സ്വീഡിഷ് ശാസ്ത്രജ്ഞനായ ആല്‍ഫ്രഡ് നൊബേല്‍ ആണ് ലോകംകണ്ട ഏറ്റവും വലിയ പുരസ്‌കാരത്തിനുപിന്നില്‍. സ്‌ഫോടകവസ്തുവായ ഡൈനാമിറ്റിന്റെ കണ്ടെത്തല്‍ അദ്ദേഹത്തിന് ധാരാളം പണവും പ്രശസ്തിയും നേടിക്കൊടുത്തു. തന്റെ സ്വത്തിന്റെ ഒരു ഭാഗം നൊബേല്‍ സമ്മാനത്തിനായി അദ്ദേഹം നീക്കിവെക്കുകയായിരുന്നു.
1901 മുതലാണ് നൊബേല്‍ സമ്മാനം പ്രഖ്യാപിക്കപ്പെട്ടത്. ആല്‍ഫ്രഡ് നൊബേലിന്റെ ചരമദിനമായ ഡിസംബര്‍ 10-നാണ് സമ്മാനദാനച്ചടങ്ങ് നടക്കുക. 1940, 1941, 1942 എന്നീ വര്‍ഷങ്ങളില്‍ രണ്ടാംലോകമഹായുദ്ധം കാരണം നൊബേല്‍ സമ്മാനം നല്‍കിയിരുന്നില്ല.
വൈദ്യശാസ്ത്രം - ജയിംസ് അലിസണ്‍, ടസാകു ഹോന്‍ജോ
കാന്‍സര്‍ ചികിത്സയെ പുതിയ തലത്തിലേക്കുയര്‍ത്തിയ അമേരിക്കയിലെ ജയിംസ് പി. അലിസണ്‍, ജപ്പാനിലെ ടസാകു ഹോന്‍ജോ എന്നിവര്‍ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്തി അര്‍ബുദത്തെ ചെറുക്കാനുള്ള ഗവേഷണമാണ് ഇവരെ നൊബേലിലേക്ക് നയിച്ചത്. ഇമ്യൂണ്‍ ചെക്പോയിന്റര്‍ ഇന്‍ഹിബിറ്റര്‍ തെറാപ്പി എന്ന ഇവരുടെ കണ്ടെത്തല്‍ കാന്‍സര്‍ ചികിത്സാരംഗത്ത് സമൂലമായ മാറ്റത്തിന് വഴിതുറന്നതായി പുരസ്‌കാരനിര്‍ണയസമിതി വിലയിരുത്തി. കാന്‍സര്‍ പ്രതിരോധ കോശങ്ങളിലെ നിര്‍ണായക പ്രോട്ടീന്‍ സാന്നിധ്യം തിരിച്ചറിഞ്ഞതാണ് ഹോന്‍ജോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇതേ മേഖലയില്‍ പ്രോട്ടീനുമായി ബന്ധപ്പെട്ട പഠനത്തിനാണ് അലിസണിന് പുരസ്‌കാരം. യു.എസിലെ ടെക്‌സസ് സര്‍വകലാശാലയിലെ പ്രൊഫസറാണ് അലിസണ്‍. ജപ്പാനിലെ ക്യോട്ടോ സര്‍വകലാശാലയില്‍ പ്രൊഫസറാണ് ഹോന്‍ ജോ. ഏഷ്യന്‍ നൊബേല്‍ എന്നറിയപ്പെടുന്ന ടാങ് പ്രൈസ് ഇരുവരും 2014-ല്‍ നേടിയിരുന്നു.
സമ്മാനത്തുക: 90 ലക്ഷം സ്വീഡിഷ് ക്രോണ
ഭൗതികശാസ്ത്രം -ആര്‍തര്‍ ആഷ്‌കിന്‍, ഷെറാദ് മൊറു, ഡോണ സ്ട്രിക്ലന്‍ഡ്
അര്‍ബുദചികിത്സാരംഗത്തും നേത്രചികിത്സയിലും വന്‍ മാറ്റങ്ങളുണ്ടാക്കിയ ഒപ്റ്റിക്കല്‍ ലേസര്‍ സാങ്കേതികവിദ്യ കണ്ടുപിടിച്ച ശാസ്ത്രപ്രതിഭകള്‍ക്കാണ് ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍. ആര്‍തര്‍ ആഷ്‌കിന്‍ (അമേരിക്ക), ഷെറാദ് മൊറു (യു.എസ്. പൗരത്വമുള്ള ഫ്രഞ്ചുകാരന്‍), ഡോണ സ്ട്രിക്ലന്‍ഡ് (കാനഡ) എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. 1903-ല്‍ മേരി ക്യൂറി, 1963-ല്‍ മരിയ ജിയോപെര്‍ട് മേയര്‍ എന്നിവര്‍ക്കുശേഷം ഭൗതികശാസ്ത്ര നൊബേല്‍ നേടുന്ന വനിതയാണ് ഡോണ. 55 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഈ നേട്ടം. അതിസൂക്ഷ്മ ബോധശേഷിയുള്ള ലേസര്‍ കണ്ടുപിടിച്ചതിനാണ് പുരസ്‌കാരം. കണ്ണുകളുടെ നവീന ലേസര്‍ ശസ്ത്രക്രിയയ്ക്ക് വഴിതുറക്കുന്നതും വ്യാവസായികരംഗത്ത് അതിസൂക്ഷ്മതയോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നതുമായ ഉപകരണങ്ങള്‍ക്ക് രൂപംകൊടുക്കാന്‍ മൂവരുടെയും ഗവേഷണം വഴിതുറക്കുമെന്ന് പുരസ്‌കാരസമിതി വിലയിരുത്തി. നൊബേല്‍ നേടുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് 96 വയസ്സുള്ള ആര്‍തര്‍ ആഷ്‌കിന്‍. പ്രകാശത്തിന്റെ റേഡിയേഷന്‍ ശക്തികൊണ്ട് പദാര്‍ഥങ്ങളെയും വസ്തുക്കളെയും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റാനാകുമെന്ന വിചിത്രഭാവനയാണ് ആഷ്‌കിന്‍ യാഥാര്‍ഥ്യമാക്കിയത്. അള്‍ട്രാ ഷോര്‍ട്ട് ഒപ്റ്റിക്കല്‍ പള്‍സുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന സംവിധാനം വികസിപ്പിച്ചതിനാണ് ഷെറാദിനും ഡോണയ്ക്കും പുരസ്‌കാരം ലഭിച്ചത്.
സമ്മാനത്തുക: 10 ലക്ഷം ഡോളര്‍. പുരസ്‌കാരത്തുകയുടെ ആദ്യപകുതി ആര്‍തര്‍ ആഷ്‌കിനും രണ്ടാംപകുതി വീണ്ടും പകുത്ത് മൊറു- സ്‌ക്രീന്‍ലാന്‍ഡ് ടീമിനും നല്‍കും.
രസതന്ത്രം- ഫ്രാന്‍സെസ് എച്ച്.അര്‍നോള്‍ഡ്, ജോര്‍ജ് പി. സ്മിത്ത്, ഗ്രിഗറി വിന്റര്‍
ജൈവ ഇന്ധനംമുതല്‍ മരുന്നുകള്‍വരെ നിര്‍മിക്കുന്നതിന് പ്രോട്ടീനുകളും എന്‍സൈമുകളും ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ഗവേഷണം നടത്തിയ മൂന്നുപേര്‍ക്ക് രസതന്ത്രനൊബേല്‍. യു.എസ്. ശാസ്ത്രജ്ഞരായ ഫ്രാന്‍സെസ് എച്ച്. അര്‍നോള്‍ഡ്, ജോര്‍ജ് പി. സ്മിത്ത്, ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ ഗ്രിഗറി വിന്റര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായവര്‍. വിവിധ മേഖലകളില്‍ പരിണാമത്തിന്റെ ഭാഗമായി പ്രോട്ടീനുകളിലുണ്ടാകുന്ന വ്യതിയാനം സംബന്ധിച്ച 'പാരമ്പര്യവ്യതിയാനവും തിരഞ്ഞെടുപ്പും' എന്ന ഒരേ സിദ്ധാന്തമാണ് മൂന്നുപേരും ഉപയോഗിച്ചത്. നൊബേല്‍ സമ്മാനം നേടുന്ന അന്‍പതാമത്തെ വനിതയും രസതന്ത്രത്തില്‍ നൊബേല്‍ നേടുന്ന അഞ്ചാമത്തെ വനിതയുമാണ് ഫ്രാന്‍സെസ് എച്ച്. അര്‍നോള്‍ഡ്.
സമ്മാനത്തുക : 7.4 കോടി രൂപയുടെ പകുതി ഫ്രാന്‍സെസ് എച്ച്. അര്‍നോള്‍ഡും ബാക്കി പകുതിജോര്‍ജ് പി. സ്മിത്തും ഗ്രിഗറി പി. വിന്ററും പങ്കിടും.
സമാധാനം -നാദിയ മുറാദ്, ഡോ. ഡെന്നീസ് മുക്വെഗി
ഭീകരവാദത്തിന്റെയും യുദ്ധത്തിന്റെയും ഫലമായ പീഡനങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും ലോകം തുറന്നുകാട്ടിയ നിശ്ശബ്ദപോരാളികള്‍ക്ക് സമാധാന നൊബേല്‍ പുരസ്‌കാരം. ഐ.എസ്. ഭീകരരുടെ ജീവിക്കുന്ന ഇരയായ നാദിയ മുറാദ്, ലൈംഗികാതിക്രമങ്ങള്‍ക്കും ക്രൂരതകള്‍ക്കുംനേരെ പോരാടുന്ന ഡോ. ഡെന്നീസ് മുക്വെഗി എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ സമ്മാനം. യുദ്ധങ്ങളിലും ഭീകരപ്രവര്‍ത്തനങ്ങളിലും ലൈംഗികാതിക്രമം പൊതു ആയുധമായി ഉപയോഗിക്കുന്നതിനെതിരായ ഇരുവരുടെയും പോരാട്ടമാണ് പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. ഐ.എസ്. ഭീകരതയില്‍നിന്ന് രക്ഷപ്പെട്ട യസീദി വംശജയായ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് നാദിയ മുറാദ്. യുദ്ധമേഖലകളില്‍ ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ ഗൈനക്കോളജിസ്റ്റാണ് ഡോ. ഡെന്നിസ് മുക്വെഗി. 2014-ല്‍ ഇറാഖില്‍ ഐ.എസ്. തട്ടിക്കൊണ്ടുപോയ നാദിയ മൂന്നുമാസം ഭീകരരുടെ ലൈംഗികാടിമയായി പീഡനങ്ങളേറ്റുവാങ്ങി. തടവില്‍നിന്ന് രക്ഷപ്പെട്ട നാദിയ താന്‍ നേരിട്ട കൊടിയപീഡനങ്ങള്‍ തുറന്നുപറഞ്ഞതോടെയാണ് യസീദി വനിതകള്‍ അനുഭവിച്ച കൊടുംക്രൂരത ലോകമറിയുന്നത്. യസീദികള്‍ക്കും സംഘര്‍ഷമേഖലകളിലെ പീഡിതരായ സ്ത്രീകള്‍ക്കുമായി പ്രവര്‍ത്തിക്കുകയാണ് നാദിയ ഇപ്പോള്‍.
സമ്മാനത്തുക: 3,50,000 ഡോളര്‍
സാമ്പത്തികശാസ്ത്രം -വില്യം നോഡ്ഹൗസ്, പോള്‍ റോമര്‍
യു.എസ്. സാമ്പത്തികശാസ്ത്രജ്ഞന്‍ പോള്‍ എം. റോമര്‍ക്കും യു.എസിലെ യേല്‍ സര്‍വകലാശാലാ പ്രൊഫസര്‍ വില്യം ഡി. നോഡ്ഹൗസിനും സാമ്പത്തിക നൊബേല്‍. പ്രകൃതിയെയും അറിവിനെയും സാമ്പത്തിക ശാസ്ത്രവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള സൈദ്ധാന്തിക വിശകലനങ്ങള്‍ക്കാണ് പുരസ്‌കാരം. വിവിധ രാജ്യങ്ങളിലെ കാലാവസ്ഥാനയങ്ങള്‍ അവിടത്തെ സാമ്പത്തികവളര്‍ച്ചയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ എങ്ങനെ ബാധിക്കുന്നുവെന്ന പഠനത്തിനാണ് നോഡ്ഹൗസിന് പുരസ്‌കാരം. സാമ്പത്തികഘടകങ്ങള്‍ എങ്ങനെയാണ് വ്യവസായസ്ഥാപനങ്ങളെ പുതിയ ആശയങ്ങളിലേക്കും കണ്ടെത്തലുകളിലേക്കും നയിക്കുന്നതെന്ന എന്‍ഡോജീനിയസ് തിയറി ആണ് റോമറിന് പുരസ്‌കാരം നേടിക്കൊടുത്തത്.
സമ്മാനത്തുക: 10 ലക്ഷം ഡോളര്‍.
സാഹിത്യ നൊബേല്‍ ഇക്കുറിയില്ല
സാഹിത്യത്തിനുള്ള പുരസ്‌കാരപ്രഖ്യാപനം ചില വിവാദങ്ങള്‍കാരണം ഇക്കുറിയുണ്ടായില്ല.
70 വര്‍ഷത്തിനുശേഷമാണ് സാഹിത്യമില്ലാതെ നൊബേല്‍. ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ ജേതാവിന്റെ പേര് അടുത്ത വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ക്കൊപ്പം പ്രഖ്യാപിക്കും.
No comments:
Post a Comment