ഔദ്യോഗിക കൃത്യനിര്‍വണത്തിനിടെ ജീവന്‍ ത്യജിക്കേണ്ടിവന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കുന്നതിനാണ് എല്ലാക്കൊല്ലവും ഒക്‌ടോബര്‍ 21 ന് സ്മൃതിദിനമായി ആചരിക്കുന്നത്. ലഡാക്കിലെ ഹോട്ട് സ്പ്രിങ്ങില്‍ 1959 ഒക്‌ടോബര്‍ 21ന് കാണാതായ പോലീസ് സേനാംഗങ്ങളെ കണ്ടെത്താന്‍ പോയ പോലീസ് സംഘത്തിനുനേരെ ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പില്‍ പത്തുപേര്‍ക്ക് ജീവന്‍ വെടിയേണ്ടിവന്നു. ആ ധീരപോരാട്ടത്തിന്റെയും ജീവത്യാഗത്തിന്റെയും ഓര്‍മ പുതുക്കുന്ന ദിനമെന്ന നിലയിലാണ് കര്‍ത്തവ്യ നിര്‍വഹണത്തിനിടയില്‍ ജീവന്‍ വെടിഞ്ഞ രാജ്യത്തെ വിവിധ പോലീസ് വിഭാഗങ്ങളിലെ അംഗങ്ങള്‍ക്ക് സ്മരണാഞ്ജലികള്‍ അര്‍പ്പിക്കുന്ന ചടങ്ങ് എല്ലാവര്‍ഷവും സംഘടിപ്പിക്കുന്നത്. കേരളാ പോലീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്കാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നത്.
സ്മൃതിദിനാചരണത്തിന്റെ അറുപതാം വാര്‍ഷികമാണ് ഇക്കൊല്ലം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ നഗരങ്ങളിലും മിനി മാരത്തോണും എല്ലാ പോലീസ് സ്‌റ്റേഷനുകളിലും രക്തദാനക്യാംപുകളും ഒരുക്കിയിട്ടുണ്ട്. ' അവര്‍ രാജ്യത്തിന് ജീവന്‍ നല്‍കി, സല്യൂട്ട് ചെയ്യാം അവരെ, നമ്മുടെ രക്തം നല്‍കി 'എന്നതാണ് ഇതുസംബന്ധിച്ച സന്ദേശം. പൊതുസ്ഥലത്തും പോലീസ് കേന്ദ്രങ്ങളിലും ശ്രമദാന പരിപാടികളും ഒരുക്കിയിട്ടുണ്ട്.
No comments:
Post a Comment