ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Wednesday, October 17, 2018

Children's day stamp ശിശുദിനസ്റ്റാമ്പ് : ചിത്രരചനകള്‍ ക്ഷണിച്ചു

ശിശുദിനസ്റ്റാമ്പ് : ചിത്രരചനകള്‍ ക്ഷണിച്ചു


 സംസ്ഥാന ശിശുക്ഷേമ സമിതി ശിശുദിനത്തിന് പുറത്തിറക്കുന്ന ശിശുദിനസ്റ്റാമ്പ് 2018 ന് ചിത്രരചന ക്ഷണിച്ചു. 'നവകേരള സൃഷ്ടിക്കായി നമുക്കൊരുമിക്കാം' എന്ന ആശയത്തെ ആസ്പദമാക്കി നാലു മുതല്‍ പ്ലസ്ടുവരെ ക്ലാസ്സുകളില്‍ ( 9 മുതല്‍ 17 വയസ്സുവരെ) പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കാം.

 ചിത്രങ്ങള്‍ക്ക് ജലഛായം, പോസ്റ്റര്‍ കളര്‍, ക്രയോണ്‍സ്, ഓയില്‍ പെയിന്റ് എന്നിവയിലൊന്ന് ഉപയോഗിക്കാം. 15 x 12 സെന്റീമീറ്റര്‍ അനുപാതത്തിലായിരിക്കണം ചിത്രങ്ങള്‍.

സ്റ്റാമ്പിന്റെ വലിപ്പമായ 5 x 4 സെന്റീമീറ്ററിലേക്ക് ചിത്രം ചെറുതാക്കേണ്ടതിനാല്‍ വിശദാംശങ്ങള്‍ വ്യക്തമാകും വിധം പശ്ചാത്തലവും നിറങ്ങളും ഉപയോഗിക്കണം.
തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രശസ്തിഫലകവും ക്യാഷ് അവാര്‍ഡും പഠിക്കുന്ന വിദ്യാലയത്തിന് റോളിംഗ് ട്രോഫി നല്‍കി ശിശുദിനസ്റ്റാമ്പ് പ്രകാശന ചടങ്ങില്‍ ആദരിക്കും.

ചിത്രം വരയ്ക്കുന്ന വിദ്യാര്‍ത്ഥിയുടെ പേര്, ക്ലാസ്സ്, വയസ്സ്, സ്‌കൂളിന്റേയും വിദ്യാര്‍ത്ഥിയുടെ വീടിന്റേയും ഫോണ്‍ നമ്പറോടുകൂടിയ മേല്‍വിലാസം എന്നിവ ചിത്രത്തിന്റെ പിന്നില്‍ എഴുതി പ്രിന്‍സിപ്പാള്‍/ഹെഡ്മാസ്റ്റര്‍/ഹെഡ്മിസ്ട്രസിന്റെ മുദ്ര പതിപ്പിച്ച് സാക്ഷ്യപ്പെടുത്തണം.  ജനറല്‍ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗ്ഗമോ നേരിട്ടോ 31 വരെ നല്‍കാം. കവറിനു പുറത്ത് 'നവകേരള സൃഷ്ടിക്കായി നമുക്കൊരുമിക്കാം''എന്ന് എഴുതണം.

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏക ഫണ്ട് ശിശുദിനസ്റ്റാമ്പിന്റെ വില്‍പനയില്‍ നിന്നുള്ള തുക മാത്രമാണ്. കുഞ്ഞുങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരിന് നേരിട്ട് തുക അനുവദിക്കാമെങ്കിലും കുട്ടികളെ സഹായിക്കാന്‍ കുട്ടികള്‍ക്ക് തന്നെ അവസരമൊരുക്കുക എന്നതാണ് ശിശുദിനസ്റ്റാമ്പിന് പിന്നിലുള്ള വലിയ ആശയം. തങ്ങള്‍ക്ക് ലഭിക്കുന്ന സുഖസൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ട കുഞ്ഞുങ്ങളും ഉണ്ടെന്ന് കുട്ടികള്‍ അറിയുക, പരസ്പര സഹവര്‍ത്തിത്വം, സഹായം, സഹജീവി സ്നേഹം തുടങ്ങിയ നന്മകള്‍ കുട്ടികളില്‍ വളര്‍ത്തുക എന്നിവയും ശിശുദിനസ്റ്റാമ്പിന്റെ വില്പനയിലൂടെ ലക്ഷ്യമിടുന്നു.

ശിശുദിനസ്റ്റാമ്പ് രൂപകല്പന ചെയ്യാനുള്ള അവസരവും കുട്ടികള്‍ക്കാണ്. സംസ്ഥാനത്തിനുള്ളിലുള്ള ഒന്‍പത് മുതല്‍ 17 വയസുവരെ പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ രചനയില്‍ നിന്നാണ് ശിശുദിനസ്റ്റാമ്പ് തിരഞ്ഞെടുക്കുന്നത്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ 14 ന് സ്റ്റാമ്പ് ഉദ്ഘാടനം ചെയ്യുന്നു. സ്റ്റാമ്പ് സ്വീകരിക്കുന്ന കുട്ടികളില്‍ നിന്നുമുള്ള തുക ശേഖരിച്ച് ശിശുക്ഷേമരംഗത്ത് – പ്രത്യേകിച്ച് അമ്മത്തൊട്ടിലുകള്‍ വഴിയും മറ്റും ഉപേക്ഷിക്കപ്പെടുന്ന ബാല്യങ്ങളുടെ ദത്തെടുക്കല്‍ പൂര്‍ത്തിയാക്കുന്നത് വരെയുള്ള ദൈനംദിന ചിലവുകള്‍ക്കും സംരക്ഷണത്തിനും ചികിത്സയ്ക്കും ഉപയോഗപ്പെടുത്തുവാനുള്ള അനുമതി ശിശുക്ഷേമസമിതിയ്ക്ക് ഉണ്ട്. അഞ്ച് പൈസയായിരുന്നു ആദ്യകാലത്ത് ശിശുദിനസ്റ്റാമ്പിന്റെ മൂല്യം. ഇപ്പോള്‍ അത് 10 രൂപയാണ്.

No comments:

Post a Comment