ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Friday, October 12, 2018

സംസ്ഥാന കായിക ദിനം


കേരള സ്പോർട്സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു ജി.വി. രാജ എന്ന ലഫ്. കേണൽ. പി. ആർ. ഗോദവർമ്മ രാജ (ഒക്ടോബർ 13, 1908 - ഏപ്രിൽ 30, 1971). കേരളത്തിന്റെ കായികചരിത്രത്തിലെ സുപ്രധാനവ്യക്തിത്വമായ അദ്ദേഹം കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ പിതാവായും കണക്കാക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 13, കേരളസർക്കാർ 'സംസ്ഥാന കായിക ദിനം' ആയി ആചരിക്കുന്നു.

സംസ്ഥാനത്ത് ടെന്നീസ് പ്രചരിപ്പിക്കുന്നതിനായി വിംബിൾഡൺ ജേതാവ് ബിൽ ടിൽഡണെ ഒരു പ്രദർശന മത്സരത്തിനായി ക്ഷണിച്ചു. ഇതിനെത്തുടർന്ന് 1938 ഫെബ്രുവരി 1-ന് തിരുവനന്തപുരം ശാസ്തമംഗലത്ത് ട്രിവാൻഡ്രം ടെന്നീസ് ക്ലബ് സ്ഥാപിച്ചു. 1950 മുതൽ 1953 വരെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. ബി.സി.സി.ഐ യുടെ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. ബി.സി.സി.ഐ സ്ഥാനം വഹിക്കുന്ന ആദ്യത്തെ മലയാളി എന്ന ബഹുമതിയും അദ്ദേഹത്തിനു തന്നെ. 1954-ൽ രൂപവത്കരിക്കപ്പെട്ട ട്രാവൻകൂർ സ്പോർട്സ് കൗൺസിലിന്റെ സ്ഥാപകപ്രസിഡന്റായിരുന്നു. 11 കായികസംഘടനകളുടെ യോഗത്തിന്റെ ഫലമായാണ്‌ ഈ സംഘടന രൂപവത്കരിക്കപ്പെട്ടത്. കേരള സംസ്ഥാനത്തിന്റെ രൂപവത്കരണത്തോടെ ട്രാവൻകൂർ സ്പോർട്സ് കൗൺസിൽ കേരള സ്പോർട്സ് കൗൺസിലായി മാറി. മരണം വരെ അദ്ദേഹം കൗൺസിലിന്റെ പ്രസിഡന്റായി തുടർന്നു. ട്രിവാൻഡ്രം ഗോൾഫ് ക്ലബ് കമ്മിറ്റി, വേളി ബോട്ട് ക്ലബ്, ട്രിവാൻഡ്രം ഫ്ലയിങ്ങ് ക്ലബ് എന്നിവയും അദ്ദേഹം സ്ഥാപിച്ചതാണ്‌. തിരുവിതാംകൂർ സർവകലാശാലയുടെ ലേബർ കോറിന്റെ കമാൻഡന്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്. സർവകലാശാലയുടെ ആദ്യത്തെ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്റ്ററുമായിരുന്നു. കോവളത്തെ വിനോദസഞ്ചാരമേഖലയാക്കി വളർത്തിയെടുക്കുന്നതിൽ രാജ പ്രധാന പങ്ക് വഹിച്ചു. KTDC-യുടെ ആദ്യത്തെ ചെയർമാനും അദ്ദേഹമായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിനും വേണ്ടി യത്നിചതും അദ്ദേഹമായിരുന്നു.

തിരുവനന്തപുരത്തെ കായികവിദ്യാലയം അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ജി.വി. രാജ സ്പോർട്സ് സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. കായികരംഗത്തെ സംഭാവനകൾക്ക് കേരള സ്പോർട്സ് കൗൺസിൽ ജി.വി. രാജ പുരസ്കാരം നൽകിവരുന്നു. വിനോദസഞ്ചാരമേഖലയ്ക്കുള്ള ആജീവനാന്തസംഭാവനകൾക്ക് കേരള വിനോദസഞ്ചാരവകുപ്പ് നൽകിവരുന്ന പുരസ്കാരവും അദ്ദേഹത്തിന്റെ പേരിലാണ്‌. രാജയുടെ ജന്മദിനമായ ഒക്ടോബർ 13 കേരള കായികദിനമായി ആചരിക്കുന്നു.

1971-ൽ ഇന്ത്യ സ്പോർട്സ് കൌൺസിലിന്റെ മീറ്റിംഗിൽ പങ്കെടുക്കാനായി പട്യാലയിലേക്ക് പോയ അദേഹം ഏപ്രിൽ 30-ന്‌ കുലു താഴ്വരയിൽ വച്ചുണ്ടായ വിമാനാപകടത്തിൽ അന്തരിച്ചു.

No comments:

Post a Comment