ഇന്ന് ലോക മുട്ട ദിനം, എല്ലാ വര്‍ഷവും ഒക്ടോബറിലെ രണ്ടാമത്തെ വെള്ളിയാഴ്ചയാണ് ലോക മുട്ടദിനം. പാവങ്ങളില്‍ പാവങ്ങളും ധനികരില്‍ ധനികരുമെല്ലാം ഒരുപോലെ കഴിക്കുന്ന മുട്ടയെന്ന മനുഷ്യന്റെ ഇഷ്ടഭക്ഷണത്തിന്റെ പ്രോത്സാഹനവും പ്രചാരണവും ഉദ്ദേശിച്ച് നടത്തപ്പെടുന്ന ലോക മുട്ടദിനമാണിന്ന്. 1996 മുതലാണ് അന്താരാഷ്ട്ര എഗ് കമീഷന്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച 'ലോക മുട്ടദിന'മായി ആചരിക്കാന്‍ തീരുമാനിച്ചത്. കുറഞ്ഞ ചെലവില്‍ ജനങ്ങള്‍ക്ക് പ്രോട്ടീന്‍ ലഭ്യമാക്കുന്ന ഭക്ഷ്യപദാര്‍ഥം എന്ന നിലയില്‍ മുട്ടയുടെ പ്രചാരം വര്‍ധിപ്പിക്കേണ്ടതിനാണ് ദിനാചരണം സംഘടിപ്പിക്കുന്നത്. മനുഷ്യന്റെ മസ്തിഷ്‌കത്തിന്റെയും ഓര്‍മയുടെയും വികാസത്തിന് സഹായകമാകുന്ന ഘടകങ്ങള്‍ മുട്ടയിലടങ്ങിയിട്ടുണ്ട്. പ്രകൃതിദത്തമായ ഈ ഭക്ഷണപദാര്‍ഥം നല്ല ആരോഗ്യത്തിനും രോഗങ്ങള്‍ തടയുന്നതിനും സഹായകമാണെന്നും ശാസ്ത്രം കണ്ടത്തെിയിട്ടുണ്ട്.
1964ല്‍ ഇറ്റലിയില്‍ നടന്ന രണ്ടാം അന്താരാഷ്ട്ര എഗ് കോണ്‍ഫറന്‍സിലാണ് അന്താരാഷ്ട്ര എഗ് കമീഷന്‍ എന്ന കൂട്ടായ്മ രൂപവത്കരിച്ചത്. ആഗോളതലത്തില്‍ മുട്ടയുല്‍പാദനത്തെയും വ്യവസായത്തെയും പരിപോഷിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തലാണ് കമീഷന്റെ ചുമതല.
ഉന്നത ഗുണനിലവാരമുള്ള പ്രൊറ്റീനുകളും ഡി, ബി 6 , ബി 12 ജീവകങ്ങളും സെലെനിയവും അയേണും കോപ്പറും സിങ്കുമുൾപ്പെടെയുള്ള ധാതുക്കളും ഒക്കെയായി അതീവ പോഷക സമ്പന്നമായ മുട്ട നിത്യേന ഒന്നോ രണ്ടോ കഴിക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ മുട്ടയെ ചുറ്റിപ്പറ്റി ഒട്ടേറെ അബദ്ധധാരണകളുണ്ട്. അത്തരം അടിയുറച്ച അഞ്ചു തെറ്റിദ്ധാരണകൾ ഇതാ …
ഒന്ന്) മുട്ട കഴിച്ചാൽ കൊളസ്‌ട്രോൾ കൂടും
കൊളസ്ട്രോളിനെ ഭയന്ന് മുട്ട കൈകൊണ്ടു തൊടാത്തവരുണ്ട്. അതിന്റെ ആവശ്യമില്ലെന്നാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ന്യൂട്രിഷനിസ്റ് ഡോ.അഞ്ജു സൂദ് പറയുന്നത്. മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രം കഴിക്കുക. പ്രൊട്ടീൻ സമ്പന്നമാണ് മുട്ടയുടെ വെള്ള. അത് ഒഴിവാക്കേണ്ട കാര്യമില്ല . രണ്ടു മുട്ടയുടെ വെള്ള കഴിച്ചാൽ ഒരു ദിവസത്തേക്കാവശ്യമായ മുഴുവൻ പ്രൊട്ടീനും നമുക്ക് ലഭ്യമാകും.
രണ്ട്) ബാക്ടീരിയകളെ ഒഴിവാക്കാൻ മുട്ട നന്നായി കഴുക
മുട്ടത്തോടിലല്ല സാൽമൊണല്ല ബാക്റ്റീരിയയുടെ ഇരിപ്പ്. അതിനകത്താണ്. അതിനാൽ തോട് കഴുകി ബാക്ടീരിയയെ തുരത്താം എന്നത് വെറും അബദ്ധ ധാരണയാണ്.
മൂന്ന്) അധികം മുട്ട കഴിക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണ്.
ആരോഗ്യവാനായ ഒരു വ്യക്തിക്ക് ദിവസം മൂന്ന് മുട്ട വരെയാകാം എന്നാണ് വിദഗ്ദ്ധർ പറയുന്നത്. “ഒന്നോ രണ്ടോ മുട്ട ദിവസേന കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പ്രൊട്ടീൻ ഉറപ്പു വരുത്തും. എന്നാൽ റെഡ് മീറ്റും ചിക്കനുമെല്ലാം നിത്യേന ധാരാളമായി കഴിക്കുന്ന ഒരാളെ സംബന്ധിച്ച് മുട്ട അധികം കഴിക്കുന്നത് ഗുണകരമല്ല” പ്രമുഖ ന്യൂട്രീഷനിസ്റ്റ് രൂപാലി ദത്ത പറയുന്നു.
നാല്) മുട്ടയുടെ നിറവും ഗുണവും തമ്മിൽ ബന്ധമുണ്ട്.
വെളുത്തതും ചാരനിറത്തിലുള്ളതുമായ മുട്ടകളിൽ ഏതാണ് മെച്ചമെന്ന തർക്കം നിലനിൽക്കുന്നുണ്ട്. എന്നാൽ പക്ഷിയുടെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന പിഗ്മെന്റുകളുടെ തോതിനനുസരിച്ചു മുട്ടത്തോടിന് വെള്ളയോ ചാരനിറമോ ലഭിക്കാം. മുട്ടത്തോടിന്റെ നിറം എന്ത് തന്നെയായാലും പോഷകമൂല്യങ്ങളിൽ യാതൊരു വ്യത്യാസവും വരുന്നില്ല.
അഞ്ച്) മുട്ട കഴിച്ചാൽ ഉടനെ പാല് കുടിക്കരുത്.
ആയുർവേദ വിധിപ്രകാരമുള്ള ഈ നിഗമനം ആധുനിക വൈദ്യശാസ്ത്രം പക്ഷേ തള്ളിക്കളയുന്നു. പ്രോട്ടീനുകൾ, അമിനോ ആസിഡ്, ശരീരത്തിനാവശ്യമായ കൊഴുപ്പ് എന്നിവ മുട്ടയിൽ ധാരാളമായുണ്ട്. പാലിൽ പ്രോട്ടീനും കാൽസ്യവും അടങ്ങിയിട്ടുണ്ട്. വേവിക്കാത്ത മുട്ട കഴിക്കുന്നത് ബാക്ടീരിയ ബാധയ്ക്കോ ഭക്ഷ്യ വിഷബാധയ്ക്കോ കാരണമായേക്കാം. എന്നാൽ വേവിച്ച മുട്ടയോടൊപ്പം പാല് കുടിക്കുന്നത് പോഷക സംതുലനം ഉറപ്പാക്കുകയാണ് ചെയ്യുന്നത്.
No comments:
Post a Comment