1764-ൽ ലോർഡ് ക്ലവിന്റെ കാലത്താണ് ഇന്ത്യയിൽ പോസ്റ്റൽ സംവിധാനം നിലവിൽ വന്നത്. 1774-ൽ വാറൻ ഹേസ്റ്റിംഗ് കൽക്കട്ട ജി.പി.ഒ സ്ഥാപിച്ചു. 1854-ൽ ഡൽഹൌസി പ്രഭുവിൻറെ കാലത്താണ് പോസ്റ്റ്‌ഓഫീസ് ആക്ട് നിലവിൽ വന്നത്. 1852-ൽ സിന്ധിലാണ് ആദ്യത്തെ തപാൽ സ്റ്റാമ്പ് പുറത്തിറക്കുന്നത്. സിന്ധിയിലെ കമ്മിഷണർ ആയിരുന്ന ബാർട്ടർ ഫെരേര ‘സിന്ധ് ഡാക്ക’ എന്ന പേരിൽ ഇറക്കിയ ഈ സ്റ്റാമ്പ് ഏഷ്യയിലെ തന്നെ ആദ്യത്തെ സ്റ്റാമ്പായിരുന്നു. ഈസ്റ്റിന്ത്യാ കമ്പനിയുടെ ചിഹ്നമായിരുന്നു ഇതിൽ പതിപ്പിച്ചിരുന്നത്.
സ്വതന്ത്ര ഭാരതത്തിലെ പ്രഥമ സ്റ്റാമ്പ് 1947 നവംബർ 21-നാണ് പുറത്തിറക്കുന്നത്. ഇതിൽ ആലേഖനം ചെയ്തിരിക്കുന്നത് ത്രിവർണ പതാകയാണ്.
സ്വാതന്ത്ര്യാനന്തരഇന്ത്യയിലെ ഔദ്യോഗിക പോസ്റ്റൽ സർവീസ് രൂപം കൊള്ളുന്നതിനുമുമ്പ് തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളിൽ നിലവിൽനിന്നിരുന്ന പഴയകാല ആഭ്യന്തര തപാൽ സമ്പ്രദായമാണ് അഞ്ചൽ സമ്പ്രദായം. 1951 ൽ ഇന്ത്യൻ കമ്പിതപാൽ വകുപ്പിൽ ലയിക്കുന്നതുവരെ അഞ്ചൽ സമ്പ്രദായം നിലനിന്നു. കേരളത്തിൽ അതിപ്രാചീനകാലം മുതൽക്കുതന്നെ ചാരന്മാർ വഴി കത്തിടപാടുകൾ നടത്തിയിരുന്നു. മാർത്താണ്ഡവർമ്മയുടെ കാലം മുതൽ വിരുത്തി(വൃത്തി) അനുഭവക്കാരായ ചാരന്മാർ മുഖാന്തരം സർക്കാർ സാധനങ്ങളും കൊട്ടാരം വക നീട്ടുകളും കച്ചേരികളിൽ എത്തിച്ചുകൊടുക്കാൻ ഒരു വ്യവസ്ഥ ആരംഭിച്ചു. അവർക്ക് സ്ഥാനചിഹ്നമായി ശംഖുമുദ്രയും “ ശ്രീപദ്മനാഭൻ തുണ ” എന്നു ലിഖിതമുള്ള വെള്ളിത്തടികൾ നൽകിയിരുന്നു. തിരുവിതാം കൂറിലെ രാമവർമ്മ മഹാരാജാവ് കൊല്ലവർഷം 959ൽ ‘സന്ദേഹവാഹക’ ഏർപ്പാടിൽ ചില പരിഷ്കാരങ്ങൾ വരുത്തി. അത് കേണൽ മൺട്രോയുടെ ഔദ്യോഗികകാലം വരെ നിലവിലിരുന്നു. കേണൽ മൺട്രോയാണ് സന്ദേശവാഹക ഏർപ്പാടിന് ‘അഞ്ചൽ’ എന്നു നാമകരണം ചെയ്തത്. റോഡുകൾക്ക് നിശ്ചിത ദൂരത്തിലായി ഓട്ടക്കാർ നിന്നിരുന്നു. ഇവർ ഒരു നിശ്ചിത ദൂരം സന്ദേശം കൊണ്ട് ഓടി അടുത്തയാൾക്ക് കൈമാറും. ഇങ്ങനെയാണ് സന്ദേശങ്ങൾ ഒരിടത്തു നിന്ന് മറ്റൊരിടത്ത് എത്തിച്ചിരുന്നത്. ആദ്യകാലങ്ങളിൽ സർക്കാർ രേഖകൾ മാത്രമായിരുന്നു അഞ്ചലിലൂടെ എത്തിച്ചിരുന്നത്. കൊല്ലവർഷം 1024 വരെ അഞ്ചൽ സർവ്വീസ് സർക്കാർ ആവശ്യത്തിനു മാത്രമേ തരപ്പെടുത്തിയിരുന്നുള്ളൂ.ഭാരതത്തിൽ പൊതുവായി തപാൽ സംവിധാനം നിലവിൽ വന്നപ്പോൾ അഞ്ചൽ വകുപ്പ് അതിൽ ലയിപ്പിക്കപ്പെടുകയുണ്ടായി.
തപാലുരുപ്പടികളുമായി പോകുന്നയാളാണ് അഞ്ചലോട്ടക്കാരൻ. ഒരഗ്രം മുനവാർത്തുകെട്ടി ശംഖുമുദ്ര പതിപ്പിച്ച മണി അടിയും മണികെട്ടിയ അരപ്പെട്ടയും ധരിച്ച് ഓട്ടക്കാരൻ ദിവസം 8 മൈൽ ഓടണമെന്നാണ് ഉത്തരവ്. കാക്കി നിക്കറും ഉടുപ്പും തലയിൽ ചുവന്ന കരയുള്ള കാക്കി തൊപ്പിയുമായിരുന്നു അഞ്ചൽക്കാരൻറെ വേഷം. ചിലങ്ക കെട്ടിയ ഒന്നരയടി നീളമുള്ള വടിയിൽ തൂക്കിയാണ് തപാൽ ഉരുപ്പടികൾ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് എത്തിച്ചിരുന്നത്. ഇദ്ദേഹം ഓടുമ്പോൾ ചിലങ്ക കിലുങ്ങുകയും ആ ശബ്ദം കേട്ട് ആളുകൾ വഴി മാറിക്കൊടുക്കുകയും ചെയ്തിരുന്നു. അഞ്ചലോട്ടക്കാരന് നേരെ ആരും വന്നു കൂടെന്നും നടുറോഡിലൂടെ വേണം ഓടേണ്ടതെന്നും പ്രത്യേകം നിഷ്കർഷിച്ചിരുന്നത് കൊണ്ട് ആൾക്കാർ അഞ്ചലോട്ടക്കാരന്റെ ഗതി മാറിയേ അക്കാലത്ത് സഞ്ചരിക്കുമായിരുന്നുള്ളൂ. അഞ്ചൽക്കാരന് അന്ന് സമൂഹത്തിൽ മാന്യമായ സ്ഥാനം കിട്ടിയിരുന്നു.
ഉത്രം തിരുന്നാൾ മഹാരാജാവിന്റെ കാലത്ത് കുടിയാനവര്‍ സർക്കാരിലേക്കയക്കുന്ന ഹരജികളും സർക്കാർ ജീവനക്കാരുടെ കത്തുകളും കൂലി കൊടുക്കാതെ അഞ്ചൽ വഴി അയക്കാൻ ഉത്തരവായി. പൊതുജനങ്ങൾ കൂടെ അഞ്ചൽ സേവനം ഉപയോഗിച്ചു തുടങ്ങിയതോടെ അഞ്ചൽക്കാരൻ അഞ്ചൽ പിള്ളയായി. 1857-ൽ ആദ്യത്തെ അഞ്ചലാപ്പീസ് തിരുവിതാംകൂറിൽ ആരംഭിച്ചു. കൊച്ചിയിലുണ്ടായിരുന്ന അഞ്ചലാപ്പീസ് ദിവാൻ തോട്ടക്കാട് ശങ്കുണ്ണിമേനോന്റെ കാലത്ത് സ്ഥാപിച്ചതാണ്.
No comments:
Post a Comment