ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Wednesday, October 3, 2018

ലോക മൃഗക്ഷേമദിനം


ജീവിക്കാന്‍ മൃഗങ്ങള്‍ക്കുമുണ്ട് അവകാശം. മനുഷ്യന്‍ മാത്രം അധിവസിക്കുന്ന ഗോളമല്ല ഭൂമി. അവിടെ പക്ഷി മൃഗാദികളും വൃക്ഷലതാദികളുമുണ്ട്. സൂക്ഷ്മ ജീവികളുമുണ്ട്. ഇവിടെ എല്ലാം സുഖവും ക്ഷേമവും കാംക്ഷിക്കുന്നതും ഉറപ്പാക്കുന്നതുമാണ് വസുധൈവകുടുംബകം എന്ന ഭാരതീയ ദര്‍ശനം. ലോകമൊരു കുടുംബമാണ് എന്ന ഉദാത്തമായ സങ്കല്‍പം ഭൂമുഖത്ത് പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമെല്ലാം ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്നു. മൃഗങ്ങള്‍ക്കുള്ള അവകാശങ്ങളെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ ബോധവല്‍ക്കരണവും പഠനവും നടന്നുവരികയാണ്. ഓരോ ദിവസവും ഈ ഭൂമുഖത്തു നിന്ന് നൂറോളം ജീവിവര്‍ഗ്ഗങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നതാണ് കണക്ക്. ഈ അവസ്ഥ തുടര്‍ന്നുകൂടാ എന്നോര്‍മ്മിപ്പിക്കുന്നതാണ് ലോക മൃഗക്ഷേമ ദിനം.

ഒക്ടോബര്‍ നാലാണ് മൃഗക്ഷേമദിനമായി ആചരിക്കുന്നത്. നവംബര്‍ രണ്ടിന് ലോക മൃഗദിനമായും ആചരിക്കുന്നു. വംശനാശം സംഭവിക്കുന്ന ജീവികളുടെ നിസ്സഹായാവസ്ഥ ഉയര്‍ത്തിക്കാട്ടുക എന്നതായിരുന്നു ദിനാചരണത്തിന്റെ ലക്ഷ്യം. മനുഷ്യനെപ്പോലെ തന്നെ മറ്റ് ജീവികള്‍ക്കും ഭൂമി അവകാശപ്പെട്ടതാണെന്ന് കരുതുന്ന ഏവരും ഈ ദിനാചരണത്തെ സ്വാഗതം ചെയ്യും. കാരണം മുമ്പെങ്ങുമില്ലാത്ത തോതിലാണ് ഇന്ന് ജീവിവര്‍ഗങ്ങള്‍ നേരിടുന്ന ഭീഷണി. ഭൂമിയുടെ ചരിത്രത്തില്‍ മുമ്പ് അഞ്ച് തവണ ജീവികള്‍ക്ക് വന്‍തോതില്‍ കൂട്ടനാശം നേരിട്ടിട്ടുണ്ട്. ഇപ്പോള്‍ ഭൂമി ആറാമത്തെ കൂട്ടനാശത്തിന്റെ പിടിയിലാണെന്ന് പരിസ്ഥിതി ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

No comments:

Post a Comment