg)- 2018-2019