ഭാരതീയ വായുസേന രൂപം കൊണ്ടതിന്റെ എൻപത്തിയാറാം വാര്‍ഷികദിനമാണ് ഇന്ന്. 1932 ഒക്ടോബര്‍ എട്ടിനാണ് വ്യോമസേന നിലവില്‍ വന്നത്.
ഇന്ത്യൻ സേനയിലെ മൂന്നു പ്രമുഖ വിഭാഗങ്ങളിൽ ഒന്നാണ് ഭാരതീയ വായുസേന അഥവാ ഇന്ത്യൻ വ്യോമസേന. കരസേന, നാവികസേന എന്നിവയാണ് മറ്റു രണ്ടുവിഭാഗങ്ങൾ. ഇന്ത്യയുടെ വ്യോമസൈനികപ്രവർത്തനങ്ങളുടെ ചുമതലയുള്ള സേനാവിഭാഗമാണ് ഇന്ത്യൻ വായുസേന. ഏകദേശം 1,70,000 അംഗബലമുള്ള ഇന്ത്യൻ വായുസേന, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്. "നഭ സ്പർശം ദീപ്തം"
ടച്ച് ദ സ്കൈ വിത്ത് ഗ്ലോറി (Touch the Sky with Glory) എന്നതാണ് വായു സേനയുടെ ആപ്തവാക്യം.
ഇന്ത്യൻ എയർഫോഴ്സ് ആക്ട് അനുസരിച്ച് 1932 ഒക്ടോബർ 8 - ന് ഇന്ത്യൻ വ്യോമസേന രൂപീകൃതമായി. തുടക്കത്തിൽ 6 ആഫീസർമാരും 19 ഭടന്മാരും (Airmen) മാത്രമേ ഉണ്ടായിരുന്നുള്ളു. വളരെ എളിയ രീതിയിൽ ആയിരുന്നു തുടക്കമെങ്കിലും അഞ്ചു വർഷത്തിനുള്ളിൽ (1938) ഫ്ലൈറ്റുകളുടെ എണ്ണം മൂന്നായി ഉയരുകയും ഒരു സ്ക്വാഡ്രൻ നിലവിൽ വരികയും ചെയ്തു. 1937 - ൽ വടക്കുപടിഞ്ഞാറൻ അതിർത്തിയിലും 1939 - ൽ ബർമാമുന്നണിയിൽ ഗോത്ര വർഗങ്ങൾക്കെതിരായും വ്യോമസേന പ്രവർത്തനനിരതമാവുകയുണ്ടായി. ഇവയായിരുന്നു യുദ്ധരംഗത്ത് ഭാരതീയവായുസേനയുടെ ആദ്യകാലത്തെ പ്രായോഗികാനുഭവം. രണ്ടാംലോക മഹായുദ്ധത്തിലെ സജീവ പങ്കാളിത്തത്തോടെ ഇന്ത്യൻ വ്യോമസേന ഏറെ പ്രായോഗികാനുഭവങ്ങൾ നേടുകയും വികാസം പ്രാപിക്കുകയും ചെയ്തു. രണ്ടാം ലോകയുദ്ധം അവസാനിക്കുമ്പോൾ ഭാരതീയ വായുസേനക്ക് 9 സ്ക്വാഡ്രനുകൾ നിലവിൽ വന്നുകഴിഞ്ഞിരുന്നു. ഇതിനും പുറമേ ഒരു ചരക്കു കയറ്റിറക്കു സ്ക്വാഡ്രനും (Transport squadron) രൂപംകൊണ്ടു വരുന്നുണ്ടായിരുന്നു.
രണ്ടാം ലോകയുദ്ധത്തിൽ വഹിച്ച ധീരമായ പങ്കു കണക്കിലെടുത്ത് ഈ സേനയ്ക്ക് റോയൽ എന്ന ബഹുമതിപദം നൽകിയതോടെ ഇതിന്റെ പേര് റോയൽ ഇന്ത്യൻ എയർഫോഴ്സ് എന്നായി മാറി. ആദ്യകാലത്ത് സേനയുടെ പ്രധാന ഔദ്യോഗികസ്ഥാനങ്ങളിലെല്ലാം ബ്രിട്ടീഷുകാർ ആയിരുന്നു നിയമിക്കപ്പെട്ടിരുന്നത്. ക്രമേണ ഇന്ത്യാക്കാരെ പ്രധാന സ്ഥാനങ്ങളിൽ നിയമിക്കാൻ തുടങ്ങി. പരിശീലകരായും സാങ്കേതികവിദഗ്ദ്ധരായും കൂടുതൽ കൂടുതൽ ഇന്ത്യാക്കാർ നിയമിക്കപ്പെടുകയും ചെയ്തതോടെ സേനയിലെ ഇന്ത്യാക്കാരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ഇന്ത്യ റിപ്പബ്ലിക്ക് ആയതോടെ സേനയുടെ പേർ ഇന്ത്യൻ വ്യോമസേന എന്നു മാറ്റി. പുതിയ പ്രതീകങ്ങളും ചിഹ്നങ്ങളും പ്രത്യക്ഷപ്പെട്ടു. എയർമാർഷൽ സുബ്രതോ മുഖർജി ഇന്ത്യൻ വ്യോമസേനാ മേധാവിയായി 1954 - ൽ നിയമിതനായതോടെ വ്യോമസേനയിലെ ഭാരതവൽക്കരണം പൂർണമായി.
No comments:
Post a Comment